പന്തീരാങ്കാവ് (കോഴിക്കോട്): വറുതിയുടെ നാളുകളിലെ ആ നോമ്പുകാലം മറക്കാനാവാത്ത സൗഹൃ ദത്തിെൻറ ഓർമപ്പെടുത്തൽ കൂടിയാണ് ചോയിയേട്ടന്. കൃഷിയും മണ്ണെടുപ്പുമായിരുന്നു പെരുമണ്ണ പിലാതോട്ടത്തിൽ മേത്തൽ ചോയിയുടെ ഉപജീവന മാർഗം. പാട്ടത്തിനെടുത്ത വയലിൽ നേന്ത്രവാഴ കൃഷി നടത്തും. ഇതിനിടയിൽ ചില വീടുകളിൽ തെങ്ങിന് തടമെടുക്കാനും പറമ്പ് കിളക്കാനും പോവും. മഞ്ചപ്പാറക്കൽ മുഹമ്മദുമായുള്ള ആത്മബന്ധമാണ് ചോയിയേട്ടെൻറ നോമ്പോർമ.
ഭേദപ്പെട്ട സാമ്പത്തിക ശേഷിയുള്ളവരാണ് അന്ന് നോമ്പുതുറ ഒരുക്കുന്നത്. ഇന്നത്തെ പോലെ ധാരാളം വിഭവങ്ങളൊന്നുമില്ല. ചായയും പത്തിരിയും ഇറച്ചിക്കറിയുമാണ് ഭക്ഷണം. നോമ്പ് തുറന്ന ഉടൻ തരിക്കഞ്ഞിയുണ്ടാവും. അത്യാവശ്യം കൃഷിഭൂമിയും കച്ചവടവുമുണ്ടായിരുന്ന മുഹമ്മദിെൻറ പറമ്പിലെ സ്ഥിരം ജോലിക്കാരനായിരുന്നു. ആ ബന്ധമാണ് പിന്നീട് മുഹമ്മദും കുടുംബവുമായുള്ള ആത്മബന്ധത്തിെൻറ ഇഴയടുപ്പം. നോമ്പ് മാസത്തിൽ മുഹമ്മദിെൻറ വീട്ടിൽ പണിയുണ്ടെങ്കിലും ഇല്ലെങ്കിലും നോമ്പ് തുറ ദിവസം ചോയി സ്ഥിരം ക്ഷണിതാവാണ്. അന്നും ഇന്നും ഇറച്ചി കഴിക്കാത്ത ‘ചോയിക്കായിക്ക്’ വേണ്ടി വേറെ കറിയൊരുക്കും. റമദാനിൽ തുറയില്ലാത്ത ദിവസങ്ങളിലും പണിയുണ്ടെങ്കിൽ ചായയും പത്തിരിയും കഴിപ്പിച്ചേ ചോയിയെ വിടാറുള്ളൂ.
രണ്ട് പതിറ്റാണ്ട് മുമ്പ് മുഹമ്മദ് മരിച്ച ശേഷവും മകൻ അബൂബക്കറും (ബാപ്പുട്ടി) ആ ക്ഷണം മുടക്കിയില്ല. ഏതാനും വർഷം മുമ്പ് വീടിെൻറ സ്വസ്ഥതകളിലേക്ക് ഒതുങ്ങിയതോടെ നോമ്പ് തുറക്ക് പോവാറില്ലെങ്കിലും ഉപ്പയുമായുള്ള ആത്മബന്ധം മുഹമ്മദിെൻറ മക്കൾക്കിപ്പോഴും ചോയിയുമായുണ്ട്. ഒരു രൂപ ദിവസക്കൂലിയിൽ കൃഷിപ്പണിയെടുത്തിരുന്ന ആ കാലത്ത് ചോറ് ഒരു നേരം കഴിക്കാൻ കിട്ടിയാലായി. റേഷൻ കടകളിലൂടെ ലഭിക്കുന്ന അരി മാത്രമാണ് ആശ്രയം. ഒരാൾക്ക് ആഴ്ചയിൽ രണ്ട് യൂനിറ്റ് അരിയാണ് കിട്ടുക. കൊടപ്പന ഉണക്കി ഇടിച്ച് പൊടിയാക്കി വെക്കുന്ന പനങ്കഞ്ഞിയാണ് സാധാരണക്കാരുടെ ഭക്ഷണം. രണ്ട് നേരം പനങ്കഞ്ഞി തന്നെയാവും ഭക്ഷണം. ഒരു തിലാം (ഏകദേശം 16 കിലോ) പനക്ക് നാല് രൂപയാണ് വില. ഇത് കൊണ്ട് കുറച്ച് ദിവസം വിശപ്പടക്കാം.
അക്കാലത്ത് നാല് രൂപയാണ് കളിമണ്ണെടുപ്പിന്. ആ സമയത്തേ എന്തെങ്കിലും മിച്ചം വെക്കാനാവൂ. വാഴകൃഷിയുണ്ടെങ്കിലും പലപ്പോഴും കുല വിറ്റ് കിട്ടാൻ വലിയ പ്രയാസമായിരുന്നു. 76 വയസ്സ് വരെ അധ്വാനിച്ച് തന്നെയാണ് ജീവിച്ചത്. ഇപ്പോൾ 83 വയസ്സായി. തൊട്ടടുത്ത കടയിലേക്കിറങ്ങി പത്രം വായിക്കും, അത് ഒഴിച്ച് കൂടാനാവാത്ത ദിനചര്യയാണ്. വായിക്കാൻ കണ്ണട വേണ്ട. പഴയ സൗഹൃദങ്ങളുടെ ഓർമയിലും, രോഗിയായ മകെൻറ ഭാവിയെ കുറിച്ചുള്ള ആശങ്ക സ്വകാര്യ ദുഃഖമാണ് ചോയിക്കും ഭാര്യ ശ്രീമുവിനും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.