അഴിമതി–മനുഷ്യാവകാശ ലംഘനം

ഡിസംബർ 10ന് ഒരു മനുഷ്യാവകാശദിനം കൂടി ലോകം ആചരിക്കുകയാണ്. 1948ൽ യു.എൻ പൊതുസഭ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചതിെൻറ ഓർമപ്പെടുത്തലാണ് ഈ ദിനം. ഈ ഡിസംബറിന് മറ്റൊരു സവിശേഷതകൂടിയുണ്ട്. സാമ്പത്തിക, സാംസ്കാരിക അവകാശ ഉടമ്പടി, സിവിൽ, രാഷ്ട്രീയ അവകാശ കൺവെൻഷൻ എന്നീ രണ്ട് ഉടമ്പടികൾ 1966ൽ യു.എൻ പൊതുസഭ അംഗീകരിച്ചതിെൻറ സുവർണ ജൂബിലിക്ക് തുടക്കം കുറിക്കുന്ന മാസംകൂടിയാണിത്. ജനങ്ങളുടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ അവകാശങ്ങളെ ബാധിക്കുന്ന മഹാവ്യാധിയായി ഇന്ന് അഴിമതി മാറിയിട്ടുണ്ട്. സാധാരണക്കാർ നേരിടുന്ന പ്രധാന മനുഷ്യാവകാശ ലംഘനങ്ങളുടെയെല്ലാം പ്രഭവകേന്ദ്രം അഴിമതിയായിരിക്കുന്നു. ഈ മനുഷ്യാവകാശദിനം അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളുടെയും ഓർമപ്പെടുത്തലാകണം.

Corruptio എന്ന ലാറ്റിൻ വാക്കിൽനിന്നാണ് Corruption ഉണ്ടാകുന്നത്. Corruptio എന്നാൽ, ധാർമിക അധ$പതനം, ജീർണത എന്നൊക്കെയാണ് അർഥം.
നിയമവിരുദ്ധമായ പാരിതോഷികം എന്ന നിലയിൽ പണമോ മറ്റെന്തെങ്കിലുമോ ഒരു സേവനത്തിന് പ്രതിഫലമായി ഒരാൾ ഉദ്യോഗസ്ഥന് നൽകുന്നതും ഉദ്യോഗസ്ഥൻ സ്വീകരിക്കുന്നതും അഴിമതിയാണ്. അഴിമതി എന്നതിെൻറ നിർവചനം ഓരോ ദിവസവും ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ പല നിയമങ്ങളിലും അഴിമതിയെന്തെന്ന് വ്യക്തമായി നിർവചിക്കുന്നില്ല. അഴിമതിക്കെതിരെയുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ഉടമ്പടിയിലും അഴിമതിയെന്തെന്ന് വ്യക്തമാക്കുന്നില്ല.

കറപ്ഷൻ എന്ന ഇംഗ്ലീഷ് വാക്കിന് സമാനമായി അഴിമതി എങ്ങനെ മലയാളത്തിൽ വന്നു. കറപ്ഷൻ എന്നത്  ഒരു തെറ്റാണ്. ഈ തെറ്റുചെയ്യുന്നവൻ അഴിയെണ്ണട്ടെ, അഥവാ അവർക്ക് അഴി മതി. എന്നാൽ, നിർഭാഗ്യവശാൽ ഇന്ന് കറപ്ഷൻ ചെയ്യുന്നവരെല്ലാം അഴിയെണ്ണുന്നില്ല.
അഴിമതിക്കുള്ള കാരണം
അഴിമതിക്ക് കാരണമായ ചുവപ്പുനാട, കാലവിളംബം, ദുരുപയോഗം ചെയ്യാവുന്ന ഉദ്യോഗസ്ഥരുടെ വിവേചനാധികാരം, സുതാര്യതയില്ലായ്മ എന്നിവ കണ്ടെത്തുന്നതിനായി കേന്ദ്രസർക്കാർ കമ്മിറ്റിയെ നിയമിച്ചു. ഇന്ത്യയിലെ അഴിമതിക്ക് രണ്ട് മാനങ്ങളുണ്ട്. ഒന്ന്,   ദരിദ്രരും നിരക്ഷരരുമായ ആളുകളെ പറ്റിച്ച് പണം പിടുങ്ങുന്ന ഉദ്യോഗസ്ഥർ. രണ്ട്, നിയമവിരുദ്ധമായ നേട്ടങ്ങൾ  ലഭിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കുന്നവർ. രണ്ടു രീതികളും നിയമവാഴ്ചയെ തകർക്കുകയും തുല്യതക്കുള്ള അവകാശത്തെ ലംഘിക്കുകയും ചെയ്യുന്നു. വിവേചനപരമായി ഒരാളോട് ഭരണകൂടം പെരുമാറുന്നത് മനുഷ്യാവകാശലംഘനമാണ്, ഭരണഘടനയിലെ തുല്യതക്കുള്ള അവകാശത്തിെൻറ ലംഘനവും.

പൗരെൻറ അടിസ്ഥാന അവകാശങ്ങൾ ലഭ്യമാക്കുകയെന്നത് രാഷ്ട്രത്തിെൻറ കർത്തവ്യമാണ്. ജീവിക്കാനുള്ള പൗരെൻറ അവകാശത്തിന് ഭരണഘടനയിലെ 21ാം അനുഛേദം ഉറപ്പുനൽകുന്നു. ഇത് വെറുതെ ജീവിക്കാനുള്ളതല്ല, മൃഗതുല്യമായ അവസ്ഥയല്ല. അന്തസ്സോടെ ആഭിജാത്യത്തോടെ ജീവിക്കാനുള്ള പൗരെൻറ അവകാശം ഉൾപ്പെടുന്നുവെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചു. ഈ അവകാശം സംരക്ഷിക്കാൻ രാഷ്ട്രത്തിന് ബാധ്യതയുണ്ട്. നിറവേറ്റപ്പെടാത്ത ഈ ബാധ്യത മനുഷ്യാവകാശ ധ്വംസനത്തിന് കാരണമാകുന്നു. ഒരു പൗരന് ന്യായമായി ലഭിക്കേണ്ട അവകാശം, തടസ്സപ്പെടുത്തുന്നതിന് അച്ചാരംവാങ്ങിയ ഉദ്യോഗസ്ഥൻ കാരണമാകുന്നുവെങ്കിൽ ഈ അഴിമതി മനുഷ്യാവകാശ ലംഘനംതന്നെയാണ്. ഈ അവകാശം സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമാകാം. ഭക്ഷണം, കുടിവെള്ളം, വീട്, വിദ്യാഭ്യാസം, പരിസ്ഥിതി, ന്യായമായ വിചാരണക്കുള്ള നിയമങ്ങളുടെ നടപ്പാക്കൽ, നീതിയുടെ ലഭ്യത എന്നിവയെല്ലാം നിഷേധിക്കപ്പെടുന്നതിന് അഴിമതി കാരണമാകുന്നു. സൂനാമി എന്ന രാക്ഷസ തിരമാലകൾ ചവച്ചുതുപ്പിയ നിരാശ്രയരും നിരാലംബരും ദരിദ്രരുമായ കടലോരവാസികൾക്ക് മനുഷ്യസ്നേഹികളും സർക്കാറുകളും സ്വരൂപിച്ച ഫണ്ട് എങ്ങനെ നമ്മുടെ നാട്ടിൽ കൊള്ളയടിക്കപ്പെട്ടെന്നും അതവരുടെ മൗലികമായ അവകാശത്തെ എങ്ങനെ നിഷേധിച്ചെന്നുമുള്ള വസ്തുത അഴിമതിയും മനുഷ്യാവകാശലംഘനവും തമ്മിലുള്ള ബന്ധത്തിെൻറ ജീവിക്കുന്ന സാക്ഷ്യമാണ്. അതുപോലെ പ്രധാനപ്പെട്ടതാണ് രാഷ്ട്രീയപരമായ പങ്കാളിത്തത്തിെൻറ നിഷേധവും.

സ്വതന്ത്രമായി, വിവരങ്ങളറിഞ്ഞ് തങ്ങളുടെ ജനപ്രതിനിധിയെ തെരഞ്ഞെടുക്കാൻ കഴിയാത്ത അവസ്ഥ. സമൂഹത്തിലെ ദുർബലരോടുള്ള വിവേചനം കടുത്ത മനുഷ്യാവകാശ ലംഘനമാകുന്നു. ആദിവാസികൾക്കായുള്ള ആരോഗ്യ സംവിധാനങ്ങൾ നിഷേധിക്കപ്പെടുന്നതിന് പ്രധാനകാരണം അഴിമതിതന്നെയാണ്. ദുർബലവിഭാഗങ്ങളെ സമൂഹത്തിെൻറ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള സർക്കാറിെൻറ സാമൂഹിക സുരക്ഷാപദ്ധതികളും ലക്ഷ്യം കാണുന്നില്ല.
ആദിവാസി സമൂഹങ്ങൾക്കായി വിവിധ സാമൂഹികക്ഷേമ പദ്ധതികളെന്ന പേരിൽ ചെലവഴിച്ച തുക, ആളോഹരിനൽകിയെങ്കിൽ ഓരോ ആദിവാസിക്കും ഒരു വിമാനം വാങ്ങാൻ കഴിയുമായിരുന്നുവത്രെ. പക്ഷേ, ഈ ആദിവാസികളുടെ ഇന്നത്തെ അവസ്ഥ എത്ര ദയനീയമാണ്. പട്ടിണികൊണ്ട് മരിക്കുന്ന ആദിവാസികൾ, ചികിത്സ കിട്ടാതെ, പോഷകാഹാരക്കുറവുകൊണ്ട് മരിക്കുന്ന ആദിവാസിക്കുട്ടികൾ നമ്മുടെ മാധ്യമങ്ങളിലെ ചരമക്കോളങ്ങളിൽപോലും സ്ഥാനംപിടിക്കുന്നില്ല. ഒരാൾ വിവരാവകാശ നിയമപ്രകാരം ചോദിച്ചു കേരളത്തിലെ ആദിവാസികളുടെ ഈരും  പേരും. ആദിവാസിവകുപ്പ് കൃത്യമായി വിവരംകൊടുക്കുകയും ചെയ്തു. കുറ്റിയറ്റുപോകുന്ന ഇവരുടെ വംശം ഇനി സർക്കാറിെൻറ കണക്കുപുസ്തകത്തിൽമാത്രം അവശേഷിക്കും. ദുർവഹമായ കോടതിച്ചെലവും വൈകിയെത്തുന്ന നീതിയും അഴിമതിക്കു കാരണമാകാം. ഇതിലൂടെ മനുഷ്യാവകാശ ധ്വംസനവും ഉണ്ടാകുന്നു.
മനുഷ്യാവകാശ കോടതികൾ
മനുഷ്യാവകാശ സംരക്ഷണത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ഉടമ്പടിയിൽ ഒപ്പുവെച്ച രാജ്യമായ ഇന്ത്യ, മനുഷ്യാവകാശ സംരക്ഷണ നിയമം 1993ൽ പാസാക്കി. ഈ നിയമപ്രകാരമാണ് മനുഷ്യാവകാശ കമീഷനുകൾ ദേശീയതലത്തിലും സംസ്ഥാനതലത്തിലും രൂപവത്കരിക്കപ്പെട്ടത്. മനുഷ്യാവകാശ സംരക്ഷണനിയമത്തിലെ മറ്റൊരു സുപ്രധാന വ്യവസ്ഥയാണ് മനുഷ്യാവകാശ കോടതികൾ രൂപവത്കരിക്കണമെന്നത്. മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമാകുന്ന കുറ്റകൃത്യങ്ങൾ വേഗത്തിൽ വിചാരണചെയ്യുന്നതിനായി രാജ്യത്തെ എല്ലാ ജില്ലകളിലും ‘മനുഷ്യാവകാശ കോടതികൾ’ രൂപവത്കരിച്ച് വിജ്ഞാപനം ചെയ്യണമെന്നതാണ് 30ാം വകുപ്പ് അനുശാസിക്കുന്നത്. ഹൈകോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് സംസ്ഥാന സർക്കാറാണ് ഈ നടപടി സ്വീകരിക്കേണ്ടത്. മനുഷ്യാവകാശ കോടതികൾക്കായി പ്രത്യേക പ്രോസിക്യൂട്ടർമാരെ നിയമിക്കാൻ 31ാം വകുപ്പ് വ്യവസ്ഥ ചെയ്തു. ഇന്ത്യൻ സംസ്ഥാനങ്ങളിൽ സിക്കിം മാത്രമാണ് മനുഷ്യാവകാശ കോടതികൾ രൂപവത്കരിച്ചത്.

ഹൈകോടതി ഇടപെടലിനെത്തുടർന്നാണ് കേരളത്തിൽ മനുഷ്യാവകാശ കോടതികൾ നിലവിൽവന്നത്. പിന്നീട് സംസ്ഥാനത്തെ 14 ജില്ലാ സെഷൻസ് കോടതികളും മനുഷ്യാവകാശ കോടതികളായി പ്രഖ്യാപിച്ചുകൊണ്ട് 2013 സെപ്റ്റംബർ 11ന് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതായി കോടതിയിൽ ബോധിപ്പിച്ചു. സംസ്ഥാനത്ത് 14 മനുഷ്യാവകാശ കോടതികൾ നിലവിൽവന്നിട്ട് വർഷം രണ്ടുകഴിഞ്ഞെന്ന അമ്പരപ്പിക്കുന്ന വിവരമാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്.
‘ആശുപത്രികൾ ഞങ്ങൾ തുറന്നു, പക്ഷേ രോഗികൾ വരാത്തതിന് എന്തുചെയ്യും’ എന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. ആശുപത്രി തുടങ്ങിയ കാര്യം നിങ്ങൾ കോടതിയെ അറിയിച്ചോ എന്നായി കോടതി. മനുഷ്യാവകാശ കോടതികൾ സംസ്ഥാനത്ത് ആരംഭിച്ച വിവരം മാധ്യമങ്ങളും അറിഞ്ഞില്ല. കോടതികളുടെ മുന്നിൽ ബോർഡുകളും വെച്ചില്ല. അതിനാൽ, ഒരു കേസുപോലും കോടതിയിൽ ഫയൽ ചെയ്യപ്പെട്ടില്ല.

സംസ്ഥാന മനുഷ്യാവകാശ കമീഷെൻറ ആസ്ഥാനം തിരുവനന്തപുരത്താണ്. ജില്ലാ ആസ്ഥാനങ്ങളിൽ ക്യാമ്പ് സിറ്റിങ്ങുകൾ കമീഷൻ നടത്താറുണ്ട്. മനുഷ്യാവകാശലംഘനം നടന്നുവെന്ന് തെളിയിക്കപ്പെട്ട കേസുകളിൽ ശിപാർശകൾ നൽകാനുള്ള അധികാരമാണ് കമീഷനുള്ളത്. കമീഷെൻറ പല ശിപാർശകളും നടപ്പാക്കുന്നതിൽ സർക്കാർ വീഴ്ചവരുത്തുന്നുണ്ട്. ആലപ്പുഴ ജില്ലയിൽനിന്നുള്ള ലോക്കപ്പ് പീഡനക്കേസിൽ സർക്ൾ ഇൻസ്പെക്ടർക്കെതിരെ നടപടിസ്വീകരിക്കുന്നതിനും നഷ്ടപരിഹാരം ഈടാക്കുന്നതിനും സംസ്ഥാന വിവരാവകാശ കമീഷൻ സർക്കാറിന് ശിപാർശ നൽകി. ഈ ശിപാർശ നടപ്പാക്കേണ്ടതിനുപകരം ഐ.ജിയെക്കൊണ്ട് ഈ സംഭവത്തെക്കുറിച്ച് മറ്റൊരന്വേഷണം നടത്താനാണ് മുൻ പൊലീസ് മേധാവി ബാലസുബ്രഹ്മണ്യം ഉത്തരവിട്ടത്. ഈ ഉത്തരവുപ്രകാരം അന്വേഷണം നടത്തിയ ഐ.ജി, പൊലീസ് ഉദ്യോഗസ്ഥർ നിഷ്കളങ്കരാണെന്ന് പ്രഖ്യാപിച്ചു! ഇതെതുടർന്ന് ശിപാർശ നടപ്പാക്കുന്നതിനുവേണ്ടി ഹൈകോടതിയെ സമീപിക്കാനാണ് പുതിയ തീരുമാനം.

ഇവിടെയാണ് മനുഷ്യാവകാശ കോടതികളുടെ പ്രസക്തി വർധിക്കുന്നത്. ഇത്തരം കോടതികൾക്ക് ഉത്തരവിടാൻ അധികാരമുണ്ട്. ഈ ഉത്തരവുകൾ ലംഘിക്കപ്പെട്ടാൽ കോടതിയലക്ഷ്യത്തിന് നടപടിസ്വീകരിക്കാനും കഴിയും.ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം. ഷഫീഖും ചേർന്ന കേരള ഹൈകോടതി ഡിവിഷൻ ബെഞ്ചിെൻറ ഇടപെടലിനെത്തുടർന്ന്, സംസ്ഥാനത്തെ 14 ജില്ലാ കോടതികളും മനുഷ്യാവകാശ കോടതികൾകൂടിയായി മാറിയിരിക്കുകയാണ്. മനുഷ്യാവകാശലംഘനങ്ങളും ലോക്കപ്പ് പീഡനങ്ങളും സംസ്ഥാനത്ത് വ്യാപകമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, അത്തരം ഹരജികൾ വേഗത്തിലും ഫലപ്രദമായും തീർപ്പാക്കാൻ പുതിയ സംവിധാനത്തിന് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.

കുംഭകോണങ്ങളുടെ കുംഭമേളകൾ
അഴിമതിരഹിതമായ ഭരണം ലഭിക്കുകയെന്നത് പൗരെൻറ മൗലികാവകാശമാണ്. എന്നാൽ, ഇന്ന് അഴിമതികളുടെയും കുംഭകോണങ്ങളുടെയും പൂക്കാലമാണ്. കോമൺവെൽത്ത് ഗെയിംസ്, ബോഫോഴ്സ്, കാലിത്തീറ്റ, ഹവാല, ആദർശ്, 2ജി സ്പെക്ടട്രം, സോളാർ, ബാർ, മുദ്രപ്പത്ര കുംഭകോണങ്ങൾ അങ്ങനെ കഥകൾ തുടരുകയാണ്. 2014ൽ ട്രാൻസ്പെരൻസി ഇൻറർനാഷനൽ പുറത്തുവിട്ട അഴിമതിയുടെ കണക്കുപ്രകാരം 175 രാജ്യങ്ങളിൽ ഇന്ത്യ 85ാം റാങ്കിലാണ്. ബുദ്ധെൻറയും ഗാന്ധിജിയുടെയും ഈ നാടിന് ലോകരാജ്യങ്ങളുടെ മുമ്പാകെ അഴിമതിയിൽകുളിച്ച് ലജ്ജിച്ചു തലതാഴ്ത്തിനിൽക്കേണ്ട ദയനീയാവസ്ഥ! അഴിമതി, രാജ്യവികസനത്തിെൻറ ഹൃദയധമനികളെ കെട്ടിയിടുന്നു. വികസനത്തിെൻറ പാളംതെറ്റുമ്പോൾ ദരിദ്രനാരായണെൻറ ജീവിതം കൂടുതൽ പരിതാപകരമാകുന്നു.
ആരോഗ്യമേഖലയിലേക്ക് 88 മില്യൺ ഡോളറിെൻറ ലോകബാങ്ക് സഹായം തടഞ്ഞുവെച്ചിരിക്കുന്നതിനുള്ള കാരണം പദ്ധതി നടപ്പാക്കലിലെ വ്യാപകമായ അഴിമതിയാണ്. ഐക്യരാഷ്ട്രസംഘടനയുടെ അഴിമതിക്കെതിരെയുള്ള ഉടമ്പടിയിൽ ഒപ്പുവെച്ച രാഷ്ട്രം എന്ന നിലയിൽകൂടി അവ വേരോടെ പിഴുതെറിയാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.