ക്രിസ്മസ് വലിയ ആഘോഷങ്ങളുടെയും ആഡംബരങ്ങളുടെയും പരിപാടിയാണ് ഇപ്പോള്‍. അത് എങ്ങനെ ഇങ്ങനെ ആയെന്ന് അറിയില്ല. ക്രിസ്മസ് എന്നു പറഞ്ഞാല്‍ ലോകത്തില്‍ എല്ലാവര്‍ക്കും മഹാ സന്തോഷം പകരുന്നതാണ്. സ്വര്‍ഗീയ പെരുന്നാളാണ് ക്രിസ്മസ്. പരുമല പെരുന്നാള്‍ പ്രധാനം പരുമലയിലാണ്. എന്നാല്‍, ലോകത്തുള്ള ആര്‍ക്കും അവിടെ വരാം. ക്രിസ്മസ് പക്ഷേ, ലോകം മുഴുവന്‍ ആഘോഷിക്കുന്നു.
എന്‍െറ ജീവിതത്തിന്‍െറ അഭിമാനമായ ലോക രക്ഷകനെന്ന് ഞാന്‍ വിശ്വസിക്കുന്ന, ദൈവത്തെ ലോകത്തിന് ജീവിതംകൊണ്ട് കാണിച്ചുകൊടുത്ത, ലോക സമാധാനത്തിന്‍െറ അടിസ്ഥാനമായ ദൈവത്തിന്‍െറ ദാനമാണ് യേശു ക്രിസ്തു. യേശു ക്രിസ്തു മനുഷ്യനായി, മനുഷ്യരുടെ കൂടെ, മനുഷ്യരൂപത്തില്‍ വന്ന് ജനിച്ചപ്പോള്‍ ദൈവദൂതന്മാര്‍ ലോകത്തോട് പറഞ്ഞത് ‘സര്‍വ ജനത്തിനുമുള്ള മഹാ സന്തോഷം ഞങ്ങള്‍ നിങ്ങളോട് അറിയിക്കുന്നു. ക്രിസ്തു ലോകത്തിന്‍െറ രക്ഷക്കായി ദാവീദിന്‍െറ പട്ടണത്തില്‍ ജനിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് അടയാളമോ പശുത്തൊട്ടിലില്‍ കിടക്കുന്ന ഒരു ശിശു. 2015 വര്‍ഷം മുമ്പ് ദൈവ ദൂതന്മാര്‍ പറഞ്ഞതാണിത്. അവര്‍ പറയുന്ന പ്രധാന കാര്യം എല്ലാവര്‍ക്കും സന്തോഷം എന്നതാണ്. ക്രിസ്മസിന്‍െറ ദിവസം എല്ലാ മനുഷ്യരും സന്തോഷിക്കുന്നു.
പത്രങ്ങള്‍ ഭൂലോകത്തെക്കുറിച്ച് എഴുതുന്ന സത്യവും കള്ളവും ഞാന്‍ വായിച്ച് എനിക്ക് ലഭിക്കുന്ന പണം അവരു പറയുന്ന നുണക്കായി ഞാന്‍ കൊടുക്കണം. അത് സന്തോഷമല്ല. സമര്‍ഥരും വിദഗ്ധരും സാമ്പത്തിക ഉന്നതന്മാരുമായ എല്ലാവരും അവരുടെ എല്ലാ അനുഗ്രഹങ്ങളും ജീവിതത്തിന്‍െറ അടിസ്ഥാന ആവശ്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് നല്‍കണം. അതാണ് സന്തോഷം. വീട്ടില്‍ വരുന്ന ധര്‍മക്കാരന് ഒരു രൂപ കൊടുത്ത് രണ്ടുരൂപയുടെ ചീത്തയും പറഞ്ഞ് അങ്ങനെ അത് മൂന്നു രൂപയാക്കി അവനെ ഓടിക്കുന്നതിനാണ് നമ്മള്‍ സുകൃതം എന്ന് പറയുന്നത്. അത് മാറ്റിയിട്ട് എല്ലാവരും എല്ലാവരെയും സഹായിക്കുന്നവരാകുക. ഞാന്‍ ഇപ്പോള്‍ എന്‍െറ പഴയ കാര്‍ വിറ്റ് പുതിയത് വാങ്ങിക്കുന്നു എന്നു കരുതുക. പഴയ കാര്‍ വിറ്റ് പുതിയത് വാങ്ങുമ്പോള്‍ സന്തോഷം. അതിനുള്ള പണം നല്‍കുമ്പോള്‍ ദു$ഖം. അപ്പോള്‍ എനിക്ക് മഹാ സന്തോഷം ഇല്ല. എല്ലാവര്‍ക്കും മഹാ സന്തോഷം നല്‍കുന്ന ആളാണ് ദൈവം. എനിക്ക് ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ കമ്പനിക്കാര്‍ വെറുതെ തരുന്നു എന്നു വിചാരിക്കുക. അപ്പോള്‍ എനിക്ക് വലിയ സന്തോഷമാകും. പക്ഷേ, അതു കാണുമ്പോള്‍ മറ്റ് അച്ചന്മാര്‍ക്ക് അസൂയ ഉണ്ടായേക്കും. അവര്‍ പ്രാര്‍ഥിക്കും കര്‍ത്താവേ ഇയാള്‍ ഇതില്‍ പോയി വല്ല കുഴിയിലും ചാടണേന്ന്. അപ്പോള്‍ മഹാ സന്തോഷമല്ല. എല്ലാവര്‍ക്കും മഹാ സന്തോഷമാണ് വേണ്ടത്.
ഒരു ശിശുവിന് ഒന്നും തനിയെ ചെയ്യാനാവില്ല. അതിനെ ഒരു ഉറുമ്പ് കടിച്ചാല്‍ പോലും അതിന് കരയാനെ കഴിയൂ. ഉറുമ്പിനെ എടുത്ത് കളയാന്‍ അതിന് കഴിയില്ല. അങ്ങനെയുള്ള ശിശുവായിരുന്നെങ്കിലും ക്രിസ്തു കരഞ്ഞില്ല. ചിരിച്ചുകൊണ്ടാണ് പശുത്തൊഴുത്തില്‍ കിടന്നത്.
മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി എന്‍െറ സന്തോഷത്തെ സമര്‍പ്പിക്കുന്നതിനാണ് ക്രിസ്മസ് എന്നു പറയുന്നത്. കേരളത്തില്‍ വീടില്ലാത്ത, ജോലിയില്ലാത്ത, ഭക്ഷണമില്ലാത്ത ആരും ഉണ്ടാകരുത്. ആ ഉദ്യമത്തിനാവണം ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം. അതിന് സഭയും, രാഷ്ട്രവും സംസ്ഥാനവും എല്ലാവരും ഒത്തുചേര്‍ന്ന് 2016 എന്ന ഒരുവര്‍ഷത്തേക്കെങ്കിലും ഒരുപാര്‍ട്ടിയായി നമുക്ക് പ്രവര്‍ത്തിക്കാം. പരശുരാമന്‍ എന്ന മഹാന്‍ ഒരു കോടാലിയെടുത്ത് കന്യാകുമാരിയില്‍നിന്ന് ഗോകര്‍ണത്തേക്ക് എറിഞ്ഞു. എന്നും അങ്ങനെ കേരളം ഉണ്ടായി എന്നുമാണ് സങ്കല്‍പം. നമ്മള്‍ എപ്പോഴും പറയും കേരളം ദൈവത്തിന്‍െറ സ്വന്തം നാടാണെന്ന്. ഈശ്വരന്‍ കടലിനെ കരയാക്കിയാണ് കേരളം ഉണ്ടായത്. അതായത് മഴു മൂലമാണ് കേരളം ഉണ്ടായത്. മഴു എന്നാല്‍ വെട്ടിമുറിക്കുന്നത്. ഇപ്പോള്‍ എല്ലാ പാര്‍ട്ടികളെയും വെട്ടിമുറിക്കുന്ന നാടാണ് കേരളം. അത് മാറിയിട്ട് എല്ലാവര്‍ക്കും മഹാ സന്തോഷം പ്രദാനം ചെയ്യുന്നതിനായി എല്ലാവരും പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. സഹായം ആവശ്യമുള്ളവന് സഹായം നല്‍കണം. ഉറുമ്പ് കടിച്ച കുഞ്ഞിനോട് ഉറുമ്പ് കടിച്ചോ എന്ന് ചോദിച്ചുകൊണ്ട് നില്‍ക്കുകയല്ല വേണ്ടത്. ഉറുമ്പിനെ എടുത്തുകളയണം. അതാണ് സഹായം. ജീവിത പ്രതിസന്ധികളെ സ്വയം തരണം ചെയ്യാന്‍ കഴിവുള്ളരല്ല മനുഷ്യര്‍. അത്തരം നിസ്സംഗതക്ക് മുമ്പില്‍ മനുഷ്യരക്ഷക്കായി പിറവി കൊണ്ട സമാശ്വാസമാണ് യേശു.
സ്വാര്‍ഥതക്കെതിരെ സ്നേഹം പകരം വെച്ചനായിരുന്നു യേശു. നിന്ദ്യതയുടെ മുദ്രയും പേറി അവഗണിക്കപ്പെട്ടവരെ ആ മഹാത്മാവ് കൈപിടിച്ചുയര്‍ത്തി. രോഗികള്‍ക്ക് ശമനമേകി. അടിമത്തത്തിന്‍െറ ചങ്ങലക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞു. സ്നേഹിക്കുന്നവര്‍ക്കായി ജീവത്യാഗം ചെയ്യാന്‍പോലും മടിയില്ളെന്ന് തെളിയിച്ചു.
വിവിധ ചിന്താഗതിക്കാരെ ഒരുമിപ്പിക്കുന്ന ഒരു മാധ്യമമായി പ്രവര്‍ത്തിക്കാന്‍ മാധ്യമം പത്രത്തിന് കഴിയട്ടെ. സര്‍വേശ്വരന്‍ അതിനുള്ള അനുഗ്രഹം നല്‍കട്ടെ. എല്ലാ വായനക്കാര്‍ക്കും അനുഗൃഹീതമായ ക്രിസ്മസ് ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.