കശ്മീരിന്‍െറ വിശേഷ പദവി നിലനിര്‍ത്തണം

ഭരണഘടനയുമായി ബന്ധപ്പെട്ട വിധിതീര്‍പ്പുകള്‍ ചില വിവാദങ്ങള്‍ ഉയര്‍ത്താറുണ്ടെങ്കിലും വ്യക്തികളുടെയും രാജ്യത്തിന്‍െറയും ഭരണഘടനാദത്തമായ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സുപ്രീംകോടതി നിര്‍ണായക വിജയങ്ങള്‍  നേടിയിട്ടുണ്ട്. എന്നാല്‍, ജൂലൈ 19ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറത്തുവിട്ട വിധിന്യായം കശ്മീരിന് പരിമിതമായ സ്വയംഭരണം അനുവദിച്ച ഭരണഘടന 370ാം വകുപ്പ് ദുര്‍ബലപ്പെടുത്താന്‍ നിമിത്തമാകുമെന്ന ആശങ്കയാണ്  ഉളവാക്കിയിരിക്കുന്നത്. അജയ്കുമാര്‍ പാണ്ഡെ v/s സ്റ്റേറ്റ് ഓഫ് ജമ്മു-കശ്മീര്‍ കേസിലായിരുന്നു ഭരണഘടനാ ബെഞ്ചിന്‍െറ വിവാദ വിധിതീര്‍പ്പ്. ജമ്മു-കശ്മീര്‍ കോടതികളില്‍ ഫയല്‍ ചെയ്ത ഏതു കേസും (സിവിലോ ക്രിമിനലോ ആയ) സംസ്ഥാനത്തിന് പുറത്തുള്ള കോടതികളിലേക്ക് മാറ്റുന്നതിനും ഇതര സംസ്ഥാന കോടതികളിലെ കേസുകള്‍ കശ്മീരിലെ കോടതികളിലേക്ക് മാറ്റുന്നതിനും സുപ്രീംകോടതിക്ക് അധികാരാവകാശങ്ങള്‍ ഉണ്ടായിരിക്കും എന്നായിരുന്നു ഭരണഘടനാ ബെഞ്ചിന്‍െറ വിധി. വാസ്തവത്തില്‍ ജനാധിപത്യ വഴക്കങ്ങള്‍ക്കും ഭരണഘടനാ വകുപ്പിനും മുന്‍വിധിന്യായങ്ങള്‍ക്കും നിരക്കുന്നതല്ല ഈ വിധിതീര്‍പ്പ് എന്ന് വിശദീകരിക്കാനാണ് ഈ കുറിപ്പിലൂടെ ശ്രമിക്കുന്നത്.

സിവില്‍ പ്രൊസീജര്‍ ചട്ടത്തിന്‍െറ 25ാം സെക്ഷന്‍, ക്രിമിനല്‍ പ്രൊസീജര്‍ കോഡിന്‍െറ 406ാം സെക്ഷന്‍ എന്നിവയിലെ വകുപ്പുകളാണ് കേസുകള്‍ അന്യ സംസ്ഥാന കോടതികളിലേക്ക് മാറ്റുന്നതിനുള്ള അധികാരം സുപ്രീംകോടതിയില്‍ നിക്ഷിപ്തമാക്കിയിരിക്കുന്നത്. എന്നാല്‍, കശ്മീര്‍ കാര്യത്തില്‍ ഇത് ബാധകമല്ളെന്ന് ഈ വകുപ്പുകള്‍ വ്യക്തമാക്കുന്നു. അതുപോലെ 1977ലെ ജമ്മു-കശ്മീര്‍ ക്രിമിനല്‍ പ്രൊസീജര്‍ ചട്ടവും 1989ലെ സിവില്‍ പ്രൊസീജര്‍ ചട്ടവും സംസ്ഥാനത്തെ കേസുകള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് നീക്കം ചെയ്യേണ്ടതില്ളെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു.

1972ല്‍ അംഗീകരിച്ച ഭരണഘടനാ ഭേദഗതി വഴിയാണ് 139 എ വകുപ്പ് പ്രകാരം കേസുകള്‍ ഇതര ഹൈകോടതികള്‍ക്ക് കൈമാറാനുള്ള അധികാരം സുപ്രീംകോടതിക്ക് കൈവന്നത്. എന്നാല്‍, കശ്മീര്‍ കാര്യത്തില്‍ ഈ വകുപ്പ് ബാധകമാകില്ളെന്ന് ഭേദഗതി അസന്ദിഗ്ധമായി നിര്‍ദേശിക്കുകയുണ്ടായി.
ക്രിമിനല്‍, സിവില്‍ ചട്ടങ്ങള്‍, ഭരണഘടന എന്നിവ പരിശോധിക്കുമ്പോള്‍ കശ്മീരിലെ കേസുകള്‍ അന്യ സംസ്ഥാന കോടതികളിലേക്ക് മാറ്റണമെന്ന് വാദിക്കാന്‍ അന്യായക്കാരന് ഒരവകാശവും കല്‍പിക്കുന്നില്ളെന്ന് സുവ്യക്തമാകുന്നു. യാഥാര്‍ഥ്യം ഇതായിരിക്കെ കശ്മീരിലെ കേസുകള്‍ ഇതര സംസ്ഥാന കോടതികളിലേക്ക് റഫര്‍ ചെയ്യാന്‍ സുപ്രീംകോടതിക്ക് അധികാരമുണ്ടെന്ന് വിധിച്ചിരിക്കുകയാണ് ഭരണഘടനാ ബെഞ്ച്. സര്‍വര്‍ക്കും നീതി എന്ന പ്രമാണം ഉയര്‍ത്തിപ്പിടിക്കുന്നതുകൊണ്ടാണ് വിധിന്യായമെന്ന വിശദീകരണവും ബെഞ്ച് നല്‍കുകയുണ്ടായി. 1983ലെ ഒരു കേസില്‍ വില്‍ബര്‍ ഫോഴ്സ് പ്രഭുവിന്‍െറ വിധി ഉദ്ധരിച്ച് ഇക്കാര്യം ന്യായീകരിക്കാനും ബെഞ്ച് ശ്രമിക്കുന്നു. യഥാര്‍ഥത്തില്‍ വില്‍ബര്‍ ഫോഴ്സിന്‍െറ വിധി ഇക്കാര്യത്തില്‍ അന്യായക്കാരന് എതിരാണ് എന്നതത്രെ യാഥാര്‍ഥ്യം.


മേല്‍ പരാമര്‍ശിച്ച പ്രശ്നങ്ങള്‍ക്കുപരി ഈ വിധിതീര്‍പ്പ് ഭരണഘടനയുടെ 370ാം വകുപ്പിനെ പരോക്ഷമായി റദ്ദാക്കുന്നു എന്നതാണ് കൂടുതല്‍ ആശങ്കാജനകമായ കാര്യം. സംസ്ഥാനത്തെ കേസുകള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് മാറ്റാന്‍ കോടതികള്‍ക്കധികാരമില്ളെന്ന് കശ്മീര്‍ നിയമസഭ നിയമനിര്‍മാണം നടത്തുകയുണ്ടായി. ഈ പശ്ചാത്തലത്തില്‍ 370ാം വകുപ്പിനെയും കശ്മീര്‍ നിയമസഭാ തീരുമാനത്തെയും മറികടന്നുകൊണ്ടുള്ള  നീക്കം ഭരണഘടനയുടെ ഗുരുതരമായ ലംഘനവും വന്‍ പ്രത്യാഘാതങ്ങള്‍ക്കിട നല്‍കുന്ന നടപടിയുമാണ്. രാഷ്ട്രീയ ഭവിഷ്യത്തുകള്‍ക്കുപോലും വഴിമരുന്നിടുന്ന സ്ഥിതിവിശേഷം സംജാതമാകാതിരിക്കാനും കശ്മീര്‍ ജനതയുടെ പരിമിതമായ സ്വയംഭരണാവകാശവും പദവിയും നഷ്ടമാകാതിരിക്കാനും ഈ വിധി പുന$പരിശോധിക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തരമായി തയാറാകേണ്ടിയിരിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.