ലൂബ് രണ്ടാമന്‍

ചിന്തകള്‍ പുകഞ്ഞുകത്തി ജെ.എന്‍.യുവിന് തീപിടിച്ച ഇതുപോലൊരു ഫെബ്രുവരിയിലാണ് ജര്‍മന്‍ പാര്‍ലമെന്‍റ് മന്ദിരത്തിന് തീപിടിച്ചത്. ആഴ്ചകള്‍ക്കുമുമ്പ് സത്യപ്രതിജ്ഞ ചെയ്ത് ചാന്‍സലറായി സ്ഥാനമേറ്റ ഹിറ്റ്ലര്‍ക്ക് ഏറ്റ ആദ്യപ്രഹരം. ഹോളണ്ടില്‍ നിന്ന് ജര്‍മനിയിലേക്ക് കുടിയേറിയ മറീനസ് വാന്‍ ദേര്‍ ലൂബ് എന്ന തൊഴില്‍രഹിതനായ ഇഷ്ടികപ്പണിക്കാരന്‍ മന്ദിരത്തിനരികെ നില്‍ക്കെ അറസ്റ്റ് ചെയ്യപ്പെട്ടു. അയാളൊരു കമ്യൂണിസ്റ്റുകാരനായിരുന്നു. ജര്‍മന്‍ സര്‍ക്കാറിനെതിരെ കമ്യൂണിസ്റ്റുകള്‍ നടത്തിയ ആക്രമണമായി പാര്‍ലമെന്‍റിന്‍െറ തീപിടിത്തത്തെ നാസികള്‍ വ്യാഖ്യാനിച്ചു. കമ്യൂണിസ്റ്റുകളെ രാഷ്ട്രീയ എതിരാളികളായി ചിത്രീകരിച്ച് രാജ്യത്തുനിന്ന് പാടെ ഉന്മൂലനംചെയ്യാന്‍ നാസികള്‍ നടത്തിയ ഗൂഢപദ്ധതിയായി ചരിത്രം അതിനെ പിന്നീട് വായിച്ചു. ലൂബ് വൈകാതെ ശിരച്ഛേദം ചെയ്യപ്പെട്ടു. ചരിത്രം പലതരത്തില്‍ ആവര്‍ത്തിക്കാറുണ്ട്. ലൂബിന്‍െറ രൂപത്തില്‍ ചരിത്രം തനിയാവര്‍ത്തനമാടുകയാണിപ്പോള്‍. ലൂബിന് ഇപ്പോള്‍ കനയ്യ കുമാറിന്‍െറ രൂപമാണ്. ലൂബിനെപ്പോലത്തെന്നെ കമ്യൂണിസ്റ്റുകാരനാണ് കനയ്യയും. ലൂബിനെതിരായ കേസ് പാര്‍ലമെന്‍റിന് തീവെച്ചു എന്നതായിരുന്നെങ്കില്‍ പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ രാജ്യം നിഷ്കരുണം കൊന്നുകളഞ്ഞ അഫ്സല്‍ ഗുരുവിനുവേണ്ടി വാദിച്ചുവെന്നാണ് കനയ്യക്കെതിരായ കേസ്. നാസികള്‍ തീവ്രദേശീയവാദികളാണ്. കനയ്യയുടെ ചോരക്കുവേണ്ടി മുറവിളികൂട്ടുന്നവരും കറകളഞ്ഞ ദേശീയവാദികള്‍തന്നെ. നാസിപ്പട പാര്‍ലമെന്‍റ് ആക്രമണത്തെ ഉപയോഗിച്ചത് കമ്യൂണിസ്റ്റുകളെ ഉന്മൂലനംചെയ്യാനായിരുന്നു. ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ ജെ.എന്‍.യു പ്രശ്നത്തെ ഉപയോഗിക്കുന്നതും ലിബറല്‍ ഇടതുചിന്തയെ തകര്‍ക്കാനാണ്; വിമതസ്വരങ്ങളെ ക്രിമിനല്‍വത്കരിക്കാനാണ്. അതിന്‍െറ ഇരയാണ് സി.പി.ഐയുടെ വിദ്യാര്‍ഥിവിഭാഗമായ ഓള്‍ ഇന്ത്യാ സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍െറ നേതാവ് കനയ്യ കുമാര്‍.
കമ്യൂണിസ്റ്റുകാരനായിരുന്ന കനയ്യ ഇക്കഴിഞ്ഞ ഫെബ്രുവരി 12നാണ് ദേശദ്രോഹിയായി പ്രഖ്യാപിക്കപ്പെട്ടത്. എ.ബി.വി.പി പ്രവര്‍ത്തകനല്ലാത്തതുകൊണ്ട് നെറ്റിയില്‍ ദേശസ്നേഹിയെന്ന സര്‍ട്ടിഫിക്കറ്റ് ഒട്ടിച്ചുവെച്ചിരുന്നില്ല. അഫ്സല്‍ ഗുരുവിന് വധശിക്ഷ നല്‍കിയതിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നതാണ് ചുമത്തപ്പെട്ട കുറ്റം. പക്ഷേ, സംഘപരിവാര ചാനലുകളില്‍ ഹാജരാക്കിയ വിഡിയോ ക്ളിപ്പുകളില്‍ മാത്രമേ അത് കാണൂ. കനയ്യ വിളിച്ച മുദ്രാവാക്യങ്ങള്‍ ഇവയാണ്: ‘ജാതിവ്യവസ്ഥയില്‍നിന്നും സ്വാതന്ത്ര്യം, മനുസ്മൃതിവാദത്തില്‍നിന്നും സ്വാതന്ത്ര്യം, ബ്രാഹ്മണാധിപത്യത്തില്‍നിന്നും സ്വാതന്ത്ര്യം, നമ്മള്‍ കൊണ്ടുവരും സ്വാതന്ത്ര്യം.’ എല്ലായിടത്തേക്കും കാമറകള്‍ കണ്ണുതുറന്നിരിക്കുന്ന ഒരു ലോകത്തെ നുണകള്‍കൊണ്ട് കബളിപ്പിക്കാന്‍ സാധിക്കില്ല. പക്ഷേ, പറഞ്ഞിട്ടെന്തുകാര്യം. എ.ബി.വി.പിയുടെയും ബി.ജെ.പി എം.പി മഹേഷ്ഗിരിയുടെയും പരാതിയില്‍ കനയ്യ അറസ്റ്റ് ചെയ്യപ്പെട്ടു. രാജ്യദ്രോഹപരമായി ഒന്നും ചെയ്തിട്ടില്ളെന്ന കനയ്യയുടെ മറുപടി വനരോദനമായി. പട്യാല കോടതിയില്‍ കനയ്യയെ അഭിഭാഷകര്‍ ദേശസ്നേഹംമൂത്ത് ചവിട്ടിക്കൂട്ടി. കോര്‍പറേറ്റ്വത്കൃത ന്യൂസ്റൂമിന്‍െറ കിരീടംവെക്കാത്ത രാജാവ് അര്‍ണബ് ഗോസ്വാമി കനയ്യയുടെ ചോരക്കുവേണ്ടി കുരലുപൊട്ടുമാറുച്ചത്തില്‍ അലറിവിളിച്ചു. ചാനല്‍ചര്‍ച്ചക്ക് എത്തിയ ബി.ജെ.പി നേതാവ് ടാബില്‍ കൊണ്ടുവന്ന കനയ്യയുടെ മുദ്രാവാക്യദൃശ്യങ്ങള്‍ സത്യമെന്ന് ഒറ്റനോട്ടത്തില്‍ അര്‍ണബ് വിധിയെഴുതി. ആടിനെ പട്ടിയാക്കുന്ന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തിന്‍െറ എക്കാലത്തെയും വലിയ ഇരകളിലൊന്നായി കനയ്യ മാറി.
ദേശീയതസംബന്ധിച്ച സമകാലിക ഇന്ത്യന്‍ ആഖ്യാനങ്ങളില്‍ തെളിഞ്ഞുവന്ന രണ്ടു മുഖങ്ങളിലൊന്ന് കനയ്യയുടേതാണ്.  മറ്റൊന്ന് കനയ്യക്ക് എതിരെ കൊലവിളിയുമായി വക്കീല്‍പ്പടയെ നയിച്ച വിക്രം ചൗഹാന്‍േറതും. ഇന്ത്യയുടെ മുഖമായി ഇവരില്‍ ആരെ നാം ഉയര്‍ത്തിക്കാട്ടും എന്ന കോളമിസ്റ്റ് അക്ഷയ മിശ്രയുടെ ചോദ്യം പ്രസക്തമാണ്. വിക്രം ചൗഹാന്‍െറ ദേശീയത കൈയൂക്കിന്‍െറ ബലത്തില്‍നില്‍ക്കുന്ന ആണ്‍കോയ്മാ നിര്‍മിതിയാണ്. ത്രിവര്‍ണപതാക കൈയിലേന്തി കോടതിയെ അവഹേളിച്ച് ജനങ്ങളെ പൊതിരെ തല്ലാനും മടിക്കാത്ത ഒടുക്കത്തെ രാജ്യസ്നേഹമാണ് അയാളുടേത്.  നേരെമറിച്ച്, കനയ്യ സ്വയംപ്രഖ്യാപിത ദേശീയവാദിയല്ല. കേന്ദ്രസര്‍ക്കാര്‍ എന്നാല്‍ ഇന്ത്യ എന്ന തന്‍െറ ജന്മദേശമാണ് എന്ന് അയാള്‍ തെറ്റിദ്ധരിച്ചിട്ടില്ല. ഇന്ത്യയുടെ അപചയങ്ങളെ ചോദ്യംചെയ്യാന്‍ നമ്മുടെ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യങ്ങളെ അയാള്‍ വിനിയോഗിക്കുന്നു. മെച്ചപ്പെട്ട ഒരു രാജ്യം സ്വപ്നംകാണുന്ന വിദ്യാര്‍ഥിയാണ് അയാള്‍. ബിഹാറിലെ ബിഹത് എന്ന ഗ്രാമത്തില്‍ ജനനം. സി.പി.ഐയുടെ നെടുങ്കോട്ടയായ തെഗ്ര നിയമസഭാ മണ്ഡലത്തില്‍ പെടുന്നതാണ് ബിഹത്. പിതാവ് ജയശങ്കര്‍ സിങ് പക്ഷാഘാതം വന്ന് തളര്‍ന്നുകിടപ്പാണ്. അമ്മ മീനാദേവി അങ്കണവാടി ജീവനക്കാരി. ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുന്ന കാലം മുതല്‍ ഇടതുപക്ഷ തിയറ്റര്‍ ഗ്രൂപ്പായ ഇപ്റ്റയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. ബിരുദാനന്തര ബിരുദം കഴിഞ്ഞ് ജെ.എന്‍.യുവില്‍ എത്തിയത് ഗവേഷണത്തിന്. കഴിഞ്ഞവര്‍ഷം ജെ.എന്‍.യു സ്റ്റുഡന്‍റ്സ് യൂനിയന്‍ പ്രസിഡന്‍റാവുന്ന ആദ്യ എ.ഐ.എസ്.എഫുകാരനായി. ഭരണഘടനയില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്ന് ഊന്നിയൂന്നിപ്പറയുന്ന കനയ്യയെ കോടതി ഉള്‍പ്പെടുന്ന ഭരണഘടനാസ്ഥാപനങ്ങള്‍ തുണച്ചില്ളെങ്കില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ പൂര്‍ണമായി എന്ന് നമുക്കുറപ്പിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.