യു.എസില്‍ തെരഞ്ഞെടുപ്പ് ജ്വരം

രണ്ടാംഊഴം പൂര്‍ത്തിയാക്കിയ പ്രസിഡന്‍റ് ബറാക് ഒബാമയുടെ പിന്‍ഗാമിയെ കണ്ടത്തൊന്‍ അമേരിക്ക വീണ്ടും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ചൂടിലേക്ക് ഉണര്‍ന്നുകഴിഞ്ഞു. നവംബര്‍ എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അങ്കംകുറിക്കുന്നവര്‍ ആരെന്നുറപ്പാകാന്‍ ജൂലൈ അവസാനം വരെ കാത്തിരിക്കേണ്ടി വരുമെങ്കിലും മാര്‍ച്ച് ഒന്നിന് ‘സൂപര്‍ ചൊവ്വ’യോടെ പ്രാഥമികചിത്രം തെളിയുമെന്നാണ് പ്രതീക്ഷ. കടുത്ത വംശവെറിയും വിദ്വേഷപ്രസംഗങ്ങളുമായി അമേരിക്കയുടെ മനസ്സുപിടിക്കാനിറങ്ങിയ ശതകോടീശ്വരന്‍ ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടുന്ന റിപ്പബ്ളിക്കന്‍ പടയും ക്ളിന്‍റന്‍ കുടുംബത്തോടുള്ള ഇഷ്ടം വോട്ടാക്കാനിറങ്ങിയ ഹിലരി നയിക്കുന്ന ഡെമോക്രാറ്റിക് നിരയും ഒരുപോലെ പ്രചാരണം കൊഴുപ്പിക്കുന്ന തിരക്കിലാണ്. സ്വന്തം അണികളെപ്പോലും ബോധിപ്പിക്കാനാവാതെ ജൂനിയര്‍ ബുഷിന്‍െറ സഹോദരന്‍ ജെബ് ബുഷുള്‍പ്പെടെ പിന്‍വാങ്ങുകയും ജനപിന്തുണയില്ളെന്ന് ഇതുവരെ നടന്ന പ്രൈമറികളിലും കോക്കസുകളിലും തെളിഞ്ഞ് മറ്റുചിലര്‍ ഒന്നുമല്ലാതാകുകയും ചെയ്തത് അന്തിമചിത്രത്തില്‍ ആരൊക്കെയാകുമെന്നതിനെക്കുറിച്ച സൂചനകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്.

അതീവസങ്കീര്‍ണമാണ് അമേരിക്കയില്‍ നാലുവര്‍ഷത്തിലൊരിക്കല്‍ ആവര്‍ത്തിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി ഒന്നിന് തുടങ്ങി അടുത്തവര്‍ഷം ജനുവരിയില്‍ അവസാനിക്കുന്ന അതിദീര്‍ഘമായ പ്രക്രിയയിലൂടെയാണ് ഓരോതവണയും രാജ്യം പ്രഥമപൗരനെ തെരഞ്ഞെടുക്കുന്നത്. അമേരിക്കയില്‍ ജനിച്ച് അമേരിക്കന്‍ പൗരത്വമുള്ള 14 വര്‍ഷമായി രാജ്യത്ത് സ്ഥിരതാമസക്കാരനായ 35 വയസ്സുള്ള ആര്‍ക്കും അമേരിക്കന്‍ പ്രസിഡന്‍റ് പദത്തിലേക്ക് മത്സരിക്കാം. പ്രചാരണത്തിനാവശ്യമായ സാമ്പത്തികസഹായം ഉറപ്പാക്കാനാകുമെങ്കില്‍ ആര്‍ക്കും സ്ഥാനാര്‍ഥിക്കുപ്പായമണിയാമെന്നതിനാല്‍ ആരൊക്കെ ഗോദയിലുണ്ടാകുമെന്ന് പാര്‍ട്ടികള്‍ക്ക് മാത്രം തീരുമാനിക്കാനാവില്ളെന്നതാണ് കൗതുകം. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ നാലുഘട്ടുങ്ങളിലാണെന്ന് പൊതുവെ പറയാം -സ്ഥാനാര്‍ഥിത്വ മോഹമുള്ളവര്‍ പാര്‍ട്ടി വേദികളില്‍ പരസ്പരം അങ്കംകുറിക്കുന്ന പ്രൈമറികള്‍/ കോക്കസുകള്‍, പാര്‍ട്ടി സ്ഥാനാര്‍ഥി പ്രഖ്യാപനവേദിയായ ദേശീയ കണ്‍വെന്‍ഷനുകള്‍, അമേരിക്ക മൊത്തം ഭാഗഭാക്കാവുന്ന പ്രചാരണം, നവംബര്‍ എട്ടിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് എന്നിവയാണവ.

രണ്ട് കക്ഷികള്‍; നിരവധി സ്ഥാനാര്‍ഥികള്‍
ഡെമോക്രാറ്റ്, റിപ്പബ്ളിക്കന്‍ എന്നീ രണ്ടു കക്ഷികള്‍ക്ക് മാത്രമാണ് രാജ്യത്ത് പ്രധാനമായും രാഷ്ട്രീയ പ്രാതിനിധ്യം. പ്രസിഡന്‍റ് ബറാക് ഒബാമയുടെ കക്ഷിയാണ് രണ്ടുനൂറ്റാണ്ടോളം പഴക്കമുള്ള ഡെമോക്രാറ്റുകള്‍. മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷും ഇപ്പോള്‍ ഡൊണാള്‍ഡ് ട്രംപും പ്രതിനിധാനംചെയ്യുന്നതാണ് 1854ല്‍ രൂപമെടുത്ത റിപ്പബ്ളിക്കന്‍ കക്ഷി. ലിബര്‍ട്ടേറിയന്‍, ഗ്രീന്‍ തുടങ്ങി മത്സരിക്കാന്‍ പാര്‍ട്ടികള്‍ വേറെയുമുണ്ടെങ്കിലും രണ്ട് ഭീമന്മാര്‍ക്കുനടുവില്‍പെട്ട് വളര്‍ച്ചമുരടിച്ചവയാണെല്ലാം.

ഡൊണാള്‍ഡ് ട്രംപ്, ടെഡ് ക്രൂസ്, മാര്‍കോ റൂബിയോ, ജോണ്‍ കാസിക്, ബെന്‍ കാര്‍സണ്‍ എന്നിവര്‍ റിപ്പബ്ളിക്കന്‍ കക്ഷി ബാനറിലും ഹിലരി ക്ളിന്‍റന്‍, ബേണി സാന്‍ഡേഴ്സ് എന്നിവര്‍ ഡെമോക്രാറ്റ് കുപ്പായത്തിലും പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകാന്‍ രംഗത്തുണ്ട്. ആദ്യ പ്രൈമറികളും കോക്കസുകളും പൂര്‍ത്തിയാകുമ്പോഴേക്ക് റിപ്പബ്ളിക്കന്‍ നിരയില്‍ ട്രംപ് ശക്തമായ മേല്‍ക്കൈ ഉറപ്പാക്കിക്കഴിഞ്ഞു. ഡെമോക്രാറ്റുകളില്‍ മുന്‍ പ്രസിഡന്‍റ് ബില്‍ ക്ളിന്‍റന്‍െറ പത്നിയും ഹിലരിയും മുന്‍തൂക്കം ഉറപ്പാക്കി.  
പ്രൈമറികള്‍, കോക്കസുകള്‍
പാര്‍ട്ടികളുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്നതിന്‍െറ ഒന്നാം ഘട്ടമാണ് പ്രൈമറികളും കോക്കസുകളും. ഓരോകക്ഷിയിലും സ്ഥാനാര്‍ഥിയാകാന്‍ രംഗത്തത്തെിയവരില്‍നിന്ന് പാര്‍ട്ടി അണികളും അനുഭാവികളും ചേര്‍ന്ന് മികച്ച പ്രതിനിധിയെ തീരുമാനിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളാണിവ. സംസ്ഥാനവ്യാപകമായി നടക്കുന്ന രഹസ്യ ബാലറ്റിലൂടെയുള്ളതാണ് പ്രൈമറിയെങ്കില്‍ പാര്‍ട്ടി അനുഭാവികള്‍ ഒന്നിലേറെ പ്രാദേശിക കേന്ദ്രങ്ങളില്‍ സംഘടിച്ച് സ്ഥാനാര്‍ഥിയെ അഭിപ്രായഐക്യത്തിലൂടെ ഉറപ്പാക്കുന്നതാണ് കോക്കസുകള്‍. പ്രൈമറികളിലും കോക്കസുകളിലും നേടുന്ന വോട്ടിന് ആനുപാതികമായി ഓരോസ്ഥാനാര്‍ഥിക്കും ലഭിക്കുന്ന പ്രതിനിധികള്‍ ജൂലൈയില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ കണ്‍വെന്‍ഷനില്‍ വോട്ട് ചെയ്താണ് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥികളെ അന്തിമമായി തെരഞ്ഞെടുക്കുന്നത്.

50 സംസ്ഥാനങ്ങളുള്ള രാജ്യത്ത് കോക്കസ് 10 ഇടങ്ങളില്‍ മാത്രമേയുള്ളൂവെങ്കില്‍ കൂടുതല്‍ ശാസ്ത്രീയമായി പരിഗണിക്കപ്പെടുന്ന പ്രൈമറികളാണ് മറ്റിടങ്ങളില്‍. ഫെബ്രുവരി ഒന്നിന് അയോവ സംസ്ഥാനത്ത് നടന്ന കോക്കസോടെ തുടക്കമായ ഒന്നാംഘട്ടത്തിന് ജൂണ്‍ 14ന് സമാപ്തിയാകും. 12 ഇടങ്ങളില്‍ ഒന്നിച്ച് പ്രൈമറികളോ കോക്കസുകളോ നടക്കുന്നുവെന്നതാണ് മാര്‍ച്ച് ഒന്നിന് സൂപര്‍ ചൊവ്വയുടെ സവിശേഷത.
ദേശീയ കണ്‍വെന്‍ഷനുകള്‍
പ്രൈമറികള്‍ക്കൊടുവില്‍ ഓരോ പാര്‍ട്ടിയുടെയും പ്രതിനിധികള്‍ സമ്മേളിക്കുന്ന ദേശീയ കണ്‍വെന്‍ഷന്‍ ജൂലൈ അവസാനത്തിലാണ് നടക്കുക. റിപ്പബ്ളിക്കന്‍ കക്ഷിയുടേത് ജൂലൈ 18-21 തീയതികളില്‍ ക്ളീവ്ലാന്‍ഡിലും ഡെമോക്രാറ്റുകളുടേത് 25-28 തീയതികളിലുമാണ്. റിപ്പബ്ളിക്കന്‍ കക്ഷിയുടെ മൊത്തം 2,347 പ്രതിനിധികളില്‍ 1,237 പേരുടെ പിന്തുണയുള്ളവര്‍ സ്ഥാനാര്‍ഥിയാകും. ഡെമോക്രാറ്റുകള്‍ക്ക് 4,192 പ്രതിനിധികളുള്ളതില്‍ 2,398 വോട്ട് നേടുന്നവരാണ് തെരഞ്ഞെടുക്കപ്പെടുക. നവംബറില്‍ ആദ്യ തിങ്കളിന് ശേഷമുള്ള ചൊവ്വാഴ്ചയായ നവംബര്‍ എട്ടിനാണ് ജനകീയ വോട്ടെടുപ്പ്. ജനകീയ വോട്ടെടുപ്പ് ഫലം 12 മണിക്കൂറിനകം അറിയാമെങ്കിലും യഥാര്‍ഥ തെരഞ്ഞെടുപ്പ് നടത്തുന്നത് ഇലക്ടറല്‍ കോളജാണ്.

ഇലക്ടറല്‍ കോളജ്
പ്രസിഡന്‍റിനെ തീരുമാനിക്കാന്‍ വോട്ടുചെയ്യുക വഴി വോട്ടര്‍മാര്‍ തന്നെയാണ് അമേരിക്കന്‍ കോണ്‍ഗ്രസിന്‍െറ പ്രതിനിധികളായി വിശേഷിപ്പിക്കപ്പെടുന്ന പ്രത്യേകസമിതിയായ ഇലക്ടറല്‍ കോളജിനെയും തെരഞ്ഞെടുക്കുന്നത്. ഓരോ സംസ്ഥാനത്തിനുമുള്ള സെനറ്റ് അംഗങ്ങള്‍, പ്രതിനിധി സഭയിലെ അംഗങ്ങള്‍ എന്നിവരുടെ എണ്ണത്തിന് തുല്യമാകും ഇലക്ടറല്‍ കോളജിലെ പ്രാതിനിധ്യം. അമേരിക്കന്‍ കോണ്‍ഗ്രസില്‍ വോട്ടെടുപ്പ് നടത്തുന്നതിന് പകരമായാണ് ഇലക്ടറല്‍ കോളജ് ചേര്‍ന്നുള്ള വോട്ടിങ് കണക്കാക്കുന്നത്. ജനകീയ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ഇലക്ടറല്‍ കോളജ് യോഗം ചേരുന്നു. 538 അംഗ ഇലക്ടറല്‍ കോളജില്‍ 270 വോട്ട് നേടിയവര്‍ക്ക് അമേരിക്ക ഭരിക്കാം. ജനഹിതം എതിരായാല്‍പോലും ഇലക്ടറല്‍ കോളജിന്‍െറ തെരഞ്ഞെടുപ്പാണ് അന്തിമവിധി. ജോര്‍ജ് ബുഷ് ജൂനിയര്‍ ഉള്‍പ്പെടെ ജനഹിതത്തില്‍ പിറകിലായിട്ടും ഇലക്ടറല്‍ കോളജിന്‍െറ ആനുകൂല്യവുമായി പ്രസിഡന്‍റായവര്‍ നിരവധി.


ട്രംപോ ഹിലരിയോ?
അമേരിക്കക്കാരില്‍ മഹാഭൂരിപക്ഷവും അയോഗ്യനെന്ന് വിശ്വസിച്ചിട്ടും, പ്രസിഡന്‍റാകാനുള്ള രാഷ്ട്രീയ യോഗ്യതകളില്ലാതിരുന്നിട്ടും എറിഞ്ഞുവീഴ്ത്തുന്ന വാക്കുകളുടെ കരുത്തില്‍ ബഹുദൂരം മുന്നിലത്തെിയ ഡൊണാള്‍ഡ് ട്രംപിന്‍െറ മുന്നോട്ടുള്ള പോക്ക് ആശങ്കയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. കുടിയേറ്റക്കാര്‍, മുസ്ലിംകള്‍ തുടങ്ങി ആരെയും പൊറുക്കാത്ത ട്രംപിന്‍െറ വംശവെറി ഇതിനകം രാജ്യാന്തരസമൂഹത്തിന്‍െറ കടുത്ത വിമര്‍ശത്തിനിടയാക്കിക്കഴിഞ്ഞു. ട്രംപ് അഡോള്‍ഫ് ഹിറ്റ്ലറിന് തുല്യനെന്ന് വിശേഷിപ്പിച്ചത് മെക്സിക്കോയുടെ രണ്ട് മുന്‍ പ്രസിഡന്‍റുമാരാണ്. മുസ്ലിംകളെ മുഴുവന്‍ രാജ്യത്തുനിന്ന് പുറത്താക്കണമെന്നു പറഞ്ഞ ട്രംപ് ഒരു കോടിയിലേറെ വരുന്ന അനധികൃത കുടിയേറ്റക്കാരെ അതിര്‍ത്തികടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറിയായിരിക്കെ ഇറാഖ് യുദ്ധത്തിന് അനുമതിനല്‍കിയ പാരമ്പര്യമുള്ള ഹിലരി തന്നെയാണ് ഖദ്ദാഫിയെ പുറത്താക്കിയ ലിബിയന്‍ ദൗത്യമുള്‍പ്പെടെ മുന്നില്‍നിന്ന് നയിച്ചത്. ഏറെ പ്രതീക്ഷയോടെ അധികാരത്തിലത്തെിയ ബറാക് ഒബാമ സുപ്രധാനവിഷയങ്ങളില്‍ സമ്പൂര്‍ണ പരാജയമായി മടങ്ങുമ്പോള്‍ അമേരിക്കയുടെ അമരത്ത് ഹിലരിയത്തെിയാലും ആഗോള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടിവരില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT