ടി.എന്‍.ജി മാഞ്ഞുപോകുമ്പോള്‍ സംഭവിക്കുന്നത്

മലയാള മാധ്യമ തറവാട്ടുമുറ്റത്തെ നന്മയുടെ വലിയവിളക്കുകളില്‍ ഒന്നുകൂടിയാണ് ശനിയാഴ്ച പുലര്‍ച്ചെ അണഞ്ഞുപോയത്. ടി.എന്‍. ഗോപകുമാര്‍ എന്ന വ്യക്തിയിലെ കേവലനന്മയോ തിന്മയോ ആ വ്യക്തിത്വത്തിന്‍െറ ഏറ്റവും അടുത്ത വൃത്തത്തിനുള്ളിലെ ആളുകളുടെ മാത്രം കാര്യമാണ്. പക്ഷേ, മാധ്യമപ്രവര്‍ത്തന മേഖലയില്‍ ടി.എന്‍. ഗോപകുമാര്‍ എന്ന ആത്മമിത്രം പ്രകടിപ്പിച്ച നന്മയും നിലപാടുകളുമാണ് സമൂഹത്തിന് പ്രസക്തമായിട്ടുള്ളത്. മാധ്യമപ്രവര്‍ത്തന മേഖലയില്‍ സമൂഹശ്രേണിയിലെ ദുര്‍ബലര്‍ക്കൊപ്പം അണിചേര്‍ന്ന് അവരോട് പക്ഷംചേരുന്നതിലെ നീതിബോധത്തിന്‍െറ പ്രചാരകനായിരുന്നു ഗോപകുമാര്‍. ആ പക്ഷംചേരലും നിലപാടുകളും കേരളീയ ജീവിതത്തില്‍ അര്‍ഥവത്തായ ചലനങ്ങള്‍ക്ക് കാരണമായി. മിക്കപ്പോഴും അത് ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ സൈ്വരജീവിതത്തിനു മേലുള്ള അധികാര കടന്നുകയറ്റത്തിനെതിരെയുള്ള വസ്തുനിഷ്ഠ ദൃശ്യപ്രതിരോധമായിരുന്നു. ചിലപ്പോഴൊക്കെ അത് ജീവിതത്തിന്‍െറ കരള്‍ കലങ്ങിപ്പോയ വ്യക്തികളുടെ കണ്ണീര്‍ ദൃശ്യങ്ങളുമായിരുന്നു.
അച്ചടിമാധ്യമ രംഗത്ത് സ്വന്തമായ അടയാളങ്ങള്‍ തീര്‍ത്തശേഷമാണ് ടി.എന്‍. ഗോപകുമാര്‍ ദൃശ്യമാധ്യമ രംഗത്തേക്ക് എത്തുന്നത്. ഏഷ്യാനെറ്റിലൂടെ പൂര്‍ണതയിലത്തെിയ ആ മാധ്യമ നിലപാടിന്‍െറ സ്വഭാവ സവിശേഷതകള്‍ ഈ പ്രസിദ്ധീകരണങ്ങളിലൂടെ ലോകം കണ്ട റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.
മലയാളിയുടെ ദൃശ്യമാധ്യമ അനുഭവ ചരിത്രത്തിന് കാമ്പുണ്ടാവുന്നത് ഏഷ്യാനെറ്റ് ചാനലിന്‍െറ വരവോടെയാണ്. പ്രോഗ്രാമുകളിലും വാര്‍ത്തകളിലും സ്വാതന്ത്ര്യത്തിന്‍െറയും സാമൂഹിക പ്രശ്നങ്ങളിലെ ലക്ഷ്യബോധത്തിന്‍െറയും സാന്നിധ്യം മലയാളിയുടെ ടെലിവിഷന്‍ അനുഭവത്തില്‍ പുതുമ കൊണ്ടുവന്നു. വാര്‍ത്തയുടെ കാര്യത്തിലായിരുന്നു ഈ മാറ്റം വളരെ പ്രകടമായത്. ഇത്തരം ഒരു വാര്‍ത്താസ്വഭാവം രൂപപ്പെട്ടത് ശശികുമാറും ബി.ആര്‍.പി. ഭാസ്കറും ഉള്‍പ്പെട്ട ഒരു സംഘത്തിന്‍െറ ശ്രമഫലമായാണ്. അതില്‍ ടി.എന്‍. ഗോപകുമാറിന്‍െറ പങ്ക് വലുതായിരുന്നു. പിന്നീട് ആ സങ്കല്‍പത്തിന്‍െറ ഏറ്റവും ശക്തനായ പ്രയോക്താവായി ടി.എന്‍. ഗോപകുമാര്‍. ചാനലിന്‍െറ ഉടമസ്ഥാവകാശം പലരും കൈമാറിയെങ്കിലും ഈ പാരമ്പര്യത്തിന്‍െറ ഊര്‍ജം നിലനിര്‍ത്തി അതിനെ പുതുവഴികളിലൂടെ നയിക്കാന്‍ കഴിഞ്ഞത് കേരള മാധ്യമ ചരിത്രത്തില്‍ ടി.എന്‍. ഗോപകുമാറിനെ എന്നും അടയാളപ്പെടുത്തുന്നു.
ഞാന്‍ ഗോപകുമാറിനെ ആദ്യമായി കാണുന്നത് 1994 ആഗസ്റ്റിലെ ഒരു രാത്രിയില്‍ തിരുവനന്തപുരത്തെ പൂര്‍ണാ ഹോട്ടലില്‍ സുഹൃത്ത് ചിന്ത രവിയുടെ മുറിയിലാണ്. അന്ന് ഏഷ്യാനെറ്റ് ചാനലും കണ്ണാടിയും തുടങ്ങിയിരുന്നുവെങ്കിലും വാര്‍ത്ത തുടങ്ങിയിരുന്നില്ല. 1995 ജനുവരി മുതല്‍ ഞങ്ങള്‍ സഹപ്രവര്‍ത്തകരായി.  
കഴിഞ്ഞുപോയ 20 വര്‍ഷങ്ങളില്‍ എത്രയെത്ര നീണ്ട രാവുകള്‍. എത്രയെത്ര തര്‍ക്കങ്ങള്‍. എത്രയെത്ര കാമ്പുള്ള കലാപങ്ങള്‍. ഓരോ തര്‍ക്കവും തര്‍ക്കത്തിനൊടുവിലെ കലാപവും പിറ്റേ പ്രഭാതത്തില്‍ പുതിയ വാര്‍ത്താ ആശയങ്ങളായി രൂപം മാറി പുനര്‍ജനിച്ചു. അത് ഏഷ്യാനെറ്റ് ന്യൂസിനെ മലയാളിയുടെ പൊതുബോധ നിര്‍മാണത്തില്‍ ഇടപെടാന്‍ പറ്റുന്നതരത്തില്‍ കരുത്തുള്ളതാക്കി.
ഞാനും ഭാര്യയും രണ്ടു മക്കളും ഉള്‍പ്പെടുന്ന സ്വകാര്യതയിലെ ഞങ്ങളുടെ നിത്യസ്നേഹസാന്നിധ്യമായിരുന്നു ടി.എന്‍.ജി. എന്നെപ്പോലെ നൂറുകണക്കിനുള്ള ടി.എന്‍.ജിയുടെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അദ്ദേഹം സ്വകാര്യനഷ്ടമാണ്. എന്നാല്‍, നല്ലതല്ലാത്ത നമ്മുടെ കാലത്ത്, ഒരു വാര്‍ത്താമുറിയില്‍നിന്ന് ജനാധിപത്യ സംവിധാനത്തിന്‍െറയും കറതീര്‍ന്ന മതേതര മൂല്യങ്ങളുടെയും കാവലാളും പോരാളിയുമായ ഒരാള്‍ മാഞ്ഞുപോകുന്നത് മുഴുവന്‍ കേരളത്തിന്‍െറയും ആധിയാണ്. അതാണ് ടി.എന്‍. ഗോപകുമാര്‍ എന്ന വലിയ മാധ്യമപ്രവര്‍ത്തകന്‍ മാഞ്ഞുപോകുമ്പോള്‍ സംഭവിക്കുന്നത്.
(മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് ആണ് ലേഖകന്‍)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.