വിസ്മയിപ്പിക്കുന്ന സൗഹൃദം

ടി.എന്‍. ഗോപകുമാര്‍ എന്ന് എല്ലാവരും വിളിക്കുന്ന ഗോപന്‍ എന്‍െറ സുഹൃത്താകുന്നത് ഞങ്ങള്‍ ഒന്നിച്ച് യൂനിവേഴ്സിറ്റി കോളജില്‍ പഠിക്കുന്ന കാലത്താണ്. 1975-78ല്‍ ഗോപന്‍ എം.എ ഇംഗ്ളീഷിനും ഞാന്‍ ബി.എ ഇക്കണോമിക്സിനും പഠിക്കുന്ന കാലം. ഗോപന്‍ അന്ന് കിഴക്കേകോട്ടയില്‍, കോട്ടക്കകത്ത് ബ്രാഹ്മണത്തെരുവിലെ ഒരു അഗ്രഹാരത്തിലായിരുന്നു താമസം. എന്നാല്‍, അഗ്രഹാരത്തിലെ അന്തരീക്ഷത്തിന് ഒട്ടും ചേരാത്ത പ്രകൃതമായിരുന്നു ഗോപന്‍േറത്. അലക്ഷ്യമായി തോളറ്റംവരെ നീണ്ടുകിടക്കുന്ന തലമുടി, എല്ലാതരം അരാജകത്വത്തിലും അഭിരമിച്ചിരുന്ന വ്യക്തിത്വം എന്നിങ്ങനെ ഒറ്റനോട്ടത്തില്‍ ഗോപനെ വിശേഷിപ്പിക്കാം. ഇതിനൊക്കെ പുറമെ സൂര്യനുതാഴെ എല്ലാ കാര്യങ്ങളെക്കുറിച്ചും പറയാനും തര്‍ക്കിക്കാനും ഗോപനുള്ള വൈഭവം പറയാതിരിക്കാനാവില്ല.  
പിന്നീടാണ് സഖാവ് പി. കൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മയുടെ രണ്ടാമത്തെ ഭര്‍ത്താവായ ഭട്ടപ്പള്ളിമഠം നീലകണ്ഠശര്‍മയുടെ മകനാണ് ഗോപന്‍ എന്നറിഞ്ഞത്. എന്‍െറ അമ്മക്കും അമ്മൂമ്മക്കും കുടുംബബന്ധുവിനെപ്പോലെ നല്ല അടുപ്പമുള്ള വ്യക്തിയായിരുന്നു തങ്കമ്മ. ഗോപനുമായുള്ള ബന്ധം അങ്ങനെ കൂടുതല്‍ ശക്തമായി. അതിനുശേഷം ഞങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുക്കുന്നത് ഒരു ചെറിയ ഇടവേളക്കുശേഷമാണ്. ഞാന്‍ എം.എക്ക് യൂനിവേഴ്സിറ്റി കോളജില്‍നിന്ന് കാര്യവട്ടത്തേക്കു പോയി. ഗോപന്‍ തൊഴില്‍ തേടി മദിരാശിയിലേക്കും. ഈ ഇടവേളക്കുശേഷം മാതൃഭൂമിയില്‍വെച്ച് ബന്ധം പുന$സ്ഥാപിച്ചു. മാതൃഭൂമി തിരുവനന്തപുരം എഡിഷന്‍ ആരംഭിച്ച കാലം. ജേണലിസ്റ്റ് ട്രെയ്നികളായി 1982ല്‍ ഞങ്ങള്‍ അവിടെ ചേര്‍ന്നു. അന്നത്തെ മാതൃഭൂമിയിലെ ഡെസ്ക് മറക്കാനാകാത്ത ഒരു കൂട്ടായ്മയുടെ വേദിയായിരുന്നു. അതിനാല്‍ രാവും പകലുമെല്ലാം ഞങ്ങള്‍ മാതൃഭൂമിയില്‍ത്തന്നെയാണ് ചെലവഴിച്ചിരുന്നത്. ഞാനും ഗോപനും ഒരേ ഡെസ്ക്കിന്‍െറ അപ്പുറത്തതും ഇപ്പുറത്തും കസേരകളിലാണ് ഇരുന്നത്. ഞങ്ങളുടെ തൊട്ടുമുന്നില്‍ വളരെ സീനിയറായ ജി. വേണുഗോപാലന്‍, കരൂര്‍ ശശി എന്നിവരും പിന്നെ ഞങ്ങളുടെ കൂട്ടത്തില്‍ ജേക്കബ്ജോര്‍ജ്, ജ്യോതിര്‍ഘോഷ്, ടി. ശശിമോഹന്‍, എം. ഹരികുമാര്‍ തുടങ്ങിയ യുവനിരയും ഉണ്ടായിരുന്നു. സണ്ണിക്കുട്ടി തുടങ്ങിയവര്‍ തൊട്ടപ്പുറത്ത് വീക്കിലിയിലും. പത്രപ്രവര്‍ത്തനത്തിന്‍െറ ബാലപാഠങ്ങള്‍ പഠിച്ച വളരെ രസകരമായൊരു കാലഘട്ടം. റിപ്പോര്‍ട്ടിങ്ങിലും ഡെസ്ക്കിലും ഒരുമിച്ചു പ്രവര്‍ത്തിച്ചു. എക്സ്ട്രാ കാശിനുവേണ്ടി ചിത്രഭൂമിക്കും ഗൃഹലക്ഷ്മിക്കും അഭിമുഖങ്ങള്‍ ശേഖരിക്കാന്‍ മത്സരിച്ചുപോകുമായിരുന്നു. തിരുവനന്തപുരത്ത് വരുന്ന സിനിമാ നടന്മാരെയും മറ്റ് സെലിബ്രിറ്റീസിനെയും പിന്നാലെ നടന്ന് അഭിമുഖങ്ങളുണ്ടാക്കും.
അങ്ങനെ അഞ്ചാറുവര്‍ഷം കഴിഞ്ഞപ്പോള്‍ ഗോപന്‍ തിരുവനന്തപുരവും കേരളവും വിട്ട് പറന്നു. ആ കാലഘട്ടത്തിലാണ് ഗോപന്‍ പുറത്തുള്ള ചില അസൈന്‍മെന്‍റ്സ് ചെയ്തത്. അതില്‍ ഒന്നാന്തരമായിരുന്നു തമിഴ്പുലികളെ സംബന്ധിച്ച് തയാറാക്കിയ വാര്‍ത്ത. അതുകഴിഞ്ഞ് ഗോപന്‍ ഡല്‍ഹിയിലേക്ക് മാറി. മാതൃഭൂമിയുടെ ഡല്‍ഹി കറസ്പോണ്ടന്‍റായതോടെ മാതൃഭൂമിക്കുള്ളിലെ ഞങ്ങളുടെ ബന്ധം അവസാനിച്ചു.
ഡല്‍ഹിയും വളരെ സാര്‍ഥകമായ ഒരു ഇന്നിങ്സായിരുന്നു ഗോപന്‍േറത്. വി.കെ. മാധവന്‍കുട്ടിയും എന്‍. അശോകനുമായിരുന്നു മാതൃഭൂമിയുടെ പ്രധാനപ്പെട്ട ലേഖകന്മാര്‍. ഒട്ടും വൈകാതെതന്നെ ഗോപന്‍ സ്വന്തമായ ഒരിടം ഡല്‍ഹിയില്‍ കണ്ടത്തെി. വലിയൊരു സൗഹൃദം അവിടെ പടുത്തുയര്‍ത്തി. ഒ.വി. വിജയനുമായുള്ള സൗഹൃദം ആ കാലഘട്ടത്തിലാണ് ഉണ്ടായത്. അവിടെനിന്നാണ് മാധ്യമം, മംഗളം എന്നീ പത്രങ്ങള്‍ക്ക് ഗോപന്‍െറ സഹായങ്ങള്‍ ഉണ്ടായത്. രണ്ട് പത്രസ്ഥാപനങ്ങള്‍ക്കും വേണ്ടി ഡല്‍ഹിയില്‍നിന്ന് ഗോപന്‍ കോളമെഴുതി. അതിനുശേഷം ഇംഗ്ളീഷ് ജേണലിസത്തിലേക്ക് വന്നു. മാതൃഭൂമിയില്‍ വരുന്നതിനുമുമ്പ് ചെറിയൊരു കാലയളവ് ഇന്ത്യന്‍ എക്സ്പ്രസില്‍ ജോലിചെയ്തിരുന്നു. ആ ഒരു പ്രചോദനവും ഇംഗ്ളീഷ് ഭാഷയോടുള്ള കലശലായ പ്രണയവും ഈനാട് ഗ്രൂപ്പിന്‍െറ ന്യൂസ് ടൈമില്‍ ചേരാന്‍ പ്രചോദനമായി. കുറച്ചുകാലത്തിനുശേഷം ടൈംസ് ഓഫ് ഇന്ത്യയുടെ ഇന്‍റിപെന്‍ഡന്‍റ് എന്ന പുതിയൊരു അന്താരാഷ്ട്ര നിലവാരമുണ്ടായിരുന്ന പത്രത്തില്‍ ചേര്‍ന്നു. ഡല്‍ഹി  ലേഖകനായി. എല്‍.ഡി.എഫ് രാഷ്ട്രീയമായിരുന്നു ഗോപന്‍ ചെയ്തിരുന്നത്.
പിന്നീട് അവിടെനിന്ന് ഇന്ത്യാ ടുഡേയുടെ ലേഖകനായി തിരുവനന്തപുരത്തേക്ക് കുടുംബസമേതം വീണ്ടും തിരിച്ചുവന്നു. ഇന്ത്യാ ടുഡേയില്‍നിന്ന് സ്റ്റേറ്റ്സ്മാന്‍െറ ലേഖകനായി. അതിനുശേഷമാണ് ഏഷ്യാനെറ്റിന്‍െറ പൂര്‍ണപ്രവര്‍ത്തകനായി ചുമതലയേല്‍ക്കുന്നത്. ഏഷ്യാനെറ്റിന്‍െറ ആരംഭം മുതല്‍ ഗോപന്‍ വാര്‍ത്താമേഖല കൈകാര്യംചെയ്തിരുന്നു. ഗോപന്‍െറ ‘കണ്ണാടി’ ഇന്ന് ഇന്ത്യന്‍ ടെലിവിഷനില്‍ത്തന്നെ റെക്കോഡാണ്. ഈ പരിപാടി 980 പ്രതിവാര എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇടക്ക് ഒരു കാലഘട്ടം അസുഖം കൂടിയപ്പോള്‍ അത് മുടങ്ങിയതൊഴിച്ചാല്‍ 23 വര്‍ഷമായി തുടരുന്ന ഒരേയൊരു വാര്‍ത്താപത്രികയാണ് കണ്ണാടി.
വ്യക്തിപരമായും രാഷ്ട്രീയമായും നിലപാടുകളില്‍ ഉറച്ചുനിന്ന വ്യക്തിയാണ് ഗോപന്‍. ഒരു വിട്ടുവീഴ്ചക്കും തയാറല്ല. എടുത്തുപറയാവുന്ന ഗോപന്‍െറ ഒരു മൂല്യം മതനിരപേക്ഷതയാണ്. ഏഷ്യാനെറ്റിലും മറ്റ് പ്രവര്‍ത്തിച്ച മേഖലകളിലും അതില്‍ ഒരു വിട്ടുവീഴ്ചക്കും ഗോപന്‍ തയാറല്ലായിരുന്നു. ഏതെങ്കിലും ഒരു മതത്തിന്‍െറയോ ജാതിയുടെയോ ഒരു ഐഡന്‍റിറ്റിയും മാധ്യമസ്ഥാപനങ്ങളില്‍ പാടില്ളെന്ന കടുംപിടിത്തം ഗോപനുണ്ടായിരുന്നു. അത് നടപ്പാക്കുകയും ചെയ്തു. മതമൗലികവാദത്തിനും വര്‍ഗീയതക്കുമെതിരെ ആദ്യംമുതല്‍തന്നെ ശക്തമായ നിലപാടാണ് ഗോപന്‍ കൈക്കൊണ്ടത്. ഏഷ്യാനെറ്റ് ന്യൂസ് ആയി പുതിയ ചാനല്‍ വന്നപ്പോള്‍ അതിന്‍െറ പ്രധാനപ്പെട്ട ശില്‍പി അദ്ദേഹമായിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം ഗോപനുമായി ഒന്നിക്കുന്നത് നാലാമത്തെ തവണയാണ്. കോളജില്‍, മാതൃഭൂമിയില്‍, ഇന്ത്യാ ടുഡേയില്‍, ഏഷ്യാനെറ്റില്‍. ഇത് പ്രത്യേക ഭാഗ്യവും യാദൃച്ഛികതയുമാണ്. ജീവിതത്തിന്‍െറ പ്രധാനപ്പെട്ട ഓരോ ഘട്ടത്തിലും ഞങ്ങളുടെ സൗഹൃദത്തിന്‍െറ സാധ്യതകള്‍ ആവര്‍ത്തിച്ചുവന്നത് അവിസ്മരണീയമെന്നേ പറയാനുള്ളൂ.
(‘ഏഷ്യാനെറ്റ് ന്യൂസി’ന്‍െറ എഡിറ്ററാണ് ലേഖകന്‍)

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.