മാധ്യമരംഗത്തെ പരിവര്‍ത്തനത്തിന്‍െറ യുഗപ്പിറവിക്ക് സാക്ഷ്യംവഹിച്ച ഒരാള്‍കൂടി യാത്രയായി -ടി.എന്‍. ഗോപകുമാര്‍. 1987 ജൂണ്‍ ഒന്നിന് ‘മാധ്യമം’ കോഴിക്കോട് വെള്ളിമാട്കുന്നില്‍ പിറവിയെടുക്കുമ്പോള്‍ മുതല്‍ ന്യൂഡല്‍ഹി ബ്യൂറോയുടെ ഉപദേഷ്ടാവും സഹായിയുമായി അദ്ദേഹം ‘മാധ്യമ’ത്തോടൊപ്പമുണ്ടായിരുന്നു. ഹൈദരാബാദിലെ ‘ഈ നാട്’ പത്രത്തിന്‍െറ ചുമതലയോടൊപ്പം മാധ്യമത്തിന് വാര്‍ത്തകള്‍ നല്‍കാനും ഓഫിസുകളുമായി ബന്ധപ്പെടാനും അദ്ദേഹം സദാസന്നദ്ധനായിരുന്നു. ഡല്‍ഹിയില്‍ ഐ.എന്‍.എസുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്ന മലയാളം, ഇംഗ്ളീഷ് പത്രങ്ങളുമായി അദ്ദേഹത്തിനുണ്ടായിരുന്ന ചിരകാലമായുള്ള ഇഴയടുപ്പം ‘മാധ്യമ’ത്തിന് പ്രയോജനപ്പെട്ടു. ഒ.വി. വിജയന്‍, വി.കെ. മാധവന്‍കുട്ടി, മാധ്യമപ്രവര്‍ത്തകര്‍ നായര്‍ സാറെന്ന് വിളിക്കുന്ന കേരള കൗമുദിയുടെ നരേന്ദ്രന്‍, സച്ചിദാനന്ദന്‍, സക്കറിയ, മുകുന്ദന്‍, ആനന്ദ്, ഇടമറുക് തുടങ്ങിയ വ്യക്തികളുമായി മാധ്യമപ്രവര്‍ത്തകരെ കണ്ണിചേര്‍ത്തത് അദ്ദേഹമായിരുന്നു. അക്കാലത്ത് ഡല്‍ഹിയിലുണ്ടായിരുന്ന കേരളരാഷ്ട്രീയ നേതാക്കളുമായി അദ്ദേഹം ഉന്നത ബന്ധം പുലര്‍ത്തി. ‘ഈനാട്’ വിട്ട ശേഷം സ്റ്റേറ്റ്സ്മാന്‍ പത്രത്തിലത്തെിയപ്പോഴും ആ ബന്ധം തുടര്‍ന്നു.
‘മാധ്യമ’ത്തിന്‍െറ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഘട്ടത്തില്‍ ഡല്‍ഹിയില്‍ ഐ.എന്‍.എസിന് സമീപത്തെ പ്രസ്ക്ളബില്‍വെച്ചാണ് അദ്ദേഹത്തെ ഞങ്ങള്‍ കാണുന്നത്. എന്നോടൊപ്പം ട്രസ്റ്റ് മെംബര്‍മാരായ എം.എ. അഹമദ്കുട്ടിയും ഖാദര്‍കുട്ടിമാരേക്കാടുമുണ്ടായിരുന്നു. ‘മാധ്യമ’ത്തിന്‍െറ ഡല്‍ഹി ബ്യൂറോയുമായി സഹകരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിച്ചപ്പോള്‍ സ്നേഹപൂര്‍വം അദ്ദേഹമത് സ്വീകരിച്ചു. ‘ഈനാട്’ പത്രത്തില്‍നിന്ന് ലഭിക്കാത്ത സ്വാതന്ത്ര്യംമാത്രമാണ് അദ്ദേഹം ഞങ്ങളില്‍നിന്ന് ആവശ്യപ്പെട്ടത്. പ്രതിഫലത്തെക്കുറിച്ച വലിയ മോഹങ്ങളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ആര്‍.കെ പുരത്ത് തുടങ്ങിയ ‘മാധ്യമം’ ഡല്‍ഹി ബ്യൂറോയുടെ ഇടുങ്ങിയ മുറിയിലത്തെി റിപ്പോര്‍ട്ട് നല്‍കി മടങ്ങുമ്പോള്‍ അന്നത്തെ പത്രത്തില്‍വന്ന വീഴ്ചകളെക്കുറിച്ച് ഓര്‍മിപ്പിക്കാനും അദ്ദേഹം മറക്കാറില്ല. പിന്നീട് അദ്ദേഹത്തിന്‍െറതന്നെ ആവശ്യപ്രകാരം വസന്തവിഹാറിലെ വീട്ടിനടുത്ത് ഓഫിസ് തുറന്നു. വീട്ടിനടുത്തായതിനാല്‍തന്നെ ആംഗ്ളോ ഇന്ത്യക്കാരിയായ ഭാര്യയുടെ കൈപ്പുണ്യത്തില്‍ പാചകംചെയ്ത വിഭവങ്ങള്‍ രുചിക്കാന്‍ ഇടക്ക് ഞങ്ങളെ ക്ഷണിക്കുമായിരുന്നു. കൊച്ചുമകള്‍ ഗായത്രിയുടെ കിളിക്കൊഞ്ചലുകള്‍ ആ സന്ദര്‍ശനങ്ങളില്‍ വീടിനെ മുഖരിതമാക്കിയിരുന്നു.
തിരുവനന്തപുരത്തേക്ക് തന്‍െറ കുടുംബത്തെ പറിച്ചുനട്ടശേഷം അവിടെനടന്ന ‘മാധ്യമ’ത്തിന്‍െറ ഒരു പരിപാടിയില്‍ ആ കുട്ടിക്ക് സ്കൂള്‍ ടോപ്പര്‍ അവാര്‍ഡ് സമ്മാനിക്കാന്‍ എനിക്ക് അവസരം ലഭിച്ചത് ഓര്‍ക്കുന്നു.
വിദ്വേഷവും വിഭാഗീയതയും തൊട്ടുതീണ്ടാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. അതിനാല്‍ വിവിധ ജാതി മതസ്ഥരുമായും രാഷ്ട്രീയകക്ഷികളുമായും അദ്ദേഹം നല്ല സൗഹൃദബന്ധമാണ് പുലര്‍ത്തിയത്. അനീതിക്കും അസഹിഷ്ണുതക്കുമെതിരെ അദ്ദേഹം തൂലിക ചലിപ്പിച്ചു. ഭരണകൂട ഭീകരതയുടെ ഇരകള്‍ക്കുവേണ്ടി ശബ്ദിച്ചു. മഅ്ദനിക്കെതിരെ തുടര്‍ന്നുകൊണ്ടിരിക്കുന്ന നീതീകരണമില്ലാത്ത അനീതിയെ ശക്തമായി എതിര്‍ത്തു.
ഇന്ദ്രപ്രസ്ഥ രാഷ്ട്രീയത്തിന്‍െറ മര്‍മവും ധര്‍മവും അറിയാവുന്ന ഒരു വ്യക്തിയുടെ സഹകരണം തുടക്കത്തില്‍ ‘മാധ്യമ’ത്തിനുലഭിച്ചത് നേട്ടമായി. ഇന്ദിര ഗാന്ധിയുടെ വധവും രാജീവ് ഗാന്ധിയുടെ സ്ഥാനാരോഹണവും ശിലാന്യാസവും ബാബരി ധ്വംസനവും സൃഷ്ടിച്ച സ്ഫോടനാത്മകമായ ഒരു ദശകത്തില്‍ ‘മാധ്യമ’ത്തിന് വാര്‍ത്തകളുടെ പിന്നാമ്പുറങ്ങളും സംഭവങ്ങളുടെ നിജസ്ഥിതിയും കാണിച്ചുതരുന്നതില്‍ ഗോപകുമാര്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. കേരളത്തിലത്തെിയിട്ടും പത്രത്തിന്‍െറ വളര്‍ച്ചയും വികാസവും അദ്ദേഹം സശ്രദ്ധം വീക്ഷിച്ചിരുന്നു. ഏഷ്യാനെറ്റില്‍ അദ്ദേഹം കൈകാര്യംചെയ്ത ‘കണ്ണാടി’ എന്ന പംക്തി ‘മാധ്യമ’ത്തിന്‍െറതന്നെ തുടര്‍ച്ചയായിരുന്നു. ഗള്‍ഫ് മാധ്യമം ആരംഭിച്ചതില്‍ ഏറെ സന്തുഷ്ടനായിരുന്നു അദ്ദേഹം. ‘മാധ്യമ’ത്തിന്‍െറ വളര്‍ച്ചയില്‍ തന്‍െറകൂടി പങ്കാളിത്തം അഭിമാനപൂര്‍വം അദ്ദേഹം ഗള്‍ഫ് പര്യടനങ്ങളില്‍ എടുത്തുപറഞ്ഞത് ഓര്‍ക്കുന്നു.
‘മാധ്യമ’ത്തിന്‍െറ പത്താം വയസ്സില്‍ ആരംഭിച്ച ആഴ്ചപ്പതിപ്പിന്‍െറ പ്രകാശനത്തിന് പ്രസാര്‍ഭാരതി ചെയര്‍മാന്‍ നിഖില്‍ ചക്രവര്‍ത്തിയെ ക്ഷണിക്കാന്‍ ഡല്‍ഹി ബ്യൂറോ ലേഖകനായിരുന്ന എം.സി.എ. നാസറിനൊപ്പമാണ് ഞാന്‍ പോയത്. ആദ്യം അദ്ദേഹം അസൗകര്യംകാരണം വരാനൊക്കില്ളെന്നു പറഞ്ഞു. പിന്നീട് ഗോപകുമാറിനെയും കൂട്ടിയാണ് ഞങ്ങള്‍ അദ്ദേഹത്തെ സമീപിച്ചത്. ‘ഗോപകുമാറിന്‍െറ പത്രമാണല്ളേ; ഞാന്‍ വരാം’ -ആ പരിപാടി ഭംഗിയാക്കാന്‍ അദ്ദേഹത്തിന്‍െറ സഹകരണം സഹായകമായെന്നത് കൃതജ്ഞതയോടെ ഓര്‍ക്കുന്നു
മാധ്യമരംഗത്ത് മഹത്തായ സംഭാവനകളര്‍പ്പിച്ച് കാലയവനികക്കു പിന്നില്‍ മറഞ്ഞ ആ പ്രതിഭാധനനായ മാധ്യമപ്രവര്‍ത്തകന്‍െറ വേര്‍പാട് വലിയ വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍െറ ടി.വി ചാനലിലെ ‘കണ്ണാടി’ നിരവധി നിര്‍ധനരും അബലരുമായ കുടുംബങ്ങളുടെ, കണ്ണീരൊപ്പാന്‍ സഹായകമായിട്ടുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലെന്നും താല്‍പര്യംകാണിച്ചിരുന്ന അദ്ദേഹത്തിന് നിത്യശാന്തി ആശംസിക്കുന്നു. സന്തപ്തകുടുംബത്തിന്‍െറ ദു$ഖത്തില്‍ പങ്കുചേരുന്നു.
സുഹൃത്തും സഹയാത്രികനും
ദേശീയ പ്രാധാന്യമുള്ള ചില ‘എക്സ്ക്ളൂസിവ്’ വാര്‍ത്തകള്‍ ആരംഭകാലത്ത് ‘മാധ്യമ’ത്തില്‍ വന്നിരുന്നത് ഗോപകുമാറിന്‍െറ സഹായത്തോടെയായിരുന്നു. ഡല്‍ഹിയില്‍ ‘സ്റ്റേറ്റ്സ്മാന്‍’, ‘ദ ഇന്‍ഡിപെന്‍ഡന്‍റ്’ തുടങ്ങിയ പ്രമുഖ ഇംഗ്ളീഷ് പത്രങ്ങളുടെ ലേഖകനായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍െറ പ്രധാനപ്പെട്ട റിപ്പോര്‍ട്ടുകള്‍ മലയാളത്തില്‍ വന്നിരുന്നത് ‘മാധ്യമ’ത്തിലൂടെയായിരുന്നു. പലപ്പോഴും അദ്ദേഹം നല്‍കിയിരുന്ന വാര്‍ത്തകള്‍ ഒന്നാം പേജില്‍ പ്രധാനവാര്‍ത്തയായിത്തന്നെ ‘മാധ്യമം’ വായനക്കാര്‍ക്ക് ലഭിച്ചിരുന്നു. അക്കാലത്ത് പലപ്പോഴും ‘മാധ്യമ’ത്തിന്‍െറ എഡിറ്റോറിയല്‍ പേജിലും വിശേഷാല്‍ പതിപ്പുകളിലും ഗോപകുമാറിന്‍െറ ശ്രദ്ധേയങ്ങളായ നിരവധി ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായിരിക്കുമ്പോള്‍ തന്‍െറ തിരക്കിട്ട കേരള സന്ദര്‍ശനങ്ങള്‍ക്കിടയില്‍ മിക്കപ്പോഴും കോഴിക്കോട്ടത്തെി ‘മാധ്യമം’ സന്ദര്‍ശിക്കാന്‍ അദ്ദേഹം സമയം കണ്ടത്തെി.
‘മാധ്യമ’ത്തിന്‍െറ തുടക്കക്കാലത്തുള്ള ടി.എന്‍. ഗോപകുമാറുമായുള്ള ഊഷ്മളബന്ധം അദ്ദേഹത്തിന്‍െറ അവസാനകാലത്ത് വീണ്ടുമുണ്ടായി എന്നത് യാദൃച്ഛികമായിരിക്കാം. ഡല്‍ഹിജീവിതം അവസാനിപ്പിച്ച് കേരളത്തിലത്തെിയശേഷം ദൃശ്യമാധ്യമ പ്രവര്‍ത്തനരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം തന്‍െറ അവസാന നോവല്‍ ‘മാധ്യമ’ത്തിനുവേണ്ടിയാണ് എഴുതിയത്. ‘പാലും പഴവും’ എന്ന പേരില്‍ അദ്ദേഹം എഴുതിയ നോവല്‍ ഇപ്പോള്‍ ‘മാധ്യമം’ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുകയാണ്. 13 അധ്യായങ്ങളുള്ള നോവലിന്‍െറ ഒമ്പത് അധ്യായങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. വായനക്കാര്‍ കൈനീട്ടി സ്വീകരിച്ച ആ നോവലിന്‍െറ അവസാനഭാഗങ്ങള്‍കൂടി എഴുതിത്തന്നതിനുശേഷമാണ് അദ്ദേഹം യാത്രയായത്. നോവല്‍ പ്രസിദ്ധീകരിക്കുന്നതിന്‍െറ മുന്നോടിയായി ആഴ്ചപ്പതിപ്പില്‍ ടി.എന്‍. ഗോപകുമാറുമായി നാലുലക്കത്തിലായി ഒരു നീണ്ട അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. 2015 ഒക്ടോബര്‍ അവസാനവാരത്തില്‍ ഈ അഭിമുഖവുമായി ഇറങ്ങിയ ആഴ്ചപ്പതിപ്പിന്‍െറ മുഖചിത്രവും ഗോപകുമാറിന്‍േറതായിരുന്നു. ‘കണ്ണാടിയില്‍ മുഖം കാണുന്ന നേരത്ത്’ എന്ന തലക്കെട്ടില്‍ കെ.പി. റഷീദുമായി അദ്ദേഹം പങ്കുവെച്ച തന്‍െറ എഴുത്തുജീവിതം, രാഷ്ട്രീയം, സൗഹൃദങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്നിവയോട് വളരെ ആവേശത്തോടെയാണ് വായനക്കാര്‍ പ്രതികരിച്ചത്.
ഗോപകുമാറിന്‍െറ വിയോഗം മാധ്യമരംഗത്ത് സൃഷ്ടിച്ചത് പ്രഗല്ഭമതിയായ ഒരു പത്രപ്രവര്‍ത്തകന്‍െറ വിടവാണെങ്കില്‍ ’മാധ്യമ’ത്തിന് ഇതിനെല്ലാം പുറമെ അതിന്‍െറ സഹയാത്രികനെയും സുഹൃത്തിനെയുമാണ് നഷ്ടമായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.