ചങ്ക് ബ്രോ

‘ഇങ്ങള് കളിക്ക് ബ്രോ, ഇങ്ങള് പൊളിക്ക് ബ്രോ, കോയിക്കോടിന്‍ ഖല്‍ബിലെ കലക്ടര്‍ ബ്രോ, മാവേലിക്കും ഈക്വല്‍ മാച്ചായ് ഭരിക്ക് ബ്രോ’ എന്നാണ് എന്‍. പ്രശാന്ത് ഐ.എ.എസിനെക്കുറിച്ചുള്ള ഒരു സ്തുതിഗീതം തുടങ്ങുന്നത്. കോഴിക്കോടിന്‍െറ 37ാമത് കലക്ടറായി ഒരുവര്‍ഷം തികച്ചതു പ്രമാണിച്ച് ഇറങ്ങിയ യുട്യൂബ് ഓഡിയോ ഒരു സാമ്പ്ള്‍ മാത്രം. ചില ഫാന്‍പേജുകളില്‍ പ്രശാന്ത് സൂപ്പര്‍മാനായി പറക്കുന്നതു കാണാം. നവമാധ്യമങ്ങളില്‍ ഈ ബ്യൂറോക്രാറ്റിന് ആരാധകര്‍ ഏറെ. ഒൗദ്യോഗികമായി അത് രേഖപ്പെടുത്തിയവരുടെ എണ്ണം കൃത്യമായി പറഞ്ഞാല്‍ 2,18,440. ഇന്ത്യയിലെ ഒരു ജില്ലാ കലക്ടറുടെയും ഒൗദ്യോഗിക ഫേസ്ബുക് പേജിനുള്ള ലൈക് ഇതിന്‍െറ അടുത്തൊന്നും എത്തിയിട്ടില്ല. ജനകീയനായ കലക്ടര്‍ എന്ന മാധ്യമവിശേഷണം ഒരുവശത്തുണ്ടെങ്കിലും ബ്രോ ഒരു സാമൂഹിക മാധ്യമ പ്രതിഭാസം മാത്രമാണെന്ന് ഇകഴ്ത്തിക്കാട്ടുന്നവരുമുണ്ട്. അങ്ങനെയുള്ള ന്യൂജന്‍ ജില്ലാ ഭരണാധികാരിയോടാണ് എം.കെ. രാഘവന്‍ എം.പി ഇടഞ്ഞത്. ചങ്ക് ബ്രോവിനുവേണ്ടി കീബോര്‍ഡില്‍ കുത്തിക്കുത്തി കൈകുഴഞ്ഞ ആരാധകര്‍ക്കും ജനപ്രതിനിധിയുടെയും ജനാധിപത്യത്തിന്‍െറയും സംരക്ഷകരെന്ന നാട്യത്തില്‍ രാഘവനു പിന്തുണ പ്രഖ്യാപിക്കുന്ന എതിരാളികള്‍ക്കും നടുവില്‍നിന്നുകൊണ്ടുവേണം പ്രശ്നത്തെ കാണാന്‍. കലക്ടര്‍ ജനാധിപത്യത്തിന്‍െറ മേല്‍ കുതിരകയറിയോ എന്ന കാതലായ ചോദ്യത്തിനാണ് പ്രധാനമായും ഉത്തരം തേടേണ്ടത്.

ജില്ലാ ഭരണകൂടത്തിന്‍െറ നിസ്സഹകരണംമൂലം എം.പി ഫണ്ട് വിനിയോഗത്തില്‍ പിന്നാക്കംപോയി എന്ന് രാഘവന്‍ പദ്ധതി അവലോകന യോഗത്തില്‍ പറഞ്ഞിരുന്നു. ഇതിന്‍െറ ദേഷ്യത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ പി.ആര്‍.ഡി വഴി മാധ്യമങ്ങള്‍ക്കു നല്‍കിയെന്നാണ് എം.പി പറയുന്നത്. അതിന്‍െറ പേരില്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട രാഘവന് കുന്നംകുളത്തിന്‍െറ മാപ്പ് ഇട്ടുകൊടുത്തു കലക്ടര്‍ ബ്രോ. ആ മാപ്പ് മഹാപാതകമൊന്നുമല്ല എന്നു മനസ്സിലാക്കണമെങ്കില്‍ കുറച്ച് നര്‍മബോധം വേണം. കുറച്ച് സിനിമ കണ്ടുള്ള ശീലവും. ‘മാനത്തെ കൊട്ടാരം’ എന്ന കോമഡിപ്പടത്തില്‍ ഭൂപട വില്‍പനക്കാരന്‍ മാപ്പ്, മാപ്പ് എന്നു വിളിച്ചുപറഞ്ഞ് വീടിനു മുന്നില്‍ വരുമ്പോള്‍ ഫിലോമിന ചോദിക്കുന്നത്, ‘ആരെടാ കാലത്ത് വാതില്‍ക്കല്‍ വന്ന് മാപ്പു ചോദിക്കുന്നത്?’ എന്നാണ്. അയാള്‍ ലോകമാപ്പ് ചുരുളഴിച്ചു കാണിക്കുമ്പോള്‍ ‘ഇതില്‍ കുന്നംകുളം എവിടെയാ’ എന്നു ചോദിക്കുന്നു ഫിലോമിന.

ക്ഷമാപണത്തിനു പകരം ഈ നര്‍മത്തെ ഓര്‍മിപ്പിക്കുന്ന ഭൂപടമിട്ടുകൊടുത്ത് ബ്രോ തന്‍െറ ജനാധിപത്യപരമായ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി എന്നത് ജനാധിപത്യത്തിനുമേലുള്ള കുതിരകയറ്റമാവുന്നില്ല. പ്രോട്ടോകോള്‍ അനുസരിച്ച് ബ്രോയുടെ മുകളിലാണ് രാഘവന്‍. സംശയമില്ല. പക്ഷേ, കലക്ടര്‍ തന്‍െറ ഭരണനിര്‍വഹണ അധികാരം ഉപയോഗപ്പെടുത്തി എന്നതിന്‍െറ പേരില്‍ വാര്‍ത്താസമ്മേളനം നടത്തി മാപ്പ് ആവശ്യപ്പെടുന്ന ജനപ്രതിനിധിയുടെ ഉള്ളില്‍ ജനാധിപത്യമല്ല ഉള്ളത്; രാജവാഴ്ചയാണ്. തിരുവാക്ക് എതിര്‍വാ വരുന്നത് രാജാക്കന്മാര്‍ സഹിക്കില്ല. ജനപ്രതിനിധിയെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വിമര്‍ശിക്കാന്‍ പാടില്ല എന്നു പറയുന്നത് ജനാധിപത്യ വിരുദ്ധതയാണ്. ജനാധിപത്യത്തിന്‍െറ അടിസ്ഥാനാദര്‍ശങ്ങളിലൊന്നാണ് അഭിപ്രായപ്രകടന സ്വാതന്ത്ര്യം. സ്വന്തം ഫേസ്ബുക് പേജിലാണ് ബ്രോ മാപ്പിട്ടത്. കലക്ടറുടെ ഒൗദ്യോഗിക പേജില്‍ അല്ല. വ്യക്തിപരമായ പേജില്‍ ഇടുന്ന പോസ്റ്റുകള്‍ അദ്ദേഹത്തിന്‍െറ അഭിപ്രായസ്വാതന്ത്ര്യമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതുകൊണ്ട് അതിനുള്ള അവകാശമില്ളെന്നു പറയുന്നത് ഫാഷിസമാണ്. മോദി മുതല്‍ ജയരാജന്മാരെ വരെ നമുക്ക് ട്രോളിങ്ങിലൂടെ വിമര്‍ശിക്കാം. മാപ്പ് ആവശ്യപ്പെട്ട ജനപ്രതിനിധിയെ മാപ്പിന്‍െറ പടമിട്ടുകൊടുത്ത് ട്രോളാനുള്ള അവകാശം ജനാധിപത്യ സംവിധാനത്തിലെ ഒരു പൗരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുണ്ട്.

ജനാധിപത്യത്തിലെ നാലു നെടുന്തൂണുകളിലൊന്നായ എക്സിക്യൂട്ടിവില്‍ പെട്ടയാളാണ് ജില്ലാ കലക്ടര്‍. ജനപ്രതിനിധിയുടെ ഭരണനിര്‍വഹണത്തിന്‍െറ ഭാഗമാണ് തന്‍െറ ഫണ്ടില്‍നിന്ന് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നത്. അതില്‍ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് എക്സിക്യൂട്ടിവ് അധികാരമുപയോഗിച്ച് പരിശോധിക്കേണ്ടത് ജില്ലാഭരണകൂടമാണ്. അപ്പോള്‍ ജനാധിപത്യപരമായ ആ അവകാശമാണ് അവിടെയും ബ്രോ ഉപയോഗിച്ചത് എന്നു കാണാം. രാഘവന്‍ അഴിമതി നടത്തി എന്ന് എതിരാളികള്‍പോലും പറഞ്ഞുകേട്ടിട്ടില്ല. ബ്രോ അങ്ങനെയൊരു ആരോപണമുയര്‍ത്തിയിട്ടുമില്ല. കലക്ടര്‍ ഇന്‍സ്പെക്ഷന്‍ നടത്തുന്നതിനാല്‍ എം.പി ഫണ്ട് വിനിയോഗം വൈകുന്നു, കോണ്‍ട്രാക്ടര്‍മാരുടെ ബില്ല് പാസാവാന്‍ വൈകുന്നു എന്നൊക്കെ സൂചിപ്പിച്ച് തന്‍െറ ഉത്തരവുകള്‍ പരിശോധന കൂടാതെ പാസാക്കണമെന്ന് ജനപ്രതിനിധി നിര്‍ബന്ധം പിടിച്ചിട്ടുണ്ടെങ്കില്‍ അതാണ് ജനാധിപത്യ വിരുദ്ധത. കലക്ടറെ ഉദ്യോഗസ്ഥ ദുഷ്പ്രഭുവായി ചിത്രീകരിക്കുന്നവര്‍ ജനപ്രതിനിധിക്കുവേണ്ടി വാദിക്കുന്നത് രാജാവിനോടുള്ള ഭക്തിയോടെയാണ്. ജനപ്രതിനിധികള്‍ ഭരണഘടനാപരമായ പരിശോധനയിലൂടെ കടന്നുപോയി സുതാര്യമായ പ്രവര്‍ത്തനം കാഴ്ചവെക്കേണ്ടവരാണ് എന്ന ജനാധിപത്യത്തിന്‍െറ അന്തസ്സത്ത അവര്‍ സൗകര്യപൂര്‍വം മറക്കുന്നു. ജനാധിപത്യത്തില്‍ ജനപ്രതിനിധിയല്ല അധിപന്‍; ജനമാണ്.

അത്ര ഡിപ്ളോമാറ്റിക് അല്ല എന്നു തുറന്നുപറഞ്ഞിട്ടുണ്ട്. ഉള്ളത് ഉള്ളതുപോലെ പറയും. വിളിച്ചാല്‍ ഫോണെടുക്കില്ളെന്ന് മുമ്പ് പരാതിപ്പെട്ടത് ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു. പിന്നീടവര്‍ ഒരു വേദിയില്‍ ഒരുമിച്ചു. ബ്രോ ‘പ്രേമം’ സിനിമയിലെ ജോര്‍ജ് സ്റ്റൈലില്‍ കറുത്ത ഷര്‍ട്ടും മുണ്ടും ധരിച്ച് താടിവളര്‍ത്തി സ്റ്റേജിലത്തെി, മഹാബലിയായി വേഷമിട്ട അബുവിനൊപ്പം നിന്നു. വിശക്കുന്നവര്‍ക്കായി ഓപറേഷന്‍ സുലൈമാനി, കുട്ടികളെ ബസില്‍ കയറ്റാന്‍ ഓപറേഷന്‍ സവാരി ഗിരിഗിരി, കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനായി കംപാഷനേറ്റ് കോഴിക്കോട് എന്നീ പദ്ധതികളിലൂടെയാണ് ബ്രോ ജനങ്ങളുടെ ഹൃദയം കവര്‍ന്നത്. സിനിമാതല്‍പരന്‍. അനില്‍ രാധാകൃഷ്ണ മേനോന്‍െറ അടുത്ത പടത്തിന്‍െറ തിരക്കഥ രചിക്കുന്നു. ‘കരുണ ചെയ്വാന്‍’ എന്ന പേരില്‍ ഒരു പ്രൊമോ വിഡിയോ സംവിധാനംചെയ്തിട്ടുണ്ട്. വയസ്സ് 36. ഡിങ്കമതവിശ്വാസിയാണ്. അച്ഛന്‍ ഐ.എസ്.ആര്‍.ഒ റിട്ടയേഡ് എന്‍ജിനീയര്‍ പി.വി. ബാലകൃഷ്ണന്‍. അമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളജ് റിട്ട. പ്രഫസര്‍ രാധ. തലശ്ശേരി സ്വദേശിയാണ്. തിരുവനന്തപുരത്താണ് വളര്‍ന്നത്. 2006ല്‍ സിവില്‍ സര്‍വിസ് പരീക്ഷ നാലാം റാങ്കോടെ പാസായി. 2007 ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കി. 2009ല്‍ സബ്കലക്ടറായി കോഴിക്കോട് ആദ്യ നിയമനം. ജി.കെ.എസ്.എഫ് ഡയറക്ടര്‍, കെ.ടി.ഡി.സി എം.ഡി. അഡീഷനല്‍ എക്സൈസ് കമീഷണര്‍, ബിവറേജസ് കോര്‍പറേഷന്‍ എം.ഡി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഭാര്യ ലക്ഷ്മി. രണ്ടു മക്കളുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.