നിഷ്കാസിതരുടെ ദീദി

കേരളത്തിന്‍െറ പൊതുബോധം വെറുങ്ങലിച്ചുപോയ ടി.പി. ചന്ദ്രശേഖരന്‍െറ കൊല അഖിലേന്ത്യാതലത്തില്‍തന്നെ ചര്‍ച്ചയായിരുന്നു. 2012 മേയ് നാലിനാണ് ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. തുടര്‍ന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വടകരയിലത്തെിയിരുന്നു. അവരില്‍ ഒരാളായി മഹാശ്വേതാദേവിയും. ചില സംഭവങ്ങള്‍ നമ്മെ ശരീരത്തിനതീതരാക്കും. മഹാശ്വേതാദേവി ഉണങ്ങിയ ഇലപോലുള്ള ശരീരവുമായാണ് ഈ സംഭവം അറിഞ്ഞ ശേഷം കോഴിക്കോട്ടത്തെുന്നത്. ചിന്താവളപ്പിലെ ഹോട്ടലിലായിരുന്നു അവരുടെ താമസം. കാലത്ത് ഒമ്പതുമണിയോടെയാണ് അവരെ കാണാന്‍ എത്തുന്നത്. തെക്കോട്ടുള്ള ജനലിനരികില്‍ ഒരു കപ്പ് കട്ടന്‍ ചായയുമായി അവര്‍ ഇരിക്കുന്നു. മുറിയില്‍ മൂന്നു നാലുപേര്‍. എല്ലാവരോടും മൃദുസ്മിതം.

പശ്ചിമ ബംഗാളില്‍ ബുദ്ധദേവ് ഭട്ടാചാര്യയുടെ ‘വികസന നയങ്ങള്‍’ കൃഷിക്കാരെ മണ്ണില്‍നിന്ന് പിഴുതെറിയാന്‍ തുടങ്ങിയപ്പോള്‍ അതിനെതിരായ പോരാട്ടങ്ങളുടെ ശബ്ദമായി തീര്‍ന്നത് ഈ വൃദ്ധശരീരമായിരുന്നു. പക്ഷേ, അവരുടെ വീറുചോരാത്ത വാക്കുകള്‍ കൊടുങ്കാറ്റായി മാറുന്നതാണ് പിന്നീട് ചരിത്രം കണ്ടത്. വഞ്ചനയോട് കാലം കണക്കുപറയുമെന്ന് ഉറക്കെ വിളിച്ചുപറയാന്‍ എന്നും സാധാരണക്കാരോടൊപ്പം നിന്ന എഴുത്തുകാരിയാണ് മഹാശ്വേതാദേവി. അവര്‍ കോഴിക്കോട് വരുമ്പോള്‍ പശ്ചിമ ബംഗാള്‍ ഭരിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് ആണ്. മുഖ്യമന്ത്രി മമത ബാനര്‍ജി ആക്രമിസംഘങ്ങള്‍ക്ക് പരവതാനി വിരിച്ചു തുടങ്ങിയ സമയം. അവരുടെ ശത്രുപക്ഷത്ത് ഇടതുപക്ഷവും കമ്യൂണിസ്റ്റുകളും മാത്രമായ കാലം. ബുദ്ധദേവിന് ശേഷംവന്ന ഒരാള്‍ എന്ന പരിഗണന അപ്പോഴേക്കും മമതക്ക് ആരും നല്‍കാതായി തുടങ്ങിയിരുന്നു. ഇതേക്കുറിച്ചായിരുന്നു ഞാന്‍ അവരോട് ആദ്യം ചോദിച്ചത്.

ഉടന്‍ മറുപടിshe is such an idiot..! അതാണ് മഹാശ്വേതാ ദേവി. അവര്‍ ആരെയും എല്ലാക്കാലത്തേക്കുമായി കൊണ്ടുനടന്നില്ല. ആരെയും എക്കാലവും പിന്തുണച്ചില്ല. നീതി ചോരുന്ന ഇടങ്ങളുണ്ട് എന്ന് അറിയുമ്പോഴെല്ലാം അവിടേക്ക് പാഞ്ഞടുത്തു. നിഷ്കാസിതര്‍ക്കൊപ്പം കരുത്തോടെ നിന്നു. അരികില്‍ നില്‍ക്കുന്നവരോട് മാത്രമായിരുന്നു പ്രതിപത്തി. മറ്റൊന്നും അവരെ സ്വാധീനിച്ചില്ല. ഒരു കഥ പ്രസിദ്ധീകരിക്കാന്‍, ഒരു അവാര്‍ഡ് വാങ്ങാന്‍, അക്കാദമി അംഗത്വം ലഭിക്കാന്‍ വേണ്ടി കോക്കസുകളുമായി നടക്കുന്നവര്‍ക്ക് മഹാശ്വേതാ ദേവിയുടെ പുസ്തകം മാത്രമേ വായിക്കാന്‍ കഴിയൂ. അവരുടെ ജീവിതം അറിയാനാകില്ല. അഥവാ അറിഞ്ഞാല്‍, നമ്മുടെ എഴുത്തുകാരില്‍ പലരും കുറ്റബോധം കൊണ്ട് മാത്രം സ്വയം മരണംവരിക്കേണ്ടി വരും.

പോരാട്ടങ്ങളുടെ കര്‍മകാണ്ഡം

എല്ലാവരും മഹാശ്വേതാദേവിയെ‘ദീദി’ എന്നാണ് വിളിച്ചിരുന്നത്. അത് പ്രായം പരിഗണിച്ച് മാത്രമായിരുന്നില്ല. സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും കര്‍മകാണ്ഡമാണ് അവര്‍ക്ക് ആ പദവി നല്‍കിയത്. രാഷ്ട്രീയവും നീതിയും ആ ഹോട്ടല്‍ മുറിയില്‍ ചര്‍ച്ചയായി. അവര്‍ ഇടക്ക് ടാഗോറിനെക്കുറിച്ചും ശാന്തിനികേതനിലെ വിദ്യാഭ്യാസത്തെയും കുറിച്ച് സംസാരിച്ചു. ക്ളാസ് മുറിയിലെ ലെക്ചറുകള്‍ കേട്ടിട്ടല്ല, സന്താളുകളുടെ ജീവിതം കണ്ടാണ് ലോകത്തെക്കുറിച്ച് അറിഞ്ഞതെന്ന് പറഞ്ഞു. ലാബ് സ്പെസിമനുകളെക്കുറിച്ചല്ല ടാഗോര്‍ പറഞ്ഞിരുന്നതെന്നും ഉദ്യാനത്തില്‍ മൊട്ടിടുന്ന പൂവ് വിരിഞ്ഞ് കൊഴിയുന്നത് ദിവസങ്ങളോളം ശ്രദ്ധിക്കാന്‍ ആവശ്യപ്പെടുമായിരുന്നു എന്നും പറഞ്ഞു. പിന്നീട് അവര്‍ രബീന്ദ്ര സംഗീതമെന്ന് തോന്നിപ്പിക്കുന്ന ചില ബംഗാളി ഗാനങ്ങള്‍ പാടി. പത്തു തീര്‍ഥാടനങ്ങള്‍ കഴിഞ്ഞ ഊര്‍ജവുമായാണ് പലരും ആ മുറി വിട്ടത്.

 ജനിച്ച സാഹചര്യങ്ങളുടെ ‘ഓറ’യില്‍ മാത്രം ജീവിതം പൂര്‍ത്തിയാകുന്ന ചിലരുണ്ട്. മഹാശ്വേതാദേവിക്കും അത്തരം ഒരു സാഹര്യമുണ്ട്. അവര്‍ക്ക് വേണമെങ്കില്‍ അതില്‍ സ്വയം തളക്കാനും സാധിക്കുമായിരുന്നു. മഹാശ്വേതാ ദേവിയുടെ പിതാവ് മനീഷ് ഘട്ടക് പ്രശസ്ത കവിയും നോവലിസ്റ്റുമായിരുന്നു. മനീഷ് എന്ന പേര് മലയാളികള്‍ ഓര്‍ത്തെന്നു വരില്ളെങ്കിലും ഘട്ടക് എന്ന നാമം ആരും മറക്കില്ല. സാക്ഷാല്‍ ഋത്വിക് ഘട്ടക് മഹാശ്വേതാ ദേവിയുടെ പിതാവിന്‍െറ അനിയനാണ്. അവരുടെ മാതാവ് ധരിത്രി ദേവിയാകട്ടെ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും ആയിരുന്നു.

ഇന്നും സാമൂഹികശാസ്ത്ര രംഗത്തെ ആധികാരിക ജേണല്‍ ആയ ‘ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്ലി’യുടെ സ്ഥാപക എഡിറ്റര്‍ ആയിരുന്ന സചിന്‍ ചൗധരി അമ്മയുടെ സഹോദരന്‍ ആയിരുന്നു. ‘ഇപ്റ്റ’യുടെ തലതൊട്ടപ്പന്മാരില്‍ ഒരാളായ ബിജോന്‍ ഭട്ടാചാര്യയെയാണ് അവര്‍ വിവാഹം ചെയ്തത്. മകന്‍ നബാരുണ്‍ ഭട്ടാചാര്യയാകട്ടെ പ്രശസ്ത നോവലിസ്റ്റും. ‘ഞാന്‍ എഴുതിയത് വായിച്ചശേഷം എന്‍െറ വായനക്കാര്‍ക്ക് ജാതിവര്‍ഗ ചൂഷണങ്ങളാല്‍ ബന്ധിതമായ ഇന്ത്യയെക്കുറിച്ച് ലജ്ജ തോന്നണം’ എന്നാണ് അവര്‍ എഴുതിയത്. ഇതൊരു നിലപാടിന്‍െറ പ്രഖ്യാപനമാണ്. ഈ നാടിന്‍െറ ശാപമായ വ്യവസ്ഥിതിക്കെതിരായ പോരാട്ടമാണ് തന്‍െറ എഴുത്ത് എന്ന നിലപാടാണ് മഹാശ്വേതാദേവി പറയുന്നത്.

വിഷാദഘട്ടം  

മകന് 14 വയസ്സുള്ളപ്പോഴാണ് അവര്‍ വിവാഹമോചിതയാകുന്നത്. പിന്നീട് കടുത്ത വിഷാദത്തിന്‍െറ ഒരു കാലമുണ്ട് അവര്‍ക്ക്. സ്വന്തം ജീവന്‍പോലും അവസാനിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും അതിജീവിച്ചു. പിന്നീട് അതെല്ലാം ഊര്‍ജമാക്കി മാറ്റി. ബിഹാറിലെയും ബംഗാളിലെയും ഗോത്രജനതയുടെ ജീവിതം കണ്ടറിഞ്ഞാണ് അവര്‍ തന്‍െറ ജീവിതത്തെയും ലോകത്തെയും കുറിച്ചുള്ള വീക്ഷണങ്ങള്‍ പുതുക്കിപ്പണിയുന്നത്. ഒരു വ്യാഴവട്ടത്തിലധികം പുരുലിയയിലെ കുറ്റവാളി ഗോത്രമെന്ന് സമൂഹവും അധികാരികളും പേരിട്ട ‘ഖേരിയ സബര്‍’ ഗോത്രജനതക്കായി പോരാടി. സ്വന്തം മണ്ണില്‍നിന്ന് ആട്ടിപ്പായിക്കുന്ന ജനതയെയും സമ്പത്തിനോടുള്ള ത്വരമാത്രമായി ജീവിക്കുന്ന ഭൂപ്രമാണിമാരെയും അവരുടെ എഴുത്തില്‍ നാം കണ്ടുമുട്ടുന്നതും അങ്ങനെയാണ്. രാഷ്ട്രീയബോധമില്ലാത്തതും ജീവിതത്തിന്‍െറ മണമില്ലാത്തതുമായ ഒന്നും പറയുകയോ എഴുതുകയോ ചെയ്യാത്ത എഴുത്തുകാരിയാണ് അവര്‍. അത് ഝാന്‍സി റാണിയെക്കുറിച്ചുള്ള എഴുത്തായാലും തന്‍െറ മകന്‍ ഒരു നക്സലൈറ്റ് ആയിരുന്നു എന്ന് തിരിച്ചറിയുന്ന അമ്മയുടെ കഥയായാലും (ഹസാര്‍ ചൗരസീര്‍ മാ) നിറഞ്ഞുനിന്നത് സാധാരണ ജനതയുടെ ജീവിതമാണ്. അതിനാണ് അവര്‍ പത്രപ്രവര്‍ത്തനം പോലും നടത്തിയിരുന്നത്. ഇംഗ്ളീഷ് ലെക്ചറര്‍ ജോലി ഉപേക്ഷിച്ചാണ് ദീദി ‘ജുഗാന്തറി’ല്‍ ചേരുന്നത്.  71 വയസ്സുള്ളപ്പോഴാണ് അവര്‍ക്ക് ആരും കൊതിക്കുന്ന ‘മഗ്സസെ’ അവാര്‍ഡ് ലഭിക്കുന്നത്. അവാര്‍ഡ് തുക നേരെ ഗോത്രവര്‍ഗ ക്ഷേമത്തിനായി മാറ്റിവെക്കുകയായിരുന്നു.

അവിഭക്ത ഇന്ത്യയില്‍ ജനിച്ച് മൂന്ന് ഇടങ്ങളായി തീര്‍ന്ന ഏതെങ്കിലുമൊരു രാജ്യത്ത് ജീവിച്ച് മരിക്കേണ്ടിവരുന്ന തലമുറയിലെ അവസാന നിരയിലുള്ള ആളാണ് ദീദി. അവര്‍ ധാക്കയിലാണ് ജനിച്ചത്. അതുകൊണ്ട് അതിരുകളെ കുറിച്ച് സര്‍ക്കാറും പട്ടാളവും നിര്‍മിച്ച ബോധത്തിനപ്പുറം അവരുടെ ചിന്ത സഞ്ചരിച്ചിരുന്നു. അത്തരം പേര്‍ അധികമൊന്നും ഈ ഉപഭൂഖണ്ഡത്തില്‍ ജീവിച്ചിട്ടില്ല. എല്ലാത്തിനെയും അവര്‍ തികഞ്ഞ ലാഘവത്തോടെ കണ്ടു. എല്ലാ നെറികേടുകള്‍ക്കുമെതിരെ സംസാരിച്ചു. ചവിട്ടിമെതിക്കപ്പെട്ടവര്‍ക്ക് കൈത്താങ്ങായി. ഈ കടുംകാലത്തില്‍ മഹാശ്വേതാദേവിയുടെ ഭൗതിക സാന്നിധ്യം ഒരു നിഴലായെങ്കിലും നിലനില്‍ക്കുന്നത് നന്നായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.