പുതിയ മാറ്റങ്ങള്‍ കാത്ത് വിദ്യാഭ്യാസമേഖല

ദീര്‍ഘകാലമായി ചെറുതും വലുതുമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവാതെ, പരിഹാരങ്ങള്‍കൂടി പ്രശ്നങ്ങളായി മാറുന്ന കാഴ്ചകളാണ് വിദ്യാഭ്യാസ മേഖലയിലുള്ളത്. ജാതി-മത-രാഷ്ട്രീയ-മുതലാളിത്ത പ്രേരണയാല്‍ അടിസ്ഥാനപരവും സുപ്രധാനവുമായ പല തീരുമാനങ്ങളും ഒരു തത്ത്വദീക്ഷയുമില്ലാതെ മാറ്റിമറിക്കുക, സംസ്ഥാനത്ത് പ്ളസ് ടുവിന് 50,000ത്തോളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ 200ല്‍പരം ഹയര്‍ സെക്കന്‍ഡറി സ്ഥാപനങ്ങള്‍ അനുവദിക്കുക, 2500ല്‍പരം അധ്യാപക തസ്തികകള്‍ അനുവദിച്ച് കോടിക്കണക്കിന് രൂപയുടെ അധികബാധ്യതയുണ്ടാക്കുക, സ്പെഷല്‍ സ്കൂളിന് എയ്ഡഡ് പദവി ലഭിക്കാന്‍ ഇല്ലാത്ത കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി 2014 ഏപ്രില്‍ 28ലെ യു.ഐ.ഡി അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ കണക്കെടുക്കണമെന്ന ഉത്തരവുമാറ്റി മാനേജ്മെന്‍റുകള്‍ക്ക് ഒത്താശ ചെയ്യുക, ജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍ സംശയം രേഖപ്പെടുത്തിയപ്പോള്‍ പുന$പരിശോധനക്ക് വഴങ്ങാതെ ലിസ്റ്റ് ഡി.പി.ഐക്ക് സമര്‍പ്പിക്കാന്‍ ധിറുതികാട്ടുക എന്നിവ ചുരുക്കം ചില ചെയ്തികളായിരുന്നു.

569 സര്‍വകലാശാലകളും 36,000ത്തില്‍ കൂടുതല്‍ അംഗീകൃത കോളജുകളും 36 എന്‍.ഐ.ടികളും 11 ഐ.ഐ.ടികളും പതിനായിരക്കണക്കിന് അനംഗീകൃത-അണ്‍ എയ്ഡഡ് സ്വകാര്യ വിദ്യാലയങ്ങളുമുള്ള ഒരു രാജ്യത്ത്, ലോകനിലവാരമുള്ള 200 വിദ്യാലയങ്ങളുടെ പട്ടികയില്‍  ഒരു വിദ്യാഭ്യാസസ്ഥാപനവും ഉള്‍പ്പെട്ടില്ല എന്നത് നമ്മുടെ വികലമായ വിദ്യാഭ്യാസ നയമല്ലാതെ മറ്റെന്താണ്? പ്ളസ് ടു പരീക്ഷയില്‍ 87 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുനേടി വിജയിച്ച ഒരു പെണ്‍കുട്ടി, ഡിഗ്രിക്ക് സയന്‍സ് വിഷയമെടുത്ത് പഠിക്കാന്‍ സ്വാശ്രയ-പാരലല്‍ കോളജുകളില്‍ പോകേണ്ടിവരുമെന്ന്  വിലപിക്കുന്നു. 87 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുനേടിയ കുട്ടിക്ക് ഇച്ഛാനുസരണം പഠിക്കാനുള്ള സാഹചര്യമൊരുക്കേണ്ടത് ഭരണകൂടമാണ്. 2009ലെ വിദ്യാഭ്യാസഅവകാശനിയമത്തില്‍ കുട്ടികള്‍ക്ക് ഇച്ഛാനുസരണം പഠിക്കാനുള്ള സൗകര്യമൊരുക്കണമെന്ന നില വന്നപ്പോള്‍ അവയെല്ലാം സ്വകാര്യ മാനേജ്മെന്‍റുകള്‍ക്ക് അടിയറവെക്കുന്ന രീതിയാണ് ഭരണകൂടം കൈക്കൊണ്ടത്. കഴിവുള്ള മിടുക്കരായ കുട്ടികളുടെ മാനസികസമ്മര്‍ദം വര്‍ധിക്കുകയും അവരുടെ ഭാവി സങ്കീര്‍ണമാക്കുകയുമാണ് ഇതിലൂടെയുണ്ടായത്.

സംസ്ഥാനത്തെ വിദ്യാഭ്യാസ നയത്തില്‍ ഇന്ന് കാതലായമാറ്റം അനിവാര്യമാണ്. സിലബസ് പരിഷ്കരണം മുതല്‍ ശുചിത്വവത്കരണം വരെ മാറ്റേണ്ടതുണ്ട്. 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലും 14 വയസ്സുവരെ നിര്‍ബന്ധിത വിദ്യാഭ്യാസമെന്ന പേരില്‍ എട്ടാം ക്ളാസുവരെ ആരെയും തോല്‍പിക്കരുതെന്ന നയത്തില്‍ മാറ്റംവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ പോകുന്നുവെന്നതും ആശ്വാസത്തിന് വകനല്‍കുന്നു. അഞ്ചാം ക്ളാസിലും എട്ടാം ക്ളാസിലും പൊതുപരീക്ഷ നടത്തി അതില്‍ വിജയിക്കുന്നവര്‍ക്കുമാത്രം അടുത്ത ക്ളാസിലേക്ക് സ്ഥാനക്കയറ്റം നല്‍കിയാല്‍മതിയെന്ന ഈ ആലോചനയില്‍ 15 സംസ്ഥാനങ്ങള്‍ അനുകൂല നിലപാടെടുത്തതായാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍, ഒരാഴ്ചക്കകം വീണ്ടും പരീക്ഷനടത്തി തോറ്റവര്‍ക്ക് ഒരവസരംകൂടി നല്‍കുന്നുണ്ട്.
വിദ്യാഭ്യാസ നിലവാരം അധ$പതിക്കാനും വിജയശതമാനം പെരുപ്പിക്കാനും പ്രയോജനകരമായ നിലവിലുള്ള രണ്ടു രീതികളിലാണ് കാതലായമാറ്റം അനിവാര്യമായിട്ടുള്ളത്. ഒന്നാമതായി, നിരന്തര മൂല്യനിര്‍ണയത്തില്‍ മിടുക്കനും മൂഢനും 100ല്‍ 100 മാര്‍ക്കിട്ട് നല്‍കി തങ്ങളുടെ സ്ഥാപനത്തിന്‍െറ വിജയശതമാനം പെരുപ്പിച്ചുകാട്ടുന്ന അധ്യാപകര്‍ക്ക് മാര്‍ക്ക് നല്‍കുന്നതിന് വ്യക്തമായ നിര്‍ദേശം നല്‍കുക. അറിവും കഴിവുമില്ലാത്തവനെ തിരഞ്ഞുപിടിച്ച് അവന് അറിവും കഴിവും ഉണ്ടാക്കുകയാണ് അധ്യാപകരുടെ ജോലി. അതല്ലാതെ മുഴുവന്‍ മാര്‍ക്കും നല്‍കി ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് പുതിയ തലമുറയോട് ചെയ്യുന്ന ക്രൂരതയാണ്. പത്താം ക്ളാസും പ്ളസ് ടുവും ഡിഗ്രിയും എന്‍ജിനീയറിങ്ങും പാസായവരെ ഉള്‍പ്പെടുത്തി അതതു വിഷയങ്ങളിലെ അവരുടെ അറിവ് പരിശോധിച്ചാല്‍ നാണംകെട്ടുപോകും. അറിവും കഴിവുമില്ലാത്ത യുവതലമുറയെ സൃഷ്ടിച്ചുവിടുന്നതരം വിദ്യാഭ്യാസമാണോ വേണ്ടത്?
രണ്ടാമതായി, കലാമേളയിലെ ഗ്രേസ്മാര്‍ക്ക് നിര്‍ത്തലാക്കുകയോ അതല്ളെങ്കില്‍ വ്യക്തമായ മാനദണ്ഡമുണ്ടാക്കി പരിഷ്കരിക്കുകയോ വേണം. അല്ലാത്തപക്ഷം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കലാമേളാ വേദി യുദ്ധക്കളമായി മാറുകതന്നെ ചെയ്യും. ‘എ’ ഗ്രേഡിന് 30 മാര്‍ക്കും ‘ബി’ ഗ്രേഡിന് 24 മാര്‍ക്കും ‘സി’ ഗ്രേഡിന്  18 മാര്‍ക്കും വീതം ഗ്രേസ്മാര്‍ക്ക് നല്‍കുന്ന രീതിയാണിന്ന്. ഇത് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് മാത്രം അഞ്ച്, മൂന്ന്, ഒന്ന് മാര്‍ക്കുകള്‍ നല്‍കി നിലനിര്‍ത്തുകയോ അല്ളെങ്കില്‍ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കുകയോ ചെയ്യുന്നതാണ് അഭികാമ്യം. കലാമേളയിലെ ഗ്രേസ് മാര്‍ക്കും നിരന്തര മൂല്യനിര്‍ണയത്തിലെ മുഴുവന്‍ മാര്‍ക്കും നേടി ഉന്നതിയിലത്തെുന്ന പല കുട്ടികള്‍ക്കും അക്ഷരമെഴുതാനറിയാത്ത, വായിക്കാനറിയാത്ത അവസ്ഥയാണിന്ന്. ഇതിനുപുറമെ, സംവരണത്തിന്‍െറ പേരില്‍ കണക്കിന് അഞ്ചുമാര്‍ക്ക് മാത്രംകിട്ടിയ കുട്ടിക്ക് ബി.എസ്സി മാത്സിന് അഡ്മിഷന്‍ ലഭിക്കുകയും 85 മാര്‍ക്ക് കിട്ടിയ സംവരണമില്ലാത്തവന് മറ്റു വിഷയമെടുത്ത് പഠിക്കേണ്ട സ്ഥിതിയും വരുന്നു. ഇത്തരത്തില്‍ അഡ്മിഷന്‍ നേടിയവര്‍ പലതവണ പരീക്ഷയെഴുതി അവസാനം വിജയിച്ചുകഴിഞ്ഞാല്‍ കൈമടക്കോ പാരിതോഷികമോ നല്‍കി അധ്യാപകജോലി നേടുന്നു. ഇത്തരക്കാരാണ് അടുത്ത തലമുറയെ വിദ്യ അഭ്യസിപ്പിക്കുന്നത് എന്നത് എത്ര ഭീതിദമാണ്.

ഇത്തരമൊരവസ്ഥയിലാണ് വിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍, സര്‍ക്കാര്‍ വേതനംനല്‍കുന്ന വിദ്യാലയങ്ങളിലെ അധ്യാപകനിയമനം പി.എസ്.സിക്ക് വിടണമെന്ന് വിദ്യാഭ്യാസ പ്രേമികള്‍ ആവശ്യപ്പെടുന്നത്. അഭിരുചിയാണ് അധ്യാപനത്തിന്‍െറ അളവുകോലെന്ന് ലിഡാ ജേക്കബ് കമീഷന്‍ അഭിപ്രായപ്പെട്ടെങ്കിലും അതിനും പ്രാധാന്യം കൊടുത്തില്ല. മികച്ച അക്കാദമിക യോഗ്യതയുള്ളവരെല്ലാം സിവില്‍ സര്‍വിസ്, മെഡിക്കല്‍, എന്‍ജിനീയറിങ് ജോലികളില്‍ അഭയംതേടുമ്പോള്‍ കേടും പേടുമാണ് അധ്യാപകവൃത്തിയിലേക്ക് വരുന്നത്! ഒന്നും കിട്ടിയില്ളെങ്കില്‍ ഒരധ്യാപകനാവുക എന്ന തോന്നല്‍ നമ്മുടെ നാട്ടിലെ ചെറുപ്പക്കാരില്‍ ശക്തിയായി പടര്‍ന്നുകയറിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെങ്ങനെ ആത്മാര്‍ഥമായി പഠിപ്പിക്കാനാവും? ലോകത്തെ മികച്ച തൊഴിലാണ് അധ്യാപനമെന്ന യാഥാര്‍ഥ്യം ആരും തിരിച്ചറിയുന്നില്ല. കുട്ടിയുടെ മനസ്സറിഞ്ഞ്, കുട്ടികളുടെ മനസ്സിലേക്കിറങ്ങിച്ചെന്ന് അവരുമായി സംവദിച്ച് അവരെ തന്നിലേക്ക് കൂട്ടിക്കൊണ്ടുവരുമ്പോഴാണ് അധ്യാപകന്‍െറ ദൗത്യം വിജയിക്കുന്നത്; അധ്യാപക-വിദ്യാര്‍ഥിബന്ധം സുദൃഢമാവുന്നത്. അത്തരം അധ്യാപകരെ കണ്ടത്തെി പ്രോത്സാഹിപ്പിക്കുമ്പോള്‍ അവര്‍ക്കതൊരു അഭിമാനവും മറ്റുള്ളവര്‍ക്കതൊരു പ്രോത്സാഹനവുമാവുന്നു.

വൃത്തിയുള്ള ശൗചാലയങ്ങളില്ലാതെ, വെള്ളമില്ലാതെ, വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുന്ന പൊതുവിദ്യാലയങ്ങള്‍ നിരവധിയുണ്ട് കേരളത്തില്‍. രാവിലെ വീട്ടില്‍നിന്നിറങ്ങിയാല്‍ വൈകീട്ട് വീട്ടില്‍ തിരിച്ചത്തെുംവരെ മൂത്രവിസര്‍ജനം നടത്താനാവാതെ ദുരിതമനുഭവിക്കുന്ന എത്രയെത്ര വിദ്യാര്‍ഥിനികളും അധ്യാപകരുമാണ് നമ്മുടെ നാട്ടിലെന്ന് മനസ്സിലാക്കണം. ഇതുകൊണ്ടുതന്നെ, അകാലത്തില്‍ രോഗംവന്ന് ചികിത്സ തേടുന്നവരുടെ എണ്ണവും ക്രമാതീതമായി വര്‍ധിക്കുന്നു. കളങ്കരഹിതമായ ഒരു വിദ്യാഭ്യാസമാണ് നാമിന്ന് അഭിലഷിക്കുന്നത്. ഉമര്‍ ഖയ്യാം പറഞ്ഞപോലെ: ‘ഈ ലോകം എന്‍െറ ഉള്ളംകൈയിലൊതുക്കാവുന്ന ഒരു നെല്ലിക്കയായിരുന്നെങ്കില്‍ ഞാനതിനെ എറിഞ്ഞുടച്ച്, ഒരു പുന$സൃഷ്ടി നടത്തുമായിരുന്നു’... എന്നപോലെ വിദ്യാഭ്യാസത്തെ എറിഞ്ഞുടച്ച് ഒരു പുന$സൃഷ്ടിക്ക് സമയമായിരിക്കുന്നു. പുതിയ മന്ത്രി പ്രഫ. രവീന്ദ്രനാഥ് അതിന് ശ്രമിക്കുമെന്നാണ് വിദ്യാഭ്യാസത്തെ സ്നേഹിക്കുന്നവര്‍ ആഗ്രഹിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.