മലപ്പുറം പെരിന്തല്‍മണ്ണക്കടുത്ത് പട്ടിക്കാട് സ്കൂളില്‍ മൂന്നാംക്ളാസില്‍ പഠിക്കുന്ന കുട്ടി പത്രത്തിലെ ഭാരിച്ച കാര്യങ്ങളൊന്നും നോക്കാറില്ലായിരുന്നു. ചിത്രങ്ങള്‍ നോക്കും. അങ്ങനെയിരിക്കെ ഒരുദിവസം പത്രത്തിലൊരു ചിത്രം കണ്ടു. മൂക്കുനീണ്ട ഒരു സ്ത്രീ വാള്‍ പിടിച്ചു നില്‍ക്കുന്നു. ‘ഒരു പെണ്‍ഹിറ്റ്ലര്‍ ജനിക്കുന്നു, ഇന്ത്യ അടിയന്തരാവസ്ഥയിലേക്ക്’ എന്ന് അതിനടിയില്‍ എഴുതിയിട്ടുണ്ട്. വലിയ വായനക്കാരനാണ് അച്ഛന്‍. സ്വന്തമായി ലൈബ്രറിയുള്ള അധ്യാപകന്‍. ചിത്രംകണ്ട് കൗതുകംതോന്നിയ കുട്ടി അച്ഛനോട് ചോദിച്ചു: ‘ആരാ ഹിറ്റ്ലര്‍? എന്താണ് അടിയന്തരാവസ്ഥ?’ കമ്യൂണിസത്തിന് ആഴത്തില്‍ വേരോട്ടമുള്ള തറവാട്ടില്‍പിറന്ന കുട്ടിക്ക് അച്ഛന്‍ വിശദമായി എല്ലാം പറഞ്ഞുകൊടുത്തു. അതാണ് രാഷ്ട്രീയത്തിലേക്കുള്ള ആദ്യശ്രദ്ധ. അടിയന്തരാവസ്ഥക്കുശേഷം അത് അല്‍പം ആഴത്തിലായി. അന്ന് അഞ്ചാംക്ളാസ് വിദ്യാര്‍ഥിയായിരുന്നു.
അങ്ങാടിപ്പുറത്ത് അക്കാലങ്ങളില്‍ കെ. വേണുവിന്‍െറ ഇടതുപക്ഷ തീവ്രവാദത്തില്‍ വിശ്വസിക്കുന്ന ഒരുസംഘം യുവാക്കള്‍ സജീവമായിരുന്നു. അവിടെനിന്ന് പലരെയും പിടിച്ചുകൊണ്ടുപോയി പൊലീസ് ക്രൂരമായി പീഡിപ്പിച്ചിരുന്നു. അവരില്‍ ചിലര്‍ ഒരുരാത്രിയില്‍ അച്ഛനെ കാണാനത്തെി. അന്ന് വീട്ടില്‍ വൈദ്യുതിയില്ല. മുനിഞ്ഞുകത്തുന്ന ചിമ്മിനിവിളക്കിന്‍െറ മങ്ങിയവെളിച്ചത്തില്‍ അവര്‍ അച്ഛനോട് അനുഭവങ്ങള്‍ പറഞ്ഞു. അതിനിടെ ഏഴടി നീളമുള്ള വെളുത്തു സുമുഖനായ ചെറുപ്പക്കാരന്‍ പുറംതിരിഞ്ഞുനിന്ന് പൊടുന്നനെ കുപ്പായമൂരി കാണിച്ചു. അയാളുടെ നഗ്നമായ പുറത്ത് തൊലിയില്ലായിരുന്നു. പീഡനത്തില്‍ പുറത്തെ ചര്‍മം മുഴുവന്‍ പറിഞ്ഞുപോയിരുന്നു. (നക്സലിസത്തില്‍നിന്ന് മാനസാന്തരപ്പെട്ട് പിന്നീട് പി.ഡി.പിയുടെ നയരൂപവത്കരണ സമിതിയുടെ ചെയര്‍മാനായ സി.കെ. അബ്ദുല്‍ അസീസായിരുന്നു ആ യുവാവ്) അരണ്ട വെളിച്ചത്തില്‍ കണ്ട വേദനാജനകമായ കാഴ്ച ആ കുട്ടിയെ വല്ലാതെ അസ്വസ്ഥനാക്കി. രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍െറ പേരില്‍ യുവാക്കളെ പീഡിപ്പിക്കുന്ന അധികാരരാഷ്ട്രീയത്തിനെതിരെ പൊരുതാന്‍ അവന്‍െറ ചോര തിളച്ചു. അച്ഛനും അമ്മാവനും ഒരു കാലത്ത് ഉയര്‍ത്തിപ്പിടിച്ച ചോരച്ചെങ്കൊടി തന്നെ അവന്‍ കൈയിലേന്തി. മുതിര്‍ന്നപ്പോള്‍ പാര്‍ട്ടിയിലെ യുവനിരയിലെ സൗമ്യശബ്ദങ്ങളിലൊന്നായി. പൊന്നാനിയില്‍നിന്ന് രണ്ടാംതവണയും ജയിച്ച് നിയമസഭയില്‍ കയറിയ പുറയത്ത് ശ്രീരാമകൃഷ്ണനെ പാര്‍ട്ടി സഭാനാഥനാക്കുകയും ചെയ്തു.
വയസ്സിപ്പോള്‍ 49 ആയിട്ടേയുള്ളൂ. കേരള നിയമസഭയുടെ 22ാമത് സ്പീക്കറാവാനുള്ള പ്രായമൊന്നുമായില്ളെന്ന് ഏഷണിക്കാരും ദോഷൈകദൃക്കുകളും പറയും. പക്ഷേ, പദവിയാണ് പ്രധാനം. സഭയെ നിയന്ത്രിക്കലാണ് പണി. അത് ഭംഗിയായി ചെയ്യാനറിയാം. കലപിലകൂട്ടുന്ന പിള്ളേരു നിറഞ്ഞ ക്ളാസ് പോലെയാണ് നിയമസഭ. ഡസ്ക്കിനടിച്ച് ഒച്ചയുണ്ടാക്കുന്ന പക്വതയില്ലാത്ത കുട്ടികള്‍ കാണും. അച്ചടക്കമില്ലാതെ ഇറങ്ങിപ്പോവുന്നവരുമുണ്ടാവും. നടുത്തളത്തില്‍ ഇറങ്ങിക്കളിക്കുന്നവര്‍ കാണും. മനസ്സിന് പ്രായപൂര്‍ത്തിയായിട്ടില്ലാത്ത കുറെ കുട്ടികളെ പഠിപ്പിച്ചിട്ടാണ് ശ്രീരാമകൃഷ്ണന്‍ മാഷ് സഭയുടെ സാര്‍ ആയത്. മേലാറ്റൂര്‍ ആര്‍.എം ഹൈസ്കൂളിലെ കുട്ടികളെ അടക്കിനിര്‍ത്തി ശീലിച്ച മാഷിന് ഇനി സഭയെയും നന്നായി നിയന്ത്രിക്കാന്‍ ഒട്ടും വിഷമമുണ്ടാവില്ല. പക്വതയും വിവേകവും കുറഞ്ഞ കുട്ടികള്‍ക്കുപോലും ഇഷ്ടമുള്ള മാഷാവാനാണ് സാധ്യത. വെറുതെ വടിയെടുത്ത് ശീലമില്ല. സൗമ്യനാണ്. രാഷ്ട്രീയ ശത്രുക്കളോടു പോലും കറകളഞ്ഞ സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്. ആരോടും പക്ഷപാതിത്വമില്ല. എതിര്‍പക്ഷത്തിന്‍െറ വിമതസ്വരങ്ങളോട് തെല്ലും അസഹിഷ്ണുതയില്ല. അതൊക്കെ നമ്മള്‍ ചാനല്‍ചര്‍ച്ചയിലും കണ്ടതാണ്. വെറുതെ ക്ഷോഭിക്കില്ല. കാര്‍ക്കശ്യംകാട്ടി പേടിപ്പിക്കുന്ന പതിവുമില്ല.
എതിരാളികള്‍ക്കുപോലും പ്രിയങ്കരനാണ്. വെറുതെയല്ല വിചാരിച്ചതിനേക്കാള്‍ രണ്ടുവോട്ട് അധികംകിട്ടിയത്. നല്ളൊരു പേരിനുടമയായതിനാലാണ് താന്‍ ശ്രീരാമകൃഷ്ണനു വോട്ടു ചെയ്തതെന്ന് പറഞ്ഞത് ഒ. രാജഗോപാല്‍. പേരില്‍ ശ്രീരാമനും ശ്രീകൃഷ്ണനുമുണ്ട്. പിന്നെ രാജഗോപാല്‍ വോട്ടു ചെയ്യാതിരിക്കുന്നതെങ്ങനെ? ത്രേതായുഗത്തിലെ ശ്രീരാമനെപ്പോലെ മര്യാദാപുരുഷോത്തമനാണ് പുറയത്ത് ശ്രീരാമകൃഷ്ണന്‍ എന്ന് അദ്ദേഹത്തിനുമാത്രമല്ല, അടുത്തറിയുന്നവര്‍ക്കൊക്കെ തോന്നും. പ്രായംകുറഞ്ഞ തന്നെ മുതിര്‍ന്ന അംഗങ്ങള്‍ ‘സാര്‍’ എന്ന് വിളിക്കുന്നതിനോട് തീരെ യോജിപ്പില്ല. സാര്‍വിളി കൊളോണിയല്‍ ഭരണത്തിന്‍െറ അവശേഷിപ്പുകള്‍ ഇന്നും നെഞ്ചിലേറ്റുന്നതിന്‍െറ തുടര്‍ച്ചയാണെന്ന അഭിപ്രായക്കാരനാണ്. സാര്‍വിളി നിര്‍ത്തുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തണമെന്നും നിലപാടുണ്ട്.
1967 നവംബര്‍ 14ന് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ജനനം. അധ്യാപകദമ്പതികളായ പി. ഗോവിന്ദന്‍ നായരുടെയും സീതാലക്ഷ്മിയുടെയും മകന്‍. കമ്യൂണിസത്തിന് ആഴത്തില്‍ വേരോട്ടമുള്ള തറവാട്. അച്ഛന്‍ പെരിന്തല്‍മണ്ണയില്‍ മലബാര്‍ എലിമെന്‍ററി അധ്യാപക യൂനിയന്‍െറ സ്ഥാപകനേതാക്കളില്‍ ഒരാളായിരുന്നു. വള്ളുവനാട് താലൂക്കിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്ന ഇ.പി. ഗോപാലന്‍െറ സുഹൃത്തും സഹപ്രവര്‍ത്തകനുമൊക്കെയായിരുന്നു. ഇ.പി. ഗോപാലന്‍ പെരിന്തല്‍മണ്ണ എം.എല്‍.എ ആയിരിക്കുമ്പോള്‍ കുറച്ചുകാലം അദ്ദേഹത്തിന്‍െറ വീട്ടിലാണ് താമസിച്ചിരുന്നത്. അമ്മാവനും വലിയ കമ്യൂണിസ്റ്റ് അനുഭാവിയായിരുന്നു. എയര്‍ഫോഴ്സില്‍ ഉന്നത ഉദ്യോഗമുണ്ടായിരുന്ന അമ്മാവന് ജോലി നഷ്ടപ്പെടുന്നത് പാര്‍ട്ടിപ്രവര്‍ത്തനംകൊണ്ടാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളന്‍റിയര്‍ ക്യാപ്റ്റനായിരുന്നു അമ്മാവനെന്ന് ആര്‍മിയില്‍ അറിഞ്ഞതിനെ തുടര്‍ന്ന് അവര്‍ പിരിച്ചുവിടുകയായിരുന്നു. അമ്മാവന്‍െറ ഉടമസ്ഥതയിലുണ്ടായിരുന്ന പെരിന്തല്‍മണ്ണയിലെ കൃഷ്ണന്‍നായര്‍ ഹോട്ടല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താവളമായിരുന്നു. അതിലെ 15ഓളം മുറികള്‍ എപ്പോഴും സഖാക്കള്‍ക്കു വേണ്ടി തുറന്നുകിടന്നു.
എ.കെ.ജിയും ഇമ്പിച്ചിബാവയുമൊക്കെ അവിടെ താമസിച്ചിട്ടുള്ളവരാണ്. പിന്നീട് അമ്മാവന്‍ പാര്‍ട്ടിയുമായി തെറ്റി. പാലോളി മുഹമ്മദ് കുട്ടി പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്നപ്പോള്‍ നിയമസഭയിലേക്ക് സ്വതന്ത്രനായി മത്സരിക്കുകപോലും ചെയ്തു. 1964ലെ പിളര്‍പ്പിനുശേഷം അച്ഛനും നിരാശനായിരുന്നു. മെംബര്‍ഷിപ് പുതുക്കിയെങ്കിലും പാര്‍ട്ടിപ്രവര്‍ത്തനം അവസാനിപ്പിച്ചു. പിന്നീട് ആ രാഷ്ട്രീയപാരമ്പര്യം ഏറ്റെടുത്ത ശ്രീരാമകൃഷ്ണന്‍ 1980ല്‍ ദേശാഭിമാനി ബാലസംഘത്തിന്‍െറ സെക്രട്ടറിയായി. അടുത്തവര്‍ഷം പട്ടിക്കാട് ഗവ. സ്കൂളിലെ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി. ഒറ്റപ്പാലം എന്‍.എസ്.എസ് കോളജിലെ പഠനകാലത്ത് എസ്.എഫ്.ഐയുടെ നേതൃനിരയിലത്തെി. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റും അഖിലേന്ത്യാ പ്രസിഡന്‍റുമായി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കൂടിയാണ്. 2006ല്‍ നിലമ്പൂരില്‍നിന്ന് മത്സരിച്ചെങ്കിലും ആര്യാടനോട് പരാജയപ്പെട്ടു. 2011ല്‍ പൊന്നാനിയെ ചുവപ്പിച്ച് ആദ്യമായി നിയമസഭയില്‍. രണ്ടാംതവണ 15,000ത്തിലധികം വോട്ടിന്‍െറ തിളക്കമാര്‍ന്ന വിജയം. ഭാര്യ: ദിവ്യ സ്കൂള്‍ അധ്യാപിക. മകള്‍: നിരഞ്ജന ബിരുദ വിദ്യാര്‍ഥിനി. മകന്‍: പ്രിയരഞ്ജന്‍ എട്ടാംക്ളാസില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.