ജൂണ്‍ 23 വ്യാഴാഴ്ചത്തെ കനത്ത ഇടിയും മഴയും പ്രളയവും ഋതുപ്പകര്‍ച്ചയുടെ ലക്ഷണങ്ങളായിരുന്നെന്ന് ഇപ്പോള്‍ മനസ്സിലായി. ബ്രിട്ടീഷ് തെരുവുകളില്‍ വെള്ളം നിറഞ്ഞിട്ടും ജനത്തിന്‍െറ ആവേശം ഒട്ടും തണുത്തിരുന്നില്ല. ഉച്ചക്കുശേഷം കൊടുങ്കാറ്റിനുള്ള സാധ്യത പ്രവചിച്ചിട്ടും ആരും വീട്ടിനകത്ത് ഒതുങ്ങിക്കൂടാതിരുന്നത് ഇങ്ങനെയൊരു നിര്‍ണായക വിധിയെഴുത്തിനായിരുന്നെന്ന് ലോകം പ്രതീക്ഷിച്ചിരുന്നില്ല. ജൂണ്‍ 23ന്‍െറ പ്രാധാന്യം തലമുറകള്‍ വ്യത്യാസമില്ലാതെ ഉള്‍ക്കൊണ്ടപ്പോഴാണ് വെള്ളം കയറിയ പോളിങ് ബൂത്തുകളില്‍ പോലും ഒരിക്കലും കാണാത്ത നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടത്. തങ്ങളുടെ ഭാവിയും സ്വത്വവും സംസ്കാരവും സമ്പദ്ഘടനയും നിര്‍ണയിക്കാന്‍ പോകുന്ന ഹിതപരിശോധനയില്‍ 4.6 കോടി വോട്ടര്‍മാരില്‍ 72 ശതമാനവും ഭാഗഭാക്കായി. യൂറോപ്യന്‍ യൂനിയനിലെ ബ്രിട്ടന്‍െറ അംഗത്വം തുടരണമോ അതല്ല, പുറത്തുപോയി ‘പരമാധികാരം’ തിരിച്ചുപിടിക്കണമോ എന്ന ചോദ്യത്തിന് ഉത്തരം തേടുന്ന ഹിതപരിശോധന വോട്ടര്‍മാരെ രണ്ട് ധ്രുവങ്ങളില്‍ അണിനിരത്തി.
ഇ.യുവില്‍ തുടരണമെന്ന് വാദിക്കുന്നവര്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണിന്‍െറ നേതൃത്വത്തില്‍ ഒരുഭാഗത്ത്. പുറത്തുവരണമെന്ന് ശഠിക്കുന്നവര്‍ മുന്‍ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സന്‍െറ നേതൃത്വത്തില്‍ മറുഭാഗത്തും. പാര്‍ട്ടികളല്ല, രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു അത്. ഇരുകൂട്ടര്‍ക്കും സ്വന്തം വാദമുഖങ്ങളുണ്ടായിരുന്നു. ഇടതു, വലത് വേര്‍തിരിവായിരുന്നു അടിയൊഴുക്കിന്‍െറ ഗതി നിയന്ത്രിച്ചത്. മാധ്യമങ്ങള്‍പോലും രണ്ടാലൊരു പക്ഷത്ത് ചേര്‍ന്ന് ഏത് ചേരിയെയാണ് പിന്തുണക്കേണ്ടതെന്ന് ജനങ്ങളെ ഓര്‍മിപ്പിച്ചു. ‘ദി ഇന്‍ഡിപെന്‍ഡന്‍റ്’, ഇടതുപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന ‘ദി ഗാര്‍ഡിയനും’ ഇ.യുവിനുവേണ്ടി വാദിച്ചു. അതേസമയം, ഏറ്റവും പ്രചാരമുള്ള ടാബ്ളോയ്ഡ് സണ്‍ ‘ഇന്ന് സ്വാതന്ത്ര്യദിനം’ എന്നാണ് മുഖ്യവാര്‍ത്തക്ക് കൊടുത്ത ശീര്‍ഷകം. ലോകമാധ്യമങ്ങള്‍ക്കും കാഴ്ചക്കാരായി നില്‍ക്കാന്‍ കഴിഞ്ഞില്ല. ചൈനയിലെ കമ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള ‘ഗ്ളോബല്‍ ടൈംസ്’, ഇ.യു വിടുകയാണെങ്കില്‍ ബ്രിട്ടനു ലോകസ്വാധീനം കൈമോശം വരുമെന്ന് മുന്നറിയിപ്പുനല്‍കി. നോര്‍വേയിലെ പ്രമുഖ പത്രത്തിന്‍െറ തലക്കെട്ട് ‘ഇന്ന് ബ്രിട്ടന് യൂറോപ്പിനെ പിളര്‍ത്താം’ എന്നായിരുന്നു. ആ പ്രവചനമാണ് പുലര്‍ന്നത്. യൂറോപ്യന്‍ യൂനിയന്‍ എന്ന സംവിധാനം എത്ര ദുര്‍ബലവും കൃത്രിമവുമാണെന്ന് തെളിഞ്ഞിരിക്കുന്നു. വരുംനാളുകള്‍ ഇതിന്‍െറ പ്രത്യാഘാതം ചര്‍ച്ചചെയ്തുകൊണ്ടേയിരിക്കും. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലത്തെ പോലും ഈ ജനവിധി സ്വാധീനിച്ചുകൂടായ്കയില്ല.
എന്തിനുവേണ്ടി?
ബ്രിട്ടീഷ് ജനത സമീപകാലത്തൊന്നും ഇമ്മട്ടില്‍ പരസ്പരം യുദ്ധം ചെയ്തിട്ടില്ല. ഭാവി ശോഭനമാക്കാന്‍ ഇ.യുവിന്‍െറ കെട്ടുപാടില്‍നിന്ന് ബ്രിട്ടന്‍ വിട്ടുവരണമെന്ന് വലിയൊരുവിഭാഗം വാദിച്ചു. യൂറോപ്യന്‍ യൂനിയനില്‍ തുടരുന്ന കാലത്തോളം രാജ്യത്തിന്‍െറ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തികകുതിപ്പിനുള്ള കരുത്തും നഷ്ടപ്പെടുകയാണെന്ന് ഈ വിഭാഗം പ്രചരിപ്പിച്ചു. ആ വിചാരഗതിക്ക് പരമാവധി പിന്തുണ കിട്ടാന്‍ നാലരമാസം കാമ്പയിന്‍ നടത്തി. കുടിയേറ്റം, സാമ്പത്തികം, പരമാധികാരം, ആഗോളീകൃത ലോകത്ത് ബ്രിട്ടന്‍െറ സ്ഥാനം-ഇവയൊക്കെയായിരുന്നു ചര്‍ച്ചാവിഷയം. ഇ.യു വിടുന്നതോടെ ബ്രിട്ടന് സാമ്പത്തിക തിരിച്ചടി നേരിടേണ്ടിവരുമെന്ന് വ്യവസായികളും ബിസിസന് ഗ്രൂപ്പുകളും സാമ്പത്തികവിദഗ്ധരും മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നു. പെട്ടെന്നുള്ള തിരിച്ചടി വിദൂരഭാവിയില്‍ നേട്ടമായി ഭവിക്കുമെന്ന അവകാശവാദങ്ങള്‍ പലരും തള്ളി. ഐ.എം.എഫ്, ബാങ്ക് ഓഫ് ഇംഗ്ളണ്ട്, ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്കണോമിക് കോഓപറേഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ സ്റ്റഡീസ്്-എല്ലാവരും ‘ബ്രെക്സിറ്റ് ദുരന്തവഴിയാണെന്ന് മുന്നറിയിപ്പുനല്‍കി. എല്ലാറ്റിനുമുപരി സ്കോട്ലന്‍ഡ് മറ്റൊരു ഹിതപരിശോധനക്ക് മുറവിളികൂട്ടാനുള്ള സാധ്യതയുണ്ടെന്ന താക്കീതുമുണ്ടായിരുന്നു. പക്ഷേ, ആധിപത്യം നേടാനായത് മറുപക്ഷത്തിനാണ്.
പ്രായവും ജീവിതപശ്ചാത്തലവും നഗര-ഗ്രാമ അന്തരവുമാണ് ഹിതപരിശോധനയെ സ്വാധീനിച്ചതെന്ന മാധ്യമഭാഷ്യം പൂര്‍ണമായും ശരിയല്ളെന്ന് തെളിഞ്ഞിരിക്കുന്നു. യുവാക്കളും വാഴ്സിറ്റി വിദ്യാഭ്യാസം ലഭിച്ചവരും നഗരവാസികളും ഇ.യുവില്‍ തുടരാന്‍ ആഗ്രഹിച്ചപ്പോള്‍ പ്രായം ചെന്നവരും വിദ്യാഭ്യാസം കുറഞ്ഞവരും സാധാരണജോലിക്കാരും മറിച്ച് ചിന്തിച്ചെന്നാണ് ക്രിസ്ത്യന്‍ സയന്‍സ് മോണിറ്റര്‍ വിശകലനം ചെയ്തത്. സ്കോട്ലന്‍ഡ് ഇ.യുവില്‍ ഉറച്ചുനിന്നപ്പോള്‍ ദക്ഷിണ ബ്രിട്ടന്‍ പോയകാല പ്രതാപത്തില്‍ അഭിരമിക്കാന്‍ ശ്രമിച്ചു. കുടിയേറ്റമാണ് ഭൂരിഭാഗത്തെയും വൈകാരികമായി ‘ബ്രെക്സിറ്റുകളാക്കിയത്. ബ്രിട്ടന്‍െറ അതിര്‍ത്തികള്‍ ഭദ്രമായി അടച്ചാല്‍ കുടിയേറ്റം താനേ നിലച്ചുകൊള്ളുമെന്നും യൂറോപ്യന്‍ യൂനിയന്‍െറ ഭാഗമായി തുടരുന്ന കാലത്തോളം പുറമെനിന്നുള്ളവരെ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാവുമെന്നും ഒരുവിഭാഗം ശക്തമായി വാദിച്ചു. ആ വാദത്തിനു മുന്‍തൂക്കം ലഭിച്ചെന്ന് വിശ്വസിക്കണം. കിഴക്കന്‍ യൂറോപ്പില്‍നിന്നുള്ള കുടിയേറ്റക്കാര്‍ ജോലി അവസരം കവര്‍ന്നെടുക്കുകയാണെന്നാണ് ഇക്കൂട്ടരുടെ പരിഭവം.
ഭീകരവാദികള്‍ കടന്നുവരുന്നത് ഇ.യുവിന്‍െറ ഭാരം ചുമക്കേണ്ടിവരുന്നതുകൊണ്ടാണത്രെ. വംശീയമായി ചിന്തിക്കുന്നവരും തീവ്രവലതുപക്ഷവുമെല്ലാം ബ്രിട്ടന്‍െറ സാംസ്കാരിക സ്വത്വം തിരിച്ചുപിടിക്കുന്നതിനെക്കുറിച്ചാണ് വാചാലമായത്. രക്തമൊഴുക്കിയാണ് ആ വികാരം അവര്‍ പ്രകടിപ്പിച്ചത്. ലേബര്‍ എം.പിയും ഇ.യു അനുകൂലിയുമായ ജോ കോക്സിനെ തെരുവില്‍ വെടിവെച്ചിട്ട നവനാസി തോമസ് മൈര്‍ ‘ബ്രെക്സിറ്റ്’വാദികളുടെ ആക്രമണോത്സുക മുഖമാണ്. രാജഭരണത്തിലും ബ്രിട്ടീഷ് സാമ്രാജ്യത്തിലും അഭിമാനംകൊണ്ട തലമുറക്ക് ഇ.യുവില്‍നിന്നുള്ള വിടുതല്‍ പോയ്പ്പോയ നല്ല കാലത്തിലേക്കുള്ള മടക്കയാത്രയായിരുന്നു. പക്ഷേ, പുതുതലമുറ വീടകങ്ങളില്‍തന്നെ ഈ വിചാരഗതിയെ ഖണ്ഡിക്കുമെന്ന ഇ.യു അനുകൂലികളുടെ കണക്കുകൂട്ടല്‍ തെറ്റി എന്നുവേണം വിധി എഴുതാന്‍. ആഗോളീകൃതലോകത്ത് അതിരുകള്‍ക്കപ്പുറത്തെ വിശാലസാധ്യതകള്‍ തുറന്നുകൊടുക്കുന്ന സംവിധാനത്തെ അവര്‍ മനസാ വരിക്കുമെന്ന പ്രതീക്ഷയാണ് അവതാളത്തിലായത്.
ചരിത്രത്തിലേക്കുള്ള മടക്കയാത്ര
യൂറോപ്യന്‍ യൂനിയന്‍ എന്ന ആശയം പ്രാരംഭദശയിലേ ബ്രിട്ടന്‍ ഉള്‍ക്കൊണ്ടിരുന്നില്ല. ‘സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനു’ ഒരുവേള കൂട്ടുകെട്ടിന്‍െറ ആവശ്യമുണ്ടായിരുന്നില്ലല്ളോ. രണ്ടാം ലോകയുദ്ധാനന്തര യൂറോപ്പിലെ രാഷ്ട്രീയ, സാമ്പത്തിക സ്ഥിതിവിശേഷങ്ങളുടെ സൃഷ്ടിയായിരുന്നു യൂറോപ്പിന്‍െറ ഏകതയെക്കുറിച്ചുള്ള പരികല്‍പനകള്‍. അമ്പതുകളില്‍ ഫ്രാന്‍സിന്‍െറയും ജര്‍മനിയുടെയും നേതൃത്വത്തില്‍ ആറ് രാജ്യങ്ങള്‍ (ഇറ്റലി, ബെല്‍ജിയം, നെതര്‍ലന്‍ഡ്സ്, ലക്സംബെര്‍ഗ് ഉള്‍പ്പെടെ) യൂറോപ്യന്‍ കോള്‍ ആന്‍ഡ് സ്റ്റീല്‍ കമ്യൂണിറ്റി എന്ന കൂട്ടായ്മക്ക് രൂപം കൊടുത്തത് ഭാവിയിലുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. 1957ല്‍ റോം ഉടമ്പടിയിലൂടെ യൂറോപ്യന്‍ ഇക്കണോമിക് കമ്യൂണിറ്റിയായി ഈ കൂട്ടായ്മ രൂപാന്തരപ്പെട്ടപ്പോള്‍ ബ്രിട്ടന്‍ നോക്കിനിന്നതേയുള്ളൂ. അറുപതുകള്‍ തൊട്ടാണ് യൂറോപ്യന്‍ കമ്യൂണിറ്റിയിലേക്ക് ചേരണമെന്ന് ബ്രിട്ടനു തോന്നിത്തുടങ്ങിയത്. പ്രധാനമന്ത്രി ഹാരോള്‍ഡ് മാക്മില്ലന്‍ തെറ്റ് മനസ്സിലാക്കിയപ്പോഴേക്കും ബ്രസല്‍സില്‍നിന്ന് ലഭിച്ച പ്രതികരണം അനുകൂലമായിരുന്നില്ല. ആംഗ്ളോ സാക്സണ്‍ ട്രോജന്‍ കുതിരകളെ യൂറോപ്യന്‍ ആലയിലേക്ക് വേണ്ടാ എന്ന് 1963ല്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഷാള്‍ ഡി ഗോള്‍ തുറന്നടിച്ചപ്പോള്‍ ബ്രിട്ടന്‍ അനുഭവിച്ച നാണക്കേട് ചെറുതായിരുന്നില്ല.
1973ലാണ് ബ്രിട്ടന്‍ എല്ലാറ്റിനുമൊടുവില്‍ ‘യൂറോപ്യന്‍ കൂട്ടായ്മയില്‍ എത്തുന്നത്. യൂറോപ് ഒരു ‘മുതലാളിത്ത ഗൂഢാലോചനയാണെന്ന് ’ ലേബര്‍ പാര്‍ട്ടിയുടെ പ്രചാരണം ഏശിയപ്പോള്‍ 75ല്‍ ആദ്യത്തെ ഹിതപരിശോധനക്ക് വേദിയൊരുങ്ങി. ഏഴ് ലേബര്‍ മന്ത്രിമാരായിരുന്നു അന്ന് ‘ബ്രെക്സിറ്റിന്നായി പ്രചാരണം നടത്തിയത്. 67 ശതമാനത്തില്‍ കൂടുതല്‍ ഇ.യുവിനു അനുകൂലമായാണ് അന്ന് വോട്ട്ചെയ്തത്. എന്നിട്ടും യൂറോപ്പുമായുള്ള ബന്ധത്തിന്‍െറ പേരില്‍ ബ്രിട്ടീഷ് രാഷ്ട്രീയം എപ്പോഴും ഭിന്ന നിലപാടുകളാല്‍ സങ്കീര്‍ണമായി. മാര്‍ഗരറ്റ് താച്ചര്‍ ‘ഉരുക്ക് വനിതയായി’ പ്രത്യക്ഷപ്പെടുന്നത് യൂറോപ്യന്‍ യൂനിയനുമായുള്ള ബന്ധത്തിന്‍െറ പേരില്‍ ഉറച്ചനിലപാട് എടുത്തപ്പോഴാണ്. യൂറോപ്യന്‍ ബജറ്റിലേക്കുള്ള ബ്രിട്ടന്‍െറ വിഹിതം ചര്‍ച്ചയാക്കണമെന്ന് താച്ചര്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരുവേള അവര്‍ക്ക് പ്രധാനമന്ത്രിപദം നഷ്ടപ്പെട്ടു. 1992 ഫെബ്രുവരി ഏഴിനു ഒപ്പുവെച്ച മാസ്ട്രിച്ച് ഉടമ്പടി ബ്രിട്ടന്‍െറ ഇ.യു ഉദ്ഗ്രഥനം ദൃഢമാക്കിയെന്നാണ് പലരും അവകാശപ്പെട്ടത്. പക്ഷേ, ജര്‍മനിയും ഫ്രാന്‍സുമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന പരിഭവം ഇ.യു അംഗത്വത്തെക്കുറിച്ചുള്ള വീണ്ടുവിചാരം പ്രധാനമന്ത്രിമാരായ ജോണ്‍ മേജറും ടോണി ബ്ളെയറുമൊക്കെ കൊണ്ടുനടന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറുകയാണെങ്കില്‍ തദ്വിഷയകമായി ഹിതപരിശോധന നടത്തുമെന്ന് 2013ല്‍ ഡേവിഡ് കാമറണ്‍ നല്‍കിയ വാഗ്ദാനമാണ് ഇപ്പോള്‍ നടപ്പായതും ചരിത്രത്തിലേക്കുള്ള മടക്കയാത്ര എളുപ്പമാക്കിയതും. ഇത് നാലര മാസത്തെ പ്രചാരണത്തിന്‍െറ ഫലമല്ല, മറിച്ച് നാലര പതിറ്റാണ്ടിന്‍െറ യൂറോവിരുദ്ധ മനോഭാവത്തിന്‍െറ പരിണതിയാണ്.
ഇനി എന്ത്?
യൂറോപ്യന്‍ യൂനിയനുമായി ബന്ധപ്പെട്ട രണ്ടാം ഹിതപരിശോധനയോടെ രാഷ്ട്രീയപ്രതിസന്ധിക്കാണ് തുടക്കമിടാന്‍ പോകുന്നത്. ഡേവിഡ് കാമറണ്‍ രാജി സന്നദ്ധത അറിയിച്ചുകഴിഞ്ഞു. ജനഹിതം നടപ്പാക്കേണ്ടത് തന്‍െറ ബാധ്യതയാണെന്നും പിന്‍ഗാമിയെ മൂന്നുമാസത്തിനകം കണ്ടത്തെുമെന്നും പ്രഖ്യാപിച്ചിരിക്കയാണ്. അടുത്ത പ്രധാനമന്ത്രിയാവും ലിസ്ബണ്‍ ഉടമ്പടിയുടെ 50ാം അനുച്ഛേദം അനുസരിച്ച് ഇ.യുവുമായി ചര്‍ച്ചചെയ്ത് കൂട്ടായ്മയില്‍നിന്ന് പുറത്തുവരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. പിന്‍ഗാമിയുടെ പേര് രാജ്ഞിയുടെ മുന്നില്‍ വെക്കേണ്ടതുണ്ട്. ആരായിരിക്കുമത്? ആര് വന്നാലും പ്രതിപക്ഷം വിശ്വാസവോട്ട് ആവശ്യപ്പെടാതിരിക്കില്ല.
ഹിതപരിശോധന കൊണ്ട് സ്വമേധയാ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകുന്നില്ല. രണ്ടുവര്‍ഷത്തെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതേസമയം, ഇ.യുവിന് അതിന്‍െറ ബജറ്റിന്‍െറ അഞ്ചിലൊന്ന് നഷ്ടപ്പെടാന്‍ പോവുകയാണ്. സാമ്പത്തികരംഗത്ത് വന്‍ പ്രത്യാഘാതങ്ങള്‍ പെട്ടെന്ന് പ്രതീക്ഷിക്കുന്നില്ളെങ്കിലും പൗണ്ടിന്‍െറ മൂല്യം റെക്കോഡ് വേഗത്തില്‍ വെള്ളിയാഴ്ച ഇടിഞ്ഞത് വരാനിരിക്കുന്ന ദുരന്തത്തിന്‍െറ സൂചനയാണ്. സാമ്പത്തികപ്രതിസന്ധിയിലേക്കുള്ള മുതലക്കൂപ്പ് ആഗോളതലത്തില്‍തന്നെ പ്രകടമാവാതിരിക്കില്ല. ബ്രിട്ടന്‍ വിട്ടുപോവാനും സ്വയം യൂറോപ്പിന്‍െറ ഭാഗമാവാനും സ്കോട്ലന്‍ഡ് ആവശ്യമുന്നയിച്ചാല്‍ ബ്രിട്ടന് തടുത്തുനിര്‍ത്താനാവണമെന്നില്ല. ഇപ്പോള്‍ കൈവന്ന ‘സ്വാതന്ത്ര്യം’ നാശത്തിലേക്കാണെന്ന മുന്നറിയിപ്പ് പുലരുകയാണെങ്കില്‍ കടുത്ത രാഷ്ട്രീയ അസ്ഥിരതയായിരിക്കും ഫലം. യൂറോപ്യന്‍ യൂനിയന്‍െറ കെട്ടുറപ്പാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ തീവ്രവലതുപക്ഷം ദേശീയവികാരം ഉയര്‍ത്തി, അവരുടെ രാജ്യത്തും റഫറണ്ടത്തിന് ആവശ്യപ്പെടുമെന്ന് ഉറപ്പായി. ഫ്രാന്‍സിലെ നാഷനല്‍ ഫ്രണ്ട് നേതാവ് മരീ ലെപെനും കുടിയേറ്റവിരുദ്ധ ഡച്ച് നേതാവ് ഗീര്‍ട്ട് വില്‍ഡേഴ്സും ‘സ്വാതന്ത്ര്യ’ത്തിനു മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ടുണ്ട്. ഹിതപരിശോധനയിലൂടെ ബ്രിട്ടന്‍ സ്വയം തോല്‍പിച്ചിരിക്കയാണോ എന്ന് കാലമാണ് വിധിയെഴുതേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.