ആസൂത്രിത വികസനത്തിന്‍െറ തകര്‍ച്ചയും ഇടതുപക്ഷവും

ഇടതുപക്ഷ പാര്‍ലമെന്‍ററി രാഷ്ട്രീയത്തിന് മുതലാളിത്ത സാമ്പത്തിക രാഷ്ട്രീയത്തോട് വിയോജിപ്പോടുകൂടിയ സമീപനം സ്വീകരിക്കാന്‍ കഴിയുമോ? ഇടതുപക്ഷ രാഷ്ട്രീയത്തിന്‍െറ ചരിത്രത്തോളംതന്നെ പഴക്കമുണ്ട് ഈ ചോദ്യത്തിന്. മുതലാളിത്ത ഉല്‍പാദന രീതികളും സ്ഥാപനങ്ങളുംതന്നെയാണ് സമ്പത്ത് വര്‍ധിപ്പിക്കാനും കേന്ദ്രീകരിക്കാനും പ്രയോജനപ്പെടുന്നത്. സോഷ്യലിസ്റ്റ് വ്യവസ്ഥിതി നിലനിന്നിരുന്ന മിക്ക രാജ്യങ്ങളിലും മുതലാളിത്ത രീതിയില്‍നിന്ന് വ്യത്യസ്തമായിട്ടായിരുന്നില്ല ഉല്‍പാദനം നടത്തിയിരുന്നത്. സ്വകാര്യ വ്യക്തികള്‍ക്ക് പകരം ഭരണകൂടം ഉല്‍പാദനത്തെ നിയന്ത്രിക്കുകയായിരുന്നു. എന്നാല്‍, അത്തരം കേന്ദ്രീകൃത നിയന്ത്രണങ്ങള്‍തന്നെയാണ് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയെ തകര്‍ക്കാനും സമ്പത്ത് ക്രമാതീതമായി കേന്ദ്രീകരിക്കപ്പെടാനും അതോടൊപ്പം സമ്പദ്വ്യവസ്ഥയില്‍ തൊഴിലാളികള്‍ക്കുള്ള പങ്കാളിത്തം കുറയാനും നിമിത്തമായത്.   സമ്പത്ത്  കേന്ദ്രീകരിക്കപ്പെട്ടതിന്‍െറ ഫലമായി പൂര്‍ണമായ മുതലാളിത്ത വ്യവസ്ഥിതിയിലേക്ക് ഉല്‍പാദന വ്യവസ്ഥ മാറുകയും സ്വകാര്യ താല്‍പര്യങ്ങള്‍ വ്യവസ്ഥിതിയെ കീഴ്പ്പെടുത്തുകയും അതുമൂലം വ്യവസ്ഥ ഇല്ലാതാവുകയും ചെയ്തു.

എന്നാല്‍, സോവിയറ്റ് രീതിയില്‍നിന്ന് വ്യത്യസ്തമായി ചൈന അതത് കാലങ്ങളില്‍ പരിഷ്കരണങ്ങള്‍ നടത്തി കേന്ദ്രീകൃത നിയന്ത്രണവ്യവസ്ഥയെ സംരക്ഷിച്ചിരുന്നു. ലോകം കുറ്റപ്പെടുത്തിയിട്ടും മാവോയുടെയും ഡെങ് സിയാവോപെങ്ങിന്‍െറയും നയങ്ങള്‍ ചൈന നടപ്പാക്കിയത് സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രമായിരുന്നില്ല; സര്‍ക്കാര്‍ നിയന്ത്രണരീതി സംരക്ഷിക്കുക എന്നതും ലക്ഷ്യമായിരുന്നു. അതിന്‍െറ ഫലമായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഭരണകൂടവും കേന്ദ്രീകൃത സമ്പത്തിനെ ആഗോള മുതലാളിത്തത്തോട് ചേര്‍ത്ത് ലോക വിപണിയെ നിയന്ത്രിക്കുകയും അതിന്‍െറ ഭാഗമാകുകയും ചെയ്തു. അതോടുകൂടിയാണ് ചൈനീസ് വ്യവസ്ഥിതി വിപണി തകര്‍ച്ചയെ മറികടന്നതും തികച്ചും കേന്ദ്രീകൃത മുതലാളിത്തത്തിലേക്ക് മാറുകയും ചെയ്തത്.

ലോക സാമ്പത്തിക ക്രമത്തില്‍ ചൈനീസ് പങ്കാളിത്തം ആഗോള വിപണിയെ മത്രമല്ല സോഷ്യലിസ്റ്റ് ഉല്‍പാദന വ്യവസ്ഥിതിയെ പോലും നിരാകരിച്ചു. അതോടൊപ്പം തൊഴില്‍ശക്തിയുടെ കേന്ദ്രീകൃത വിനിയോഗത്തിനും ചൈന മാതൃകയായി. മാവോയുടെ എല്ലാ ഉല്‍പാദന ഉപാധികളെയും സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ പങ്കാളികള്‍ ആക്കുക എന്ന  ആശയത്തിന്‍െറ പ്രായോഗികവത്കരണത്തിന് മുന്‍തൂക്കം നല്‍കിയ ചൈനീസ് മാതൃകയാണ് ചൈനയുടെ വളര്‍ച്ചക്ക് ആക്കംകൂട്ടിയത്. നേരത്തേ സൂചിപ്പിച്ചപോലെ അത് അസമത്വത്തിലേക്ക് നീങ്ങി എങ്കിലും ആ മാതൃകയായിരുന്നു ആധുനിക ചൈനയുടെ വികസനാടിത്തറ.

ഇന്ത്യന്‍ ഇടതുപക്ഷം പിന്തുടര്‍ന്നത് ചൈനീസ് മാതൃകയായിരുന്നില്ല. പകരം സോവിയറ്റ് യൂനിയന്‍ നടപ്പാക്കിയിരുന്ന ആസൂത്രിത വികസന മാതൃകയായിരുന്നു. നീണ്ടകാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ് 1990കള്‍ വരെ തുടര്‍ന്ന അസൂത്രിത വികസന മാതൃക ഒരിക്കലും രാജ്യത്തെ മുതലാളിത്ത ശക്തികളെ ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടിക്കുന്ന ഒന്നായിരുന്നില്ല. അത്തരം മൂലധനങ്ങളെ പരമാവധി സംരക്ഷിക്കാനും എന്നാല്‍, സാമൂഹികരംഗത്ത് അസൂത്രിത പദ്ധതികള്‍ നടപ്പാക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. ദാരിദ്ര്യനിര്‍മാര്‍ജനം, ഗ്രാമീണ വികസനം തുടങ്ങിയ മേഖലകളില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ക്ക് ബി.ജെ.പി സര്‍ക്കാറിനുപോലും കോണ്‍ഗ്രസ് പരിപാടികളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടായി എന്നതുതന്നെയാണ് ഇതിന്‍െറ നേട്ടം. ഇന്ത്യയിലെ പാര്‍ലമെന്‍ററി ഇടതുപക്ഷത്തിന് ഇതില്‍നിന്ന് വ്യത്യസ്തമായി മറ്റൊരു വികസന നയവും ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെയാണ്  പാര്‍ലമെന്‍ററി ഇടതുപക്ഷത്തോട് അനുഭാവം പുലര്‍ത്തിയിരുന്ന  ബുദ്ധിജീവികളും മറ്റു വിദഗ്ധരും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിച്ചിരുന്ന സമയങ്ങളിലെല്ലാംതന്നെ സര്‍ക്കാറിന്‍െറ  പദവികള്‍ വഹിച്ചിരുന്നതും നയരൂപവത്കരണത്തില്‍ പങ്കാളികളായതും. 1990കള്‍ക്കു ശേഷമാണ് പാര്‍ലമെന്‍ററി  ഇടതുപക്ഷം ഇത്തരം വികസനകാഴ്ചപ്പാടുകളെ വിമര്‍ശിക്കാന്‍ തുടങ്ങിയതും.

എന്നാല്‍, 1990കളുടെ ആരംഭത്തോടെ തകര്‍ന്നുതുടങ്ങിയ ആസൂത്രിത വികസനം പാര്‍ലമെന്‍ററി ഇടതുപക്ഷത്തെ പ്രതിസന്ധിയിലേക്ക് തള്ളി. കാരണം, പാര്‍ട്ടി നയപരിപാടികള്‍ എല്ലാംതന്നെ സര്‍ക്കാര്‍ വികസന ഇടപെടലുകളെ ആശ്രയിച്ചുകൊണ്ടാണ് നിലനിന്നിരുന്നത്. ആസൂത്രിത വികസനം ഒഴിവാക്കപ്പെട്ടതോടെ, സ്വകാര്യ മൂലധനത്തെ സംരക്ഷിച്ചുകൊണ്ടുള്ള വികസന രീതിശാസ്ത്രം നടപ്പാക്കേണ്ടത് ഭരണകൂട  ഉത്തരവാദിത്തമായി. ഈ ഉത്തരവാദിത്തത്തില്‍നിന്ന് മാറിനില്‍ക്കാന്‍ ഇടതുപക്ഷത്തിന് കഴിയാതെയായി.

വികസന മാതൃകകള്‍ക്ക് ബദല്‍ കണ്ടത്തൊനോ, മൂലധനശക്തികളെ നിയന്ത്രിക്കാനോ കഴിയാത്തവിധം ഭരണകൂട രാഷ്ട്രീയം ഇടതുപക്ഷത്തിന്‍െറ രാഷ്ട്രീയാടിത്തറ തകര്‍ത്തു. ഈ രാഷ്ട്രീയ പ്രതിസന്ധിയെ മറികടക്കാന്‍ ഇടതുപക്ഷം കണ്ടത്തെിയ മാര്‍ഗം ഇത്തരം മൂലധന കേന്ദ്രീകൃത വികസന മാതൃകയെ സര്‍ക്കാര്‍ ഇടപെടലായി അവതരിപ്പിക്കുക എന്നതാണ്. കൃത്യമായി പറഞ്ഞാല്‍ ഇത്തരം മൂലധന ശക്തികളെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമാക്കുകയും അതിന്‍െറ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുകയും ചെയ്യുക. ഈ നയത്തിന്‍െറ ഭാഗമായിട്ടാണ് പലപ്പോഴും ഇടതുപാര്‍ട്ടികള്‍ പൊതുസമൂഹം അരാഷ്ട്രീയം എന്നു കരുതുന്ന പല സമരരംഗത്തും സജീവമാകുന്നത്. ഇതിനുദാഹരണമാണ് പലപ്പോഴും തൊഴിലാളികളുടെ പേരില്‍ സ്വകാര്യകുത്തകകളെ സംരക്ഷിക്കണം എന്ന  ആവശ്യമുയര്‍ത്തി ഇടതുപക്ഷ സമരങ്ങള്‍ നടത്തിയത്.

സി.എം.ആര്‍.എല്‍ (കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ്) എന്ന സ്വകാര്യ ഖനന  കമ്പനിക്കുവേണ്ടി തൊഴിലാളിപക്ഷത്തുനിന്നുകൊണ്ട് തൊഴില്‍ദിനം സംരക്ഷിക്കണം എന്ന ആവശ്യം ഉയര്‍ത്തി, ഇടതു തൊഴിലാളി സംഘടനയായ  സി.ഐ.ടി.യു  സെക്രട്ടേറിയറ്റുപടിക്കല്‍ സമരം നടത്തിയതും, നാമമാത്രമായ തൊഴിലാളികളുടെ പേരുപറഞ്ഞ് ഹാരിസണ്‍ മലയാളം കമ്പനിയുടെ എസ്റ്റേറ്റില്‍  കുടില്‍കെട്ടി  സമരം നടത്തിയ ചെങ്ങറ സമരക്കാരെ അധിക്ഷേപിച്ചതും, പ്ളാച്ചിമടയില്‍ നടന്ന കൊക്കക്കോള സമരത്തെ തള്ളിപ്പറഞ്ഞതുമെല്ലാം ഇതിനുദാഹരണമാണ്. അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രിയടക്കം അഭിപ്രായം പറഞ്ഞത് പുതിയ വികസന സമീപനത്തെപ്പറ്റിയല്ല, പകരം നേരത്തേ സൂചിപ്പിച്ചതുപോലെ മൂലധന കേന്ദ്രീകൃതമായ വികസനത്തെപ്പറ്റിയാണ്. അതിരപ്പിള്ളി പദ്ധതിയെപ്പറ്റി ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും കോര്‍പറേറ്റുകള്‍ക്കും ഒരേ അഭിപ്രായമാണുള്ളത് എന്ന്  വെളിവാക്കപ്പെട്ടു. കേരളത്തില്‍ കഴിഞ്ഞ പത്തു വര്‍ഷമായി ഉയര്‍ന്നുവന്ന പരിസ്ഥിതി വിഷയങ്ങളില്‍  ഇടതുപക്ഷത്തിന്‍െറതായ ഒരഭിപ്രായം ഉണ്ടായില്ല, അഥവാ ഉണ്ടാകാന്‍ നേതൃത്വം അനുവദിച്ചില്ല. അതുതന്നെയാണ് അതിരപ്പിള്ളിയുടെ കാര്യത്തില്‍ സംഭവിക്കുന്നത്. അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്കുവേണ്ടി വാദിക്കുന്ന  ഇടതുപക്ഷം  എന്തുകൊണ്ടാണ്, അവിടത്തെ ആദിവാസികളെയും, ആ ഭൂമിയുടെ മേല്‍ നിലനില്‍ക്കുന്ന വനാവകാശ നിയമത്തെയും പാരിസ്ഥിതിക പ്രാധാന്യത്തെയും അവഗണിക്കുന്നത്?

കേന്ദ്രീകൃത ജനാധിപത്യം നിലനില്‍ക്കുന്ന പാര്‍ട്ടി എന്ന  നിലയില്‍  ഇത്തരം ആശയങ്ങളെ പാര്‍ട്ടിയുടെ പൊതു നിലപാടായി മാറ്റാന്‍ അനായാസം സാധിക്കുന്നു. അത്തരം പൊതു പാര്‍ട്ടി കാഴ്ചപ്പാടുകള്‍ പരിസ്ഥിതിവിരുദ്ധ നിലപാടുകളെ ശക്തിപ്പെടുത്തും. മാത്രമല്ല പരിസ്ഥിതി സംരക്ഷണം പാര്‍ലമെന്‍റ് രാഷ്ട്രീയത്തിന്‍െറ പരിധിയില്‍നിന്ന് പുറന്തള്ളപ്പെടുകയും അതെല്ലാം പാര്‍ട്ടി  നിലപാടായി മാറുകയും ചെയ്യും. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയായി ചുമതലയേറ്റെടുത്ത ബി.ജെ.പി യുടെ പ്രകാശ് ജാവ്ദേക്കര്‍ ആദ്യംതന്നെ പറഞ്ഞത് വികസനത്തിന് പരിസ്ഥിതി വകുപ്പ് തടസ്സം ഉണ്ടാക്കില്ല എന്നതാണ്. ഒരുതരത്തില്‍ കേരളത്തിലെ ഇടതുസര്‍ക്കാറും സമാന നിലപാടുതന്നെ പിന്തുടരുന്നു. നേരത്തേ സൂചിപ്പിച്ചപോലെ  ആസൂത്രിത വികസനത്തെ മുഖ്യ അജണ്ടയായി ഇടതുപക്ഷം കാണുന്നതുമൂലം ഉണ്ടാകുന്ന നയപരമായ മാറ്റം, എല്ലാത്തരം മൂലധനങ്ങളെയും അംഗീകരിക്കേണ്ടിവരും എന്നതാണ്. അതിന്‍െറ ഫലമായി വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിക്കുന്ന കാലത്തെക്കാള്‍  ക്രിയാത്മകമായി സ്വകാര്യവത്കരണം ഇടതുപക്ഷത്തിന് നടത്താന്‍ കഴിയും.

ജനകീയ ആസൂത്രണംപോലെയുള്ള പരീക്ഷണങ്ങള്‍ ഇനി ഇടതുസര്‍ക്കാര്‍ മുന്നോട്ടുവെക്കില്ല. അതുകൊണ്ടുതന്നെ പ്രകൃതി സംരക്ഷണത്തിനോ വന്‍തോതിലുള്ള ഭൂമി ഏറ്റെടുക്കല്‍പോലുള്ള പദ്ധതികള്‍ക്കോ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. വേണമെങ്കില്‍ സുതാര്യമായ ഒരു മുതലാളിത്ത വികസന സമീപനം ഉണ്ടായി എന്നു വരാം. അത്  വലതുപക്ഷത്തിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും; പ്രത്യേകിച്ചും, മൂലധനവും രാഷ്ട്രീയവും ഒന്നായിമാറിക്കഴിഞ്ഞ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കും അവരുടെ മുന്നണിക്കും. വലതുപക്ഷ ഭരണകൂടങ്ങളില്‍നിന്ന് വ്യത്യസ്തമായി പുതിയതായി ഒന്നും നടപ്പാക്കാന്‍ ഇല്ലാത്ത ഒരു സര്‍ക്കാര്‍ ഇടതുരാഷ്ട്രീയത്തെയും പ്രതിസന്ധിയിലേക്ക് തള്ളും.

(മുംബൈയില്‍ ഗവേഷകനാണ് ലേഖകന്‍)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.