ബജറ്റ് 2016: സാമ്പത്തിക സമസ്യകള്‍ക്ക് ഉത്തരം തേടാനാകാതെ ജെയ്റ്റ്ലി

‘ഇ‘ഇന്ത്യയെ മാറ്റുക’ (ട്രാന്‍സ്ഫോം ഇന്ത്യ) എന്ന അജണ്ടയുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് പക്ഷേ, നിലവിലെ സങ്കീര്‍ണമായ സാമ്പത്തിക വെല്ലുവിളികള്‍ക്ക് കാര്യമായ ഉത്തരം കണ്ടത്തെുന്നില്ല. പ്രത്യുത, കാര്‍ഷികമേഖലക്കും ഗ്രാമീണമേഖലക്കും സാമൂഹിക സുരക്ഷിതത്വത്തിനും മറ്റുമായി ഫണ്ടുകള്‍ നീക്കിവെക്കുന്നത് മാത്രമായി ഈ ബജറ്റ് മാറിയിരിക്കുന്നു. ഒമ്പത് പ്രധാന തൂണുകളിലാണ് ബജറ്റ് ഉറപ്പിച്ചിരിക്കുന്നതെന്ന് ആമുഖമായി അദ്ദേഹം പറയുന്നു. കൃഷി, ഗ്രാമീണ മേഖല, സാമൂഹിക സുരക്ഷിതത്വം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യ വികസനം, സാമ്പത്തിക പരിഷ്കരണം, മികച്ച ഗവേണന്‍സ്, സാമ്പത്തിക അച്ചടക്കം, നികുതി പരിഷ്കാരം എന്നിവയിലൂന്നിയതാണ് ബജറ്റ്.

2022 ആവുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ ബജറ്റ് ലക്ഷ്യമിടുന്നു. എന്നാല്‍, തകര്‍ന്ന് തരിപ്പണമായ കാര്‍ഷികമേഖലയെ മുന്നോട്ടു നയിക്കുന്നതിനുള്ള കാതലായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നില്ല. കാര്‍ഷികമേഖലക്കും കര്‍ഷകരുടെ ക്ഷേമത്തിനുമായി 35,984 കോടി രൂപ വകയിരുത്തിയിരിക്കുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് തുക വര്‍ധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ കാര്‍ഷികമേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഇത് പരിഹാരമാവുന്നില്ല. കര്‍ഷകര്‍ക്ക് വിളവിന് ന്യായമായ വില ലഭിക്കാതിരിക്കുക, കാലാവസ്ഥ പിഴവുകൊണ്ടും മറ്റു കാരണങ്ങളാലും കൃഷി വന്‍ നഷ്ടത്തില്‍ കലാശിക്കുക, കടുത്ത ഋണഭാരം പേറേണ്ടിവരുക എന്നിവയാണ് അടിസ്ഥാന പ്രശ്നങ്ങള്‍. കടത്തില്‍ ജനിച്ച്, കടത്തില്‍ ജീവിച്ച്, കടത്തില്‍ തന്നെ മരിക്കേണ്ടിവരുന്ന സാഹചര്യവുമാണ് ഇന്ത്യന്‍ കര്‍ഷകരുടെ പ്രതിസന്ധിക്ക് കാരണം.

ഈ പ്രതിസന്ധി വളരെ ആഴമേറിയതാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി കാര്‍ഷികമേഖല ഒട്ടും മുന്നോട്ടുപോയിട്ടില്ല. സര്‍ക്കാര്‍ പറയുന്ന കണക്കുകള്‍പ്രകാരംതന്നെ ഏറ്റവും കുറഞ്ഞ വളര്‍ച്ചതോത് ഉണ്ടായിരിക്കുന്നത് ഈ രംഗത്താണ്. 1.1 ശതമാനം മാത്രമാണ് വളര്‍ച്ച. കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും വളര്‍ച്ച നെഗറ്റിവാണ്. അതുകൊണ്ട്, അടിസ്ഥാനപരമായ അഴിച്ചുപണിയും നിക്ഷേപവും വേണ്ട  അടിയന്തര ഘട്ടത്തിലാണ് ഇന്ത്യയിലെ ഒട്ടുമിക്ക കാര്‍ഷികവിളകളും. അവിടെ 36,000 കോടി രൂപയുടെ വകയിരുത്തല്‍ ഒന്നുമാകുന്നില്ല. കര്‍ഷകര്‍ക്ക് വായ്പക്കായി ഒമ്പതു ലക്ഷം രൂപ ലഭ്യമാക്കുമെന്ന് പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍നിന്ന് 50,000 കോടി രൂപ ഉയര്‍ത്തിയിരിക്കുന്നു. എന്നാല്‍, ഈ തുക യഥാര്‍ഥ കര്‍ഷകരില്‍ എത്തുന്നുണ്ടോ, അതു വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ പരിശോധന നടത്തുന്നതിന് ഒരു ബജറ്റും തയാറാവുന്നില്ല. മുന്‍ഗണനാ മേഖല വായ്പകള്‍ എന്നു പറഞ്ഞ് വന്‍തുകകള്‍ നീക്കിവെക്കുന്നുണ്ടെങ്കിലും അതിലധികവും എത്തുന്നത് വന്‍കിടക്കാരിലേക്കു തന്നെയാണ്.

സ്വര്‍ണ പണയ വായ്പയും വാഹന വായ്പയുംവരെ പല രീതിയില്‍ കാര്‍ഷിക വായ്പയുടെ അക്കൗണ്ടില്‍ വകയിരുത്തപ്പെടുന്നു. എല്ലാ വര്‍ഷവും വായ്പ കൊടുക്കാനുള്ള തുക വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും കാര്‍ഷികപ്രതിസന്ധി രൂക്ഷമാകുന്നുവെന്നുള്ളത് ഒരു പ്രഹേളികയായി അവശേഷിക്കുന്നു. വിഹിതം വര്‍ധിപ്പിക്കുന്തോറും കര്‍ഷകരുടെ ആത്മഹത്യയും കൂടുന്നു. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്? തുക നീക്കിവെക്കലുകള്‍, ചില പ്രഖ്യാപനങ്ങള്‍ തുടങ്ങിയവകൊണ്ട് പരിഹരിക്കാന്‍ കഴിയാത്ത വിധം ആഴമേറിയതാണ് പ്രതിസന്ധി. ഒരു ഉദാഹരണം ബജറ്റില്‍ കാണാം. ഏപ്രില്‍ 14 ന് കാര്‍ഷികോല്‍പന്നങ്ങളുടെ വിപണനത്തിനായി ഒരു ഇ പ്ളാറ്റ്ഫോം കൊണ്ടുവരുമെന്ന് പറയുന്നു. എന്നാല്‍, കമ്പ്യൂട്ടര്‍ സാക്ഷരത പോയിട്ട് പ്രാഥമിക വിദ്യാഭ്യാസംപോലും എത്തിനോക്കാത്ത കാര്‍ഷിക മേഖലയില്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ എന്ത് മാറ്റമാണ് കൊണ്ടുവരുക? കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ക്ക് വില ലഭിക്കാനും കട ബാധ്യതയില്‍നിന്ന് രക്ഷപ്പെടാനുമുള്ള മാര്‍ഗങ്ങളാണ് വേണ്ടത്. ദൗര്‍ഭാഗ്യവശാല്‍, ഒട്ടേറെ കോടികള്‍ ഓരോ ബജറ്റും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഈ അവസ്ഥക്ക് മാറ്റമുണ്ടാകുന്നില്ല.

2018 ഓടെ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കുന്നതിന് ബജറ്റ് ലക്ഷ്യമിടുന്നുണ്ട്. 8500 കോടി രൂപ ഇതിനായി നീക്കിവെക്കുന്നു. ഗ്രാമീണ മേഖലയുടെ വികസനത്തിന് മൊത്തം 87,765 കോടി രൂപയുടെ വകയിരുത്തലുണ്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ള ഒന്നരക്കോടി കുടുംബങ്ങള്‍ക്ക് എല്‍.പി.ജി കണക്ഷന്‍ ലഭ്യമാക്കുന്നതിന് 2000 കോടി രൂപയും നീക്കിവെച്ചിരിക്കുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മുന്‍ഗണന
റെയില്‍വേക്കും റോഡ് അടിസ്ഥാന സൗകര്യ വികസനത്തിനുമായി 2016- 17ല്‍ മൊത്തം 2,18,000 കോടി രൂപ ബജറ്റില്‍ നീക്കിവെക്കുന്നുണ്ട്. 10,000 കിലോമീറ്റര്‍ നാഷനല്‍ ഹൈവേ നിര്‍മാണത്തിനും അംഗീകാരം നല്‍കി. ഇത്തരത്തില്‍ മൊത്തം അടിസ്ഥാന സൗകര്യ മേഖലക്കായി 2,21,246 കോടി രൂപയാണ് നീക്കിയിരിപ്പ്. എന്നാല്‍, ഇതില്‍ അധികതുകയും കണ്ടത്തൊന്‍ ഉദ്ദേശിക്കുന്നത് സ്വകാര്യ നിക്ഷേപം വഴിയും പി.പി.പി മോഡല്‍ പോലെയുള്ള പദ്ധതികളിലൂടെയുമാണ്. സാമ്പത്തിക മാന്ദ്യം നേരിടുന്ന ഒരു സാഹചര്യത്തില്‍ അടിസ്ഥാന സൗകര്യ വികസനം പോലെയുള്ള രംഗങ്ങളില്‍ സ്വകാര്യനിക്ഷേപത്തെ ആകര്‍ഷിക്കാന്‍ കഴിയുമോയെന്നത് സംശയത്തിന് ഇടനല്‍കുന്നതാണ്. ഗവണ്‍മെന്‍റിന്‍െറ നിക്ഷേപം ഇത്തരം രംഗങ്ങളില്‍ ഗണ്യമായി ഉയര്‍ത്തുകയാണ് വേണ്ടത്. പക്ഷേ, ബജറ്റ് ആ വഴിക്ക് കാര്യമായി ഒന്നും ചെയ്യുന്നില്ല.

ഇതിന് പുറമേ വിദേശ നിക്ഷേപത്തെയാണ് സര്‍ക്കാര്‍ കാര്യമായി ആശ്രയിക്കുന്നത്. ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, അസറ്റ് റീ കണ്‍സ്ട്രക്ഷന്‍, സ്റ്റോക് എക്സ്ചേഞ്ച് തുടങ്ങിയ രംഗങ്ങളില്‍ കൂടുതല്‍ വിദേശ നിക്ഷേപത്തിന് ബജറ്റ് ലക്ഷ്യമിടുന്നു. നൂറു ശതമാനം വിദേശ നിക്ഷേപം ഭക്ഷ്യസംസ്കരണ മേഖലയിലേക്ക് സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. ഇത്തരത്തില്‍ മൂലധനവികസന രംഗത്തുനിന്നും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും മുന്‍ സര്‍ക്കാറുകളെ പോലെ ഈ സര്‍ക്കാറും പിന്‍വാങ്ങാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് ജെയ്റ്റ്ലിയുടെ ബജറ്റ് വ്യക്തമാക്കുന്നു.

ധനക്കമ്മി 3.9 ശതമാനത്തില്‍ നിന്ന് 3.5 ശതമാനമാക്കി കുറക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍, ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഈ ലക്ഷ്യം എത്രമാത്രം പൂര്‍ത്തീകരിക്കപ്പെടുന്നുവെന്ന് കണ്ടറിയേണ്ടതാണ്. 19.78 ലക്ഷം കോടി രൂപയാണ് 2016- 17 വര്‍ഷത്തില്‍ ഗവണ്‍മെന്‍റ് പ്രതീക്ഷിക്കുന്ന മൊത്തം ചെലവ്. ധനക്കമ്മി നിയന്ത്രിക്കുന്ന കാര്യത്തില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സര്‍ക്കാറുകളെ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ നാം കണ്ടതാണ്. ഇക്കുറി ധനമാനേജ്മെന്‍റ് ആക്ട് നടപ്പാക്കുന്നത് പരിശോധിക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയമിച്ച് തടിയൂരാനാണ് ജെയ്റ്റ്ലി നോക്കുന്നത്. കടുത്ത വിലക്കയറ്റത്തിന്‍െറയും രൂപയുടെ വിലത്തകര്‍ച്ചയുടെയും നാളുകളില്‍ ആദായനികുതിയില്‍ നിന്നുള്ള വരുമാനം കൈവിടുന്നതിന് സര്‍ക്കാര്‍ തയാറാവുന്നില്ല. അതുകൊണ്ട്  ആദായനികുതി പരിധി ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് നിരാശയാണ് ഫലം. ഏതാനും ചില ഇളവുകള്‍ നല്‍കി പരിധി ഉയര്‍ത്താതെ നിര്‍ത്താനാണ് ധനമന്ത്രി ശ്രമിച്ചിരിക്കുന്നത്.

അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനികളില്‍ നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കും. ഇന്ത്യന്‍ സ്റ്റോക് എക്സ്ചേഞ്ചുകളിലെ വിദേശ നിക്ഷേപം അഞ്ചു ശതമാനത്തില്‍നിന്ന് 15 ശതമാനമായി ഉയര്‍ത്തിയിരിക്കുന്നു. ഈ വിധത്തില്‍ വിദേശ നിക്ഷേപത്തെ കാര്യമായ തോതില്‍ തന്നെ ഗവണ്‍മെന്‍റ് പ്രോത്സാഹിപ്പിക്കുകയാണ്. അത് കൂടുതലും ധനസേവന രംഗങ്ങളിലാണ്. ഉല്‍പാദനമേഖലകളിലും അടിസ്ഥാന സൗകര്യമേഖലകളിലും വിദേശ നിക്ഷേപത്തെ ആകര്‍ഷിക്കാന്‍ കാര്യമായി ഒരു നിര്‍ദേശവും മുന്നോട്ടുവെക്കുന്നില്ല. പെട്ടെന്ന് ലാഭമുണ്ടാക്കി പോകാന്‍ കഴിയുന്ന ധനകാര്യ സേവന മേഖലകളാണ് അധികവും തുറന്നുകൊടുത്തിരിക്കുന്നത്. ഇത് ഇന്ത്യയെ പോലുള്ള രാജ്യത്തിന്‍െറ സാമ്പത്തിക മാനേജ്മെന്‍റിന്‍െറ കാര്യത്തില്‍ അത്രഗുണകരമാകുമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇമിറ്റേഷന്‍ ആഭരണങ്ങള്‍, അലൂമിനിയം ഉല്‍പന്നങ്ങള്‍, ആയിരം രൂപക്ക് മുകളിലുള്ള ബ്രാന്‍റഡ് റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ നികുതിയില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. റബര്‍ ഷീറ്റ്, സിന്തറ്റിക്ക് റെക്സിന്‍ തുടങ്ങിയവ കൊണ്ടുണ്ടാക്കുന്ന ചെരിപ്പുകളുടെ തീരുവയില്‍ ഇളവ് വരുത്തിയിട്ടുണ്ട്. സിഗരറ്റുകള്‍ക്കും പുകയില ഉല്‍പന്നങ്ങള്‍ക്കുമുള്ള എക്സൈസ് ഡ്യൂട്ടി ഉയര്‍ത്തിയിരിക്കുന്നു. ആയിരം എണ്ണത്തിന് 3,375 രൂപയില്‍ നിന്നും 3,755 രൂപയായാണ് സിഗരറ്റിന് ഡ്യൂട്ടി കൂട്ടിയിരിക്കുന്നത്. സിഗരറ്റിന്‍െറ അഡീഷനല്‍ എക്സൈസ് ഡ്യൂട്ടി വന്‍ തോതില്‍ കൂട്ടിയിരിക്കുന്നു. ഈ രീതിയിലാണ് അധിക വിഭവസമാഹരണത്തിന് ബജറ്റ് വഴി തേടുന്നത്.


വളര്‍ച്ച 7.6 ശതമാനം
2015- 16 ആഭ്യന്തര വളര്‍ച്ച നിരക്ക് 7.6 ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നു. പ്രധാനമന്ത്രി കൃഷി സിഞ്ജായ് യോജന എന്ന പദ്ധതിപ്രകാരം 28.5 ലക്ഷം ഹെക്ടര്‍ കൃഷി ഭൂമിയില്‍ ജലസേചനം നടത്തുന്നതിനും ലക്ഷ്യമിടുന്നു. ഇതിനായി നബാഡ് ഒരു ലോങ് ടേം ഇറിഗേഷന്‍ ഫണ്ട് രൂപവത്കരിക്കുന്നു. 20,000 കോടി രൂപയാണ് ഇതിന്‍െറ കോര്‍പസ് ഫണ്ടായി വകയിരുത്തിയിരിക്കുന്നത്.

അനുകൂലമായ ചില സാമ്പത്തിക സാഹചര്യങ്ങളിലാണ് ജെയ്റ്റ്ലിയുടെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് വരുന്നത്. കറന്‍റ് അക്കൗണ്ട് കമ്മി 18.4 ബില്യണ്‍ ഡോളറില്‍നിന്ന് 14.4 ബില്യണ്‍ ഡോളറായി കുറഞ്ഞുവെന്ന് ബജറ്റ് പറയുന്നു. നടപ്പ് സാമ്പത്തികവര്‍ഷത്തിന്‍െറ അവസാനം ഇത് മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 1.4 ശതമാനമായിരിക്കുമെന്ന് പ്രോജക്ട് ചെയ്തിരിക്കുന്നു. വിദേശ നാണ്യശേഖരമാവട്ടെ, അടുത്ത കാലത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 350 ദശലക്ഷം ഡോളറിലേക്ക് എത്തിയിരിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ക്രമാതീതമായി താഴ്ന്നിട്ടുണ്ട്. പെട്രോള്‍ ഉല്‍പന്നങ്ങളുടെ തീരുവ ഉയര്‍ത്തിയതുവഴി 20,000 കോടിയിലധികം രൂപ അധികമായി സമാഹരിക്കുന്നതിനും സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. ഈ അനുകൂല പശ്ചാത്തലത്തില്‍ നിന്നാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

എന്നാല്‍, അത് പ്രയോജനപ്പെടുത്തി പൊതുവില്‍ ഡിമാന്‍ഡ് മാര്‍ക്കറ്റില്‍ വര്‍ധിപ്പിച്ച് ഉത്തേജനം നല്‍കുന്നതിന് ശ്രമിക്കുന്നില്ളെന്നതാണ് ബജറ്റിന്‍െറ ന്യൂനത. അടുത്ത സാമ്പത്തികവര്‍ഷത്തില്‍ ഏഴാം ശമ്പള പരിഷ്കരണ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് പുറമെ വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ പ്രഖ്യാപനവും നടപ്പാക്കേണ്ടതുണ്ട്. ഈ രീതിയില്‍ ചെലവുകള്‍ ഉയരുമ്പോള്‍ ധനക്കമ്മി പ്രതീക്ഷിച്ച തോതില്‍ നിയന്ത്രിക്കാനാകുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. മൊത്തത്തില്‍ നോക്കുമ്പോള്‍ എന്തൊക്കെയോ പ്രഖ്യാപനങ്ങള്‍ നടത്തിയെന്ന പ്രതീതി ഉണ്ടാകുന്നുണ്ടെങ്കിലും ആഗോള സാമ്പത്തിക മാന്ദ്യത്തെയും ഇന്ത്യ നേരിടുന്ന സങ്കീര്‍ണമായ സാമ്പത്തിക പ്രശ്നങ്ങളെയും നേരിടുന്നതിനുള്ള ശക്തമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന ഒന്നല്ല ഈ ബജറ്റ്. കാര്‍ഷിക രംഗം നേരിടുന്ന കനത്ത വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് കാതലായ നടപടികളും ഇല്ല. പണപ്പെരുപ്പം, അവശ്യസാധനങ്ങളുടെ വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങളെയും ബജറ്റ് പരിഗണിക്കുന്നില്ല.
(മുതിര്‍ന്ന സാമ്പത്തികകാര്യ പത്രപ്രവര്‍ത്തകനാണ് ലേഖകന്‍)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.