പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച നമ്മുടെ കാഴ്ചപ്പാടുകളെ പൂര്‍ണമായും മാറ്റിമറിച്ച ആ സംഭവത്തെ പുതിയ കാലത്ത് ഒരിക്കല്‍കൂടി വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. ‘ഭൂമിയുടെ മേല്‍ക്കൂര’യെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഓസോണ്‍ പാളിക്കുണ്ടായ സുഷിരം ശാസ്ത്രജ്ഞരെ മാത്രമല്ല, സാധാരണക്കാരെപ്പോലും ഏറെ അസ്വസ്ഥരാക്കി. മനുഷ്യന്‍െറ ചെറിയ ഇടപെടലുകള്‍ പോലും ആവാസവ്യവസ്ഥയെ തകര്‍ക്കുമെന്ന് നാം തിരിച്ചറിയുകയായിരുന്നു അതിലൂടെ. 1980കളില്‍ ഭൗമാന്തരീക്ഷത്തിനുള്ള വിവിധ ഭീഷണികളെ പ്രതിരോധിക്കാന്‍ ഗവേഷക ലോകത്തെ സജ്ജമാക്കിയതുപോലും ഓസോണ്‍ സുഷിരത്തെക്കുറിച്ചുള്ള വാര്‍ത്തകളായിരുന്നു. 30 വര്‍ഷങ്ങള്‍ക്കിപ്പുറം ആ സുഷിരങ്ങള്‍ക്ക് എന്താണ് സംഭവിച്ചത്? പഴയപോലെ അവ നമ്മെ ഭയപ്പെടുത്താത്തത് എന്തുകൊണ്ടാണ്? ഇക്കാര്യങ്ങളെക്കുറിച്ച് അറിയാന്‍ നാം 250 വര്‍ഷം പിന്നിലേക്ക് സഞ്ചരിക്കേണ്ടിവരും.
ഭൂമിയുടെ അദൃശ്യ കോണുകളിലേക്കും നിഗൂഢ വസ്തുക്കളിലേക്കുമൊക്കെയുള്ള മനുഷ്യന്‍െറ അന്വേഷണം നൂറ്റാണ്ടുകള്‍ക്കു മുമ്പേ തുടങ്ങിയിട്ടുണ്ടെങ്കിലും 1700കളിലാണ് അന്തരീക്ഷമെന്ന പ്രതിഭാസത്തെക്കുറിച്ച് കാര്യമായ പഠനങ്ങള്‍ നടക്കുന്നത്. ‘ആധുനിക രസതന്ത്രത്തിന്‍െറ പിതാവ്’ എന്നറിയപ്പെടുന്ന ആന്‍േറാണി ലാവോസ്യേ എന്ന ഫ്രഞ്ച് ശാസ്ത്രകാരന്‍ 1776ല്‍ ഓക്സിജന്‍ ഒരു രാസമൂലകമാണെന്ന് കണ്ടത്തെിയത് ശാസ്ത്ര വിപ്ളവങ്ങളില്‍ ഒന്നായാണ് പരിഗണിക്കപ്പെടുന്നത്. ഓക്സിജനിലൂടെ വൈദ്യുതി കടത്തിവിട്ടുകൊണ്ട് ലാവോസ്യേ ഇക്കാലത്തുതന്നെ ഒരു പരീക്ഷണം നടത്തി. വൈദ്യുതി പ്രവാഹത്തിനിടെ അതിതീക്ഷ്ണമായ ഒരു ഗന്ധം അദ്ദേഹത്തിന് അനുഭവപ്പെട്ടു. ഓസോണിന്‍െറ സാന്നിധ്യമായിരുന്നു ആ ഗന്ധം.
ഇക്കാര്യം ലാവോസ്യേക്ക് മനസ്സിലായിരുന്നില്ല. ആ ഗന്ധത്തിന് 1840ല്‍ ക്രിസ്ത്യന്‍ ഫ്രീദ്റിഷ് ഷോണ്‍ ബെയ്ന്‍ എന്ന ജര്‍മന്‍ ശാസ്ത്രജ്ഞന്‍ ഓസോണ്‍ എന്ന് പേരുനല്‍കി. ഗന്ധമുണ്ടാക്കുന്നത് എന്നര്‍ഥമുള്ള ‘ഒസീന്‍’ എന്ന ഗ്രീക് പദത്തില്‍നിന്നാണ് ഓസോണിന്‍െറ നിഷ്പത്തി. അപ്പോഴും ഓസോണ്‍ എന്തെന്ന് കൃത്യമായി പിടികിട്ടിയിരുന്നില്ല. മൂന്ന് ഓക്സിജന്‍ അണുക്കള്‍ ചേര്‍ന്ന വാതകരൂപമാണിതെന്ന് പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷമാണ് ശാസ്ത്രലോകം മനസ്സിലാക്കിയത്. ജാക്വസ് ലൂയിസോററ്റ് എന്ന സ്വിസ് ശാസ്ത്രജ്ഞനാണ് ഓക്സിജന്‍െറ അപരരൂപമാണ് ഓസോണ്‍ എന്ന് കണ്ടത്തെിയത് (1850).
പിന്നെയും 60 വര്‍ഷം കഴിഞ്ഞാണ് അന്തരീക്ഷത്തില്‍ ഓസോണ്‍ പാളി നിലനില്‍ക്കുന്നുവെന്നും അവ സൂര്യനില്‍നിന്നുള്ള ഉയര്‍ന്ന തരംഗദൈര്‍ഘ്യത്തിലുള്ള അള്‍ട്രാവയലറ്റ് പോലുള്ള കിരണങ്ങളെ തടഞ്ഞുനിര്‍ത്തി ഭൂമിയെ സംരക്ഷിക്കുന്നുവെന്നുമെല്ലാം നമുക്ക് മനസ്സിലാകുന്നത്. അവയുടെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞത് ഫ്രഞ്ച് ശാസ്ത്രജ്ഞരായ ചാള്‍സ് ഫാബ്രിയും ഹെന്‍റി ബൂയിസുമായിരുന്നു. സാധാരണ അന്തരീക്ഷത്തില്‍ ഓസോണ്‍ അങ്ങനത്തെന്നെ നിലനില്‍ക്കണമെന്നില്ല. രസതന്ത്രത്തിന്‍െറ ഭാഷയില്‍ പറഞ്ഞാല്‍ അസ്ഥിരമാണ് ഓസോണ്‍. എന്നാല്‍, ഭൗമോപരിതലത്തില്‍നിന്ന് 12 മുതല്‍ 18 വരെ മൈല്‍ ഉയരത്തിലുള്ള അന്തരീക്ഷ ഭാഗത്ത് ഓസോണ്‍ അസ്ഥിരമല്ല. അതുകൊണ്ടുതന്നെ അവയുടെ സാന്ദ്രത ഇവിടെ കൂടുതലാണ്. ഈ മേഖലയാണ് ഓസോണ്‍ പാളി. സൂര്യനില്‍നിന്നുള്ള കിരണങ്ങളേറ്റ് ഇവിടെയുള്ള ഓക്സിജന്‍ തന്മാത്രകള്‍ വിഘടിച്ച് പരമാണുക്കളാകുന്നു. ഈ സ്ഥിതിയില്‍ ഒരു മൂലകത്തിന് നിലനില്‍ക്കാനാകില്ല. അവ മറ്റൊരു തന്മാത്രയുമായി ചേര്‍ന്നുനില്‍ക്കുകയാണ് ചെയ്യുക.
ഇവിടെ ഓക്സിജന്‍ പരമാണുവും ഓക്സിജന്‍ ആറ്റവും ചേര്‍ന്ന് ഓസോണ്‍ ആവുകയാണ് ചെയ്യുന്നത്. ഇങ്ങനെയുണ്ടാകുന്ന ഓസോണ്‍ ഇവിടെ സാന്ദ്രമായ പാളിയായി രൂപാന്തരപ്പെടുകയും സൂര്യനില്‍നിന്നുള്ള അപകട കിരണങ്ങളെ തടയുകയും ചെയ്യുന്നു. പ്രകൃതിയിലെ ഏറ്റവും വലിയ അദ്ഭുത പ്രതിഭാസങ്ങളിലൊന്നാണിത്.
ഓസോണ്‍ പാളിക്ക് മറ്റൊരു സവിശേഷതകൂടിയുണ്ട്. പല ഭാഗങ്ങളിലും അവയുടെ കനം പലതാണ്. ഋതുക്കള്‍ക്കനുസരിച്ചും അവയുടെ കനത്തില്‍ മാറ്റമുണ്ടാകുന്നുവെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ കന വ്യത്യാസത്തെക്കുറിച്ചുള്ള പഠനത്തിനിടെയാണ് ഭൂമിയുടെ രക്ഷാകവചം അപകടത്തിലാണെന്ന് തിരിച്ചറിയുന്നത്. നേരത്തേ, ബഹിരാകാശ വാഹനങ്ങളുടെയും എയര്‍ക്രാഫ്റ്റുകളുടെയും മറ്റും സാന്നിധ്യം ഓസോണ്‍ പാളിയെ ബാധിക്കുന്നുണ്ടോ എന്ന പഠനവും നടന്നിരുന്നു. എന്നാല്‍, അതിനെല്ലാമപ്പുറം നാം നിസ്സാരമെന്ന് കരുതിയ ഹെയര്‍ സ്പ്രേ ബോട്ടിലുകളും ഷേവിങ് ക്രീം പാക്കുകളുമൊക്കെയാണ് ഓസോണ്‍ പാളിയെ നശിപ്പിക്കുന്നതെന്ന് മനസ്സിലായി. സ്പ്രേ ബോട്ടിലുകളില്‍ അടങ്ങിയിരിക്കുന്ന ക്ളോറോ ഫ്ളൂറോ കാര്‍ബണ്‍ (സി.എഫ്.സി) ഓസോണ്‍ പാളിയെ പരിക്കേല്‍പിക്കുന്നതായി 1974ല്‍ പുറത്തുവന്ന ഒരു ഗവേഷണ പ്രബന്ധം വെളിപ്പെടുത്തി. പോള്‍ ക്രൂറ്റ്സന്‍, മാരിയോ മൊലീന, ഷവര്‍വുഡ് റോളണ്ട് എന്നീ ഗവേഷകരായിരുന്നു ഈ പ്രബന്ധം തയാറാക്കിയത്. ക്ളോറിന്‍ ആറ്റങ്ങള്‍ക്ക് ഓസോണ്‍ തന്മാത്രയെ വിഘടിപ്പിക്കാനാകുമെന്ന് നേരത്തേതന്നെ കണ്ടത്തെിയിരുന്നു. എ.സി, റഫ്രിജറേറ്റര്‍ തുടങ്ങിയ ശീതീകരണികളിലും ഇതര ഇലക്ട്രോണിക് വ്യവസായ മേഖലകളിലും സി.എഫ്.സി ധാരാളമുപയോഗിക്കുന്നു. ഈ ഉപകരണങ്ങളുടെ അമിതമായ ഉപയോഗം സി.എഫ്.സി കൂടുതലായി അന്തരീക്ഷത്തില്‍ കലരാന്‍ ഇടയാക്കുന്നു. ഇവയുടെ തന്മാത്രകള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുകയും സൂര്യപ്രകാശത്തിന്‍െറ സാന്നിധ്യത്തില്‍ ക്ളോറിന്‍ ആറ്റങ്ങളെ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. ഇപ്രകാരം സ്വതന്ത്രമായ ക്ളോറിന്‍ ആറ്റങ്ങള്‍ ഓസോണ്‍ തന്മാത്രകളെ വിഘടിപ്പിക്കുന്നു. അങ്ങനെ അവ സാധാരണ ഓക്സിജന്‍ തന്മാത്രയായി പരിവര്‍ത്തനം ചെയ്യുന്നു. ഇത് നിരന്തരം തുടര്‍ന്നാല്‍ ഫലത്തില്‍ ഓസോണ്‍ പാളിതന്നെ ഇല്ലാതാകുകയാണ് ചെയ്യുക. ഇതായിരുന്നു ഈ പ്രബന്ധത്തിന്‍െറ കാതല്‍. ഈ കണ്ടത്തെലിന് അവര്‍ക്ക് നൊബേല്‍ ലഭിച്ചതോടെ ഓസോണ്‍ ജനപ്രിയ ശാസ്ത്രത്തിന്‍െറ കൂടി വിഷയമായി മാറി. പ്രകൃതിയില്‍ മനുഷ്യന്‍ നടത്തുന്ന അനാവശ്യ ഇടപെടലുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച ഗൗരവമുള്ള സംവാദങ്ങള്‍ ഇവിടെനിന്ന് തുടങ്ങുന്നു.
1957 മുതല്‍ അന്‍റാര്‍ട്ടിക്കയിലെ ഓസോണ്‍ പാളിയെക്കുറിച്ച് ഒരു സംഘം ഗവേഷകര്‍ പഠിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. സംഘത്തിലെ റിച്ചാര്‍ഡ് ഫാര്‍മാന്‍ എന്നയാളാണ് 1980കളില്‍ പാളിയുടെ ചെറിയൊരു ഭാഗം അടര്‍ന്നതായി കണ്ടത്തെിയത്. തന്‍െറ ഉപകരണത്തിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചതായിരിക്കുമെന്നാണ് ആദ്യം അദ്ദേഹം കരുതിയത്. ആവര്‍ത്തിച്ചുള്ള നിരീക്ഷണത്തില്‍ അദ്ദേഹത്തിന് ഓസോണ്‍ സുഷിരം വ്യക്തമായി. മാധ്യമങ്ങളില്‍ സെന്‍സേഷനല്‍ വാര്‍ത്തയായി മാറി ഫാര്‍മാന്‍െറ കണ്ടത്തെല്‍. മാധ്യമ വാര്‍ത്തകള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയെന്നു പറഞ്ഞാല്‍ അതിശയോക്തി ആവില്ല. ഭൂമിയിലെ ജീവതാളങ്ങളത്തെന്നെ നിശ്ചലമാക്കാന്‍ പര്യാപ്തമായ ഈ അപകടം എങ്ങനെ ഒഴിവാക്കാമെന്നായി പിന്നീടുള്ള ചര്‍ച്ചകള്‍. അങ്ങനെയാണ് 1987ലെ പ്രശസ്തമായ മോണ്‍ട്രിയല്‍ ഉടമ്പടിയില്‍ 24 രാജ്യങ്ങള്‍ ഒപ്പുവെച്ചത്. സി.എഫ്.സിയുടെ അളവ് കുറക്കുന്നതു സംബന്ധിച്ചായിരുന്നു ആ ഉടമ്പടി. ലണ്ടനിലെയും (1990) കോപന്‍ഹേഗനിലെയും (1992) സമ്മേളനങ്ങളില്‍ ചില സുപ്രധാന കരാറുകളും നടപ്പിലായി. ഈ കരാറുകള്‍ അനുസരിച്ച് വികസിതരാജ്യങ്ങള്‍ 2000ത്തോടെ സി.എഫ്.സിക്കു പകരം അപകടം താരതമ്യേന കുറവായ എച്ച്.സി.എഫ്.സികള്‍ (ഹൈഡ്രോ ക്ളോറോഫ്ളൂറോ കാര്‍ബണ്‍) മാത്രമേ ഉപയോഗിക്കാവൂ. ഇപ്പോള്‍ പല രാജ്യങ്ങളും സി.എഫ്.സി പൂര്‍ണമായും നിരോധിച്ചു കഴിഞ്ഞു.
ഇന്ന് ഓസോണ്‍ പാളിയെക്കുറിച്ച് ശാസ്ത്രലോകത്തിന് കൂടുതല്‍ വ്യക്തതയുണ്ട്. ഏത് സമയത്താണ് ഈ പാളിക്ക് ശോഷണം സംഭവിക്കുന്നതെന്നും മറ്റും ഇപ്പോള്‍ നമുക്കറിയാം. ഈ ഭാഗത്തേക്ക് ബലൂണുകള്‍ അയച്ചും കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ ഉപയോഗിച്ചും നിരന്തരമായ നിരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഈ നിരീക്ഷണങ്ങളില്‍നിന്ന് വ്യക്തമാകുന്നത് സുഷിരത്തിന്‍െറ വലുപ്പം ക്രമാതീതമായി കുറയുന്നുവെന്നാണ്. മോണ്‍ട്രിയല്‍ ഉടമ്പടിയുടെ വിജയമാണിതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.
കരാര്‍ യാഥാര്‍ഥ്യമായിരുന്നില്ളെങ്കില്‍ 2013ഓടെ അത് 40 ശതമാനമെങ്കിലും വര്‍ധിക്കുകയും 2050ഓടെ ഓസോണ്‍ പാളിതന്നെ ഇല്ലാതാകുകയും ചെയ്തേനെയെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. 2003ല്‍ തിബത്തിന്‍െറ ആകാശത്ത് മറ്റൊരു സുഷിരംകൂടി ശാസ്ത്രജ്ഞര്‍ കണ്ടത്തെിയിട്ടും പഴയതുപോലെ നമ്മെ ആ വാര്‍ത്ത അസ്വസ്ഥമാക്കാത്തതിന്‍െറ ഒരു കാരണം ഇതുകൂടിയാണ്.
സി.എഫ്.സി എന്ന വിഷവാതകത്തിന്‍െറ ഉപയോഗം കുറച്ചതിലൂടെയാണ് നാം ഓസോണ്‍ പാളിയെ വീണ്ടെടുത്തത്. 80കളില്‍ ഓസോണിന്‍െറ കാര്യത്തില്‍ സാധാരണക്കാര്‍ ഉയര്‍ത്തിയ ആശങ്കയാണ് മോണ്‍ട്രിയല്‍ പോലുള്ള രാഷ്ട്രീയ തീരുമാനങ്ങളിലേക്ക് ലോക രാഷ്ട്രങ്ങളെ കൊണ്ടത്തെിച്ചത്. ഈ വിജയ കഥകള്‍ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പുതിയ ചര്‍ച്ചകളിലും സാധാരണക്കാര്‍ക്ക് പ്രചോദനമാകുമോ എന്നതാണ് ഈ സംഭവങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഏറ്റവും പ്രസക്തമായ ചോദ്യം. കാര്‍ബണ്‍ ഡൈ ഓക്സൈഡ് പോലുള്ള ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം ഓസോണിന്‍െറ കാര്യത്തിലെന്ന പോലെ അവരെ അസ്വസ്ഥമാക്കില്ളെന്നാണോ?
കടപ്പാട്: സ്മിത്ത്സോണിയന്‍ മാഗസിന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.