അലീഗഢിന്‍െറ ചരിത്രം അറിയാതെ ഈ പടപ്പുറപ്പാട്

അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി ന്യൂനപക്ഷസ്ഥാപനമല്ളെന്നും മതേതരസര്‍ക്കാറിന് ന്യൂനപക്ഷസ്ഥാപനവുമായി മുന്നോട്ടുപോകാന്‍ സാധ്യമല്ളെന്നുമുള്ള മോദിസര്‍ക്കാറിന്‍െറ നിലപാട് അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി സുപ്രീംകോടതിയെ അറിയിച്ചപ്പോള്‍ പലരും കരുതിയത് അവിടെവെച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തുമെന്നായിരുന്നു. എന്നാല്‍, മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി അലീഗഢ് വാഴ്സിറ്റിക്കെതിരെ തുറന്ന യുദ്ധംതന്നെ പ്രഖ്യാപിച്ചിരിക്കയാണെന്നാണ് സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നും ആര്‍.എസ്.എസിന്‍െറ കണ്ണിലെ കരടായിരുന്ന ഈ വിശ്വപ്രശസ്ത സ്ഥാപനത്തെ തകര്‍ക്കാനുള്ള ആസൂത്രിതനീക്കങ്ങള്‍ക്കാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇപ്പോള്‍ തടയിടാന്‍ ശ്രമിച്ചിരിക്കുന്നത്. സംഘ്പരിവാര്‍ ബന്ധമുള്ള വ്യക്തികളെ യൂനിവേഴ്സിറ്റിയുടെ എക്സിക്യൂട്ടിവ് കൗണ്‍സിലില്‍ തിരുകിക്കയറ്റി തങ്ങളുടെ അജണ്ട നടപ്പാക്കുകയാണ് സ്മൃതിയുടെ ഗൂഢനീക്കത്തിനു പിന്നില്‍. യൂനിവേഴ്സിറ്റി സമീപകാലത്ത് കേരളത്തിലും ബിഹാറിലും പശ്ചിമബംഗാളിലുമൊക്കെ സ്ഥാപിച്ച ഓഫ്കാമ്പസുകള്‍ പൂട്ടിക്കുമെന്ന് അലീഗഢ് വി.സിയുടെ മുഖത്തുനോക്കി ആക്രോശിക്കാന്‍പോലും സ്മൃതി ധൈര്യം കാണിച്ചത് അലീഗഢിനെതിരായ ഓരോ ചുവടുവെപ്പിനുപിന്നിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആര്‍.എസ്.എസിന്‍െറയും കൃപാശിസ്സുകള്‍ തനിക്കുണ്ട് എന്ന ഉറച്ചബോധ്യത്തിലാണ്.

ത്യാഗനിര്‍ഭര ചരിത്രം

സംഘ്പ്രത്യയശാസ്ത്രം ഒരിക്കലും ഉള്‍ക്കൊള്ളാത്ത, സ്മൃതിയെപ്പോലുള്ളവര്‍ക്ക് ഒരിക്കലും മനസ്സിലാക്കാനാകാത്ത വലിയൊരു ചരിത്രപൈതൃകം പേറുന്ന, ദേശീയ നവജാഗരണത്തിന്‍െറ പ്രതീകമാണ്് അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി. ബ്രിട്ടീഷ് കോളനിശക്തികള്‍ക്കെതിരെ ചെറുത്തുനില്‍പിന്‍െറ ധീരനിലപാട് സ്വീകരിച്ചതിന്‍െറപേരില്‍ വിദ്യാഭ്യാസപരമായി പിന്നാക്കംതള്ളപ്പെട്ട ഒരു ജനതയുടെ ശിരോലിഖിതം മാറ്റിയെഴുതാന്‍ സര്‍സയ്യിദ് അഹ്മദ് ഖാന്‍ എന്ന ചരിത്രപുരുഷന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ സഹിച്ച യാതനകളും വേദനകളും എന്തുമാത്രം ഹൃദയഭേദകമായിരുന്നു? ലോകപ്രസിദ്ധ ചരിത്രകാരന്‍ എഡ്വേഡ് ഗിബ്, ‘ഇസ്ലാമിക ലോകത്തെ പ്രഥമ അത്യാധുനിക വിദ്യാഭ്യാസകേന്ദ്രം’ എന്ന് വിശേഷിപ്പിച്ച അലീഗഢിലെ മുഹമ്മദന്‍ ആംഗ്ളോ ഓറിയന്‍റല്‍ കോളജ് സ്ഥാപിക്കുന്നതിനാവശ്യമായ പണം സ്വരൂപിക്കുന്നതിന് സര്‍സയ്യിദ് ജാതിമതഭേദമില്ലാതെ എല്ലാവരുടെയും മുന്നില്‍ കൈ നീട്ടിയപ്പോള്‍ ചില കേന്ദ്രങ്ങളില്‍നിന്ന് അദ്ദേഹത്തിന് പരിഹാസം കേള്‍ക്കേണ്ടിവന്നു. ‘ഇത് എനിക്കുവേണ്ടിയല്ല; ഇന്ത്യയിലെ മുഴുവന്‍ മുസ്ലിംകള്‍ക്കുംവേണ്ടിയാണ്. അതുകൊണ്ടുതന്നെ എനിക്കു ലജ്ജ തോന്നുന്നില്ല’ എന്ന് അദ്ദേഹത്തിനു പരസ്യമായി പറയേണ്ടിവന്നു. എത്ര പിരിച്ചിട്ടും ഫണ്ട് തികയാതെ വന്നപ്പോള്‍ പുത്രന്‍െറ വിവാഹസല്‍ക്കാരത്തിനായി കരുതിവെച്ച 500 രൂപ സ്വപ്നത്തിലുള്ള വിജ്ഞാനകേന്ദ്രത്തിലേക്ക് സംഭാവനചെയ്ത ത്യാഗം സ്മൃതി ഇറാനി എവിടെയും വായിക്കാനിടയില്ല. ചിത്രപ്രദര്‍ശനം നടത്തിയും പുസ്തകം വിറ്റും പാട്ടുപാടിയുമൊക്കെയാണ് സര്‍സയ്യിദ് പണം സ്വരൂപിച്ചതത്രെ. 1877 ജനുവരി എട്ടിന് അന്നത്തെ വൈസ്രോയി ലിട്ടണ്‍ പ്രഭു കോളജ് കെട്ടിടത്തിന് തറക്കല്ലിടാന്‍ എത്തിയപ്പോള്‍ സയ്യിദ് അഹ്മദ് ഒരു കാര്യം മുഖ്യാതിഥിയെ ഓര്‍മിപ്പിച്ചു: ‘അങ്ങ് ശിലാസ്ഥാപനം നടത്താന്‍പോകുന്ന ഈ കോളജ് രാജ്യത്തെ മറ്റെല്ലാ വിഭ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും ഭിന്നമാകുന്നത് ചില കാരണങ്ങളാലാണ്. സ്വകാര്യവ്യക്തികള്‍ സ്ഥാപിച്ച് കൊണ്ടുനടത്തുന്ന ഒട്ടനവധി വിദ്യാലയങ്ങളുണ്ടിവിടെ.....എന്നാല്‍, ഇന്ത്യന്‍ മുസ്ലിംകളുടെ ചരിത്രത്തില്‍ ഒരു കോളജ് ഏതെങ്കിലും വ്യക്തിയുടെ കൈയഴിച്ചുള്ള സഹായത്താലോ രാജാവിന്‍െറ രക്ഷാകര്‍തൃത്വംകൊണ്ടോ അല്ലാതെ, ഒരു സമുദായത്തിന്‍െറ പൊതുവായ ആഗ്രഹാഭിലാഷത്തിന്‍െയും ഏകോപിത പരിശ്രമത്തിന്‍െറയും ഫലമായി പടുത്തുയര്‍ത്തപ്പെടുന്നത് ഇതാദ്യമാണ്.’ മുസ്ലിംകളുടെ വിദ്യാഭ്യാസ-സാംസ്കാരിക അഭ്യുന്നതിക്കായി കെട്ടിപ്പൊക്കിയ എം.എ.ഒ.യു കോളജ് ഒരിക്കലും ഏതെങ്കിലുമൊരു വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളെമാത്രം ആകര്‍ഷിക്കുന്ന സ്ഥാപനമായി ചുരുങ്ങരുതെന്നും അഹ്മദ് ഖാന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് ഹിന്ദുവിദ്യാര്‍ഥികള്‍ക്കും പ്രവേശം നല്‍കി എന്നു മാത്രമല്ല, അവരുടെ സംസ്കൃതപഠനം മുടങ്ങാതിരിക്കാന്‍ പണ്ഡിറ്റ് കേദാര്‍നാഥിനെ നിയമിക്കുകയും ചെയ്തു.
മുഹമ്മദന്‍ ആംഗ്ളോ ഓറിയന്‍റല്‍ കോളജ് സര്‍വകലാശാലയായി ഉയര്‍ത്തണമെന്ന സ്വപ്നം പൂവണിയാതെയാണ് സയ്യിദ് അഹ്മദ് ഖാന്‍ 1898ല്‍ കഥാവശേഷനാകുന്നത്. അദ്ദേഹത്തിന്‍െറ മക്കളും സുഹൃത്തുക്കളും ആ സ്വപ്നസാക്ഷാത്കാരത്തിനായി ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ നേരിടേണ്ടിവന്ന വൈതരണികളെക്കുറിച്ച് ചെറിയൊരു ധാരണ ഉണ്ടായിരുന്നുവെങ്കില്‍ നിയമം ദുര്‍വ്യാഖ്യാനം ചെയ്തും ചരിത്രത്തെ വക്രീകരിച്ചും എ.എം.യു ന്യൂനപക്ഷത്തിന്‍േറതല്ല എന്ന് സാമാന്യബുദ്ധിയുള്ളവര്‍ അവകാശപ്പെടില്ല. 30 ലക്ഷം രൂപ സ്വരൂപിച്ചാലേ ലക്ഷ്യം കാണാനാവൂ എന്ന് കണ്ടപ്പോള്‍ ‘സര്‍ സയ്യിദ് മെമ്മോറിയല്‍ ഫണ്ട്’ ഉണ്ടാക്കാന്‍ മുഹ്സിനുല്‍ മുല്‍ക്കിന്‍െയും ആഫ്താബ് അഹ്മദ് ഖാന്‍െറയും നേതൃത്വത്തില്‍ രാജ്യത്തുടനീളം പര്യടനം നടത്തി. ഒഴിവുദിവസങ്ങളില്‍ ‘ഭിക്ഷ’ യാചിക്കാന്‍ കോളജ് വിദ്യാര്‍ഥികളുടെ ‘ഡ്യൂട്ടി സൊസൈറ്റി’ രൂപവത്കരിച്ചത് പുതുതലമുറക്ക് ആവേശംപകര്‍ന്നു. കുടുംബാവശ്യത്തിന് നീക്കിവെച്ച 2000 രൂപ യൂനിവേഴ്സിറ്റി ഫണ്ടിലേക്ക് സംഭാവനയായി കൈമാറിയപ്പോള്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്‍റ് ബദ്റുദ്ദീന്‍ ത്വയ്യിബ്ജിയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. 1920ല്‍ സെന്‍ട്രല്‍ ലെജിസ്ട്രേറ്റര്‍ അലീഗഢ് ആക്ട് പാസാക്കിയതോടെ യൂനിവേഴ്സിറ്റി നിലവില്‍വരുകയായിരുന്നു. അലീഗഢ് ആക്ട് പ്രകാരം മുസ്ലിം സമൂഹത്തിന്‍െറ വിദ്യാഭ്യാസ-സാംസ്കാരിക ഉന്നമനമാണ് സ്ഥാപനത്തിന്‍െറ ലക്ഷ്യം. സ്ഥാപനം നിയന്ത്രിക്കുന്നത് മുസ്ലിംകള്‍ മാത്രം അടങ്ങിയ കോര്‍ട്ടായിരിക്കും. ജാതിമത വ്യത്യാസമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് പഠനം നടത്താം. എന്നാല്‍, സ്ഥാപനം പൂര്‍ണമായും ന്യൂനപക്ഷത്തിന്‍െറ അധീനതയിലും നിയന്ത്രണത്തിലുമായിരിക്കും. എ.എം.യു ആക്ടിലെ 3, 4 വകുപ്പുകള്‍ പ്രകാരം എം.എ.ഒ കോളജ്, നടത്തിപ്പുകാരായ മുസ്ലിം യൂനിവേഴ്സിറ്റി അസോസിയേഷന്‍, മുസ്ലിം യൂനിവേഴ്സിറ്റി ഫൗണ്ടേഷന്‍ കമ്മിറ്റി എന്നിവ നിയമപരമായി ഇല്ലാതാവുകയും അവയുടെ സ്വത്തുവഹകള്‍ അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിലേക്ക് മാറ്റപ്പെടുകയും ചെയ്തിരിക്കുന്നു. ഗവര്‍ണര്‍ ജനറലായിരിക്കും ലോഡ് റെക്ടര്‍.
1915ല്‍ ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിയും ഇരുപതുകളുടെ തുടക്കത്തില്‍ പട്ന, ലഖ്നോ, ധാക്ക എന്നിവിടങ്ങളിലെ സര്‍വകലാശാലകളും നിലവില്‍വന്നിട്ടും ഇവക്കൊന്നും അലീഗഢിനു നല്‍കിയ ‘സവിശേഷ പദവി ’ അനുവദിക്കാതിരുന്നത് ആ സ്ഥാപനത്തിന്‍െറ ചരിത്രപശ്ചാത്തലവും ഉദ്ദേശ്യലക്ഷ്യവും പൂര്‍ണമായും ഉള്‍ക്കൊണ്ടതിനാലാണ്.

നെഹ്റു യുഗം

1930കളിലും നാല്‍പതുകളിലും അലീഗഢ് സര്‍വകലാശാലക്കെതിരെ ആര്‍.എസ്.എസ് കുപ്രചാരണങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. അതിനെ തകര്‍ക്കാനുള്ള രഹസ്യനീക്കങ്ങള്‍ പലതും പരാജയപ്പെട്ടുവെന്ന് മാത്രമല്ല, ദേശീയ പ്രസ്ഥാനത്തിന്‍െറ നേതൃനിരയിലേക്ക് എണ്ണമറ്റ പ്രഗല്ഭമതികളെ യൂനിവേഴ്സിറ്റി സംഭാവന ചെയ്തു. സ്വാതന്ത്ര്യപ്പുലരിയില്‍തന്നെ തീവ്രവലതുപക്ഷം സര്‍വകലാശാലക്കെതിരെ വാളോങ്ങിയപ്പോഴാണ്, വിമര്‍ശകരെ ഇരുത്തുന്നതിന് നെഹ്റുവിന്‍െറ നേതൃത്വത്തില്‍ 1951ലെ നിയമഭേദഗതി കൊണ്ടുവരുന്നത്. 1920ലെ അലീഗഢ് ആക്ടില്‍നിന്ന് 23 (1) വകുപ്പ് എടുത്തുകളഞ്ഞപ്പോള്‍ മുസ്ലിമിതര വിഭാഗത്തിനും കോര്‍ട്ടില്‍ അംഗങ്ങളാവാം എന്ന അവസ്ഥ സംജാതമായി. മതപഠനം ഐച്ഛികവിഷയമായി മാറുകയും ചെയ്തു. എന്നാല്‍, അപ്പോഴൊന്നുംതന്നെ സര്‍വകലാശാല മുസ്ലിം ന്യൂനപക്ഷത്തിന്‍െറ സ്വത്താണ് എന്നകാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. പ്രഥമ പ്രസിഡന്‍റ് യൂനിവേഴ്സിറ്റി സന്ദര്‍ശിച്ചപ്പോള്‍ അന്നത്തെ വൈസ് ചാന്‍സലര്‍ സാക്കിര്‍ ഹുസൈന് അദ്ദേഹത്തെ ഓര്‍മിപ്പിക്കാനുണ്ടായിരുന്നത് ഇതാണ്: ‘അലീഗഢ് സര്‍വകലാശാല ദേശീയജീവിതത്തില്‍ ഏതുവിധം ഭാഗഭാക്കാവുന്നുവോ, ഇന്ത്യയുടെ ദേശീയ ജീവിതത്തില്‍ മുസ്ലിംകളുടെ സ്ഥാനം നിര്‍ണയിക്കുന്നത് അതായിരിക്കും. അപ്രകാരംതന്നെ, അലീഗഢിനോട് ഇന്ത്യന്‍ ഭരണകൂടം ഏതുനിലയില്‍ പെരുമാറുന്നുവോ അതിനനുസരിച്ചുള്ള ദേശീയജീവിതമായിരിക്കും ഭാവിയില്‍ നാം ആര്‍ജിക്കാന്‍ പോകുന്നത്.’ പാകിസ്താന്‍ സ്ഥാപിക്കപ്പെട്ടതോടെ അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി അടച്ചുപൂട്ടണമെന്നുപോലും ആര്‍.എസ്.എസും ഹിന്ദുമഹാസഭയും കിട്ടാവുന്ന വേദികളിലെല്ലാം ആക്രോശങ്ങള്‍ നടത്തുന്ന കാലഘട്ടമായിരുന്നു അത്. എന്നാല്‍, നെഹ്റുവിന്‍െറ വിയോഗത്തോടെ, രാഷ്ട്രീയപരമായി നിരവധി  വെല്ലുവിളികള്‍ നേരിട്ട ഒരുഘട്ടത്തില്‍ ഇന്ദിര ഗാന്ധി തീവ്ര വലതുപക്ഷത്തിന്‍െറ പിന്തുണ നേടിയെടുക്കാന്‍ അലീഗഢിലേക്ക് തിരിഞ്ഞു. വിദ്യാഭ്യാസമന്ത്രിയായിരുന്ന മുഹമ്മദ് കരീം ചഗ്ള എന്ന കോടാലിപ്പിടിയെ ഉപയോഗിച്ച് ഇന്ദിര അലീഗഢ് നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. അലീഗഢ് കോര്‍ട്ടിന്‍െറ ഭരണാധികാരപദവി എടുത്തുകളയുകയും എക്സിക്യൂട്ടിവ് കൗണ്‍സിലിനെ മുഴുവന്‍ അധികാരവും കൈയേല്‍പിക്കുകയുമായിരുന്നു. കോര്‍ട്ട് അംഗങ്ങളെ നിയമിക്കാനുള്ള അധികാരം വിസിറ്ററില്‍ നിക്ഷിപ്തമായതോടെ യൂനിവേഴ്സിറ്റി സര്‍ക്കാറിന്‍െറ പൂര്‍ണ നിയന്ത്രണത്തിലായി.  ഈ ആക്ടിനെതിരെ പരമോന്നത നീതിപീഠത്തെ സമീപിച്ചപ്പോള്‍ നിരാശയായിരുന്നു ഫലം.  1967 ഒക്ടോബര്‍ 30ന് ചീഫ് ജസ്റ്റിസ് വാഞ്ചുവിന്‍െറ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ചഗ്ളയുടെ നിലപാട് ആവര്‍ത്തിച്ചു. അസീസ് ബാഷ-യൂനിയന്‍ ഓഫ് ഇന്ത്യ കേസിന്‍െറ (Azeez Basha Vs Union of India- AIR 1968 SCC) വിധി  യൂനിവേഴ്സിറ്റിയുടെ ന്യൂനപക്ഷ സ്വഭാവത്തിന്‍െറ കടക്കാണ് കത്തിവെച്ചത്. ഭരണഘടനയുടെ 30ാം അനുച്ഛേദം പ്രദാനംചെയ്യുന്ന ന്യൂനപക്ഷസ്ഥാപനം എന്ന നിലക്കുള്ള ആനുകൂല്യങ്ങള്‍ വകവെച്ചുതരുന്ന പദവി 1920ലെ അലീഗഢ് ആക്ട് നല്‍കുന്നില്ല എന്നാണ് കോടതിയുടെ വാദം. ഈ വിധിക്കെതിരെ നേരെചൊവ്വെ ചിന്തിക്കുന്ന എല്ലാവിഭാഗങ്ങളും ശക്തമായ ശബ്ദമുയര്‍ത്തിയപ്പോഴാണ് 1981ല്‍ ഇന്ദിര ഗാന്ധി മറ്റൊരു ഭേദഗതി കൊണ്ടുവരുന്നത്. എന്നാല്‍, ഭേദഗതികൊണ്ട് ന്യൂനപക്ഷ സ്വഭാവം തിരിച്ചുകിട്ടില്ളെന്നും മുസ്ലിം വിദ്യാര്‍ഥികള്‍ക്കുള്ള സംവരണം ഭരണഘടനാവിരുദ്ധവുമാണെന്നും അലഹബാദ് ഹൈകോടതി വിധിച്ചപ്പോള്‍ അതിനെതിരെയാണ് പരമോന്നത നീതിപീഠത്തെ സമീപിച്ചത്. ഈ കേസിലാണ് യു.പി.എ സര്‍ക്കാറിന്‍െറ നിലപാടിനെ പൂര്‍ണമായും തള്ളിക്കൊണ്ട് അലീഗഢ് സര്‍വകലാശാല ന്യൂനപക്ഷത്തിന്‍േറതല്ല എന്ന് ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
ചരിത്രത്തിന്‍െറ  ദശാസന്ധിയില്‍ തന്‍െറ സമൂഹത്തിന്‍െറ ഉല്‍ക്കര്‍ഷത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച അഹ്മദ് ഖാന്‍െറയും സഹപ്രവര്‍ത്തകരുടെയും ത്യാഗങ്ങളെ ചവിട്ടിയരക്കാനും നിയമങ്ങളെയും ഭരണഘടനാവ്യവസ്ഥകളെയും ദുര്‍വ്യാഖ്യാനം ചെയ്യാനും ഒരുമ്പെട്ട് ഒരുകൂട്ടം അസഹിഷ്ണുക്കള്‍ നടത്തുന്ന ജുഗുപ്സാവഹമായ നീക്കങ്ങളെ പരാജയപ്പെടുത്താന്‍ രാജ്യത്തിനു സാധിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു മതേതരത്വത്തിന്‍െറ ഭാവി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.