മഹിഷാസുരനെ സ്തുതിക്കുമ്പോള്‍ ദലിതര്‍ക്ക് നഷ്ടപ്പെടുന്നത്

ഹിന്ദുത്വ ഫാഷിസത്തിനെതിരെ എഴുത്തുകാര്‍ തുടങ്ങിവെച്ച പ്രതീകാത്മക സമരങ്ങള്‍ തീര്‍ച്ചയായും നല്ളൊരു തുടക്കമായിരുന്നു. ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ രോഹിത് വെമുലയുടെ ആത്മഹത്യയും ബന്ധപ്പെട്ട പ്രക്ഷോഭങ്ങളും അത് കൂടുതല്‍ ജനകീയമാക്കിത്തീര്‍ത്തു. ജെ.എന്‍.യുവിലെ കനയ്യ കുമാര്‍ സംഭവത്തോടെ നോം ചോംസ്കിക്കും ഓര്‍ഹന്‍ പാമുക്കിനും പ്രതികരിക്കാന്‍ തോന്നുംവിധം ഇന്ത്യയിലെ അസഹിഷ്ണുതാ രാഷ്ട്രീയം വെളിച്ചത്താകുകയും ചെയ്തു.
ഉമ്പര്‍ട്ടോ എക്കോ കുറിച്ച ഫാഷിസലക്ഷണങ്ങളില്‍ അവസാനത്തെ രണ്ടെണ്ണമായ അധികാര സംരക്ഷണാര്‍ഥം സൈന്യത്തെ ഉപയോഗിക്കലും തെരഞ്ഞെടുപ്പില്‍ കൃത്രിമംകാണിക്കലും സംഭവിക്കാതെ തടഞ്ഞുനിര്‍ത്തലായിരിക്കണം ഇനി ഈ രംഗത്തുള്ള ജനകീയപ്രക്ഷോഭകര്‍ ഏറ്റെടുക്കേണ്ട പ്രധാന ദൗത്യങ്ങള്‍. പ്രസ്തുത ദൗത്യനിര്‍വഹണത്തില്‍ പറ്റുന്ന നേരിയ പാളിച്ചപോലും മാരകമായിരിക്കും എന്ന തിരിച്ചറിവിലാണ് പലയിടത്തും അരങ്ങേറിക്കൊണ്ടിരിക്കുന്ന മഹിഷാസുര ആരാധന എന്ന കോമാളിക്കളിയെ നാം തള്ളിക്കളയേണ്ടത്.
    എങ്ങനെയാണ് ചില അംബേദ്കറിസ്റ്റുകള്‍ നടത്തുന്ന മഹിഷാസുര ആരാധന ആത്മഹത്യാപരമായ കോമാളിക്കളിയും ഫാഷിസ്റ്റുകളെ സഹായിക്കുന്നതുമായിത്തീരുന്നത്?
ഒന്നാമതായി മഹിഷാസുരനെയും മറ്റും ന്യായീകരിക്കേണ്ടതരത്തില്‍ പുരാണേതിഹാസങ്ങളിലെ അസുരരും രാക്ഷസരും ദലിതരാണെന്ന ചിന്തക്ക് ഒരു അടിസ്ഥാനവുമില്ല. ദുര്‍ഗപൂജയുടെ ഈറ്റില്ലമായ ബംഗാളില്‍ സകലമാന ദലിതരും മഹിഷാസുരനെയല്ല, മഹിഷാസുരമര്‍ദിനിയെയാണ് ആരാധിക്കുന്നത്. മഹാനെങ്കിലും പെരിയാറിന്‍െറ അന്ധമായ ബ്രാഹ്മണവിരോധത്തിന്‍െറ സൃഷ്ടിയായിരുന്നു അക്കാലത്ത് ആരംഭിച്ച അസുര-രാക്ഷസപ്രേമവും രാവണന്‍െറയും മറ്റും മഹത്ത്വവത്കരണവും. ഇത്തരം ചിന്തകളില്‍നിന്ന് പ്രചോദനംകൊള്ളുന്ന മഹിഷാസുര ആരാധന ആധുനികകാലത്ത് ദലിതര്‍ ഏറ്റെടുക്കേണ്ടതുണ്ടോ? താന്‍ ബ്രാഹ്മണനെയല്ല, ബ്രാഹ്മണിസത്തെയാണ് വെറുക്കുന്നതെന്ന് അംബേദ്കര്‍ക്കുപോലും പെരിയാറിനെ വിമര്‍ശിച്ച് പറയേണ്ടിവന്നിട്ടുണ്ട്. കാരണം, പട്ടരേയും സര്‍പ്പത്തേയും കണ്ടാല്‍ സര്‍പ്പത്തെ വിട്ട് പട്ടരെ കൊല്ലുക എന്നതരത്തിലുള്ള ജാതിവിരോധം ബ്രാഹ്മണിസത്തിന്‍െറ പ്രത്യയശാസ്ത്രത്തെ തന്നെ കീഴാളരില്‍ പുനരുല്‍പാദിപ്പിക്കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.
രണ്ടാമതായി ഒരു ജനാധിപത്യ വ്യവസ്ഥയില്‍ സാത്മീകരിക്കേണ്ട ഒരു മൂല്യവും ദേവീമാഹാത്മ്യ സാഹിത്യത്തിലെ മഹിഷാസുര കഥാപാത്രം പ്രതിനിധാനം ചെയ്യുന്നില്ല. മഹിഷാസുരന്‍ ഏകാധിപതിയാണ്, അധികാരഗര്‍വിയാണ്, യുദ്ധത്തില്‍ കീഴ്പ്പെടുത്തി പ്രാപിക്കേണ്ട ഉപഭോഗവസ്തുവായി സ്ത്രീയെ പരിഗണിച്ചവനാണ്. പശുത്വവും മനുഷ്യത്വവുമായി ശ്രീനാരായണഗുരു നടത്തിയ വിഭജനത്തെ പുച്ഛിക്കുന്ന വികൃതസൃഷ്ടിയാണ്. ആത്യന്തികമായി അവിദ്യയുടെ പ്രതീകവുമാണ് (മഹിഷാസുരനെ നന്മയുടെ പ്രതീകമായി ചിത്രീകരിക്കുന്ന ഒരു ആഖ്യാനത്തിനും പ്രാചുര്യമില്ലതാനും).
മൂന്നാമതായി മഹിഷാസുര ആരാധനയില്‍ മഹിഷാസുരന്‍െറ തിന്മകളെ മുഴുവന്‍ ദലിതര്‍ ഏറ്റെടുക്കലാണ് സത്യത്തില്‍ സംഭവിക്കുന്നത്. ഇങ്ങനെചെയ്യാന്‍ ഏകാധിപത്യത്തിന്‍െറയോ സ്ത്രീപീഡനത്തിന്‍െറയോ അവിദ്യയുടേയോ പാരമ്പര്യമല്ല കീഴാളജനതക്കുള്ളത്. അധ്വാനിക്കുന്നവന്‍െറ ബഹുസ്വരമായ ജനാധിപത്യം സൂക്ഷിച്ചവരും, ഭാരതീയസംസ്കാരത്തിന്‍െറ യഥാര്‍ഥ ഉല്‍പാദകരും, ആദിവാസിഗോത്രങ്ങളില്‍ പ്രകടമാകുന്നതരത്തില്‍ സ്ത്രീക്ക് സ്വയം നിര്‍ണയാവകാശം നല്‍കിയവരുമാണവര്‍. അതുകൊണ്ടാണ് തകഴിയുടെ ‘രണ്ടിടങ്ങഴി’യില്‍ മേലാളനായ പുഷ്പവേലില്‍  ചാക്കോ നെറികെട്ടവനും പെണ്ണുപിടിയനുമാകുമ്പോള്‍ മണ്ണില്‍ പൊന്നുവിളയിക്കുന്ന പുലയര്‍ (കോരനും ചാത്തനും മറ്റും) സത്യസന്ധരും സന്മാര്‍ഗികളുമാകുന്നത്. താന്‍ മോഹിച്ച പെണ്ണായിരുന്നു കോരന്‍െറ ഭാര്യ ചിരുതയെങ്കിലും കോരന്‍െറ ജയില്‍വാസകാലം മുഴുവന്‍ പുറംകോലായില്‍ പായ വിരിച്ചുകിടന്നാണ് ചാത്തന്‍ ചിരുതയെ പെങ്ങളെപ്പോലെ സംരക്ഷിക്കുന്നത്. ഈ രാജ്യത്തിനൊരു മഹത്ത്വമുണ്ടെങ്കില്‍ അതിന്‍െറ യഥാര്‍ഥ അവകാശികള്‍ കീഴാളരാണെന്നതിന്‍െറ നിദര്‍ശനമാണ് രാമായണ കര്‍ത്താവായ വാല്മീകി കാട്ടാളനും മഹാഭാരത രചയിതാവായ വേദവ്യാസന്‍ മുക്കുവനുമായിത്തീര്‍ന്നത്.
കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ തിന്മയുടേയും തിന്മയാല്‍ തോല്‍പിക്കപ്പെട്ടതിന്‍േറയും പ്രതിരൂപത്തെ ദലിതര്‍ സ്വന്തവത്കരിക്കുന്നത് വരേണ്യഫാഷിസ്റ്റുകള്‍ക്ക് അവരുടെ പണി  എളുപ്പമാക്കുകയാണ് ചെയ്യുന്നത്. ഇതുംപറഞ്ഞ് കീഴാള ജനത കൊള്ളരുതാത്തവരാണെന്ന് അവര്‍ സംസ്ഥാപിക്കുന്നു. കീഴാളരുടെ ഇന്നത്തെ അവസ്ഥ മേലാളരുടെ പീഡനങ്ങള്‍ കൊണ്ടല്ല സ്വയംകൃതാനാര്‍ഥം കൊണ്ടാണെന്നും അവര്‍ക്ക് പ്രചരിപ്പിക്കാന്‍ സാധിക്കുന്നു. പോകെപ്പോകെ വിശിഷ്ടമായ അധ്വാനത്തിന്‍െറ പൈതൃക ഉടമകള്‍ അവനവനെ ഇരകളായി ശപിക്കുന്ന അപകര്‍ഷബോധത്തിന് അടിമപ്പെടുന്നു. എന്‍െറകുറ്റം എന്‍െറ ജന്മംതന്നെയാണെന്ന രോഹിത് വെമുലയുടെ ആത്മഹത്യാക്കുറിപ്പില്‍ ഈയൊരു മനശ്ശാസ്ത്രത്തിന്‍െറ നിഴലാട്ടം തെളിഞ്ഞുകാണാം. ഞങ്ങളാണ് പൂര്‍ണമായും ജീവിതാര്‍ഹരെന്ന് ദലിത് സ്വത്വത്തിന് പ്രഖ്യാപിക്കാന്‍ കഴിയുന്നനേരത്താണ് കീഴാളര്‍ വിമോചനമാര്‍ഗത്തില്‍ എത്തിച്ചേരുന്നത്.
സത്യത്തില്‍ സവര്‍ണ പ്രത്യയശാസ്ത്രത്തോട് ദലിതര്‍ കണക്കുതീര്‍ക്കേണ്ടത് തങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടതും തങ്ങളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതുമായ സാംസ്കാരികസമ്പത്തുകള്‍ മേലാളരില്‍നിന്ന് തിരിച്ചുപിടിച്ചുകൊണ്ടായിരിക്കണം. അല്ലാതെ ബ്രാഹ്മണന്‍ തൊട്ട് അശുദ്ധമാക്കിയെന്നുകരുതി അവയെ നിരുപാധികം വിട്ടുകൊടുത്തുകൊണ്ടല്ല.  പ്രവര്‍ജന ബ്രാഹ്മണ്യത്തിന് മുമ്പുള്ള വൈദികകാലത്തെ സാംസ്കാരികനിര്‍മിതികള്‍ അധ്വാനിക്കുന്ന ജനവിഭാഗമല്ലാതെ മറ്റാരുമല്ല നടത്തിയിട്ടുണ്ടാവുക എന്നകാര്യത്തില്‍ സംശയമില്ല. പിന്നീട് വരേണ്യപീഠം കയറിയവര്‍ അവര്‍ക്ക് അതിന്‍െറ അവകാശം നഷ്ടപ്പെടുത്തിയെന്നുമാത്രം. ഏത് ക്ളാസിക്കല്‍ കലയിലാണ് ഫോക്ലോറിന്‍െറ ഉല്‍പന്നം കണ്ടത്തൊന്‍ കഴിയാത്തത്? ഏത് സവര്‍ണദൈവത്തിലാണ് മാടന്‍േറയും കാളിയുടേയും കാലിച്ചെറുക്കനായ കൃഷ്ണന്‍േറയും ജനിതകവിത്തുകള്‍ അലറിയാര്‍ക്കാത്തത്? കുട്ടികളെപ്പിടുത്തക്കാര്‍ വേഷം കെട്ടിച്ച് നിര്‍ത്തിയെന്നുവെച്ച് നമ്മള്‍ നമ്മുടെ മക്കളെ തിരിച്ചറിയാതിരിക്കുന്നത് ഭൂഷണമാണോ?
പുരാണേതിഹാസങ്ങളില്‍ നന്മയെ പ്രതിനിധാനംചെയ്യുന്ന ദേവന്മാര്‍ തങ്ങളാണെന്നും തിന്മയെ പ്രതിനിധാനംചെയ്യുന്ന അസുരന്മാര്‍ നിങ്ങളാണെന്നും സവര്‍ണപിശാചുക്കളോട് കീഴാളര്‍ കട്ടായം പറയേണ്ട കാലം അതിക്രമിച്ചിരിക്കയാണ്. ചെറായിക്കടുത്തുള്ളൊരു ക്ഷേത്രത്തില്‍ കീഴാളപ്രവേശം അനുവദിച്ചതിനെ തുടര്‍ന്ന് തേവന്‍ എന്ന പുലയന്‍ കുളിച്ച് കുറിയിട്ട് അമ്പലത്തില്‍ കടന്നപ്പോള്‍ അത് തേവനല്ല, സാക്ഷാല്‍ ദേവനാണെന്നുപറഞ്ഞ് ശ്രീനാരായണഗുരു തേങ്ങിക്കരഞ്ഞതായി കേട്ടിട്ടുണ്ട്. ഇതുവരെ ദേവനെ ക്ഷേത്രപ്പുറത്ത് നിര്‍ത്തി വരേണ്യാസുരര്‍ കടുത്ത അതിക്രമം കാണിച്ചു എന്നായിരുന്നു അദ്ദേഹം പറഞ്ഞതിന്‍െറ അര്‍ഥം. ഈ പൊരുള്‍തന്നെയായിരുന്നു ഗുരു തന്‍െറ ജീവിതത്തിലുടനീളം പ്രവര്‍ത്തിച്ചുകാണിച്ചതും. സദ്ഗുണ സങ്കല്‍പങ്ങളെ ദേവതകളായി പ്രതിഷ്ഠിച്ച് അതില്‍നിന്ന്  പ്രത്യയനോര്‍ജം നേടുകയെന്ന നാടിന്‍െറ സിദ്ധവിദ്യയെ മേലാളര്‍ കുത്തകവത്കരിച്ചപ്പോള്‍ അദ്ദേഹം തന്‍േറതായ ഈഴവശിവനെ പുഴയില്‍നിന്ന് ഉയര്‍ത്തിയെടുത്തു. തുടര്‍ന്ന് കണ്ണാടിപ്രതിഷ്ഠയോടെ ആരണ്യകങ്ങള്‍ നിവേദിച്ച അദൈ്വതസാരത്തേയും യഥാര്‍ഥ അവകാശികള്‍ക്കുവേണ്ടി തിരിച്ചുപിടിച്ചു. സവര്‍ണര്‍ കവര്‍ന്നെടുത്ത് വികൃതവത്കരിച്ചതിനെയെല്ലാം കീഴാളപ്പുണ്യാഹം തളിച്ച് മടക്കിയെടുക്കലായിരുന്നു ഗുരുദേവന്‍െറ പ്രധാന ജീവിതദൗത്യം.
നാലാമതായി മഹിഷാസുരാരാധന ഫാഷിസ്റ്റുകളെ സഹായിക്കുന്ന കോമാളിക്കളിയായി മാറുന്നത് അത് ഭൂതകാലവുമായി അങ്കംകുറിച്ച് വര്‍ത്തമാനകാലത്തെ വെറുതെവിടുന്നു എന്നതുകൊണ്ടാണ്. ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ പുരാണേതിഹാസങ്ങളിലെ ദേവന്മാരൊന്നുമല്ല, ദലിതുകള്‍ക്ക് അസുരവേഷമിട്ട് അവരുമായി യുദ്ധംവെട്ടാന്‍. ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ കോര്‍പറേറ്റ് വെള്ളപ്പിശാചിന്‍െറ കൂട്ടിക്കൊടുപ്പുകാര്‍ മാത്രമാണ്. ഒരു ദേവത്വമഹിമയുമില്ലാതെ അവര്‍ ഒരുവശത്ത് ബീഫ് തിന്നവനെ കൊല ചെയ്തുകൊണ്ട് മറുവശത്ത് പശുമാംസം കയറ്റിയയക്കുന്നു. കാമധേനുവിനെ പോറ്റുന്നതിന് പകരം കോളക്കമ്പനികളെ യഥേഷ്ടം കറക്കുന്നു. അവരുടെ ലോകത്ത് സ്വയം നിര്‍ണയാവകാശമുള്ള ഉര്‍വശിയോ മേനകയോ രംഭയോ തിലോത്തമയോ ഇല്ല. രാത്രി ഇറങ്ങിനടന്നാല്‍ ബലാത്സംഗം ചെയ്യുന്ന പാവം പെണ്‍കുട്ടികളും ജാതിമാറി വിവാഹം കഴിച്ചതിന്‍െറ പേരില്‍ ചുട്ടുകൊല്ലുന്ന പെണ്ണുങ്ങളുമാണുള്ളത്. ഭൂതകാല പേക്കിനാക്കളില്‍വെച്ചല്ല വര്‍ത്തമാനകാല യാഥാര്‍ഥ്യത്തില്‍വെച്ചാണ് അവരെ എതിരിടേണ്ടത് എന്നതിനാല്‍ സാമ്പത്തികയാഥാര്‍ഥ്യങ്ങള്‍ വിസ്മരിച്ചുള്ള സാംസ്കാരിക ചൊറിച്ചിലുകള്‍ ജനപക്ഷത്തിന് ദോഷമേ വരുത്തൂ എന്ന് മനസ്സിലാക്കണം.   
     ഫാഷിസ്റ്റ് ഭീകരതക്കെതിരെയുള്ള ആഭിചാരകര്‍മം എന്ന നിലക്കാണെന്ന് തോന്നുന്നു അംബേദ്കറെപ്പോലും ന്യൂനീകരിക്കുന്ന അംബേദ്കറിസ്റ്റുകളുടെ മഹിഷാസുര ആഘോഷങ്ങള്‍ക്ക് മുസ്ലിം സംഘടനകള്‍ ഒത്താശ ചെയ്യുന്നത്. ഇസ്ലാമിക തത്ത്വപ്രകാരമാണെങ്കിലും നബിചര്യ പ്രകാരമാണെങ്കിലും അങ്ങേയറ്റം തെറ്റാണിതെന്ന് പറയാതെവയ്യ. ജാതീയ-വംശീയപ്രശ്നങ്ങള്‍ തീര്‍ക്കാനല്ല, നേരിനും നീതിക്കും വേണ്ടിയായിരുന്നു സ്വഗോത്രക്കാരായ ഖുറൈശികളുമായി മുഹമ്മദ് നബി ഇടഞ്ഞത്. ശത്രുക്കളെ തോല്‍പിക്കാന്‍ തിന്മയുടെ പ്രതിനിധാനങ്ങളെ അദ്ദേഹം ഒരിക്കലും കൂട്ടുപിടിച്ചില്ല. പരമകാരുണികനായ അല്ലാഹുവിനെ മാത്രമാണ് ആശ്രയിച്ചത്. തിന്മയെ തിന്മ കൊണ്ടല്ല, നന്മ കൊണ്ടാണ് നേരിടേണ്ടതെന്നും റസൂല്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.
 ബ്രാഹ്മണര്‍ പഴം തിന്ന് തോല് വലിച്ചെറിയുമ്പോള്‍ തങ്ങള്‍ തോല് തിന്ന് പഴം വലിച്ചെറിയുമെന്ന തരത്തിലല്ല ജാതിപ്രത്യയശാസ്ത്രത്തോടുള്ള പ്രതിരോധം വളരേണ്ടത്. മേലാളരെ തോല് തിന്നാന്‍ ഏമിച്ചില്ളെങ്കിലും ഇവിടെ കായ്ച്ച സകലഫലങ്ങളും തങ്ങളുടേതാണെന്ന അവകാശം കീഴാളര്‍ സ്ഥാപിക്കുകതന്നെ വേണം. അടിസ്ഥാനവര്‍ഗത്തിന്‍െറ നന്മയും നിഷ്കളങ്കതയുമായിരുന്നു അവരെ മുതലെടുത്ത ശേഷം പ്രവര്‍ജിച്ച് തീണ്ടാപ്പാടകലെ നിര്‍ത്താന്‍ ചിലര്‍ക്ക് സൗകര്യമുണ്ടാക്കിയത്. അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സി’ലെ വെളുത്തയെ നോക്കൂ- പ്രാഗല്ഭ്യത്തിലും നന്മയിലും കാരുണ്യത്തിലും മാത്രമല്ല, വരേണ്യസ്ത്രീയെ പരമാനന്ദത്തിലത്തെിക്കാനുള്ള പ്രേമശക്തിയിലും അദ്വിതീയനാണ് അദ്ദേഹം. ഈയൊരു പാരമ്പര്യത്തിലുള്ളവരാണോ അഹന്തയുടേയും ധിക്കാരത്തിന്‍േറയും സ്ത്രീവിരുദ്ധതയുടേയും അവിദ്യയുടേയും പ്രതീകമായ മഹിഷാസുരനെ പൂജിച്ച് വെറുതെ നാണംകെടുന്നത്? ക്രോധം മറ്റുള്ളവര്‍ ചെയ്ത തെറ്റിന് സ്വയം ശിക്ഷിക്കലാണെന്ന പഴമൊഴി എന്തൊരു ശരി.
ജാതിക്കോമരങ്ങളുടെ കുതന്ത്രങ്ങളാല്‍ കീഴാളജനതക്ക് ആത്മാഭിമാനം നഷ്ടപ്പെടുന്ന ഇക്കാലത്തതാ അതിനെ കുടഞ്ഞുണര്‍ത്താന്‍ ഒരു ദലിതന്‍ വെള്ളിവെളിച്ചത്തില്‍ ഉയിര്‍ത്തിരിക്കുന്നു. നമ്മുടെ മണി തന്നെ, കലാഭവന്‍ മണി. അടിമുടി കലാകാരന്‍, കാരുണ്യവാന്‍, സ്നേഹനിധി, ഓര്‍മകള്‍ ഉള്ളവന്‍, സംഗീതം പഠിച്ചിട്ടില്ളെങ്കിലും ഒരിക്കലും തനിക്ക് ശ്രുതി തെറ്റുകയില്ളെന്ന് യേശുദാസിനെപ്പോലും തെര്യപ്പെടുത്തിയവന്‍. മണിയെ ഓര്‍ത്തിട്ടെങ്കിലും അംബേദ്കറിസ്റ്റുകള്‍ തങ്ങളുടെ ആത്മനാശത്വരകളില്‍നിന്ന് പിന്മടങ്ങി വിവേകപൂര്‍വം ഇന്ത്യയെ ഗ്രസിക്കുന്ന ഫാഷിസത്തെ എതിരിടേണ്ടതാണ്. കാള്‍ മാര്‍ക്സും മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയും നിങ്ങളുടെ ശത്രുക്കളല്ല, സുഹൃത്തുക്കളാണ്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.