ആരും എളുപ്പം രാജ്യദ്രോഹിയായിപ്പോവുന്ന കാലത്താണല്ലോ നാമെല്ലാം ജീവിച്ചിരിക്കുന്നത്. പേരെടുത്ത ദേശസ്നേഹികളുടെ ദേശസ്നേഹം കണ്ടാല്‍ ആരും രാജ്യദ്രോഹിയായിപ്പോവും. പഠിപ്പും വിവരവുമുള്ള കുട്ടികളെ കാണുമ്പോഴൊക്കെ ഈ തീവ്രദേശീയവാദികള്‍ക്ക് ദേശസ്നേഹത്തിന്‍െറ ചൊറിച്ചില്‍ കാരണം നില്‍ക്കപ്പൊറുതിയില്ലാതാവും. അവരുടെ ശത്രു വിദ്യാഭ്യാസവും വിവേകവും ചിന്താശേഷിയുമൊക്കെയാണ്. അവര്‍ ആരെയെങ്കിലും രാജ്യദ്രോഹി എന്ന് ചാപ്പകുത്തിയാല്‍ അയാള്‍ക്ക് എന്തോ ചില വിശിഷ്ട ഗുണങ്ങളുണ്ട് എന്നു സംശയിക്കേണ്ടിവരുന്നത് അതുകൊണ്ടാണ്. അങ്ങനെ അവരുടെ കണ്ണില്‍ രാജ്യദ്രോഹിയായ കനയ്യ കുമാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ യുവത്വത്തിന്‍െറ തീപ്പൊരിയാണ് എന്ന് നാം വൈകാതെ തിരിച്ചറിഞ്ഞു. കനയ്യയുടെ തോളോടു തോള്‍ ചേര്‍ന്ന് പൊരുതിയവരെല്ലാം രാജ്യദ്രോഹികളെന്നു മുദ്രകുത്തപ്പെട്ടു. അക്കൂട്ടത്തില്‍പെട്ട ഒരു യുവാവ് ഇപ്പോള്‍ കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്. പേര് മുഹമ്മദ് മുഹ്സിന്‍. വയസ്സ് മുപ്പത്. പതിനഞ്ചുകൊല്ലമായി പട്ടാമ്പി മണ്ഡലം ഭരിച്ച സി.പി. മുഹമ്മദിനെ മലര്‍ത്തിയടിച്ച് സഭാപ്രവേശം നടത്തിയിരിക്കുകയാണ് ഈ യുവതാരം.
മുഹ്സിന്‍ തോല്‍പിച്ചത് സി.പി. മുഹമ്മദിനെ മാത്രമല്ല എന്ന് തിരിച്ചറിയുമ്പോഴാണ് ഈ വിജയത്തിന്‍െറ വ്യാപ്തി വെളിപ്പെടുന്നത്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ എ.ഐ.എസ്.എഫ് യൂനിറ്റിന്‍െറ വൈസ് പ്രസിഡന്‍റ് കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുമ്പോള്‍ തോല്‍ക്കുന്നത് ജെ.എന്‍.യു സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച കേന്ദ്രസര്‍ക്കാര്‍ ആണ്; വിദ്യാര്‍ഥികളെയും ചിന്താശേഷിയുള്ള യുവത്വത്തെയും ശത്രുക്കളായി കാണുന്ന പിന്തിരിപ്പന്‍ പ്രത്യയശാസ്ത്രമാണ്; ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യം വിനിയോഗിച്ചതിന്‍െറ പേരില്‍ പൗരനെ കുറ്റവാളിയാക്കുന്ന രാഷ്ട്രീയനേതൃത്വമാണ്. പട്ടാമ്പി മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ജെ.എന്‍.യു വിദ്യാര്‍ഥിയായ രാജ്യദ്രോഹിയാണ് എന്നുപറഞ്ഞ മുസ്ലിംലീഗിന്‍െറ മുഖപത്രവുമുണ്ട് തോറ്റവരുടെ കൂട്ടത്തില്‍. സുപ്രീംകോടതി തൂക്കിലേറ്റാന്‍ വിധിച്ച രാജ്യദ്രോഹി അഫ്സല്‍ ഗുരുവിനെ രാജ്യസ്നേഹിയായി വാഴ്ത്തുന്ന അവതാരത്തെയാണ് എല്‍.ഡി.എഫ് മത്സരത്തിന് ഇറക്കിയതെന്ന് പരിഹസിച്ച് സ്വയം അപഹാസ്യരായ ലീഗിന് ഇത് നാണംകെട്ട തോല്‍വിയാണ്. മുഹ്സിന്‍ രാജ്യദ്രോഹിയല്ളെന്ന് പട്ടാമ്പിക്കാര്‍ തെളിയിച്ചുകൊടുക്കണമെന്ന് പ്രചാരണത്തിനത്തെിയ കനയ്യ കുമാര്‍ പറഞ്ഞിരുന്നു. സങ്കുചിത ദേശീയവാദത്തെ തള്ളിപ്പറഞ്ഞുകൊണ്ട് പട്ടാമ്പിക്കാര്‍ അത് തെളിയിച്ചുകൊടുത്തു. മുഹ്സിന്‍െറ വിജയം മോദിക്കുള്ള മറുപടിയായിരിക്കുമെന്നും കനയ്യ കുമാര്‍ പറഞ്ഞിരുന്നു. അങ്ങനെ പട്ടാമ്പിയുടെ ജനവിധി കേരളം മോദിക്കു നല്‍കിയ ചുട്ട മറുപടി കൂടിയായി. അത് ഒരു വെറും വിജയമായിരുന്നില്ല. 7404 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് മുഹ്സിന്‍ ജയിച്ചുകയറിയത്. എതിര്‍സ്ഥാനാര്‍ഥി സി.പി. മുഹമ്മദ് പട്ടാമ്പി മണ്ഡലത്തില്‍പെട്ട വിളയൂര്‍ പഞ്ചായത്തിലെ 24ാം നമ്പര്‍ ബൂത്തില്‍ വോട്ടറായ വീട്ടമ്മക്ക് പണം നല്‍കി എന്ന ആരോപണം ശക്തമായപ്പോള്‍ മുഹ്സിന്‍ വോട്ടര്‍മാരോട് പറഞ്ഞത് ഇങ്ങനെ: ‘വോട്ടിന് പകരം തരാന്‍ പണമില്ല. സ്നേഹവും നല്ളൊരു നാളെയും തരാം.’ ആ യുവാവിന്‍െറ വാക്കുകളില്‍ പട്ടാമ്പി പ്രതീക്ഷയര്‍പ്പിച്ചതില്‍ അദ്ഭുതമില്ല. പ്രിയ സുഹൃത്ത് കനയ്യ കുമാറിന്‍െറ വരവും തീപ്പൊരി പ്രസംഗവും മുഹ്സിന് തുണയായി. രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ കനയ്യ കുമാറിനെ കേള്‍ക്കാന്‍ ആയിരങ്ങളാണ് അന്ന് തടിച്ചുകൂടിയത്. രാക്ഷസാകാരം പൂണ്ടുവന്ന് വിദ്യാര്‍ഥികളെയും അവരുടെ ചിന്തകളെയും അടിച്ചമര്‍ത്തുന്ന ഫാഷിസത്തെ ചെറുക്കാനുള്ള ഊര്‍ജം ഈ യുവാക്കള്‍ക്കേയുള്ളൂ എന്ന് മണ്ഡലത്തിലെ ജനങ്ങള്‍ കരുതിയതില്‍ അദ്ഭുതമില്ല. ഭരണകൂടത്തിന്‍െറ ചൂഷണങ്ങള്‍ക്കെതിരെ ചെറുത്തുനില്‍ക്കുന്ന ഇന്ത്യന്‍ യുവത്വത്തിന് നല്‍കിയ പ്രോത്സാഹനം കൂടിയായി ഈ സമ്മതിദാനം.
ഓങ്ങല്ലൂരിനടുത്ത് കാരക്കാട് വരമംഗലത്ത് പുത്തന്‍പീടിയേക്കല്‍ അബൂബക്കര്‍ ഹാജിയുടെയും ജമീലാ ബീഗത്തിന്‍െറയും ഏഴു മക്കളില്‍ രണ്ടാമനായി 1986ല്‍ ജനനം. വള്ളുവനാടന്‍ ഗ്രാമങ്ങളില്‍ പ്രവാചകനെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും അറിവുപകര്‍ന്ന മതപണ്ഡിതന്‍ കാരക്കാട് കെ.ടി. മാനു മുസ്ലിയാരുടെ പേരക്കുട്ടിയാണ്. കാരക്കാട് എ.എം. യു.പി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. വാടാനംകുറുശ്ശി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ വീട്ടിലെ പ്രയാസങ്ങള്‍ കാരണം എട്ടാംക്ളാസില്‍ പഠനം നിര്‍ത്തേണ്ടിവന്നു. സ്കൂളിന്‍െറ പടിയിറങ്ങിപ്പോയത് വീട്ടിലേക്ക് അന്നന്നത്തെ അന്നത്തിനു വക കണ്ടത്തൊനായിരുന്നു. പഠിക്കാന്‍ മിടുക്കനായിരുന്നതിനാല്‍ അധ്യാപകര്‍ പാഠങ്ങള്‍ പറഞ്ഞുകൊടുത്ത് നിര്‍ബന്ധിച്ച് പ്രൈവറ്റായി പത്താംക്ളാസ് പരീക്ഷയെഴുതിച്ചു. മികച്ച വിജയം നേടിയ മുഹ്സിന്‍ പ്ളസ്ടുവിന് വാടാനാംകുറുശ്ശി സ്കൂളില്‍തന്നെ ചേര്‍ന്നു. മഞ്ചേരി എച്ച്.എം കോളജിലായിരുന്നു ബിരുദപഠനം. ഇലക്ട്രോണിക്സില്‍ ബിരുദം നേടി. പിന്നീട് അമൃത വിശ്വവിദ്യാപീഠത്തില്‍നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം. മദ്രാസ് സര്‍വകലാശാലയിലായിരുന്നു എം.ഫില്‍. 2012ലാണ് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ പിഎച്ച്.ഡിക്കു ചേര്‍ന്നത്. നാട്ടിലെ രാഷ്ട്രീയം ജെ.എന്‍.യുവിലത്തെിയിട്ടും കൈവിട്ടില്ല. ഓരോ ശ്വാസത്തിലും രാഷ്ട്രീയമുള്ള ധിഷണാശാലികളുടെ സര്‍വകലാശാലയിലെ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയുടെ യൂനിറ്റ് വൈസ് പ്രസിഡന്‍റായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല. കനയ്യ കുമാറിനെപ്പോലെ ദൃഢമായ രാഷ്ട്രീയ നിലപാടുകളുള്ളവരുമായുള്ള സംവാദങ്ങളും സൗഹൃദവും മുഹ്സിനെ അറിയപ്പെടുന്ന വിദ്യാര്‍ഥിനേതാവാക്കി മാറ്റി. ഇന്ത്യയിലെ വിദ്യാഭ്യാസ നയങ്ങളെക്കുറിച്ച് ഗവേഷണം നടത്തിവരുകയാണ് ഇപ്പോള്‍.
ബിരുദത്തിനു പഠിക്കുന്ന കാലത്തുതന്നെ രാഷ്ട്രീയരംഗത്ത് സജീവമായി ഉണ്ട്. സാംസ്കാരിക രംഗത്തും പ്രതിഭ തെളിയിച്ചിട്ടുണ്ട് മുഹ്സിന്‍. തെരുവുനാടകങ്ങളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഡല്‍ഹിയിലെ ഇടതുപക്ഷ അമച്വര്‍ തിയറ്റര്‍ ഗ്രൂപ്പായ ജനനാട്യമഞ്ചിന്‍െറ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സി.പി.ഐയുടെ സാംസ്കാരിക സംഘടനയായ യുവകലാസാഹിതിയില്‍ തുടങ്ങിയതാണ് കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍. 2011ല്‍ എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി അംഗമായിരുന്നു. സി.പി.ഐ പട്ടാമ്പി ടൗണ്‍ ബ്രാഞ്ചംഗമാണ് ഇപ്പോള്‍. അട്ടപ്പാടിയിലെ ആദിവാസി പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസംഘം നിയോഗിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു.
കഴിഞ്ഞ 36 കൊല്ലങ്ങളിലെ ഏറ്റവും മികച്ച പ്രകടനമാണ് മുഹ്സിന്‍െറ പാര്‍ട്ടി കാഴ്ചവെച്ചിരിക്കുന്നത്. സി.പി.ഐ നേടിയത് 19 സീറ്റുകള്‍. വോട്ടുവിഹിതം 8.1 ശതമാനം. അരിവാളിലെ നെല്‍ക്കതിരില്‍ വിരലമര്‍ത്തിയത് 16,43,878 പേര്‍. പട്ടാമ്പിയെ പ്രതിനിധാനംചെയ്യാന്‍ സി.പി.ഐ കണ്ടത്തെിയ ഈ ചെറുപ്പക്കാരന്‍ ഇനി പാര്‍ട്ടിയുടെ ജ്വലിക്കുന്ന യുവത്വമായി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.