അര്‍ണബിന്‍െറ കോടതിയിലെ ‘ഭീകരന്‍’

ഐ.എസ് ഭീകരരുടേതായി  ഈയിടെ പ്രചരിക്കുന്ന വിഡിയോയില്‍  2008ലെ ബട്ലാ ഹൗസ് ‘ഏറ്റുമുട്ടല്‍’ കൊലക്കിടെ രക്ഷപ്പെട്ട ഒരാളുമുണ്ടെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചക്കായി തിങ്കളാഴ്ച രാത്രി ടൈംസ് നൗ ചാനല്‍ എന്നെയും ക്ഷണിച്ചു. മാധ്യമപ്രവര്‍ത്തകന്‍ എന്നനിലയില്‍ നടത്തിയ ഇടപെടലുകളാവാം ക്ഷണത്തിനുള്ള കാരണം.  ഏറ്റുമുട്ടല്‍ക്കൊലയുടെ സത്യാവസ്ഥയെക്കുറിച്ച്   കാഴ്ചപ്പാടുകള്‍ പറയാന്‍ മാന്യമായ അവസരം ലഭിച്ചേക്കും എന്ന പ്രതീക്ഷയോടെയാണ് സ്റ്റുഡിയോയിലേക്ക് പോയത്. പൊലീസ് ഭാഷ്യത്തില്‍ ഒട്ടേറെ പൊരുത്തക്കേടുകളും പാളിച്ചകളുമുള്ളതിനാല്‍ അതൊരു യഥാര്‍ഥ ഏറ്റുമുട്ടലാണ് എന്ന് വിശ്വസിക്കാത്തയാളാണ് ഞാന്‍. ജാമിഅ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ഥി ആയിരിക്കെ സംഭവത്തില്‍ സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ നിരവധി മുന്നേറ്റങ്ങളുടെ ഭാഗവുമായിരുന്നു ഞാന്‍.  

ജെ.എന്‍.യുവിലെ ഉമര്‍ ഖാലിദിനും സഖാക്കള്‍ക്കുമെതിരെ ചെയ്തപോലെ ടൈംസ് നൗവിനും അവരുടെ തന്നെപ്പൊക്കി  അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്കും ഒരു മുസ്ലിം ചെറുപ്പക്കാരനുനേരെ അപവാദ കാമ്പയിന്‍ തുടങ്ങാന്‍ മതിയായ ചേരുവകളായിരുന്നു അതും. ബട് ലാ ഹൗസ് ഏറ്റുമുട്ടല്‍ കഥയിലെ ഏച്ചുകെട്ടലുകള്‍ ചൂണ്ടിക്കാണിച്ചതിന്‍െറ പേരില്‍ എന്നെ ഇന്ത്യന്‍ മുജാഹിദീന്‍െറ മുഖംമൂടിയെന്ന് വിളിക്കാന്‍ അര്‍ണബിന് ഒരു തരിപോലും മടിയുണ്ടായില്ല. കൊല്ലപ്പെട്ടവര്‍ നിരപരാധികളാണെന്നു പ്രഖ്യാപിച്ചുകൊണ്ടല്ല ഞാനതു ചെയ്തത്-അത് നീതിപീഠത്തിന്‍െറ ദൗത്യമാണെന്ന വിശ്വാസം എനിക്കുണ്ട്. പക്ഷേ, ഒരുകാര്യം മറന്നുപോയിരുന്നു. അര്‍ണബ് ഗോസ്വാമിയുടെ ‘കോടതിയില്‍’ ജഡ്ജിയും പ്രോസിക്യൂട്ടറും  അങ്ങേരുതന്നെ എന്നകാര്യം.

ഐ.എസ് വിഡിയോയുടെ ആധികാരികത സംബന്ധിച്ച് എനിക്ക് ബലമായ സംശയമുണ്ട്. ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുന്നുവെന്ന് അതില്‍ പറയുന്ന ബഡാ സാജിദ് മരിച്ചെന്ന് ഇതിനു മുമ്പ് മൂന്നു തവണയാണ് മാധ്യമങ്ങളില്‍ വന്നത്. ഈ കാര്യം ചൂണ്ടിക്കാട്ടി വിഡിയോയെക്കുറിച്ച് സംശയം ഉന്നയിച്ചതോടെ തന്‍െറ കോടതിയില്‍ കുറ്റവിചാരണ നേരിടുന്ന ക്രിമിനലിനോടെന്നപോലെ അര്‍ണബ് ആക്രോശം തുടങ്ങി. അതോടെ മറ്റൊരു പാനലിസ്റ്റായ രതന്‍ ശാരദയും എന്നെ ഭീകരസംഘടനകളുടെ മുന്‍നിരക്കാരനെന്നു വിളിച്ചു. പ്രതിഷേധം അറിയിച്ചെങ്കിലും അര്‍ണബ് ജഡ്ജി എന്നോട് മിണ്ടാതിരിക്കാന്‍ നിര്‍ദേശിച്ചു, രതന്‍ ശാരദ എനിക്കെതിരെ ആരോപണങ്ങള്‍ ചൊരിഞ്ഞുകൊണ്ടിരുന്നു. പാനലിലെ മറ്റുചിലര്‍ പറഞ്ഞത് ഭീകരാക്രമണം നടത്തുംമുമ്പ് ജനങ്ങളില്‍ ഒരു വിഭാഗത്തിനിടയില്‍ സമ്മിതി നിര്‍മിച്ചെടുക്കാന്‍ ഭീകരസംഘടനകളുടെ സ്ളീപ്പര്‍ സെല്ലുകള്‍ നടത്തുന്നതുപോലെയാണ് ഞങ്ങളുടെ പ്രവര്‍ത്തനമെന്നാണ്. അത്തരം ഗുരുതര ആരോപണം ഉന്നയിക്കുന്നവരെ തടഞ്ഞില്ളെങ്കിലും എന്‍െറ മൈക്ക്  നിശ്ശബ്ദമാക്കാന്‍ അര്‍ണബ് ശ്രദ്ധിച്ചു. ചര്‍ച്ച അവസാനിക്കുന്ന ഘട്ടത്തില്‍ മാത്രമാണ് പിന്നെ എന്നെ പങ്കെടുപ്പിച്ചത്.

അര്‍ണബ് ഗോസ്വാമിയും അയാളുടെ ചര്‍ച്ചകരും എത്രമാത്രം അപഹാസ്യരാണെന്ന് നേരിട്ട് ബോധ്യപ്പെടാനൊരു അവസരമായി അത്. മുസ്ലിംകളെ  ഭീകരവാദ കെട്ടുകഥകളില്‍ കുടുക്കാന്‍ എത്രവേണമെങ്കിലും തരം താഴുമവര്‍. ബട്ലാ ഹൗസ് ഏറ്റുമുട്ടലിന്‍െറ ആധികാരികത ചോദ്യംചെയ്താല്‍ അവരതിനെ ഇന്ത്യന്‍ മുജാഹിദീനെയും ഐ.എസിനെയും പിന്തുണച്ചതായി വ്യാഖ്യാനിക്കും. എന്തായാലും ആ ചര്‍ച്ചക്കുപോയത് നന്നായി, അയാളെക്കുറിച്ച് സുഹൃത്തുക്കള്‍ മുമ്പ് പറഞ്ഞ പരാതി നേരിട്ട് അനുഭവിച്ച് ബോധ്യപ്പെടാനായി.

അര്‍ണബിനോട് ഇപ്പോഴും എനിക്ക് ആവര്‍ത്തിക്കാനുള്ളത് ഇതുതന്നെയാണ് -ബട്ലാ ഹൗസ് ഏറ്റുമുട്ടല്‍ സംബന്ധിച്ച പൊലീസ് ഭാഷ്യത്തില്‍ ഒട്ടേറെ തുളകളുണ്ട്. സ്ഥിരബുദ്ധിയോടെ ചിന്തിക്കുന്ന ഏതൊരാളെയും അതിന്‍െറ സാധുതയില്‍ സംശയം ജനിപ്പിക്കുന്നതരം പൊരുത്തക്കേടുകള്‍. അര്‍ണബിന് അത്തരമൊരു യുക്തി ഇല്ളെങ്കില്‍ പിന്നെ ഒന്നും ചെയ്യാനാവില്ല.

 (തെഹല്‍കയിലെ മാധ്യമപ്രവര്‍ത്തകനും കവിയുമാണ് ലേഖകന്‍. ജാമിഅ സര്‍വകലാശാല ബിരുദദാനച്ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യാതിഥി ആക്കാനുള്ളനീക്കത്തില്‍ പ്രതിഷേധിച്ച് അസദ് എഴുതിയ തുറന്നകത്ത് ചര്‍ച്ചയായിരുന്നു. തന്‍െറ കലാലയത്തെ ഭീകരവാദികളുടെ വളര്‍ത്തുതൊട്ടില്‍ എന്നാക്ഷേപിച്ചയാളില്‍നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങാനാവില്ളെന്നായിരുന്നു കത്തിന്‍െറ ഉള്ളടക്കം)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.