പ്രകൃതി ഏറ്റവും വലിയ അധ്യാപകന്‍

വീണ്ടുമൊരു അധ്യാപകദിനം കൂടി. അധ്യാപനം എന്ന സങ്കല്‍പത്തിന്‍െറ മൂര്‍ത്തഭാവത്തെ ഓര്‍ത്തുകൊണ്ടും പ്രണമിച്ചുകൊണ്ടും അറിവുപകരുന്ന അധ്യാപകനെ ആദരിച്ചുകൊണ്ടുമാണ് അധ്യാപകദിനം ആചരിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ജനകീയവേദി ഒരുങ്ങുന്ന പ്രത്യേക പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ അധ്യാപകദിനാചരണം എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കേണ്ട ചുമതലകൂടി ഓരോ അധ്യാപകനും ഉണ്ട്. കലാലയങ്ങളില്‍നിന്നാണ് സംസ്കാരം ഉണരുന്നത്. തുടര്‍ന്നാണ് അത് സമൂഹത്തിന്‍െറ സംസ്കാരമായി മാറുന്നത്. കേരളം പല രംഗങ്ങളിലും ലോകത്തിന് മാതൃകയാണ്. ആയുര്‍ദൈര്‍ഘ്യത്തിലും സാക്ഷരതയിലും സ്ത്രീ സാക്ഷരതയിലും ശിശുജനന, മരണ നിരക്കുകളിലും കേരളം ലോകത്തിന് മാതൃകയാണ്.

ഈ നേട്ടം കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞത് പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തിയതുകൊണ്ടാണ്. ഇനിയും നമുക്ക് മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തെ പൊതുമേഖലയില്‍തന്നെ നിര്‍ത്തി സംരക്ഷിക്കണം. ഈ കാഴ്ചപ്പാടിലാണ് കേരളത്തിന്‍െറ വിദ്യാഭ്യാസരംഗത്തെ മാറ്റിക്കൊണ്ടിരിക്കുന്നത്. മേല്‍പറഞ്ഞ മാറ്റത്തിന്‍െറ പ്രധാനഭാഗം വിദ്യാലയങ്ങളുടെ ആധുനികവത്കരണമാണ്. സ്ളേറ്റും പെന്‍സിലും ബ്ളാക് ബോര്‍ഡും ഉപയോഗിച്ച് പഠിപ്പിച്ചിരുന്ന അധ്യാപകര്‍ ഇന്നും നമ്മുടെ ഓര്‍മയിലുണ്ട്. കാലം മാറിയതോടുകൂടി പഠിപ്പിക്കാനും പഠിക്കാനുമുള്ള മാര്‍ഗങ്ങളും ഉപകരണങ്ങളും മാറി. പക്ഷേ, ഈ മാറ്റം വിദ്യാലയങ്ങളില്‍ പൂര്‍ണമായും എത്തിയിട്ടില്ല. അതുകൊണ്ട് വര്‍ത്തമാനകാല അധ്യാപകര്‍ക്ക് പ്രത്യേകിച്ച് പൊതുമേഖലയിലെ അധ്യാപകര്‍ക്ക്, അധ്യാപനത്തില്‍ ആധുനികവത്കരണം നടത്താന്‍ ബുദ്ധിമുട്ടുവരുന്നു. ഇത് പൊതുവിദ്യാഭ്യാസത്തെ പിറകോട്ടടിപ്പിക്കുന്ന പ്രശ്നങ്ങളില്‍ ഒന്നായിതീര്‍ന്നു . അതുകൊണ്ടാണ് വിദ്യാലയങ്ങളുടെ ആധുനികവത്കരണം എന്ന ആശയത്തിന് മുന്‍തൂക്കം നല്‍കുന്നത്.

കാലത്തിനനുസരിച്ച് അധ്യാപകന് ഉയരാന്‍ സംസ്ഥാന സര്‍ക്കാര്‍ അവസരമൊരുക്കുന്ന പശ്ചാത്തലത്തിലാണ് ഈ അധ്യാപകദിനത്തെ കാണേണ്ടത്. ഇതിന്‍െറ ഭാഗമായി അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള എല്ലാ വിദ്യാലയങ്ങളും, ഒപ്പം എട്ട്, ഒമ്പത്, 10, 11, 12 ക്ളാസുകളും ഹൈടെക്കാക്കി മാറ്റും. ഇതിനായുള്ള പ്രാഥമിക നടപടികള്‍ തുടങ്ങി. ഇത് പൂര്‍ണമാകുന്നതോടെ പ്രാഥമിക വിദ്യാഭ്യാസം ഡിജിറ്റൈസ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും. ആധുനികവത്കരണത്തിനൊപ്പം അധ്യാപകരുടെ സമഗ്ര പരിശീലനത്തിനും ഉദ്ദേശിക്കുന്നു. ഒന്നുമുതല്‍ 12 വരെയുള്ള എല്ലാ അധ്യാപകരെയും ഐ.ടി സങ്കേതമുപയോഗിച്ച് വിഷയങ്ങള്‍ പഠിപ്പിക്കാനുള്ള പരിശീലനം നല്‍കും.

ഒപ്പം ഒന്നു മുതല്‍ ഏഴുവരെയുള്ള മുഴുവന്‍ അധ്യാപകര്‍ക്കും ഇംഗ്ളീഷ് ഭാഷാ പരിശീലനവും നല്‍കും. പഠനം മാതൃഭാഷയിലൂടെയാകുമ്പോള്‍ മറ്റു ഭാഷകള്‍ പഠിക്കേണ്ടത് ആവശ്യമാണ്. തുടര്‍ന്ന്  ഹിന്ദി പഠന പരിശീലനവും നല്‍കും. പഴയകാലത്തെ എല്ലാ അധ്യാപകരെയും ഓര്‍ത്ത് ശക്തിയാര്‍ജിച്ച് ഇന്നത്തെ അധ്യാപകര്‍ ആധുനിക അധ്യാപകരാകാന്‍ പ്രതിജ്ഞയെടുക്കേണ്ട ദിവസമാണ് ഈ വര്‍ഷത്തെ അധ്യാപകദിനം. നമുക്ക് അറിവുതരുന്ന ഒരു പുല്‍ക്കൊടിപോലും നമ്മുടെ അധ്യാപകനാണെന്ന ഉത്തമ സങ്കല്‍പം കൂടി അധ്യാപകര്‍ക്ക്  മാത്രമല്ല, എല്ലാവര്‍ക്കും  ഉണ്ടാകണം. പ്രകൃതിയാണ് നമ്മുടെ ഏറ്റവും വലിയ അധ്യാപകന്‍.  ദ്വിമാനത്തില്‍നിന്ന് ത്രിമാനത്തിലേക്കുപോലും ബോധന മാധ്യമം മാറേണ്ടതുണ്ട് എന്നതിനാല്‍ ഭാവിയില്‍ ഇ-ടെക്സ്റ്റ് ബുക്കുകളിലേക്കുകൂടി നമുക്ക് എത്തേണ്ടതായിട്ടുണ്ട്.   

പഠനത്തോടൊപ്പം മറ്റ് ജീവിത മേഖലകളിലും പരിശീലനം നടക്കേണ്ടതുണ്ട്. മേല്‍പറഞ്ഞ സാമൂഹിക മേഖലകളില്‍ കേരളം മുന്നിലാണെങ്കിലും രോഗാതുരതയിലും ആത്മഹത്യാ പ്രവണതയിലും ലഹരി ഉപയോഗത്തിലും മറ്റും നാം വളരെ മുന്നിലാണ്. ഇതുകൂടി പരിഹരിക്കപ്പെട്ടാല്‍ മാത്രമേ സമസ്തമേഖലകളിലും കേരളത്തിന് മുന്നേറുവാന്‍ കഴിയൂ. ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം ജീവിതശൈലിയിലുള്ള മാറ്റമാണ്. കമ്പോള സംസ്കാരത്തിന്‍െറ കടന്നുകയറ്റം ജീവിതശൈലിയെ പ്രതികൂലമായി ബാധിച്ചു. ജീവിതശൈലി പ്രകൃതിയില്‍നിന്ന് അകലും തോറും രോഗങ്ങളും അസ്വസ്ഥതകളും വര്‍ധിക്കും. അതുകൊണ്ടുതന്നെ ഈ പ്രശ്നങ്ങളില്‍നിന്ന്  രക്ഷനേടാന്‍ നാം പ്രകൃതിയോടടുത്ത ജീവിതശൈലിതന്നെ സ്വീകരിക്കണം. ഈ വിഷയവും കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. ഇത് പറഞ്ഞുകൊടുക്കാന്‍ ജീവിതാനുഭവമുള്ളവര്‍ക്കാണ് കൂടുതല്‍ കഴിയുക.

പണ്ടുണ്ടായിരുന്ന ഭക്ഷണരീതി, വ്യായാമ രീതി, കൃഷിരീതി തുടങ്ങിയവയാണ് പരിചയപ്പെടുത്തേണ്ടത്. ഈ ആശയങ്ങള്‍ പകര്‍ന്നുനല്‍കുകയെന്നത് അധ്യാപകദിനത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ് എന്ന ബോധ്യമുള്ളതുകൊണ്ടാണ് ഈ വര്‍ഷം എല്ലാ സ്കൂളിലും അധ്യാപകദിനം ആചരിക്കണമെന്ന് പറഞ്ഞത്. ഈ വര്‍ഷം തന്നെ 1000 സ്കൂളുകളില്‍ ജൈവവൈവിധ്യ ഉദ്യാനങ്ങള്‍ നിര്‍മിക്കും. മണ്ണിലുറച്ചുനിന്നും ആഴ്ന്നിറങ്ങിയും മാത്രമേ ഉയരങ്ങളിലത്തൊന്‍ കഴിയൂ എന്ന സന്ദേശം നല്‍കുന്ന ജീവിതശൈലി ബോധവത്കരണ പരിപാടിയില്‍ എല്ലാവരും സ്വയം അധ്യാപകരായി അധ്യാപകദിനത്തെ സാര്‍ഥകമാക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.