?????????? ??????, ????? ???????????

സമ്മതിദായകരുടെ സംഭ്രാന്തി

സ്വാഭിപ്രായങ്ങളില്‍ അതിതീവ്രതയും എതിരഭിപ്രായങ്ങള്‍ക്കുനേരെ തികഞ്ഞ അവഗണനയും പുലര്‍ത്തുന്നത് വിവേകപൂര്‍വമായൊരു സമീപനമല്ല. മന$ശാസ്ത്ര വീക്ഷണത്തില്‍ ഇത് വ്യക്തിയുടെ അല്‍പത്വമാണ് വ്യക്തമാക്കുന്നത്. അല്‍പജ്ഞാനം വ്യക്തിയുടെ അഹംബോധത്തെ ഉദ്ദീപിപ്പിക്കുകയും ദുര്‍വാശികളെ ന്യായീകരിക്കുകയും ചെയ്യുന്നു. ജോണ്‍ എഫ്.കെന്നഡി ചൂണ്ടിക്കാട്ടിയതുപോലെ, സ്വാഭിപ്രായങ്ങളെ ന്യായീകരിക്കുന്നതിലുപരി എതിരഭിപ്രായങ്ങളെ നിന്ദിക്കുന്നതിലാണിവര്‍ ആനന്ദിക്കുന്നത്. രാഷ്ട്രത്തിന് നേതൃത്വം നല്‍കേണ്ട രണ്ടു വ്യക്തികളുടെ അഭിപ്രായങ്ങള്‍ പരസ്പരം പഴിചാരുന്നതാകുമ്പോള്‍ സമ്മതിദായകരായ സാമാന്യജനം ആശയക്കുഴപ്പത്തിലാകുന്നു. ഇതാണിപ്പോള്‍ അമേരിക്കയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

യു.എസ് രഹസ്യാന്വേഷണ സംഘത്തില്‍ സേവനമനുഷ്ഠിച്ച മൈക്കല്‍ ജെ.മോറലിന്‍െറ നിരീക്ഷണത്തില്‍ അമേരിക്കന്‍ ജനത ഒരു വിഷമവൃത്തത്തിലാണ്. സി.ഐ.എയുടെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന അദ്ദേഹം ആറ് പ്രസിഡന്‍റുമാര്‍ക്ക് കീഴില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന്  പ്രസിഡന്‍റുമാര്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടേതും മൂന്ന്  പ്രസിഡന്‍റുമാര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടേതും. അമേരിക്ക ഇറാഖിനെ ആക്രമിച്ചപ്പോള്‍ അദ്ദേഹം ജോര്‍ജ് ഡബ്ള്യു ബുഷിന്‍െറ കൂടെയായിരുന്നു. അമേരിക്ക ബിന്‍ലാദിനെ വധിച്ചപ്പോള്‍ അദ്ദേഹം ഒബാമയുടെ കൂടെയും. പ്രസിഡന്‍റ് പദവി അലങ്കരിക്കുന്നവരെപ്പറ്റി പരസ്യമായി അഭിപ്രായപ്രകടനം നടത്താന്‍ അദ്ദേഹം ഇഷ്ടപ്പെടാറില്ലത്രെ. എന്നാല്‍, ഇപ്പോള്‍ 2016 നവംബര്‍ എട്ടിന് നടക്കാനിരിക്കുന്ന നാല്‍പത്തിയഞ്ചാം പ്രസിഡന്‍റ്  തെരഞ്ഞെടുപ്പില്‍ മൗനം ദീക്ഷിക്കുന്നത് ക്ഷന്തവ്യമായിരിക്കില്ളെന്നാണ്   അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍വരികയാണെങ്കില്‍ അത് അമേരിക്കക്ക് മാത്രമല്ല ലോകത്തിനുതന്നെ ഭീഷണിയായിരിക്കുമെന്നദ്ദേഹം ഭയപ്പെടുന്നു.

ഒരു ടി.വി താരമായിരുന്ന ഡൊണാള്‍ഡ് ട്രംപ് ശരീരഭാഷകൊണ്ടും അംഗവിക്ഷേപങ്ങള്‍കൊണ്ടും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. എതിരഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കാന്‍ അദ്ദേഹം സന്നദ്ധനല്ല. തീരുമാനങ്ങള്‍ പലപ്പോഴും സഹജാവബോധത്തിന്‍െറയും ഉള്‍വിളികളുടെയും അടിസ്ഥാനത്തിലാണെന്നാണദ്ദേഹം അവകാശപ്പെടുന്നത്. അത്തരം തീരുമാനങ്ങള്‍ക്ക് കാര്യകാരണ ന്യായീകരണങ്ങള്‍ കണ്ടത്തൊനാവില്ല. കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാനോ പുതിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളാനോ ട്രംപ് സന്നദ്ധനുമല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍െറ ദൃഷ്ടിയില്‍ ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന നിയമവാഴ്ചയും അപ്രസക്തമാണ്. ഈ സമീപനങ്ങളൊന്നും അമേരിക്കന്‍ ഭരണഘടനക്കുതന്നെ ചേര്‍ന്നതല്ല. അതുകൊണ്ടാണ് ഒരു തവണയെങ്കിലും അമേരിക്കന്‍ ഭരണഘടന വായിച്ചിട്ടുണ്ടോയെന്ന് ഹിലരി ക്ളിന്‍റന്‍ അദ്ദേഹത്തോട് ചോദിച്ചത്. അമേരിക്കയില്‍നിന്ന് മുസ്ലിംകളെ ഒഴിവാക്കുക, മെക്സിക്കന്‍ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരെ തടയാന്‍ 3219 കിലോമീറ്റര്‍ നീളത്തില്‍ മതില്‍കെട്ടുക, കോര്‍പറേറ്റുകളുടെ നികുതികള്‍ പരമാവധി കുറക്കുക തുടങ്ങിയ ട്രംപിന്‍െറ പ്രഖ്യാപനങ്ങള്‍ ധനാഢ്യരായ ഒരു ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നതാണ്. എന്നാല്‍, ഈ വാചാടോപങ്ങള്‍ അപ്രായോഗികമാണെന്നതിലുപരി വംശീയതയിലും വര്‍ഗീയതയിലും വിശ്വസിക്കുന്നവര്‍ക്ക് വളംവെക്കുന്നതുമാണ്. ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളിലൊക്കെയുള്ള തീവ്രവലതുപക്ഷ നാഷനലിസ്റ്റ് പാര്‍ട്ടികള്‍ അവലംബിക്കുന്ന ഒരു ശൈലിയാണ് ഡൊണാള്‍ഡ് ട്രംപും അനുകരിക്കുന്നത്.

പാശ്ചാത്യരുമായി സാമ്പത്തികരംഗത്ത് കിടമത്സരം നടത്തുന്നവരില്‍ ഇപ്പോള്‍ മുസ്ലിംകളുമുണ്ട്. ഇസ്ലാമിക ദര്‍ശനങ്ങളെയും സാമ്പത്തിക സിദ്ധാന്തങ്ങളെയും നേര്‍ക്കുനേരെ നിരാകരിക്കാന്‍ സാധിക്കാത്തതില്‍ കോര്‍പറേറ്റുകള്‍ അസ്വസ്ഥരാണ്. ഇത് മുസ്ലിംകളെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ പ്രേരകമാകും. എന്നാല്‍, അമേരിക്കയുടെ പൊതുമനസ്സ് ഇസ്ലാമോഫോബിയക്ക് അനുകൂലമല്ല. 2004ല്‍ അമേരിക്കക്കുവേണ്ടി ഇറാഖില്‍ ജീവന്‍വെടിഞ്ഞ ഹുമയൂണ്‍ഖാന്‍െറ പിതാവ് ഖിസ്റുഖാനെയും മാതാവിനെയും ട്രംപ് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്കനുകൂലമായി റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ നേതാക്കള്‍തന്നെ പ്രതികരിച്ചത് ഇതിന്‍െറ തെളിവാണ്. തനിക്ക് തോന്നുന്നതെന്തും മുന്‍പിന്‍നോക്കാതെ വിളിച്ചുകൂവുന്ന ഒരാള്‍ അറ്റോമിക് ശക്തിയായ ഒരു രാഷ്ട്രത്തിന്‍െറ നിയന്ത്രണമേറ്റെടുത്താല്‍ എന്ത് സംഭവിക്കും? ട്രംപിന്‍െറ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന ചെയര്‍മാന്‍ പോള്‍മൗഫോര്‍ട്ട് തന്‍െറ നിസ്സഹായത വെളിപ്പെടുത്തുന്നു: ‘സ്ഥാനാര്‍ഥിതന്നെയാണ് പ്രചാരണം നിയന്ത്രിക്കുന്നത്. അദ്ദേഹം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നുവെന്നു മാത്രം!’’
വിയറ്റ്നാം യുദ്ധത്തിനുശേഷം അമേരിക്കയുടെ ഖ്യാതി നെല്ലിപ്പടിയിലത്തെിയത് ബുഷ് ഭരണകൂടം ഭീകരതക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതോടെയാണ്.

അല്‍ഖാഇദയുടെ പേരുപറഞ്ഞ് അഫ്ഗാനിസ്താനിലും തുടര്‍ന്ന് സദ്ദാമിന്‍െറ കൈയില്‍ കൂട്ട നശീകരണയായുധങ്ങളുണ്ടെന്ന് പറഞ്ഞ് ഇറാഖിലും അധിനിവേശം നടത്തിയതിലൂടെ അമേരിക്ക തങ്ങള്‍കൂടി ഒപ്പിട്ട യു.എന്‍ ചാര്‍ട്ടര്‍ ലംഘിക്കുകയായിരുന്നു. ആക്രമിക്കപ്പെട്ടാല്‍ പ്രതിരോധിക്കാന്‍ വേണ്ടിയല്ലാതെ ഒരു രാജ്യത്തിനും മറ്റൊരു രാജ്യത്തെ ആക്രമിക്കാന്‍ പാടില്ളെന്ന് യു.എന്‍ ചാര്‍ട്ടര്‍ വ്യക്തമാക്കുന്നുണ്ട്. ഇതുവഴി, ലക്ഷക്കണക്കിന് മനുഷ്യരെയാണ് അമേരിക്ക കൊന്നൊടുക്കിയത്. എത്രയോ ലക്ഷങ്ങള്‍ ഇപ്പോഴും അഭയാര്‍ഥികളായി കഴിഞ്ഞുകൂടുന്നു. ഇതിനെയാണവര്‍ ജനാധിപത്യമെന്നും പാശ്ചാത്യസംസ്കൃതിയെന്നും വിശേഷിപ്പിക്കുന്നത്. എന്നാല്‍, ഏറെ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ടായിരുന്നു ജോര്‍ജ് ബുഷില്‍നിന്ന് ഒബാമയിലേക്കുള്ള ഭരണമാറ്റം. 2009ലെ ബറാക് ഒബാമയുടെ കൈറോ പ്രസംഗം മുസ്ലിംലോകത്ത് മുഴക്കെ ചര്‍ച്ചചെയ്യപ്പെട്ടത് വിസ്മരിക്കാനായിട്ടില്ല. ലോകം ആയുധശക്തികൊണ്ടല്ല, മറിച്ച് സ്നേഹം കൊണ്ടാണ് കീഴടക്കേണ്ടതെന്ന് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അത് ബുഷിന്‍െറ കാര്‍പ്പെറ്റ്  ബോംബിങ്ങില്‍നിന്ന് രാജ്യതന്ത്രജ്ഞതയിലേക്കുള്ള ചുവടുമാറ്റമായി വ്യാഖ്യാനിക്കപ്പെട്ടു.

പ്രതീക്ഷകള്‍ക്കനുസരിച്ചുയരാനോ തന്‍െറ നയങ്ങള്‍ പൂര്‍ത്തീകരിക്കാനോ ബറാക് ഒബാമക്കായിട്ടില്ല. എങ്കിലും അമേരിക്കയുടെ വിദേശനയത്തിലും ബന്ധങ്ങളിലും ആശ്വാസകരമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. തല്‍ഫലമായിട്ടാണ്, ദീര്‍ഘകാലമായി ശത്രുതയിലായിരുന്ന ക്യൂബയുമായി സൗഹൃദത്തിലായത്. ഇറാനുമായുള്ള ആണവകരാറും 2015 നവംബറില്‍ പാരീസില്‍ ഒപ്പുവെച്ച കാലാവസ്ഥാ സംരക്ഷണകരാറും ഒബാമയുടെ നേട്ടങ്ങള്‍തന്നെയാണ്. ഇറാഖില്‍നിന്നും അഫ്ഗാനിസ്താനില്‍നിന്നും സൈന്യത്തെ പൂര്‍ണമായല്ളെങ്കിലും പിന്‍വലിക്കാനായതും നേട്ടങ്ങള്‍തന്നെ. ഒബാമയോടൊപ്പം നയതന്ത്ര ചുവടുവെപ്പുകളില്‍ പങ്കാളിയായ ഹിലരിയില്‍നിന്ന് കൂടുതല്‍ സമാധാനം പുലരുന്നൊരു അമേരിക്കയാണ് സമ്മതിദായകര്‍ പ്രതീക്ഷിക്കുന്നത്. ഹിലരി ക്ളിന്‍റണ്‍ മുന്നോട്ടുവെച്ചിട്ടുള്ള പദ്ധതികളുനുസരിച്ച് പത്തു മില്യന്‍ തൊഴിലവസരങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് പ്രസിദ്ധ ധനശാസ്ത്രജ്ഞനായ മാര്‍ക് സാന്‍റി അഭിപ്രായപ്പെടുന്നത്. എന്നാല്‍, ട്രംപിന്‍െറ സാമ്പത്തികനയമാകട്ടെ അത് ലക്ഷാധിപതികളെ പിന്തുണക്കുന്നതാണ്. അത് സാധാരണക്കാരായ മുപ്പത്തിയഞ്ചുലക്ഷം തൊഴിലാളികളെ തൊഴില്‍രഹിതരാക്കുമെന്നും അദ്ദേഹം പറയുന്നു.

2008ലെ, അമേരിക്കയെ ഭീതിപ്പെടുത്തിയ സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് വാള്‍സ്ട്രീറ്റിലെ കോര്‍പറേറ്റുകളുടെ ചൂഷണങ്ങള്‍ക്ക് കടിഞ്ഞാണിടാനായി രൂപവത്കരിക്കപ്പെട്ട കണ്‍സ്യൂമര്‍ ഫൈനാന്‍ഷ്യല്‍ പ്രൊട്ടക്ഷന്‍ ബ്യൂറോ നിര്‍ത്തലാക്കണമെന്ന അഭിപ്രായമാണ് ട്രംപിനുള്ളത്. ഹിലരിയുടെ അഭിപ്രായം നേരെ വിപരീതവും. ട്രംപ് കുടിയേറ്റക്കാര്‍ക്കുനേരെ വാതിലുകള്‍ കൊട്ടിയടക്കുമ്പോള്‍ ഹിലരി അവരെ രാഷ്ട്രനിര്‍മാണത്തിന് ഉപയോഗപ്പെടുത്താനുള്ള പദ്ധതികളാണ് മുന്നോട്ടുവെക്കുന്നത്്. ഇതുകൊണ്ടൊക്കെയാവണം, ഒടുവില്‍ പുറത്തുവന്ന ബ്ളൂംബര്‍ഗ് പൊളിറ്റിക്സ് പോളില്‍ ഹിലരി ക്ളിന്‍റന്‍ ആറ് പോയന്‍റ് മുന്നിലാണ്. സ്ത്രീകളും ആഫ്രിക്കക്കാരായ അമേരിക്കന്‍ പൗരന്മാരും യുവാക്കളും ന്യൂനപക്ഷങ്ങളും ഹിലരിയെ പിന്തുണക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പക്ഷേ, ടി.വി സ്റ്റാറായിരുന്ന ഡൊണാള്‍ഡ് ട്രംപിന്‍െറ പ്രകടനങ്ങള്‍ വികാരങ്ങള്‍ ഉണര്‍ത്തുന്നതും ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലുമുള്ളതാണ്. നല്ളൊരു ശതമാനം സമ്മതിദായകര്‍ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. ഇവരെ അനുനയിപ്പിക്കുന്നതിനനുസരിച്ചിരിക്കും  നവംബറിലെ തെരഞ്ഞെടുപ്പ് ഫലം. അമേരിക്കന്‍ ജനതയുടെ രാഷ്ട്രീയസാക്ഷരതയെ കൊഞ്ഞനം കുത്തുന്ന യാഥാര്‍ഥ്യമാണിത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.