കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പതിലെ ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പിന് മുന്‍വര്‍ഷങ്ങളെയപേക്ഷിച്ച് കൂടുതല്‍ മാധ്യമശ്രദ്ധയും രാഷ്ട്രീയ പ്രാധാന്യവും കൈവന്നിരുന്നു. അഫ്സല്‍ ഗുരുവിനെ ഇന്ത്യന്‍ ഭരണകൂടം തൂക്കിക്കൊന്നതിന്‍െറ രാഷ്ട്രീയ നൈതികത ചോദ്യംചെയ്ത് ഈ വര്‍ഷം ഫെബ്രുവരി ഒമ്പതിന് ജെ.എന്‍.യുവില്‍ നടന്ന പ്രതിഷേധ പരിപാടികള്‍ രാജ്യദ്രോഹമെന്ന് മുദ്രകുത്തപ്പെട്ടതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയമാറ്റങ്ങളുടെ സാഹചര്യത്തിലായിരുന്നു ഇപ്പോഴത്തെ വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പ്. ഹൈദരാബാദില്‍ രോഹിത് വെമുലയുടെ സാമൂഹികമരണത്തിനു (Social death) ശേഷമുള്ള പുതിയ രാഷ്ട്രീയ മുന്നേറ്റം ജെ.എന്‍.യുവിലുണ്ടാക്കിയ മാറ്റങ്ങള്‍ എത്രത്തോളമാണെന്ന ആകാംക്ഷ ഈ തെരഞ്ഞെടുപ്പിനെ രാജ്യത്തെ പ്രധാന ചര്‍ച്ചയാക്കി മാറ്റിയിരുന്നു. ഇടതുസഖ്യം വിജയം നേടി എന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ പറയുമ്പോഴും ജെ.എന്‍.യുവിലെ അടിയൊഴുക്കുകള്‍ ഇടത് അനന്തര ജനാധിപത്യഭാവനകളുടെ വളര്‍ച്ചയെയാണ് കാണിക്കുന്നത്.
2006ലെ രണ്ടാം മണ്ഡല്‍കമീഷനു ശേഷം കാമ്പസുകളില്‍ ദലിത്, ആദിവാസി, ഇതര പിന്നാക്ക ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ വലിയൊരു രാഷ്ട്രീയശക്തിയായി മാറിയിരിക്കുന്നു. അവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ പരമ്പരാഗത രാഷ്ട്രീയസങ്കല്‍പങ്ങളെ പ്രതിസന്ധിയിലാക്കിക്കൊണ്ടിരിക്കുന്നു. രണ്ടാം മണ്ഡലിന് പത്തുവര്‍ഷം തികയുമ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന ചരിത്രപരമായ സവിശേഷതയും ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പിനുണ്ട്. ഇടതു/ വലതുപക്ഷ സങ്കല്‍പങ്ങള്‍ അപ്രസക്തമാവുകയും പുതിയ ജനാധിപത്യ രാഷ്ട്രീയം ജെ.എന്‍.യുവില്‍ കരുത്താര്‍ജിക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍, ജെ.എന്‍.യുവിന്‍െറ രാഷ്ട്രീയശീലങ്ങള്‍ക്ക് പരിചിതമല്ലാത്ത ഒരുപാട് ചോദ്യങ്ങള്‍ ബാക്കിവെച്ചാണ് ഈ വര്‍ഷത്തെ യൂനിയന്‍ തെരഞ്ഞെടുപ്പ് സമാപിച്ചത്. ഇടതു സംഘടനകള്‍ ഒട്ടും മതേതരമല്ളെന്നു പറഞ്ഞ് മാറ്റിനിര്‍ത്തിയിരുന്ന കീഴാള ഉള്ളടക്കമുള്ള മണ്ഡല്‍ അനന്തര രാഷ്ട്രീയം ഈ വര്‍ഷത്തെ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പ്രധാന ചര്‍ച്ചാവിഷയമായിരുന്നു.
ഒരുവശത്ത് എ.ബി.വി.പിയും സംഘ്പരിവാര്‍ അനുകൂല സംഘടനകളും. മറുവശത്ത് പരമ്പരാഗത ശത്രുക്കളായിരുന്ന എസ്.എഫ്.ഐയും
‘ഐസ’യും അവരെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുന്ന മറ്റ് ഇടതുസംഘടനകളായ എ.ഐ.എസ്.എഫ്, ഡി.എസ്.എഫ് അടക്കമുള്ളവരും ഒന്നിച്ചുനില്‍ക്കുന്ന വിശാല ഇടതുസഖ്യം. പ്രവര്‍ത്തനമാരംഭിച്ച് രണ്ടുവര്‍ഷംപോലും തികഞ്ഞിട്ടില്ലാത്ത ‘ബിര്‍സ അംബേദ്കര്‍ ഫുലെ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍’ (ബാപ്സ) നേതൃത്വത്തില്‍ ബഹുജന്‍ രാഷ്ട്രീയത്തിന്‍െറ മുദ്രാവാക്യം ഉയര്‍ത്തി മൂന്നാം ബദല്‍ മുന്നോട്ടുവന്നു. ‘ബാപ്സ’ക്ക് പിന്തുണയുമായി സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍, ആദിവാസി രാഷ്ട്രീയമുള്ള ഝാര്‍ഖണ്ഡ് ട്രൈബല്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍, മുസ്ലിം ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ യൂത്ത് ഫോര്‍ ഡിസ്കഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ ആക്ടിവിറ്റീസ്, ഒ.ബി.സി രാഷ്ട്രീയാവകാശങ്ങള്‍ക്ക് നിലകൊള്ളുന്ന യുനൈറ്റഡ് ഓബി ഫോറം, എല്‍.ജി.ബി.ടി രാഷ്ട്രീയമുള്ള ‘ധനക്’ ഒക്കെ ചേര്‍ന്നതോടെ ഈ വര്‍ഷത്തെ ജെ.എന്‍.യു തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ ബ്ളോക്കായി മാറി ‘ബാപ്സ’യുടേത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇപ്പോള്‍ ഉണ്ടായ വലിയ വ്യത്യാസം ഇടത് ഐക്യം എന്ന മുദ്രാവാക്യമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇടതുരാഷ്ട്രീയത്തെ പ്രതിനിധാനംചെയ്ത് യൂനിയന്‍ അധ്യക്ഷസ്ഥാനത്തേക്ക് വിധിതേടിയത് നാല് ഇടതുപക്ഷ സംഘടനകള്‍. കഴിഞ്ഞ വര്‍ഷം സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫിന്‍െറ സ്ഥാനാര്‍ഥി കനയ്യകുമാര്‍ 67 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തൊട്ടുപിറകിലത്തെിയതും മറ്റൊരു ഇടതു സംഘടനയായ ‘ഐസ’യായിരുന്നു. കഴിഞ്ഞ വര്‍ഷം ആകെ പോള്‍ ചെയ്ത നാലായിരം വോട്ടുകളില്‍ ഇരുസ്ഥാനാര്‍ഥികളും ആയിരത്തോളം വോട്ടുകള്‍ നേടിയപ്പോള്‍ രൂപംകൊണ്ട് രണ്ടുമാസം പോലും തികഞ്ഞിട്ടില്ലാത്ത ‘ബാപ്സ’ മുന്നൂറോളം വോട്ടുകള്‍ മാത്രമാണ് നേടിയിരുന്നത്.
മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ഇടതിനുവേണ്ടി വിധിതേടിയത് ഒരേയൊരു സ്ഥാനാര്‍ഥി മാത്രം. എ.ബി.വി.പി യൂനിയനില്‍ സീറ്റ് നേടുന്നതിനെതിരെയുള്ള ഇടതു സഖ്യത്തിന്‍െറ ജാഗ്രതയായാണ് വിശാല ഇടതുസഖ്യം അവതരിപ്പിക്കപ്പെട്ടത്. കഴിഞ്ഞ മാസം വരെ ഒരിക്കലും ഒന്നിച്ചുപോകാനാവാത്ത വിധം ശക്തമായിരുന്നു ഇരുവര്‍ക്കുമിടയിലെ വിയോജിപ്പുകള്‍. പക്ഷേ, എ.ബി.വി.പിക്കെതിരെയല്ല, തങ്ങളുടെ മണ്ഡല്‍ അനന്തര ബഹുജന്‍ രാഷ്ട്രീയത്തെ നേരിടാനാണ് ഈ പുതിയ സഖ്യമെന്നാണ് ‘ബാപ്സ’യുടെ രാഷ്ട്രീയ വിശദീകരണം. ‘ബാപ്സ’ മുന്നോട്ടുവെക്കുന്ന ബദല്‍ രാഷ്ട്രീയം ജെ.എന്‍.യുവിലെ പരമ്പരാഗത അധികാര മേഖലകളെ പിടിച്ചുകുലുക്കാന്‍ പര്യാപ്തമായിരുന്നു. നാലു സ്ഥാനാര്‍ഥികള്‍ക്ക് പകരം ഒരു സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചെടുക്കാന്‍തന്നെ ഇടതു സഖ്യം നന്നേ പണിപ്പെട്ടു. കഴിഞ്ഞ വര്‍ഷം മുന്നൂറ് വോട്ടുകള്‍ മാത്രം നേടിയേടത്ത് ഇത്തവണ ‘ബാപ്സ’യുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി നേടിയത് 1545 വോട്ടുകളാണ്. സഖ്യം ചേര്‍ന്നിട്ടും 411 വോട്ടിന്‍െറ ഭൂരിപക്ഷമേ ഇടതു വിശാല സഖ്യത്തിന് നേടാന്‍ കഴിഞ്ഞുള്ളൂ. മാത്രമല്ല, ഇടതുസഖ്യത്തിനും നവജനാധിപത്യ രാഷ്ട്രീയമുള്ള ‘ബാപ്സ’ക്കും പിറകിലായി എ.ബി.വി.പി. അതുകൊണ്ടാവണം ‘ബാപ്സ’ തെരഞ്ഞെടുപ്പിനു ശേഷമുള്ള ചര്‍ച്ചകളില്‍ കൂടുതല്‍ സ്വാധീനം നേടുന്നുണ്ട്.
‘ജെ.എന്‍.യുവിനൊപ്പം നില്‍ക്കുക’ എന്നതായിരുന്നു ഇടതുസഖ്യത്തിന്‍െറ മുദ്രാവാക്യങ്ങളില്‍ പ്രഥമം. അതേസമയം, ജെ.എന്‍.യു എന്ന ആശയത്തെതന്നെ പ്രശ്നവത്കരിച്ചുകൊണ്ടാണ് ‘ബാപ്സ’ പ്രചാരണങ്ങളുമായി മുന്നോട്ടുപോയത്. ‘അടിച്ചമര്‍ത്തപ്പെട്ടവരുടെ ഐക്യം’ എന്ന ബദല്‍ മുദ്രാവാക്യമാണ് അവര്‍ ഉയര്‍ത്തിയത്. പലപ്പോഴും ജെ.എന്‍.യുവിലെ പിന്നാക്ക സംവരണത്തിന്‍െറ കാര്യത്തില്‍ ഇടതുസംഘടനകള്‍ സ്വീകരിക്കുന്ന അഴകൊഴമ്പന്‍ നയങ്ങളാണ് ജെ.എന്‍.യുവിനെ അമിതമായി ആഘോഷിക്കുമ്പോള്‍ മറച്ചുവെക്കപ്പെട്ടത് എന്ന് ‘ബാപ്സ’ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഇലക്ഷന്‍ ഫലം ജെ.എന്‍.യുവില്‍ മാറിവരുന്ന രാഷ്ട്രീയ സംവാദങ്ങളുടെ ദിശയെ അടയാളപ്പെടുത്തുന്നു.
‘ബാപ്സ’ മുന്നോട്ടുവെക്കുന്ന പുതിയ രാഷ്ട്രീയം വളരെ നേരത്തേതന്നെ ജെ.എന്‍.യുവില്‍ ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് ധ്വംസനത്തെയും അംബേദ്കര്‍ ജന്മദിനത്തെയും അനുസ്മരിച്ച് നടത്തിയ ‘അടിച്ചമര്‍ത്തപ്പെട്ടവരുടെ ഐക്യമാര്‍ച്ചി’ല്‍ പങ്കെടുത്ത വിദ്യാര്‍ഥിവിഭാഗങ്ങളുടെ സാമൂഹിക വൈവിധ്യംകൊണ്ട് പ്രസ്തുത പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. അന്നേദിവസംതന്നെ കാമ്പസിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷി എന്ന് കരുതപ്പെട്ടിരുന്ന ‘ഐസ’ സംഘടിപ്പിച്ച മാര്‍ച്ചിനെക്കാള്‍ അംഗബലംകൊണ്ട് ശ്രദ്ധേയമായ പ്രസ്തുത പരിപാടി കാമ്പസിന് പുതിയ അനുഭവമായിരുന്നു. ഗുജറാത്തിലെ ഉനയില്‍ കഴിഞ്ഞ ആഗസ്റ്റ് 15ന് ദലിതരും ആദിവാസികളും മുസ്ലിംകളും പുതിയ ബഹുജന്‍ രാഷ്ട്രീയത്തിന്‍െറ ഭാഗമായി ഒത്തുചേര്‍ന്നപ്പോള്‍ സമാനമായി ‘We are Ambedkar’ എന്ന പേരില്‍ മറ്റൊരു പിന്നാക്കവിഭാഗ കൂട്ടംചേരലില്‍ ‘ബാപ്സ’ മുന്നിട്ടിറങ്ങിയിരുന്നു. ഇതൊക്കെ പുതിയ ഒരു രാഷ്ട്രീയചിന്താഗതി ജെ.എന്‍.യുവില്‍ വികസിക്കാന്‍ കാരണമായിട്ടുണ്ട്. ഇപ്പോള്‍ ജെ.എന്‍.യുവിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഘടനായായി ‘ബാപ്സ’ മാറിയിരിക്കുന്നു.
ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയില്‍ ഇടതു ഗൃഹാതുരത്വത്തിന്‍െറ കാലം കഴിഞ്ഞിരിക്കുന്നു. ഇടതിനും വലതിനും അപ്പുറത്ത് രാജ്യത്തെ മര്‍ദിതരുടെയും പീഡിതരുടെയും സ്വന്തം രാഷ്ട്രീയം അതിന്‍െറ മുഴുവന്‍ വൈവിധ്യങ്ങളോടെയും ജെ.എന്‍.യുവില്‍ പിറവികൊണ്ടിരിക്കുന്നുവെന്നാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്ന സൂചനകള്‍.
(ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയിലെ സെന്‍റര്‍ ഫോര്‍ ഫ്രഞ്ച് ആന്‍ഡ് ഫ്രാങ്കോഫോണ്‍ സ്റ്റഡീസില്‍ വിദ്യാര്‍ഥിയാണ്
ലേഖകന്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.