പ്രായശ്ചിത്തം ചെയ്യാൻ അവർക്ക്​ ബാധ്യതയുണ്ട്

അ​ഫ്​​ഗാ​ൻ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ വി​ല​യി​രു​ത്തി പ്ര​ശ​സ്​​ത ഇ​ട​തു ചി​ന്ത​ക​ൻ താ​രി​ഖ്​ അ​ലി എഴുതിയ ദീർഘലേ​ഖ​നത്തി​​െൻറ രണ്ടാംഭാഗം

2001മു​ത​ൽ അഫ്​ഗാനിസ്​താനിൽ പൊരുതിയ 7,75,000 സൈനികരിൽ 2,448 പേർ കൊല്ലപ്പെട്ടു. ഏകദേശം 4,000 യു.എസ്​ കരാർ സൈനികരും. പ്രതിരോധ വകുപ്പി​ൻെറ കണക്കുപ്രകാരം 20,589 പേർക്ക്​ പരിക്കേറ്റു. അഫ്​ഗാനികളുടെ ആൾനാശക്കണക്ക്​ കണ്ടെത്തുക ദുഷ്​കരം. സിവിലിയൻമാരുൾപ്പെടെ 'ശത്രുക്കളുടെ നാശം'എണ്ണിത്തിട്ടപ്പെടുത്തിയിരുന്നില്ല.

2002 ജനുവരി മധ്യം വരെ 4,200-4,500 സിവിലിയൻമാർ യു.എസ്​ ആക്രമണത്തിലും വ്യോമാക്രമണത്തിലുമായി കൊല്ലപ്പെ​ട്ടെന്നാണ്​ ഡിഫൻസ്​ ആൾട്ടർനേറ്റിവി​ൻെറ കോ-ഡയറക്​ടർ കാൾകൊണേട്ടയുടെ വിലയിരുത്തൽ. 2021 ആയപ്പോഴേക്ക്​ 47,245 സിവിലിയൻമാർ അധിനിവേശത്തി​ൻെറ ഫലമായി ഇല്ലാതായെന്നാണ്​ അസോസിയേറ്റഡ്​ പ്രസ്​ റിപ്പോർട്ട്​ ചെയ്​തത്​. അഫ്​ഗാനിലെ പൗരാവകാശ പ്രവർത്തകർ നൽകുന്നത്​ അതിലേറെ വലിയ ഒരു സംഖ്യയാണ്​. ലക്ഷം അഫ്​ഗാനികൾ (അതിൽ പലരും പോരിനിറങ്ങിയവർ പോലുമല്ല) കൊല്ലപ്പെ​െട്ടന്നാണ്​ അവരുടെ കണക്ക്​. ഇതി​ൻെറ മൂന്നിരട്ടിയെങ്കിലും വരും പരിക്കേറ്റവരുടെ എണ്ണം.

സുദീർഘയുദ്ധത്തി​ൻെറ പാളിച്ചകൾ വിലയിരുത്താൻ​ യു.എസ്​ ചുമതലപ്പെടുത്തിയ പ്രകാരം 2019ൽ 2000 പേജ്​ വരുന്ന ഒരു ആഭ്യന്തര റിപ്പോർട്ട്​ 'അഫ്​ഗാൻ രേഖകൾ​' എന്ന പേരിൽ 'വാഷിങ്​ടൺ പോസ്​റ്റ്'​ പ്രസിദ്ധീകരിച്ചിരുന്നു. സർവീസിലുള്ളവരും വിരമിച്ചവരുമായ യു.എസ്​ സൈനിക മേധാവികൾ, രാഷ്​ട്രീയ ഉപദേഷ്​ടാക്കൾ, നയതന്ത്രജ്ഞർ, സഹായ പ്രവർത്തകർ തുടങ്ങിയവരുമായി നടത്തിയ അഭിമുഖ പരമ്പരകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അത്​. ആ വിലയിരുത്തുകൾ ഞെട്ടിക്കുന്നതായിരുന്നു.

ബുഷി​​െൻറയും ഒബാമയുടെയും കീഴിൽ അഫ്​ഗാൻ യുദ്ധച്ചുമതല വഹിച്ച ജനറൽ ഡഗ്ലസ്​ ലൂട്ട്​ തുറന്നു പറഞ്ഞത്​ അഫ്​ഗാനിസ്​താനെപ്പറ്റി അടിസ്ഥാന പരമായ അറിവുപോലും തങ്ങൾക്കില്ലാതെ പോയി എന്നാണ്​. എന്താണ്​ ചെയ്യുന്നതെന്നോ, എന്തു​ ദൗത്യമാണ്​ ഏറ്റെടുത്തിരിക്കുന്ന​തെന്നോ നേരിയ ഊഹം പോലുമില്ലായിരുന്നു. ഈ ശേഷിക്കുറവി​ൻെറ വ്യാപ്​തി അമേരിക്കൻ ജനത മനസ്സിലാക്കിയിരുന്നെങ്കിൽ എന്നായിരുന്നു മറ്റൊരു ദൃക്​സാക്ഷിയുടെ പരിഭവം. ബുഷിനും ഒബാമക്കും കീഴിൽ നാവികമേധാവിയായിരുന്ന ജഫ്രി എഗ്ഗേഴ്​സ്​ പാഴാക്കുന്ന വിഭവങ്ങളെക്കുറിച്ചാണ്​ വാചാലനായത്​. ​ട്രില്യൻ ഡോളർ ദൗത്യംകൊണ്ട്​ നമ്മൾ എന്താണ്​ നേടിയത്​? അഫ്​ഗാ​െൻറ ​പേരിൽ എത്ര കോടികളാണ്​ തുലച്ചത്​ എന്നോർത്ത്​ വെള്ളത്തിനുള്ളിലെ ശവക്കുഴിയിൽ കിടന്ന്​ ഉസാമ ബിൻ ലാദിൻ ഊറിച്ചിരിക്കുന്നുണ്ടാവുമെന്നും നാം നഷ്​ടക്കാരാ​െയന്നുമായിരുന്നു അദ്ദേഹത്തി​െൻറ പഴി.

ദീർഘകാലം അവിടെ സേവനം നടത്തിയ യു.എസ്​ പട്ടാളക്കാരൻ വ്യക്തമാക്കിയത്​ അഫ്​ഗാൻ പൊലീസുകാരിൽ മൂന്നിലൊന്നുപേരും മയക്കുമരുന്ന്​ അടിമകളും വലിയ ഒരു വിഭാഗം താലിബാൻ അനുകൂലികളുമാണെന്നാണ്​. ഇത്​ യു.എസ്​ സൈനികർക്ക്​ വലിയ പ്രശ്​നം സൃഷ്​ടിച്ചിരു​െന്നന്ന്​ പ്രത്യേക സേനാമേധാവികളിലൊരാൾ 2017ൽ സാക്ഷ്യപ്പെടുത്തിയിരുന്നു: ''അവർ കരുതിയത്​ താൻ ചെന്നത്​ എവിടെയാണ്​ നല്ലയാൾക്കാരും മോശമാളുകളും പാർക്കുന്ന ഇടങ്ങളെന്ന്​ കാണിച്ചു കൊടുക്കാനാണെന്നാണ്​. എ​െൻറ ​ൈകയിൽ വിവരങ്ങളൊന്നുമില്ല എന്ന കാര്യം പറഞ്ഞു മനസ്സിലാക്കാൻ ഒരുപാട്​ പണിപ്പെടേണ്ടി വന്നു.

ഡൊണാൾഡ്​ റംസ്​ഫെൽഡ്​ 2003ൽ തന്നെ ഇതേ വികാരം പങ്കുവെച്ചിരുന്നു. ''അഫ്​ഗാനിലോ, ഇറാഖിലോ ആവ​ട്ടെ, ആരാണീ മോശം ആൾക്കാർ എന്നതിനെപ്പറ്റി എനിക്ക്​ ഒരു ധാരണയുമില്ലായിരുന്നു.എല്ലാ രഹസ്യവിവരങ്ങളും പരിശോധിച്ചു, അപ്പോൾ തോന്നുക വലു​തായെന്തോ കിട്ടിപ്പോയി എന്നാണ്​. പക്ഷേ, ഇറങ്ങിപ്പുറപ്പെടു​േമ്പാഴാണ്​ കാര്യമായൊന്നും കിട്ടിയിട്ടില്ല എന്ന്​ ബോധ്യപ്പെടുന്നത്​. ആളുകളുടെ ബുദ്ധി അളക്കാൻ നമ്മൾ അശക്തരാണ്​''. ആൾത്തിരക്കുള്ള മാർക്കറ്റിലെ സ്​ഫോടന ശേഷം കൂട്ടാളികളും ശത്രുക്കളും തമ്മിലെ വ്യത്യാസം പറഞ്ഞു കൊടുക്കാൻ കഴിയാതെ കണ്ണിൽകണ്ടവർക്കെല്ലാമെതിരെ ആക്രമണം അഴിച്ചുവിടുന്നത്​ കൂടുതൽ ശത്രുക്കളെ സൃഷ്​ടിക്കാൻ മാത്രമേ ഉപകരിക്കൂ.

തുടക്കംമുതലേ കടുത്ത അഴിമതി നടമാടിയിരു​െന്നന്ന്​ മൂന്നു​ സൈനിക മേധാവികളുടെ ഉപദേഷ്​ടാവായി വർത്തിച്ച കേണൽ ക്രിസ്​റ്റഫർ കൊലിൻറ ചൂണ്ടിക്കാട്ടുന്നു. കർസായി സർക്കാർ നിലനിന്നതു തന്നെ ചോരണാധിപത്യത്തിലായിരുന്നു. അധിനിവേശം നിലനിർത്തുന്നതിന്​ രൂപം നൽകിയ തന്ത്രങ്ങളെ അത്​ അട്ടിമറിച്ചു. നിസ്സാര അഴിമതി തൊലിപ്പുറത്തെ കാൻസർ പോലെയാണ്​, അതു​ ഭേദപ്പെടുത്താൻ വഴി കണ്ടെത്താനായേക്കും. മന്ത്രിമാരും ഉന്നതരും ഉൾക്കൊള്ളുന്ന അഴിമതി മലാശയ കാൻസർ പോലെയാണ്​. അത്​ ഗുരുതര പ്രശ്​നമാണെങ്കിലും സമയത്തിന്​ കണ്ടെത്തി ചികിത്സിച്ചാൽ ശരിപ്പെ​ട്ടേക്കും. എന്നാൽ കള്ളത്തിലും കവർച്ചയിലും അടിപ്പെട്ട ചോരണാധിപത്യ ഭരണസംവിധാനം തലച്ചോറിനെ ബാധിച്ച കാൻസർ പോലെ മാരകമാണ്​. പതിറ്റാണ്ടുകളായി എല്ലാ മേഖലയിലും ചോരണാധിപത്യം വ്യാപിച്ചിട്ടും പാകിസ്​താൻ എങ്ങനെയോ നിലനിന്നുപോകുന്നുണ്ട്​. പക്ഷേ, അധിനിവേശ സേനയും ജനപിന്തുണയില്ലാത്ത സർക്കാറും ചേർന്ന്​ രാഷ്​ട്ര നിർമാണ പ്രവർത്തനം നടത്തുന്ന അഫ്​ഗാനിൽ അത്​ എളുപ്പമായിരുന്നില്ല.

അപ്പോൾ താലിബാനെ കടപുഴക്കിയെന്നും അവർക്കിനി തിരിച്ചുവരവില്ലെന്നുമൊക്കെ വന്ന വ്യാജ റിപ്പോർട്ടുകളോ? ദേശീയ സുരക്ഷാ കൗൺസിലിലെ മുതിർന്ന അംഗം പറഞ്ഞത്​ ഈ നുണകളെല്ലാം ദൗത്യത്തിൽ പ​ങ്കാളികളായിരുന്ന എല്ലാവരെയും നല്ലരീതിയിൽ ഉറപ്പിച്ചു നിർത്താൻ ത​ൻെറ സഹപ്രവർത്തകരുടെ വിശദീകരണങ്ങളായിരു​െന്നന്നാണ്​. നാറ്റോയിലെ ഉന്നതർക്കും പ്രതിരോധ മന്ത്രിമാർക്കും ഇതൊരു പരസ്യമായ രഹസ്യമായിരുന്നു. രാഷ്​ട്രീയമായും സൈനികമായും അബദ്ധങ്ങൾ ചെയ്​​െതന്ന്​ 2014ൽ ബ്രിട്ടീഷ്​ പ്രതിരോധ സെക്രട്ടറി മൈക്കൽ ഫാലൻ തുറന്നു സമ്മതിച്ചതാണല്ലോ. എന്തു തന്നെ വന്നാലും അഫ്​ഗാനിൽ പോരാടാൻ ഇനി സേനയെ അയക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ, നാലു വർഷത്തിനിപ്പുറം 'ദുർബലമായ സുരക്ഷാ സാഹചര്യത്തെ രക്ഷപ്പെടുത്തിയെടുക്കാൻ' പ്രധാനമന്ത്രി തെരേസ മേ മുമ്പത്തെക്കാൾ ഇരട്ടി ബ്രിട്ടീഷ്​ സൈനികരെ അവിടേക്കയച്ചു. ഇപ്പോൾ ബൈഡൻ തെറ്റായ നേരത്ത്​ തെറ്റായ തീരുമാനമെടുത്തു എന്നു​ പറയുന്ന ബ്രിട്ടീഷ്​ മാധ്യമങ്ങൾ വിദേശകാര്യ വകുപ്പി​ൻെറ വികാരം ഏറ്റുപറയുകയാണ്​. പുതിയൊരു അധിനിവേശം വേണ്ടിവന്നേക്കുമെന്ന്​ ബ്രിട്ടീഷ്​ സായുധസേന മേധാവി സർ നിക്​ കാർട്ടറും ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടീഷ്​ സർവാധിപത്യബോധം പേറുന്ന പാർലമെൻറ്​ അംഗങ്ങളും, കോളനിവാഴ്​ചയിൽ​ കോൾമയിർ കൊള്ളുന്നവരും ശിങ്കിടി മാധ്യമപ്രവർത്തകരുമെല്ലാം യുദ്ധം തകർത്ത ആ രാജ്യത്ത്​ ബ്രിട്ട​ൻെറ സ്ഥിരംസാന്നിധ്യം വേണ​െമന്ന്​ വിളിച്ചുകൂവുന്നുണ്ട്​. അമ്പരപ്പിക്കുന്ന കാര്യമെ​ന്തെന്നാൽ ജനറൽ കാർട്ടറോ അദ്ദേഹത്തിൻെറ അടുപ്പക്കാരോ അഫ്​ഗാൻ രേഖകളിൽ ചൂണ്ടിക്കാട്ടിയ യു.എസ്​ യുദ്ധയന്ത്രത്തി​ൻെറ പ്രതിസന്ധിയെ വകവെക്കാൻ കൂട്ടാക്കിയിരുന്നില്ല. എന്നാൽ, അമേരിക്കൻ സൈനിക ആസ​ൂത്രകർ പതിയെ യാഥാർഥ്യത്തിലേക്ക്​ കൺതുറന്നപ്പോഴും അവരുടെ ബ്രിട്ടീഷ്​ പങ്കാളികൾ അഫ്​ഗാനെക്കുറിച്ച്​ മിഥ്യാചിത്രവും പേറി നടപ്പാണ്​. സേനാ പിന്മാറ്റം യൂറോപ്പി​ൻെറ സുരക്ഷക്ക്​ ഭീഷണിയാണെന്നും പുതിയ ഇസ്​ലാമിക്​ എമിറ്റേറിന്​ കീഴിൽ അൽഖാഇദ വീണ്ടും ഒത്തുചേരുമെന്നും ചിലർ പറയുന്നു. ഈ പറച്ചിൽ കുടിലമാണ്​. അമേരിക്കയും ബ്രിട്ടനും എത്ര വർഷമാണ്​ സിറിയയിലും ബ്രിട്ടനിലും ബോസ്​നിയയിലും അൽ ഖാഇദയെ ആയുധമണിയിച്ച്​ കൊണ്ടു നടന്നത്​.

ഇത്തരം ഭീതിവിതക്കൽ വിവരക്കേടി​‍െൻറ ചതുപ്പ്​നിലങ്ങളിൽ മാത്രമേ ഫലം കാണുകയുള്ളൂ. ബ്രിട്ടീഷ്​ പൊതുസമൂഹത്തിന്​ ഇതെന്തായാലും ഉൾക്കൊള്ളാനാകുമെന്ന്​ തോന്നുന്നില്ല. ഭീകരതക്കെതിരായ യുദ്ധത്തോട്​ ഇപ്പോൾ തന്നെയുള്ള എതിർപ്പ്​ കൂടുതൽ ശക്തിപ്പെ​​ട്ടേക്കും. ഇനിയെന്താണ്​ സംഭവിക്കാൻ പോകുന്നത്​? ഇറാഖിലും സിറിയയിലും നടപ്പാക്കിയ മാതൃകയിൽ ഒരു സ്ഥിരം സൈനിക യൂനിറ്റ്​ അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്​. അവശ്യസന്ദർഭത്തിൽ അഫ്​ഗാനിലേക്ക്​ പറന്നു ചെന്ന്​ ബോംബിട്ട്​, ആളെക്കൊന്ന്​ ക്ഷതമേൽപ്പിക്കാൻ പാകത്തിന്​ 2500 സൈനികർ ഇതിനായി കുവൈത്തിലെ സൈനിക താവളത്തിലുണ്ടാവും. അതിനിടെ ജൂലൈയിൽ ചൈന സന്ദർശിച്ച ഉന്നത താലിബാൻ സംഘം ഉറപ്പിച്ചു പറഞ്ഞത്​ മറ്റു രാജ്യങ്ങളെ ആക്രമിക്കാനുള്ള ഇടമായി മേലിൽ തങ്ങളുടെ രാജ്യം ഉപയോഗിക്കപ്പെടില്ല എന്നാണ്​. വാണിജ്യ-സാമ്പത്തിക ചങ്ങാത്തമുൾപ്പെടെ ചൈനീസ്​ വിദേശകാര്യ മന്ത്രിയുമായി ഗാഢമായ ചർച്ചകളും നടന്നിട്ടുണ്ട്​.

ഈ നീക്കം എൺപതുകളിൽ വഹാബി രീതിയിലെ വസ്​ത്രങ്ങളും ശീലങ്ങളുമായി വന്ന അഫ്​ഗാൻ മുജാഹിദുകളും പാശ്ചാത്യനേതാക്കളും തമ്മിൽ വൈറ്റ്​ ഹൗസി​ൻെറയോ ഡൗണിൺ സ്​ട്രീറ്റിലെ 10ാം നമ്പർ വീടി​ൻെറ യോ (ബ്രിട്ടിഷ്​ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി) പശ്​ചാത്തലത്തിൽ നടന്ന സമാന ചർച്ചകളെ ഓർമയിലെത്തിച്ചു. ഇപ്പോൾ നാറ്റോ പിൻമടങ്ങുേമ്പാൾ ചൈനയും റഷ്യയും ഇറാനും താലിബാന്​ തന്ത്രപരമായ വൻ പിന്തുണ നൽകി വന്ന പാകിസ്​താനുമെല്ലാമാണ്​ മുഖ്യറോളിൽ. ​ഇറാനും റഷ്യയുമായി ചൈന പുലർത്തുന്ന വലിയ ബന്ധം തകിടം മറിഞ്ഞു കിടക്കുന്ന ഈ രാജ്യത്ത്​ ലോലമായ സമാധാനം കൊണ്ടുവരാൻ സഹായിച്ചേക്കും.

നാലുകോടിക്കടുത്ത്​ ജനസംഖ്യയുള്ള രാജ്യത്തെ ജനങ്ങളുടെ ശരാശരി പ്രായം 18 ആണെന്നത്​ ഉൗന്നിപ്പറയപ്പെടുന്നുണ്ട്​. നാലു പതിറ്റാണ്ട്​ നീണ്ട സംഘർഷങ്ങൾക്കൊടുവിൽ സമാധാന പൂർണമായ മെച്ചപ്പെ​ട്ടൊരു ജീവിതം രാജ്യത്ത്​ സാധ്യമാക്കാൻ ഇൗ ചെറുപ്പം പ്രയത്​നിക്കു​െമന്ന്​ പ്രതീക്ഷിക്കാം. ഒരു ശത്രു മാത്രമാണ്​ അവശേഷിച്ചതെന്നാൽ പോലും, അഫ്​ഗാനി വനിതകളെ സംബന്ധിച്ച്​ പോരാട്ടം അവസാനിക്കുന്നേയില്ല. പോരാട്ടം തുടരണമെന്നാഗ്രഹിക്കുന്ന ബ്രിട്ടനിലും മറ്റു രാജ്യങ്ങളിലുമുളളവർ തങ്ങളുടെ ശ്രദ്ധ ഏറെ വൈകാതെ നാറ്റോയുടെ വാതിലിൽ മുട്ടിവിളിക്കാനെത്തുന്ന അഭയാർഥികളുടെ കാര്യത്തിലേക്ക്​ കേന്ദ്രീകരിക്കണം. അനാവശ്യമായി അടിച്ചേൽപ്പിച്ച ഒരു യുദ്ധത്തിൻെറ തുലോം തുച്ഛമായ ഒരു പ്രായശ്ചിത്തമായി, അഭയാർഥികളെ സ്വീകരിക്കുക എന്ന ബാധ്യതയെങ്കിലും പാശ്ചാത്യർ ഏറ്റെടുക്കേണ്ടതുണ്ട്​.

ക​ട​പ്പാ​ട്​: ന്യൂ ​ലെ​ഫ്​​റ്റ്​ റി​വ്യൂ

(അ​വ​സാ​നി​ച്ചു)

Tags:    
News Summary - afghanistan: They have responded to Atonement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.