വീണ്ടുമൊരു സ്വാഭാവിക വനിതാ ദിനം!

വീണ്ടുമൊരു സ്വാഭാവിക വനിതാ ദിനം!

ദിനങ്ങളേറെ ആചരിച്ചിട്ടും കാര്യമായ പ്രതിഫലനങ്ങളില്ലാതെ തുടരുന്ന സ്ത്രീ ജന്മങ്ങൾ. ജീവനും മാനത്തിനും ഭീഷണിയില്ലാതെ സ്ത്രീക്ക് സ്വസ്ഥമായും സ്വതന്ത്രമായും ജീവിക്കാനുള്ള വഴിയന്വേഷിച്ച് വ്യക്തികളും സംഘടനകളും തല പുകയുമ്പോഴും മിനിറ്റുകളുടെ വ്യത്യാസത്തിൽ സ്ത്രീ പീഡന സംഭവങ്ങൾ പെരുകുന്നു എന്നത് അത്യന്തം വേദനാജനകമാണ്.

തെരുവുകളിലെ പീഡാനുഭവങ്ങൾക്കപ്പുറം വീടകങ്ങളിലെ ക്രൂരതകൾ വർധിക്കുന്നത് ആശങ്കകൾ വർധിപ്പിക്കുന്നു. സ്വപ്നം കണ്ട ജീവിതം ലഭ്യമാകാതെ വരുമ്പോഴുള്ള ആത്മഹത്യകളും പീഡാനുഭവങ്ങളും കൊലപാതകങ്ങളും അടുത്ത കാലത്തായി കേൾക്കുന്നത് വിദ്യാസമ്പന്നമായ കുടുംബങ്ങളിൽ നിന്നാണ് എന്നത് സ്ത്രീ ശാക്തീകരണ വഴിയിൽ നമുക്കെവിടെയോ പിഴച്ചുവോ എന്ന ചോദ്യമുയർത്തുന്നു.

കൂട്ടുകാരന്റെ കിടപ്പറ പങ്കിടാൻ ഇണയെ കൈമാറുന്ന ക്രൂര വിനോദത്തെക്കുറിച്ചു നാം കേട്ടതും വിദ്യാഭാസ- സാമൂഹിക- സാമ്പത്തിക ഔന്നത്യം അവകാശപ്പെടുന്നവരിലാണ് എന്നത്, എവിടെയാണ് നമുക്ക് പിഴച്ചതെന്ന ചോദ്യത്തിന് ആക്കം കൂട്ടുന്നു. സ്ത്രീയെയും അവളുടെ വ്യക്തിത്വത്തെയും മനസ്സിലാക്കാനും മാനിക്കാനും കഴിയാതെ കേവല ദിനാചരണങ്ങളും ഓർമ്മപ്പെടുത്തലുകളും മാത്രമായി സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ ചുരുങ്ങുന്നുവോ എന്ന് സംശയിച്ചു പോകുന്നു.

ശാരീരിക മാനസിക വൈകാരിക ഭാവങ്ങളിൽ വ്യതിരിക്തത പുലർത്തുന്ന സ്ത്രീ പുരുഷന്മാരുടെ പ്രകൃതിപരമായ സവിശേഷതകൾ പുരുഷന്റെ ശക്തിയും സ്ത്രീയുടെ ദൗർബല്യവുമായി കാണുന്നു എന്നതാണ് ലിംഗ നീതി നിഷേധത്തിന്റെ ഒന്നാം പടി. പുരുഷൻ കായിക ബലം കൊണ്ട് അംഗീകരിക്കപ്പെടുമ്പോൾ സ്ത്രീ ഒരു തലമുറക്ക് മടിത്തട്ട് വിരിച്ചു കൊണ്ട് ശ്രദ്ധേയയാകുന്നു. സ്ത്രീ പുരുഷന്മാരുടെ കഴിവും കഴിവ് കേടുകളും പാരമ്പര്യത്തിനപ്പുറം സാഹചര്യ നിർമ്മിതി കൂടിയാണ്. അവർക്ക് ലഭിക്കുന്ന വിജ്ഞാനം, അവസരങ്ങൾ, കുടുംബ സാമൂഹ്യാന്തരീക്ഷം എന്നിവയൊക്കെ അവരുടെ വ്യക്തിത്വ വികാസത്തിന് ഹേതുവാകുന്നു എന്നിരിക്കെ പുരുഷന്റേതിന് തുല്യമായ അവസരങ്ങളും അനുഭവങ്ങളും സ്ത്രീക്ക് നല്കപ്പെടുന്നുണ്ടോ എന്നത് ഒരു ചോദ്യമായി ഉയരുന്നു.

മിഴി തുറന്ന് ഭൂമിയിലേക്ക് വരാൻ കഴിയാതെ ജീവനെടുക്കപ്പെടുന്ന ഭ്രൂണവും അതിന്റെ മനോ വ്യഥ പേറുന്ന മാതൃത്വവും അനുഭവിക്കുന്ന വേദനയാണ് ലിംഗ നീതി നിഷേധത്തിന്റെ ആദ്യ വിലാപം. പിറക്കാൻ ഭാഗ്യം ലഭിച്ചവർക്ക് കുടുംബ, വിദ്യാഭ്യാസ, സാമൂഹിക, തൊഴിലിടങ്ങളിൽ മുമ്പത്തെക്കാളേറെ ഇടം പിടിക്കാൻ കഴിയുന്നുണ്ടെങ്കിലും മനുഷ്യ സൃഷ്ടി എന്ന നിലക്കുള്ള പരിഗണനയും വ്യക്തിയെന്ന അംഗീകാരവും ഏതറ്റം വരെ ലഭിക്കുന്നുണ്ട് എന്നതിൽ സന്ദേഹമുണ്ട്. ശാക്തീകരണത്തിന്റെ പുതിയ മേച്ചിൽ പുറങ്ങളിൽ എത്തിയവരെക്കുറിച്ചല്ല, മനസ്സും മനഃസ്സാക്ഷിയും ചിന്താ ധാരയുമുള്ള സ്വതന്ത്ര വ്യക്തിയുടെ സ്വപ്നങ്ങൾക്കും അഭിലാഷങ്ങൾക്കും അഭിപ്രായങ്ങൾക്കും അംഗീകാരവും പരിഗണനയും ലഭിക്കാത്ത കുടുംബ സാമൂഹ്യാന്തരീക്ഷത്തെക്കുറിച്ചാണ് ഈ സംശയം നിലനിൽക്കുന്നത്. അടക്കിപ്പിടിച്ച വേദനകളും, മൂടി വെക്കാൻ ശ്രമിക്കുന്ന സങ്കടങ്ങളും, കെട്ടിപ്പൂട്ടിയ പ്രതികരണ ശേഷിയും സ്വന്തം ജീവനും മാനവും സംരക്ഷിക്കാൻ സ്ത്രീ നടത്തുന്ന ശ്രമങ്ങളുടെ തെളിവാണ്. തലമുറയുടെ കാവൽക്കാരിയായ അവളുടെ ശാരീരിക, മാനസിക, വൈകാരിക സന്തുലിതത്വം കുടുംബത്തിന്റെയും സമൂഹത്തിന്റെയും ബാധ്യതയായി വരുമ്പോഴേ അവളുടെ കദനകഥകൾക്ക് അന്ത്യമുണ്ടാകൂ.

സ്ത്രീ ഒരു വ്യക്തിയാണ്. വസ്തുവല്ല. വിവാഹക്കമ്പോളത്തിലേക്ക് ഒരുക്കിയെടുക്കുന്ന ചരക്ക്‌; വിപണി സജീവമാക്കുന്ന പരസ്യ വസ്തു; ഇതേനെല്ലാമുപരി സ്ത്രീ സൗന്ദര്യത്തിന് വ്യാഖ്യാനങ്ങൾ കണ്ടെത്തേണ്ടത് അവളുടെ കഴിവിലും പ്രാപ്തിയിലുമാണ്. ചിന്തയിലും സംസാരത്തിലും നിലപാടിലും അവൾ പ്രകടിപ്പിക്കുന്ന ഔന്നത്യമാണവളുടെ യഥാർഥ സൗന്ദര്യം. കാലിക പ്രസക്തമായ വിഷയങ്ങളിൽ കൃത്യവും വ്യക്തവുമായ വീക്ഷണങ്ങൾ പങ്കുവെക്കാൻ കഴിയുന്ന പുതിയകാലത്തെ മിടുക്കികളെ സ്‌ക്രീനിൽ കാണുമ്പോൾ കഴിഞ്ഞ കാലഘട്ടങ്ങളിൽ നമ്മുടെ പെൺമക്കൾ അകപ്പെട്ടിരുന്ന ആലസ്യത്തിന്റെയും പ്രദർശനപരതയുടെയും സുഖ നിദ്രയിൽ നിന്നൊരു ഉയിർത്തെഴുന്നേൽപ്പ് സംഭവിക്കുന്നുണ്ട് എന്നത് ആശാവഹമാണ്.

ചായക്കൂട്ടുകളും ചമയങ്ങളും കൊണ്ട് സ്ത്രീ ശരീരത്തെ മോടി പിടിപ്പിക്കുന്നതിനപ്പുറം അവളുടെ ബുദ്ധിയും ചിന്തയും നിറം കൊടുത്ത് മനോഹരമാക്കാൻ കഴിഞ്ഞാൽ അതുല്യ പ്രതിഭകൾ സൃഷ്ടിക്കപ്പെടും. അതിനു പുരുഷന്റെ തണലും കരുതലും അനിവാര്യമാണ്. കാരണം സ്ത്രീ പുരുഷ ബന്ധം പരസ്പര പൂരകമാകണം. നെഹ്‌റുവിന്റെ തണലിൽ വളർന്ന ഇന്ദിരയെ പോലെ പുരുഷന്റെ കരുതലിലാണ് സ്ത്രീയുടെ വളർച്ച. അവന്റെ ആവേശത്തിലാണവളുടെ കുതിപ്പ്. ദാമ്പത്യ ബന്ധത്തിന് മനോഹാരിതയും പശിമയും നൽകുന്ന പ്രണയം പോലും സ്വാർഥ താല്പര്യങ്ങളാൽ വികലമാക്കപ്പെട്ടിരിക്കുന്നു. പാമ്പിനെക്കൊണ്ട് ജീവനെടുക്കാനും നിരന്തര ശാരീരിക, മാനസിക പീഡനങ്ങളിലൂടെ പെൺകുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടാനും ശ്രമിക്കുന്നത് നിരക്ഷരരോ പാമരന്മാരോ അല്ല; പീഡകരും പീഡിതരും അഭ്യസ്തവിദ്യരാണ് എന്നത് നമ്മുടെ ആശങ്കക്ക് ആക്കം കൂട്ടുന്നു. വൈവാഹിക ജീവിതത്തിന്റെ അർഥവും മാനവും തകർത്തെറിയാൻ കൂട്ട് നിൽക്കുന്നവരുടെ കൂട്ടത്തിൽ വിദ്യാസമ്പന്നരും ഉദ്യോഗസ്ഥരും വരെ ഉണ്ടെന്ന സത്യം നമ്മെ ഏറെ ചിന്തിപ്പിക്കുന്നു.

സാങ്കേതികവിദ്യയുടെ നൂതന സാധ്യത ലൈംഗിക വൈകൃതങ്ങൾക്കും, അശ്ലീലതകൾക്കും പരവതാനി വിരിച്ചു കൊടുക്കുമ്പോൾ സ്ത്രീയെ വെറും ശരീര പ്രധാനമായ 'വസ്തു' വായിക്കാണുന്ന കാമ വെറിയന്മാർക്കു മുന്നിൽ ഏഴു വയസ്സുകാരിയും എഴുപതു വയസ്സുകാരിയും ഒരു പോലെ പിച്ചിചീന്തപ്പെടുന്നു. ആവശ്യം കഴിഞ്ഞു വലിച്ചെറിയപ്പെടുന്ന ഡിസ്പോസിബിൾ സംസ്കാരത്തിൽ സ്ത്രീ കൂടി ഇടം പിടിക്കുന്നു. പത്തു വയസ്സുകാരനുപോലും സ്വൈരവിഹാരം നടത്താൻ പാകത്തിൽ അശ്ലീലതയുടെ ലോകം തുറന്നു പരന്നു കിടക്കുമ്പോൾ വികലമായ ലൈംഗിക ജ്ഞാനവും ബാല്യത്തിന്റെ കൗതുകവും ശരിതെറ്റുകളറിയാത്ത പതിനാലുകാരനെപ്പോലും രതിവൈകൃതങ്ങൾക്ക് പ്രേരിപ്പിക്കുന്നു. അതിവേഗം പടരുന്ന ലഹരി ഉപയോഗത്തിന്റെ പിൻബലം കൂടി ആവുമ്പോൾ ഇത്തരം ക്രൂര വിനോദങ്ങൾക്ക് ഇടവും സാധ്യതയും ഏറുകയാണ്. റിപ്പോർട്ട് ചെയ്യപ്പെടുന്ന മിക്കവാറും പീഡനകേസുകളിൽ ലഹരിയുടെ പങ്ക് അനിഷേധ്യവും ഞെട്ടൽ ഉളവാക്കുന്നതുമാണ്.

ഇരയുടെ നീതി നിഷേധിക്കപ്പെടുന്നത് സ്ത്രീ പീഡന സംഭവങ്ങൾ പെരുകാൻ മറ്റൊരു കാരണമാണ്. വൈകി ലഭിക്കുന്ന നീതി, നിഷേധിക്കപ്പെടുന്ന നീതിക്ക് സമമാകുമ്പോൾ ഓടിത്തളർന്ന ഇരകളിലൂടെ സമൂഹത്തിന് ലഭിക്കുന്ന സന്ദേശം ' നീതിക്ക് വേണ്ടി ഓടാതിരിക്കുക' എന്നതാണ്. നീതിന്യായ ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതോടൊപ്പം സാമൂഹിക സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്നതും പ്രധാനമാണ്. കാരണം, തിന്മകളുടെ വ്യാപനത്തിൽ സാഹചര്യമാണ് പലപ്പോഴും വില്ലൻ.

ചുരുക്കത്തിൽ, മനുഷ്യമനസ്സുകളിലാണ് വിപ്ലവങ്ങൾ തുടങ്ങേണ്ടത്. സ്ത്രീയെക്കുറിച്ചുള്ള കാഴ്ചപ്പാടും അവളോടുള്ള സമീപനവുമാണ് ഒന്നാമതായി മാറേണ്ടത്. അവളൊരു വസ്തുവല്ല; വ്യക്തിയാണെന്ന ചിന്തയാണ് ആദ്യം ഉണ്ടാവേണ്ടത്.

സങ്കടവും വേദനയും പുരുഷനെന്ന പോലെ സ്ത്രീക്കുമുണ്ടെന്ന ചിന്ത; വളരാനും ഉയരാനുമുള്ള മോഹം അവൾക്കുമുണ്ടെന്ന തിരിച്ചറിവ്; തന്റെ സ്വാർഥ താൽപര്യങ്ങൾക്കു മുൻപിൽ അവളുടെ സ്വപ്നങ്ങൾ കരിഞ്ഞുണങ്ങുന്നുണ്ടോ എന്നൊരു കരുതൽ; അങ്ങിനെ സംഭവിക്കരുതെന്ന ദൃഢനിശ്ചയം; നൈസർഗ്ഗികമായ കഴിവുകളെ തുടച്ചു വൃത്തിയാക്കി അവസരങ്ങൾ കൊണ്ടതിനെ തേച്ചുമിനുക്കിയെടുത്താൽ പളുങ്ക് പോലെ തിളങ്ങുന്ന മരതകമാണവൾ എന്ന തിരിച്ചറിവ്; സങ്കല്പത്തിനതീതമായി ഉയർന്നു പറക്കാൻ കെല്പുള്ളവളാണവൾ; മാതൃത്വമെന്ന മഹനീയ പദവിയുടെ ഭൂമിയിലെ ഏക അവകാശി; അവളാണ് ഒരു സമൂഹത്തെ സൃഷ്ടിക്കുന്നത്; ഒരു തലമുറക്ക് താരാട്ടു പാടുന്നത്; അവളെ കൊത്തിപ്പറിക്കുമ്പോൾ നശിക്കുന്നത് കേവലം ഒരു ശരീരമല്ല; മനസ്സും മനഃസ്സാക്ഷിയുമാണ്; അതിലൂടെ തലമുറയും സമൂഹവുമാണ്. ഒരു സംസ്‌കൃതിയുടെ ഈറ്റില്ലമാണവിടെ തകർക്കപ്പെടുന്നത് എന്ന തിരിച്ചറിവാണ് സമൂഹത്തിനു ഉണ്ടാകേണ്ടത്. എങ്കിൽ അവളെ കരുതലോടെ കൈവെള്ളയിൽ കൊണ്ട് നടക്കാൻ ഏവരും ശ്രദ്ധിക്കും തീർച്ച!

rasiyachalakkal@gmail.com

Tags:    
News Summary - Another Natural Women's Day!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.