ഇന്ന് രാവിലെയാണ് രഘുനന്ദനൻ നീണ്ട ഇടവേളക്കു ശേഷം എന്നെ വിളിച്ചത്. പാലക്കാട്ടെ ഒരു ഉൾനാടൻ ഗ്രാമത്തിൽ സാമാന്യം വലിയ സ്കൂളിെൻറ പ്രധാനാധ്യാപകനാണ് പ്രിയ സുഹൃത്ത്. കുറെ നാളായി ഞങ്ങൾ ദൂരത്തിലും മൗനത്തിലുമാണ്. പ്രത്യേകിച്ച് കാര്യങ്ങളൊന്നുമില്ലാതെ പരസ്പരം മറന്നു. അപ്രതീക്ഷിതമായിരുന്നു ഇന്നത്തെ ഫോൺകാൾ. ഒരു മുഖവുരയുമില്ലാതെ അയാൾ പറഞ്ഞു-സ്കൂളിൽ ഓൺലൈൻ വിദ്യാഭ്യാസം നടപ്പാക്കുന്നു. ഓൺലൈൻ വിദ്യാഭ്യാസം ആവശ്യപ്പെടുന്നതെന്തെന്നു അറിയാൻ രഘുനന്ദനന് ആശ്രയിക്കാൻ സൗകര്യം ഞാനാണെന്ന് പറഞ്ഞു നിറുത്തി.
രഘുനന്ദനനോട് രാത്രി വിളിക്കാമെന്ന് ഏറ്റപ്പോൾ എന്തൊക്കെ പറയാൻ കഴിയുമെന്ന് ഒരു ധാരണയുമില്ലായിരുന്നു. ഓൺലൈൻ വിദ്യാഭ്യാസം എന്ന സംജ്ഞ പരിചയമില്ലാത്തവർ നഗരങ്ങളിലുണ്ടാകില്ല, ഉറപ്പ്. ഗ്രാമങ്ങളിലും അതേ. ആ ഒരു സങ്കേതത്തിെൻറ ഏതു ഭാഗങ്ങളാണ് രഘുനന്ദനനെ ഇത്ര അധികംഅലോസരപ്പെടുത്തുന്നതെന്ന് ഞാൻ ആലോചിച്ചു.
ഓൺലൈൻ വിദ്യാഭ്യാസം-സാങ്കേതികമായി ഇത്ര പരിശുദ്ധമായ മറ്റൊരു പഠനരീതിയുണ്ടാകില്ല, ഈ ഭൂമുഖത്ത് ഇന്ന്. ഓഫ്‌ലൈൻ/ഓൺലൈൻ ക്ലാസുകളും മികവുറ്റ പഠനസഹായികളും ഒരുക്കുന്ന നിർമിതിയിലാണ് പ്രാഥമികമായി ഓൺലൈൻ വിദ്യാഭ്യാസം ചിട്ടപ്പെടുത്തുന്നത്. അപ്പുറത്ത് ക്ലാസ്മുറികളില്ല–വീടാകാം, അല്ലെങ്കിൽ ഇൻറർനെറ്റ് സൗകര്യങ്ങളുള്ള വായനശാലയോ മറ്റു പൊതു ഇടമോ ആകാം -അവിടെ തനിച്ചു കേൾവിക്കാരനോ കാഴ്ചക്കാരനോ ആയി വിദ്യാർഥി മാറുന്ന സാങ്കേതികസാധ്യതകളാണ് ഇന്ന് സാധാരണ കാമ്പസുകളിൽ ഓൺലൈൻ വിദ്യാഭ്യാസത്തിെൻറ രൂപരേഖ ചമക്കുന്നത്. ഗൂഗ്ൾ മീറ്റ്, ബ്ലാക്ക് ബോർഡ്, വെബിനാർ - അങ്ങനെ നീണ്ട നിരയായി നിൽക്കുന്ന സങ്കേതങ്ങൾ അധ്യാപകനെയും വിദ്യാർഥിയെയും ബന്ധിപ്പിക്കുന്ന പുതിയ ഇടനാഴികളാണ്.
രഘുനന്ദനെൻറ പ്രശ്നം സാങ്കേതികത്വം അല്ലെന്നറിയാം. അധ്യാപനം ഒരു തപസ്യയാണെന്ന് ബോധ്യപ്പെടുത്തുന്ന നിഷ്ഠകളും ആഗ്രഹങ്ങളും ഇടക്കൊക്കെ എന്നോട് പങ്കുവെച്ചിരുന്നത് ഓർക്കുന്നു. പാലക്കാടൻ ഉൾനാടൻഗ്രാമങ്ങൾ പൂർണമായി വൈദ്യുതീകരിക്കപ്പെട്ടിട്ട് ഒരു ദശാബ്ദത്തിലേറെയായിട്ടേയുള്ളൂ. മൊബൈൽ ഡാറ്റ വഴി ഇൻറർനെറ്റ് പരതുന്നവർ ധാരാളമുണ്ടവിടെ. പക്ഷേ, ഉയർന്ന ഇൻറർനെറ്റ് ബാൻഡ്വിഡ്ത്തും ഓൺലൈൻ വിദ്യാഭ്യാസത്തിനു വേണ്ട ഇലക്ട്രോണിക് ഉപകരണങ്ങളും ഇവിടെ വലിയ ആർഭാടം തന്നെയാണെന്ന് കരുതാൻ സാമൂഹികവകുപ്പിെൻറ സ്ഥിതിവിവരണക്കണക്കുകൾ അയാൾക്ക് ആവശ്യമില്ല. മുേമ്പ പഠിച്ചുപോയവർ സമ്മാനമായി നൽകിയ പുസ്തകങ്ങളിൽ പാഠങ്ങൾ തിരയുന്നവർ സ്വന്തമായ ലാപ്‌ടോപ്പിന് ആരുടെ ഔദാര്യം കാത്തുനിൽക്കുമെന്ന് അയാൾ ആകുലപ്പെട്ടു.
അധ്യാപകനിൽനിന്ന് ആരംഭിക്കുകയും വിദ്യാർഥികളിലേക്ക് ഊർന്നിറങ്ങുകയും, പിന്നെ രണ്ടുപേർക്കുമിടയിൽ പൊട്ടിവിരിയുകയും സാവധാനം അനുസ്യൂതമാകുകയും ചെയ്യുന്ന വ്യവഹാരങ്ങൾ സാമ്പ്രദായിക പരീക്ഷാ സംവിധാനത്തിൽ സ്നാനം ചെയ്യുന്നതോടെ പൂർത്തിയാകുന്നതാണ് രഘുനന്ദനൻ മനഃപാഠമാക്കിയ വിദ്യാഭ്യാസചരിതം. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് അടുത്തിടെയുണ്ടായ അത്ഭുതകരമായ പരിണാമം ആഘോഷിച്ചവരാണ് രഘുനന്ദനനും അയാളുടെ കുട്ടികളുമെന്നു അയാൾ പലതവണ പറഞ്ഞിട്ടുണ്ട്. പക്ഷേ, ഓൺലൈൻ കൂടുമാറ്റത്തിന് അത് കാരണമാകില്ലെന്ന തിരിച്ചറിവാണ് രഘുനന്ദനെൻറ പ്രശ്നം. സാധാരണ ക്ലാസ്റൂമിൽ നിന്ന് വെർച്വൽ പഠനപരിസരത്തേക്കുള്ള പരിണാമം ഭംഗമില്ലാതെ എങ്ങനെ ഉറപ്പുവരുത്തും എന്നതിനെപ്പറ്റിയാണ് രഘുനന്ദനൻ അന്വേഷിച്ചത്. ഈ സന്ധിയിലാണ് രഘുനന്ദനെൻറ ആകുലതകൾ പറ്റിപ്പിടിച്ചിരിക്കുന്നത്.
വെർച്വൽ ക്ലാസ്മുറി അനന്യമായ പഠനാനുഭവങ്ങളെ ദൃഢപ്പെടുത്തുന്ന സാധ്യതകളുണ്ട്, അതു സാധാരണ ക്ലാസ്മുറി അന്തരീക്ഷത്തിന് പകരമല്ലെങ്കിൽ കൂടി. പഠനഭാഗങ്ങളുടെ രൂപമാറ്റം സാധ്യമാക്കാൻ പരിശീലനമുള്ള അധ്യാപകരും അതിെൻറ നിർമിതിക്കുള്ള സൗകര്യങ്ങളുമില്ലെന്ന ആവലാതി ഒരു സാധാരണസ്കൂളിലെ പ്രധാനാധ്യാപകൻ ആരോടാണ് പറയുക? അയാൾ ഉത്തരം അർഹിക്കുന്നു.
വിദ്യാർഥികളുടെ പഠനാനുഭവങ്ങളാണ് അധ്യാപനത്തിെൻറ ഏറ്റവും പ്രഥമമായ അളവുകോൽ എന്ന് മനഃപാഠമാക്കിയ അറിവിലാണ് ഈ മാറ്റങ്ങളുടെ വരുംവരായ്കകൾ രഘുനന്ദനൻ ചികയുന്നതെന്ന് എനിക്ക് മനസ്സിലായി. അയാളുടെ കൂടെയുള്ള അധ്യാപകർ പുതിയ മാറ്റത്തിലേക്കുള്ള തയാറെടുപ്പിലാണെന്ന് കരുതാനും രഘുനന്ദനന് കഴിയുന്നില്ല. പരിശീലനം കിട്ടാത്ത അധ്യാപകൻ അയാളുടെ സാധാരണക്കാരായ വിദ്യാർഥികളുടെ ബോധമനസ്സിലുണ്ടാക്കാവുന്ന ക്ഷതം അയാളെ ക്ഷോഭിപ്പിക്കുകതന്നെ ചെയ്യും. വിദ്യാർഥിയുടെ ഉൾക്കാഴ്ചയിൽ എത്തിനോക്കാൻ പ്രാപ്തമാക്കുന്ന സംവേദനരീതികൾ വേണമെന്നത് മറന്നുപോകാത്ത പാഠമാണ് അയാൾക്ക്. അധ്യാപകനും വിദ്യാർഥിയും തമ്മിൽ അനുസ്യൂതമായ സംഭാഷണം അതിെൻറ ആത്മാവാകണം. അപ്പുറത്തിരിക്കുന്ന വിദ്യാർഥി തെൻറ കൂടെത്തന്നെ ഉണ്ടെന്ന് ഉറപ്പുവരുത്താൻ ഓൺലൈൻ വിദ്യാഭാസത്തിൽ ഒരുപാട് ക്രമീകരണങ്ങൾ ചെയ്യാനുണ്ടെന്ന് രഘുനന്ദനനോട് പറയുകതന്നെ വേണമെന്ന് ഞാൻ കരുതി. ഈ പുതിയ പ്രതലത്തിൽ വിദ്യാർഥികൾ അനുഭവിക്കുന്ന വൈകാരിക പ്രശ്നങ്ങൾ അത്രയെളുപ്പം കൈകാര്യം ചെയ്യപ്പെടുമെന്ന വ്യാമോഹം അയാൾക്ക് ഉണ്ടാകാൻ സാധ്യതയില്ല. പക്ഷേ, വിദ്യാർഥികൾ തുരുത്തിൽ ഒറ്റപ്പെടരുതെന്ന് രഘുനന്ദനൻ അതിയായി ആഗ്രഹിക്കുന്നുണ്ട്. ഇന്ന് നമുക്കിടയിൽ പ്രചാരത്തിലുള്ള ഓപൺ തിയറ്ററുകളും പ്രത്യേക ടി.വി ലൈനുകളും ഒക്കെ തുടർവിദ്യാഭ്യാസത്തിെൻറ പഠനോപാധികളാണെന്ന തിരിച്ചറിവ് രഘുനന്ദനനുണ്ട്. അതു പുതിയ രീതിയിലേക്കുള്ള രൂപഭേദം ഉറപ്പുവരുത്തില്ലെന്നും അയാൾക്കറിയാം.
എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടെന്ന് വിശ്വസിക്കുന്ന പാലക്കാടൻ നിഷ്കളങ്കത രഘുനന്ദനെൻറ അവസാനത്തെ കടത്തുവഞ്ചിയാണെന്ന് അയാൾ എന്നെ ബോധ്യപ്പെടുത്താറുണ്ട്, എപ്പോഴും. ഓരോ പുതിയ അധ്യായങ്ങൾക്ക് മുൻപേ തയാറെടുപ്പ് വേണമെന്ന അധ്യാപനപരിശീലന ക്ലാസുകളിൽ ഹൃദിസ്ഥമാക്കിച്ച ഗുണപാഠങ്ങൾ എന്തേ മറന്ന് പോകുന്നു എന്നതു തന്നെയാണ് അയാളുടെ കാതലായ പ്രശ്നം. കുട്ടികളെയും അധ്യാപകരെയും ശാക്തീകരിക്കാനും ഓൺലൈൻ വിദ്യാഭ്യാസത്തിെൻറ ചവിട്ടുപാത കൃത്യമായി അടയാളപ്പെടുത്തി മുന്നോട്ടുപോകാനുമുള്ള പ്രാപ്‌തി ഉണ്ടാക്കുകതന്നെ വേണം. ചേരുവകൾ ചേർക്കാൻ ആർക്കാണ് ആശങ്ക?
ആയിരം വിദ്യാർഥികൾക്കുള്ള സാധ്യതകളേക്കാൾ ഒരു വിദ്യാർഥിയുടെ ആകുലതയാണ് മാനവികതയുടെ ചുമരെഴുത്തെന്നു ജനാധിപത്യത്തിെൻറ പുസ്തകത്തിൽ പലവുരി പറഞ്ഞത് ഇന്ന് രാത്രി ഞാനയാളോട് ആവർത്തിക്കും. രഘുനന്ദനൻ മൗനിയാകരുതല്ലോ, അയാളുടെ സാധാരണക്കാരായ വിദ്യാർഥികൾ അനാഥരും.
(ഫാറൂഖ് കോളജ് മുൻ പ്രിൻസിപ്പലായ ലേഖകൻ ഒമാനിലെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഗവേണൻസ് ആൻഡ് സ്ട്രാറ്റജിക് പ്ലാനിങ് തലവനായി പ്രവർത്തിക്കുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.