പ്രാദേശിക മെത്രാൻ റവ. പീറ്റർ ബെർണാഡ് പെരേര, തിരുവനന്തപുരം മെത്രാൻ വിൻസൻ റ് വിക്ടർ ഡെറിയർ എന്നിവർ. മറ്റൊന്ന് ജില്ല കലക്ടർ മാധവൻ നായർ. മൂവരും ഒരുമയോടെ, ചടുലതയോടെ നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനാവശ്യമായ 600 ഏക്കർ ഭൂമി തീരദേശ സമൂഹത്തിൽനിന്ന് ലഭ്യമാക്കിയത്. വിക്ഷേപണത്തെയും അതിനു പിന്നിൽനിന്നവരെയും ഇന്ത്യ അനുമോദിച്ചു. എന്നാൽ, ഈ രണ്ടു മെത്രാന്മാരും കലക്ടറും അവരർഹിക്കുംവിധം പിന്നീട് ഓർമിക്കപ്പെട്ടിട്ടില്ല
1963 വർഷത്തെക്കുറിച്ച് ഒരു ബോളിവുഡ് സിനിമ ആലോചിക്കാവുന്നതാണ്- ഒരർഥത്തിൽ അതൊരു വിലക്ഷണമായൊരു വർഷമായിരുന്നു. തൊട്ടുമുൻവർഷം ചൈനയുമായി നടന്ന യുദ്ധത്തിന്റെ ആഘാതത്തിൽനിന്ന് പതിയെ കരകയറി വരുന്നേയുണ്ടായിരുന്നുള്ളൂ എന്നതിനാൽ ഇന്ത്യ ലോക ചിത്രത്തിൽ സവിശേഷമായി എവിടെയുമില്ലായിരുന്നു. എന്നാൽ, സ്വന്തമെന്നു പറയാൻ മഹത്തായ ഒരു നേട്ടമുണ്ടായി ആ വർഷം; ഒപ്പം വലിയ ഒരു അസ്വാരസ്യവും.
സാങ്കേതിക രംഗത്തായിരുന്നു ആ വൻ നേട്ടം. തിരുവനന്തപുരത്തെ ഒരു കൊച്ചു മത്സ്യബന്ധന ഗ്രാമത്തിൽനിന്ന് രാജ്യം ആദ്യ റോക്കറ്റ് വിക്ഷേപണം നടത്തി. എ.പി.ജെ. അബ്ദുൽ കലാം അടക്കം ക്രാന്തദർശികളും മിടുമിടുക്കരുമായ സാങ്കേതിക വിദഗ്ധരും റോക്കറ്റ് എൻജിനീയർമാരുമടങ്ങുന്ന സംഘമായിരുന്നു വിജയകരമായ ആ ദൗത്യത്തിനു പിന്നിൽ. വായു- അയനമണ്ഡലങ്ങൾ പരിഗണിച്ച് റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് ഏറ്റവും ഇണങ്ങുന്ന ഈ ഇടം (പാകിസ്താൻ, ചൈന എന്നിവിടങ്ങളിൽനിന്നുള്ള അകലം മറ്റൊരു സവിശേഷത) തന്നെ തിരഞ്ഞെടുക്കുന്നതിന് അവർക്ക് ഒപ്പംനിന്ന മൂന്നുപേർ വേറെയുമുണ്ടായിരുന്നു. റോക്കറ്റ് സാങ്കേതിക വിദ്യയിൽ സംപൂജ്യരായിരുന്നെങ്കിലും ആ മൂവരുടെയും ഹൃദയവും മനസ്സും ശരിക്കും വഴിവിളക്കുകളായിരുന്നു. ഇതിൽ രണ്ടുപേർ പാതിരിമാരാണ്. പ്രാദേശിക മെത്രാൻ റവ. പീറ്റർ ബെർണാഡ് പെരേര, തിരുവനന്തപുരം മെത്രാൻ വിൻസന്റ് വിക്ടർ ഡെറിയർ എന്നിവർ. മറ്റൊന്ന് ജില്ല കലക്ടർ മാധവൻ നായർ. മൂവരും ഒരുമയോടെ, ചടുലതയോടെ നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനാവശ്യമായ 600 ഏക്കർ ഭൂമി തീരദേശ സമൂഹത്തിൽനിന്ന് ലഭ്യമാക്കിയത്. വിക്ഷേപണത്തെയും അതിനു പിന്നിൽനിന്നവരെയും ഇന്ത്യ അനുമോദിച്ചു. എന്നാൽ, ഈ രണ്ടു മെത്രാന്മാരും കലക്ടറും അവരർഹിക്കുംവിധം പിന്നീട് ഓർമിക്കപ്പെട്ടിട്ടില്ല. അവരുംകൂടി ചേർന്നാണ് ഇന്ത്യയെ ബഹിരാകാശ രംഗത്തെ അതികായരാക്കാൻ തുടക്കമിട്ടത്.
ആ വർഷമുണ്ടായി എന്നുപറഞ്ഞ അസ്വാരസ്യ കാര്യം അൽപം മതപരമാണ്, ഒപ്പം രാഷ്ട്രീയപരവും. ഇവ രണ്ടും ഇഴപിരിയാതെ ചേർന്നുനിൽക്കുന്ന കശ്മീരിലാണ് സംഭവം. 1963 ഡിസംബർ 27ന് പ്രവാചകന്റെ താടിരോമമെന്ന് വിശ്വസിക്കപ്പെടുന്ന ‘മോയേ മുഖദ്ദസ്’ മോഷണംപോയതായി വാർത്ത പരക്കുന്നു. ഹസ്റത്ത് ബാൽ മസ്ജിദിൽ പുലർച്ച രണ്ടു മണിക്ക് കാവൽക്കാർ ഉറങ്ങുന്ന നേരത്തായിരുന്നു മോഷണം. അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി അത്ര പ്രശസ്തനല്ലാത്ത ഖാജ ശംസുദ്ദീനാണ്- മോഷണത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് ലക്ഷം രൂപ സമ്മാനം അദ്ദേഹം പ്രഖ്യാപിച്ചു. പെട്ടെന്നുവന്ന പനിപോലെ വർഗീയ സംഘർഷവും അതിവേഗം പടർന്നു. മൂന്നു ദിവസം കഴിഞ്ഞ്, പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു രഹസ്യാന്വേഷണ വിഭാഗം മേധാവി ബി.എൻ. മല്ലികിനെ സംഭവം അന്വേഷിക്കാനായി കശ്മീരിലേക്ക് വിട്ടു. 1964 ജനുവരി നാലിന് തിരുശേഷിപ്പ് വീണ്ടെടുത്തതായി അദ്ദേഹം നെഹ്റുവിനെ അറിയിച്ചു. വിവരമറിഞ്ഞ് ആശ്വാസം കൊണ്ട നെഹ്റു മല്ലികിനോട് പറഞ്ഞു: ‘‘ഇന്ത്യക്കായി കശ്മീരിനെ നിങ്ങൾ കാത്തു.’’ വീണ്ടെടുത്തത് എങ്ങനെ എന്നതു സംബന്ധിച്ച വിശദാംശങ്ങൾ അറിവില്ലെങ്കിലും പ്രമുഖ സൂഫി കവിയും സുന്നി നേതാവുമായ കാഷാനി ഈ മുടി യഥാർഥമാണെന്ന് സ്ഥിരീകരിച്ചതോടെ വിഷയങ്ങൾ പതിയെ കെട്ടടങ്ങി. പേരറിയാത്ത ചിലർക്ക് ഇവിടെയും നാം നന്ദി പറയണം. റോക്കറ്റ് നേട്ടത്തിലെ രണ്ടു പാതിരിമാരെയും തിരുവനന്തപുരം കലക്ടറെയും പോലെ ഈ മനുഷ്യരും സ്മരിക്കപ്പെടാറില്ല. അവർ ആരൊക്കെയാണെന്ന് കൃത്യമായി അറിഞ്ഞുപോലുമില്ല.
കഴിഞ്ഞയിടെ ഇന്ത്യ വാർത്തയായത് അത്യാധുനിക ബഹിരാകാശ പര്യവേക്ഷണവും ഒരു കുറ്റകൃത്യവും കൊണ്ടായിരുന്നു. അതിൽ ആദ്യത്തേത് പതിയെ ഓർമയിൽനിന്ന് നിഷ്ക്രമിച്ചു. പക്ഷേ, രണ്ടാമത്തെ കാര്യം ഇപ്പോഴുമുണ്ട് ഓർമകളിൽ നിറഞ്ഞ്. എന്തുകൊണ്ടാകും ചിലത് വിസ്മൃതിയിൽ മറയുന്നതും മറ്റു ചിലത് ഓർമയിൽ ജ്വലിച്ചുനിൽക്കുന്നതും? എനിക്കറിയില്ല.
തുമ്പയിൽനിന്നുള്ള ബഹിരാകാശ നേട്ടം എനിക്ക് ഓർമയില്ല. ഡിജിറ്റൽ സ്രോതസ്സുകളും മറ്റും ലഭ്യമായതിനാൽ മാത്രം ആ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ വീണ്ടെടുക്കാനാവുന്നുവെന്ന് മാത്രം. എന്നാൽ, ആ മോഷണവും അതുകഴിഞ്ഞ് വീണ്ടെടുത്തപ്പോഴുള്ള ആശ്വാസവും വിദിതമായുണ്ട് മനസ്സിലിപ്പോഴും. ചിലപ്പോൾ അതൊരു കുറ്റകൃത്യമായതു കൊണ്ടാകണം. ഒരു 18കാരന്റെ ശ്രദ്ധയിൽ കുറ്റകൃത്യങ്ങൾ അതിവേഗം ആവേശമായി കയറിക്കൂടുന്നതുകൊണ്ടാകുമോ? അതോ, വിശ്വാസ വിഷയമായതുകൊണ്ടാകുമോ? ഹസ്റത്ത് ബാൽ മോഷണത്തിനു പിന്നാലെ അന്നത്തെ കിഴക്കൻ പാകിസ്താനിൽനിന്ന് അഭയാർഥികൾ പശ്ചിമബംഗാളിലേക്ക് പലായനം ചെയ്യുന്ന വാർത്തകൾ വല്ലാതെ മനസ്സിനെ വേട്ടയാടിയിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ബഹിരാകാശ നയം 2023 പ്രഖ്യാപിക്കപ്പെട്ടത്. ബഹിരാകാശത്ത് അതിവേഗം വളരുന്ന ഒരു വാണിജ്യ സാന്നിധ്യം വികസിപ്പിക്കാനും അതിനുവേണ്ട പിന്തുണയും പ്രോത്സാഹനവും നൽകാനുമാണിത്. സാമൂഹിക- സാമ്പത്തിക വളർച്ചയും സുരക്ഷിതത്വവും നൽകൽ, പരിസ്ഥിതിയും അതിലെ ജീവിതവും സംരക്ഷിക്കൽ, സമാധാനപരമായ ബഹിരാകാശ പര്യവേക്ഷണം, പൊതു അവബോധവും ശാസ്ത്രീയ ത്വരയും ഉത്തേജിപ്പിക്കൽ എന്നീ മേഖലകളിൽ ഇന്ത്യയുടെ നേട്ടവും അത് ഊന്നിപ്പറയുന്നുണ്ട്. ‘‘ഇത് പതിവു സംരംഭമല്ല. മറിച്ച് ചാന്ദ്രയാൻ, ഗഗൻയാൻ കാലത്തേക്ക് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തെ (ഐ.എസ്.ആർ.ഒ) വളർത്തുന്ന ധീരമായ ഒരു നയമാണ്.’’ ഈ മഹത്തായ ചുവടുകൾ വെക്കുമ്പോൾ മെത്രാന്മാരായ പെരേര, ഡെറിയർ, കലക്ടർ മാധവൻ നായർ എന്നിവരെപ്പോലെ ഇപ്പോഴും വല്ലവരുമുണ്ടാകുമോ? തീർച്ചയായും ഉണ്ടാകണം. പിന്നാമ്പുറത്ത് പണിയെടുക്കുന്നവരില്ലാതെ ഒരു ബഹിരാകാശ പദ്ധതിയും സാധ്യമാവില്ലെന്നത് തീർച്ച.
ഇവിടെ മറ്റൊരു സുപ്രധാന വിഷയവുമുണ്ട്. ബഹിരാകാശ രംഗത്ത് നാം ഏറെ കുതിച്ചിട്ടുണ്ടെങ്കിലും ഈ വിഷയത്തിൽ പൊതുജനാവബോധവും താൽപര്യവും ഇന്നും കുറവാണ്. അറിഞ്ഞ് അനുമോദിക്കാൻ മാത്രമല്ല, ബഹിരാകാശ പദ്ധതിയും നയവും എന്തെന്ന് ചോദിക്കാനും പറയാനും പോലും. ഈ പദ്ധതി എത്രകണ്ട് ഇന്ത്യയിലെ ജീവിതനിലവാരം ഉയർത്തും? ബഹിരാകാശ വമ്പന്മാരുടെ ക്ലബിൽ ഇടം നൽകാൻ മാത്രമുള്ള ഏതൊക്കെയുണ്ട്? അധീശത്വ മനസ്സിനെ തൃപ്തിപ്പെടുത്താൻ മാത്രം ലക്ഷ്യമിട്ടുള്ളതുമുണ്ടോ?
ഇന്ത്യയിൽ സമാന്തരമായി, മതം പിടിമുറുക്കുന്നതായും നാം മനസ്സിലാക്കണം. മതചിഹ്നങ്ങൾ, വിലക്കുകൾ, ആചാരങ്ങൾ എന്നിവ പഴയപോലെത്തന്നെയുണ്ട്. 1963ൽ ഇന്ത്യ മഹത്തായ ഒരു ബഹിരാകാശ ദൗത്യത്തിന് സാക്ഷിയായ പോലെ കടുത്ത വർഗീയ സംഘർഷത്തിനരികെയെത്തിച്ച മതവിഷയവുമായി ബന്ധപ്പെട്ട മോഷണത്തിനും സാക്ഷിയായി. 2023ൽ വലിയ ഒരു ബഹിരാകാശ നയപ്രഖ്യാപനം കണ്ട രാജ്യം തീവ്രവാദികൾ അഴിച്ചുവിട്ട കുറ്റകൃത്യങ്ങൾക്കും അവയോടുള്ള പ്രതികരണവുമായി മതാത്മക വിഭ്രാന്തികൾക്കും സാക്ഷിയായി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പോലും മതചിഹ്നങ്ങൾ എഴുന്നള്ളിക്കപ്പെടുകയാണ്. മതാത്മകതയും മതേതരത്വവും ആഴത്തിലുറച്ച് രഞ്ജിപ്പോടെ പോകുന്നതാണ് ഇന്ത്യയുടെ മനസ്സ്. ഇന്ത്യയുടെ മുദ്രയാണത്.
രാജ്യത്ത് മതസൗഹാർദത്തിനാകണം ഒന്നാം പരിഗണനയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിൽ ബി.എൻ. മല്ലികിന്റെ ഇന്നത്തെ പിൻഗാമിക്ക് നന്നായി അറിയുമായിരിക്കും. മല്ലിക് കാണിച്ച വേഗവും ബുദ്ധിയുമാകണം പിൻഗാമിയുടെയും ലക്ഷ്യവും നേട്ടവും. സമാധാനസ്ഥാപന പ്രക്രിയയിൽ അന്ന് കശ്മീരിലെ ആത്മീയ നേതാവ് പങ്കാളിയായപോലെ ഇന്ന്, ആധുനിക രാഷ്ട്രത്തെ അപായപ്പെടുത്തി മത സന്ദേഹം, അസഹിഷ്ണുത, മതഭ്രാന്ത് എന്നിവ വേരുപടർത്താതിരിക്കാൻ നിയമപാലകരും നിയമനിർമാതാക്കൾക്കുമാകണം. ഇന്ത്യയിലെ നഗരങ്ങളും പട്ടണങ്ങളും ഗ്രാമങ്ങളും മതപരമായ അശാന്തികളുടെയും ജാതി- വർഗീയ സംഘട്ടനങ്ങളുടെയും വിളനിലങ്ങളാകുന്നെങ്കിൽ ബഹിരാകാശത്ത് നാം നേട്ടങ്ങളേറെ എത്തിപ്പിടിച്ചിട്ട് എന്തു കാര്യം. മണിപ്പൂർ നമുക്കു മുന്നിലെ വലിയ ഉദാഹരണമാണ്.
ഇന്ത്യയിൽ എല്ലാ മതങ്ങൾക്കും ആരാധനാലയങ്ങളുണ്ട്. ആദരിക്കുന്ന വസ്തുക്കളുണ്ട്. ശേഷിപ്പുകളുണ്ട്. അന്ന് നെഹ്റു മല്ലികിനോട് ‘ഇന്ത്യക്കായി കാത്തു’ എന്നു പറഞ്ഞപോലെ, രാജ്യത്തെ ഓരോ ഇടവും സംരക്ഷിക്കപ്പെടണമെന്നാണ് ഇതിനർഥം. ശ്രമകരമാണ് ഈ ദൗത്യം. പക്ഷേ, നമ്മുടെ ബഹിരാകാശ പദ്ധതികളുടെയത്ര ചെലവില്ലാത്തതാണ്. മാത്രമല്ല, നമ്മുടെ ജീവിത നിലവാരവുമായി നേരിട്ട് ബന്ധമുള്ള കാര്യവുമാണത്. ചാന്ദ്രയാനും ഗഗൻയാനും ഇന്ത്യക്കായി വിക്ഷേപിക്കുന്നതിനൊപ്പം ഇന്ത്യക്കായി ‘ജീവൻയാനും’ സംരക്ഷിക്കപ്പെടണം.
(നയതന്ത്രജ്ഞനും മഹാത്മഗാന്ധിയുടെയും സി. രാജഗോപാലാചാരിയുടെയും ചെറുമകനുമായ ലേഖകൻ ദ ടെലിഗ്രാഫിൽ എഴുതിയ ലേഖനത്തിന്റെ സംഗ്രഹം)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.