'ടൂറിസ്റ്റ് സൈനികർ' സേനയുടെ ധാർമികതയെയും ഫലപ്രാപ്തിയെയും പ്രതികൂലമായി ബാധിക്കുമെന്ന് വിശ്വസിക്കുന്ന, സർവിസിലുള്ളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥരുടെ എതിർപ്പിനെ അവഗണിച്ച്, സൈന്യത്തിലേക്കുള്ള പുതിയ ഹ്രസ്വകാല റിക്രൂട്ട്മെന്റ് നയം പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ.
ഇന്ത്യൻ സായുധ സേനയുടെ, പ്രത്യേകിച്ച് പദ്ധതി ആദ്യമായി നടപ്പാക്കുമെന്ന് കരുതപ്പെടുന്ന കരസേനയുടെ സ്വഭാവത്തെ തരംതാഴ്ത്തുമെന്നും കരുതുന്നതിനാൽ തുടങ്ങും മുമ്പുതന്നെ ഇതുസംബന്ധിച്ച് മുന്നറിയിപ്പും നൽകുന്നുണ്ട്. സേനയെന്നത് ആനന്ദവും താൽക്കാലിക ജോലിയും തേടുന്ന ആളുകൾക്കുള്ള 'സാഹസിക ക്യാമ്പ്' അല്ലെന്നതിനാൽ പുതിയ പദ്ധതി നടപ്പാക്കുംമുമ്പ് ഗൗരവമായ പുനർചിന്തനം നടത്തണമെന്നുപോലും രണ്ട് നക്ഷത്രങ്ങളുള്ള ഒരു കരസേന ഉദ്യോഗസ്ഥൻ സർക്കാറിനെ ഉപദേശിച്ചു.
യശശ്ശരീരനായ സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നേതൃത്വത്തിൽ സൈനികകാര്യ വിഭാഗം വിഭാവനം ചെയ്തതാണ് ടൂർ ഓഫ് ഡ്യൂട്ടി എന്നറിയപ്പെടുന്ന, അഗ്നിപഥ് റിക്രൂട്ട്മെന്റ് സ്കീം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി. വാർഷിക പ്രതിരോധ ബജറ്റിൽ വർധിച്ചുവരുന്ന പെൻഷൻ ചെലവ് കുറച്ച്, ദീർഘകാലമായി മാറ്റിവെച്ചിരിക്കുന്ന സൈനിക നവീകരണത്തിന് പണം വകയിരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജനറൽ റാവത്തിന്റെ വിയോഗശേഷം കരസേനയിലെ അഡീഷനൽ സെക്രട്ടറി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനാണ് സൈനികകാര്യ വിഭാഗത്തിന്റെ തലപ്പത്ത്.
ഓഫിസർ റാങ്കിന് താഴെയുള്ള തസ്തികയിലേക്ക് നാലുവർഷ കരാർ നിയമനം നടത്തുന്നതു സംബന്ധിച്ച് കഴിഞ്ഞ വാരാന്ത്യത്തിൽ മൂന്ന് സേനാ മേധാവികളും പ്രധാനമന്ത്രി മുമ്പാകെ വിശദീകരിച്ചതായാണ് അറിയുന്നത്. നാലുവർഷത്തിനുശേഷം പിരിച്ചയക്കപ്പെടുന്ന ജവാന്മാരിൽ ഒരുഭാഗത്തെ മുഴുവൻ സമയ സേവനത്തിനായി വീണ്ടും സൈന്യത്തിലേക്കെടുക്കും. അങ്ങനെ പെൻഷൻ ചെലവ് കുറക്കാനാണ് പദ്ധതി. ഏറെ പതിറ്റാണ്ടുകളായി നമ്മുടെ പ്രതിരോധ ബജറ്റിന്റെ അഞ്ചിലൊന്ന് ചെലവിടുന്നത് പെൻഷൻ ആവശ്യങ്ങൾക്കായാണ്. വിരമിച്ച ഉദ്യോഗസ്ഥർ നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായി ഈയടുത്ത കാലത്ത് പെൻഷൻ ചെലവിൽ വർധനവുമുണ്ടായി. 2022-23 സാമ്പത്തിക വർഷത്തെ പ്രതിരോധ ചെലവ് 525,166 കോടി രൂപയാണെങ്കിൽ പെൻഷനുവേണ്ടി നീക്കിവെച്ചത് 119,696 കോടി രൂപയാണ്. അതായത്, 22.79 ശതമാനം. ഉപകരണങ്ങളുടെ അഭാവവും അപര്യാപ്തമായ ഉപകരണങ്ങളുടെ നവീകരണത്തിനോ വേണ്ടത്ര തുക നീക്കിവെക്കാനും തികയാതാവുന്നു. കോവിഡ് മഹാമാരി മൂലം രണ്ടുവർഷമായി മുടങ്ങിയിരിക്കുകയാണ് സൈനിക റിക്രൂട്ട്മെന്റ്. ആദ്യം കരസേനയിലും തുടർന്ന് നാവിക സേനയിലും പിന്നീട് വ്യോമസേനയിലുമാണ് ടൂർ ഓഫ് ഡ്യൂട്ടി പദ്ധതി നടപ്പാക്കുക. ആറുമാസം പരിശീലനം നൽകിയ ശേഷമാണ് ഈ സൈനികരെ വിവിധ യൂനിറ്റുകളിലേക്ക് വിന്യസിക്കുക.
സൈനിക സേവനത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഇവരെ 48 മാസത്തിനുശേഷം പിരിച്ചുവിടും. ഏതാനും മാസത്തെ ഇടവേളക്കുശേഷം അവരിൽ നാലിലൊന്നുപേരെ പെൻഷൻ, ആരോഗ്യ പരിരക്ഷ, സബ്സിഡി, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം സഹിതം സ്ഥിരം സർവിസിലേക്കെടുക്കും.
അവരുടെ അതുവരെയുള്ള സർവിസ് ശമ്പളവും പെൻഷനും നിർണയിക്കുമ്പോൾ പരിഗണിക്കുകയില്ല. ബാക്കി വരുന്ന പിരിച്ചുവിടപ്പെട്ട 75 ശതമാനം പേർക്ക് മറ്റു ജോലികൾക്കാവശ്യമായ വൈവിധ്യമാർന്ന പരിശീലനങ്ങൾക്കുപുറമെ പത്തുലക്ഷത്തോളം രൂപയുടെ ഗ്രാറ്റുവിറ്റി ആനുകൂല്യം ലഭിക്കും. അർധസൈനിക വിഭാഗങ്ങളിലും സംസ്ഥാന പൊലീസ് സേനയിലുമുൾപ്പെടെ മറ്റ് സർക്കാർ ജോലികളിൽ ചേരുന്നതിൽ അവർക്ക് മുൻഗണനയും നൽകും.
വേഗത്തിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കോവിഡിനെ തുടർന്ന് റിക്രൂട്ട്മെന്റ് മുടങ്ങിയതുമൂലം സംഭവിച്ച 1.2 ലക്ഷം സൈനികരുടെ കുറവ് നികത്തുന്ന നടപടി മന്ദഗതിയിലാക്കാൻ ഈ നിയമനങ്ങൾ കാരണമായേക്കുമെന്ന് സൈനിക ഉദ്യോഗസ്ഥർ പറയുന്നു. സാധാരണ നിയമനത്തിനുപകരം ഒരു സൈനികൻ നാലുവർഷ സേവനമനുഷ്ഠിക്കുകയാണെങ്കിൽ ഏകദേശം 11.5 കോടി രൂപയുടെ ചെലവുചുരുക്കാനാകുമെന്ന കണക്കിൽ ആയിരം പേരെ ഇത്തരത്തിൽ നിയമിച്ചാൽ 11,500 കോടി രൂപ ലാഭിക്കാനാകുമെന്നാണ് സൈനിക കാര്യ വിഭാഗത്തിന്റെ വാദം. എന്നാൽ, ഉന്നത ഉദ്യോഗസ്ഥരിൽ പലരും ഈ ന്യായത്തെ ഭാവനാവിലാസമെന്ന് തള്ളിക്കളയുന്നു. വർധിച്ചുവരുന്ന തൊഴിലില്ലായ്മ പ്രശ്നം ലഘൂകരിക്കാനും രാഷ്ട്രീയ പ്രശംസ നേടാനുമായി കുറെ സൈദ്ധാന്തികരെയോ ചട്ടപ്പടി ജോലിക്കാരെയോ നിയമിക്കുകയല്ല വേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഭാഗികമായോ അപര്യാപ്തമായ രീതിയിലോ പരിശീലനം ലഭിച്ചവരെ തീരുമാനിച്ചുറപ്പിച്ച ഒരു ശത്രുവുമായി ഏറ്റുമുട്ടാൻ നിയോഗിക്കുന്നതു മൂലമുണ്ടാകുന്ന കെടുതികൾ യുക്രെയ്ൻ യുദ്ധത്തിലെ റഷ്യൻ സൈന്യത്തിന്റെ വിനാശകരമായ പ്രകടനം വ്യക്തമാക്കിത്തരുന്നു- ഡൽഹിയിലെ സുരക്ഷ കൺസൾട്ടന്റായ റിട്ട. ബ്രിഗേഡിയർ രാഹുൽ ബോസ്ലേ ചൂണ്ടിക്കാട്ടുന്നു. റഷ്യക്ക് ഏതു യുദ്ധം ചെയ്യണമെന്നും വേണ്ടെന്നും തീരുമാനിക്കാനാവും. ഇന്ത്യക്കതിന് കഴിയില്ല.
പാകിസ്താനിൽ നിന്നും ചൈനയിൽ നിന്നുമുള്ള സ്പഷ്ടമായ ഭീഷണികളെ നേരിടാൻ 'സമർപ്പണ മനസ്കരായ' പരിശീലനം ലഭിച്ച സൈന്യം തന്നെ ആവശ്യമാണ്.
അഗ്നിപഥ് പദ്ധതിയുടെ രൂപരേഖകൾ അവ്യക്തമായി തുടരുകയാണ്. പദ്ധതി പ്രകാരം നിയോഗിക്കപ്പെടുന്നവർക്ക് നൽകുന്ന ആറുമാസ പരിശീലനം, ജവാന്മാരെ ശരിയാംവിധം സജ്ജമാക്കിയെടുക്കാൻ നൽകുന്ന 2-3 വർഷ പരിശീലനവുമായി താരതമ്യം ചെയ്യുമ്പോൾ 'തികച്ചും അപര്യാപ്ത'മാണ് എന്ന് ഓഫിസർമാർ പറയുന്നു. അവരുടെ അനുഭവ പരിചയമില്ലായ്മ മറ്റു യൂനിറ്റുകൾക്ക് തടസ്സമാകുമെന്നും കടുത്ത സാഹചര്യങ്ങളിൽ ഈ തുടക്കക്കാരെ മനസ്സിലാക്കിയെടുക്കുക എന്നത് പരിചയസമ്പന്നരായ സൈനികരുടെ സമ്മർദം വർധിപ്പിക്കുമെന്നും പേരുവെളിപ്പെടുത്താൻ വിസമ്മതിച്ച ഒരു ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടുന്നു.
സൈന്യത്തിലേക്ക് നാലുവർഷത്തേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് വേണ്ടിവന്നാൽ ജീവൻ വെടിയാൻ സന്നദ്ധത കാണിക്കാൻ തക്ക പ്രചോദനമുണ്ടാകുമോ എന്ന് അഗ്നിപഥ് പദ്ധതിയെ വിമർശിച്ച് 'ദ ട്രിബ്യൂണി'ൽ എഴുതിയ ലേഖനത്തിൽ കരസേന മുൻ ഉപമേധാവി ലഫ്. ജനറൽ ഹർവന്ത് സിങ് വെട്ടിത്തുറന്ന് ചോദിക്കുന്നു.
'രണ്ട് നൂറ്റാണ്ടോളം നീണ്ട അധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലമായാണ് ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ട യൂനിറ്റുകൾ ഇന്നത്തെ നിലയിലേക്ക് ഉയർന്നത്. നാം, നമക്, നിശാൻ (ബഹുമാനം, വിശ്വസ്തത, വ്യക്തിത്വം) എന്നിവയിലൂന്നിയാണ് അവർ ജീവിച്ചത്. അഗ്നിപഥ് റിക്രൂട്ട്മെന്റിൽ ഈ ശൗര്യം ഉണ്ടാവില്ല. ഇത്തരം അനാവശ്യ പദ്ധതികൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് സൈന്യത്തിന്റെ അന്തസ്സിനെക്കുറിച്ച് കാര്യമായ ധാരണയില്ല, അല്ലെങ്കിൽ അവരതിനെ താഴ്ത്താനോ നശിപ്പിക്കാനോ തീരുമാനിച്ചിരിക്കുന്നു' -അദ്ദേഹം തുടരുന്നു.
അഗ്നിപഥ് നിർദേശത്തിന് പിന്നിലെ അടിസ്ഥാനപരമായ ന്യായം ചെലവ് കുറക്കലാണെങ്കിലും ഉടൻതന്നെ കാര്യമായ വ്യത്യാസമുണ്ടാവാനിടയില്ലെന്ന് പ്രതിരോധ മന്ത്രാലയത്തിലെ മുൻ ഉപദേഷ്ടാവ് അമിത് കൗഷിഷിനെപ്പോലുള്ളവർ കരുതുന്നു. സാമ്പത്തിക ലാഭത്തെക്കുറിച്ച് ഇപ്പോൾ കണക്കുകൂട്ടാനാവില്ല. 15-20 വർഷം കൊണ്ട് അത് സാധ്യമായേക്കും. പക്ഷേ, വിപ്ലവാത്മകമായ മാറ്റങ്ങൾ വരുന്ന സൈനിക-യുദ്ധ മേഖല ആ കാലം കൊണ്ട് വലിയ പരിവർത്തനത്തിന് വിധേയമാകുമെന്നും സൈനികർക്ക് അത് വെല്ലുവിളികളുയർത്തുമെന്നും അദ്ദേഹം പറയുന്നു.
(കടപ്പാട്: ദ വയർ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.