താനായിട്ട് തിന്നില്ല, മറ്റുള്ളോരെ തീറ്റിക്കുകയുമില്ല എന്നത് പുല്ലൂട്ടിലെ പട്ടിയുടെ പ്രകൃതം. മറ്റുള്ളവർക്ക് ഉപകാരമൊട്ടുമില്ലാതെ ജന്മം ഉപദ്രവത്തിനായി ഉഴിഞ്ഞിട്ടവരെ ശപിക്കുന്ന നാടൻ ചൊല്ലാണത്. വായ്ത്താരിയിൽ കേമനായ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആ നാടൻ പ്രാക്ക് പ്രമാണമാക്കി മാറ്റിയെടുത്തു- ‘ന ഖാവൂംഗാ, ന ഖാനേ ദൂംഗാ’ എന്ന് ഹിന്ദിയിൽ. അഴിമതി എന്ന ഭ്രഷ്ടാചാരത്തിനു മുതിരാത്ത ബ്രഹ്മചാരിയാണ് താൻ എന്നു മാത്രമല്ല, അതിന് അനുവദിക്കാത്തവനാണെന്ന കട്ടായമായിട്ടു കൂടിയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ മോദിയുടെ ഗീർവാണം. എന്നാൽ, ആ വാണം ചീറ്റി നേരെ നെഞ്ചിൽ പതിച്ച നിലയിലാണിപ്പോൾ മോദിയും പാർട്ടിയും. അമിട്ടുവാദത്തിെൻറ കാറ്റഴിച്ചുവിട്ടത് മറ്റാരുമല്ല, പാർട്ടിയിൽ ഒന്നും രണ്ടും ഞാനോ നീയോ എന്ന മട്ടിൽ നിൽക്കുന്ന പാർട്ടി തലവൻ അമിത് ഷായുടെ കണ്ണിലുണ്ണി ജയ് മോൻ തന്നെ- ജയ് അമിത് ഷാ എന്ന മുപ്പത്തൊന്നുകാരൻ.
അഴിമതിക്ക് അയിത്തം പ്രഖ്യാപിച്ച് മോദി അധികാരമേറുകയും അച്ഛൻ പാർട്ടി അധ്യക്ഷസ്ഥാനം പിടിക്കുകയും ചെയ്ത് ഒറ്റക്കൊല്ലത്തിനകം ‘പാവം പയ്യെൻറ’ കച്ചവടലാഭം വാണം പോലെ കുതിച്ചു കയറിയത് മുപ്പതും മുന്നൂറും മൂവായിരവുമല്ല, 16000 ഇരട്ടിയാണെന്ന് കണ്ടെത്തിയിരിക്കുന്നു ഇൻറർനെറ്റ് പത്രം ‘ദ വയറു’ം പ്രമുഖ ചാനലായ എൻ.ഡി.ടി.വിയും.
സഹോദരങ്ങളെയും അമ്മാവന്മാരെയും മുതൽ അമ്മായിയപ്പനമ്മമാരെ വരെ വെച്ച് സ്വജനപക്ഷപാതം കളിച്ചിരുന്നവരുടെ ഭൂതത്തിൽനിന്നൊരു മാറ്റത്തിനു വേണ്ടിയാണ് മോദി നാടുനീളെ വോട്ടുചോദിച്ചത്. പ്രതിപക്ഷത്തെ നയിക്കുന്ന സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്രയെ മുന്നിൽ നിർത്തിയായിരുന്നു ആ വെടികളത്രയും. അമിത് ഷായും അത് കോപ്പിയടിച്ചു പ്രചരിപ്പിച്ചു. രാഹുൽ ഗാന്ധിയെ ഉന്നംവെച്ച് വംശാധിപത്യ രാഷ്ട്രീയത്തിനെതിരെയും ഷാ കത്തിക്കയറി. എന്നാൽ, ഇതെല്ലാം ബൂമെറാങ്ങായി തിരിച്ചടിച്ച തരിപ്പിലാണിപ്പോൾ പാർട്ടി. കഴിഞ്ഞ അഞ്ചാറുമാസമായി ഒരു ദിനം 750 കിലോമീറ്റർ വെച്ച് വിവിധ സംസ്ഥാനങ്ങളിൽ 350 ട്രിപ്പുകൾ നടത്തി പാർട്ടി പടുക്കാനും 2019ൽ ഭരണാടിത്തറ കൂടുതൽ ബലപ്പെടുത്താനുമൊക്കെ നെേട്ടാട്ടമോടുന്നതിനിടെയായിരുന്നു മോന്തായം പൊളിക്കുന്ന വിധത്തിൽ വാർത്ത ഇടിത്തീയായി വീണത്.
വാർത്ത മണത്തപ്പോഴേക്കും കേരളത്തിലെ കുമ്മനത്തിെൻറ ജനരക്ഷാ യാത്രയെ പിണറായിയിലേക്കുള്ള പെരുവഴിയിലുപേക്ഷിച്ച് ഒളിച്ചോടി. അങ്ങനെ ന്യൂ ജെൻ മലയാളത്തിന് ‘അമിട്ടടി’ എന്നൊരു പ്രയോഗവും കിട്ടി. അമ്പലവിഴുങ്ങികളായ മുൻഗാമികൾക്കെതിരെ ഘോരഘോരം പ്രസംഗിച്ചു അധികാരം പിടിച്ചവർക്ക് പേരുപോലും അറംപറ്റിയ പോലുണ്ട്. ടെമ്പിൾ എൻറർപ്രൈസസ് എന്നാണ് ഷാ മോെൻറ കമ്പനിയുടെ പേര്. 2014-15 കൊല്ലത്തെ അമ്പതിനായിരത്തിൽനിന്ന് കമ്പനിയുടെ ടേൺ ഒാവർ തൊട്ടടുത്ത കൊല്ലം എൺപതര കോടിയിലെത്തിയത് കമ്പനി രജിസ്ട്രാർക്ക് കൊടുത്ത രേഖകളിലാണ് കൃത്യമായി ബോധിപ്പിച്ചിരിക്കുന്നത്. സംഗതി പൊളിഞ്ഞപ്പോൾ കേസിനു പോകാൻ വെല്ലുവിളിക്കുന്നെങ്കിലും അതിനെയൊക്കെ നിഷ്പ്രഭമാക്കുന്ന തെളിവുകളുമായാണ് റിപ്പോർട്ട് വെളിക്കു കൊണ്ടുവന്ന മാധ്യമങ്ങളുടെ നിൽപ്. വാദ്രയെ വെല്ലുന്ന രീതിയിലാണ് പയ്യൻ ബിസിനസിൽ പനപോലെ വളർന്നിരിക്കുന്നതെന്ന് അവർ പറയുന്നു. അമ്പലത്തിെൻറയും കുസും അമ്മൂമ്മയുടെയുമൊക്കെ പേരുവെച്ച് തുടങ്ങിയ സംരംഭങ്ങൾ അപകീർത്തിക്കിരയായതും രാഹുലിെൻറയോ കുടുംബത്തിെൻറയോ ശാപമാണോ ആവോ!
അമിതിനും ഭാര്യ സോണാലിനും ആണും െപണ്ണുമായുള്ളത് ഒരേയൊരു ജയ് മാത്രം. 1986ൽ അഹ്മദാബാദിൽ ജനനം. ജൈന സമ്പന്നനായ അച്ഛെൻറ സമൃദ്ധിയിലാറാടി സ്വദേശത്തുതന്നെ പഠിച്ചു വളർന്നു. അച്ഛന് ബിരുദം ബയോ കെമിസ്ട്രിയിലായിരുന്നെങ്കിൽ എൻജിനീയറിങ്ങിൽ വിരുതു കാണിക്കാനാണ് മകൻ ഇഷ്ടപ്പെട്ടത്. പ്രശസ്തമായ നിർമ സർവകലാശാലയിൽനിന്ന് ബി.ടെക് നേടി. ഏകജാതനായ പുത്രനെ വീഴാതെ കൈപിടിക്കേണ്ട ഉത്തരവാദിത്തത്തിൽ പിതാവ് വീഴ്ചയൊന്നും വരുത്തിയില്ല. പി.വി.സി പൈപ്പുകളുടെ ബിസിനസിെൻറ ആദ്യന്തകാര്യങ്ങളും ഒാഹരി വിപണിയുടെ ഉള്ളറകളും മകനെ പഠിപ്പിച്ചു. 2004ൽ മകൻ മുതിരും മുേമ്പ, ‘ടെംപിൾ എൻറർപ്രൈസസ്’ എന്ന പുതിയ കമ്പനി അവനായിട്ട് ഒരുക്കി. ക്രിക്കറ്റ് കമ്പക്കാരന് മുൻ ഗുജറാത്ത് കോച്ച് ജയേന്ദ്ര സെഹ്ഗലിനെ തന്നെ കളി പഠിക്കാൻ അച്ഛൻ ഏർപ്പാടാക്കി. കളിക്കു പുറമെ ക്രിക്കറ്റ് അസോസിയേഷൻ പിടിക്കാനുള്ള പുറംകളികൾ അച്ഛൻതന്നെ പകർന്നു നൽകി. 2009ൽ മകനെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ നിർവാഹകസമിതി അംഗമാക്കി.
അതിന് വെേട്ടണ്ടവരെയൊക്കെ അദ്ദേഹം വെട്ടിനിരത്തിയിരുന്നു. പയ്യെപ്പയ്യെ അസോസിയേഷെൻറ ജോയൻറ് സെക്രട്ടറിസ്ഥാനത്തെത്തി, 2013ൽ. അധികം വൈകിയില്ല, ബോർഡ് ഒാഫ് ക്രിക്കറ്റ് കൺട്രോൾ ബോർഡിെൻറ ഫിനാൻസ്, മാർക്കറ്റിങ് സമിതികളിലും മകനെ വാഴിച്ചു. അതിനിടയിൽ കുടുംബപരമായി ലഭിച്ച പൈപ്പ് ബിസിനസ് വികസിപ്പിക്കാനും അച്ഛൻ മകനെ മുഴുക്കൈ സഹായിച്ചു. അതിനിടെ, അച്ഛൻ രാഷ്ട്രീയത്തിൽ ഉന്നതങ്ങളിലെത്തി. അതുപോലെ വിവാദങ്ങളിലും. സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ അറസ്റ്റിലായി കേസും കൂട്ടവുമായി അമിത് ഷാ മുംബൈയിലേക്ക് നീങ്ങിയേപ്പാൾ മകനും ബിസിനസുമായി അങ്ങോട്ട്. കേസിൽനിന്നു മുക്തനായി അച്ഛൻ സ്വദേശത്ത് തിരിച്ചെത്തിയപ്പോൾ മകനും മടങ്ങി. 2015 ഫെബ്രുവരി 10നായിരുന്നു വിവാഹം. അഹ്മദാബാദിലെ വർത്തകപ്രമാണി ഗുൺവന്ത്ലാൽ ഭായ് പേട്ടലിെൻറ മകളും കളിക്കൂട്ടുകാരിയുമായ റിഷിത പേട്ടലാണ് വധു.
ജാതകത്തിലെവിടെയോ ഒരു ശനിദശ ഒളിഞ്ഞുകിടപ്പുണ്ട്. അത്തിപ്പഴം പഴുത്തപ്പോൾ കാക്കക്ക് വായിൽ പുണ്ണു വരുന്നതുപോലോരോ ദുർലക്ഷണങ്ങൾ. ബിസിനസ് കരുപ്പിടിച്ചു വരുന്നതിനിടെയായിരുന്നു അച്ഛെൻറ അറസ്റ്റും ജയിൽവാസവും കേസ് നടത്തിപ്പും. അതു രക്ഷപ്പെട്ടുവന്നു കല്യാണമുറപ്പിച്ചു ചടങ്ങിനു ദിവസം കണ്ട നാൾ അത്ര സുഖദമായില്ല. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ അച്ഛെൻറ പാർട്ടിക്ക് അേമ്പ പരാജയം. അതിൽ ദുഃഖാചരണമെന്ന നിലക്ക് പരിപാടിയിട്ടിരുന്ന ധൂർത്തൻ ആഘോഷപരിപാടിയും നടന്നില്ല. അതുപോലൊരു കാലക്കേടിലാണ് ഇപ്പോഴും എന്നുതോന്നുന്നു. അപ്പെൻറയും സ്വന്തം മോദിയുടെയും തണലിൽ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള മോഹങ്ങളാണ് ഒറ്റവർഷം കൊണ്ട് പൊട്ടിച്ചീറ്റി പുറത്തായിരിക്കുന്നത്.
ആദ്യമേ രാഷ്ട്രീയത്തിെൻറ തെളിവെളിച്ചത്തിലിറങ്ങി നിൽക്കാൻ മടിച്ചയാളാണ്. അച്ഛൻ കൈപിടിച്ചതുകൊണ്ട് ആ നിഴലിൽ നാണിച്ചു നടന്നു ഇതുവരെയെത്തി എന്ന് പുകഴ്ത്തിപ്പാട്ടുകാരായ മാധ്യമങ്ങൾ. എന്നാൽ, രാഷ്ട്രീയത്തിൽ നാണവും മാനവുമില്ലാത്ത കളികൾകൂടി ജയിച്ചേ ഒക്കൂ. അതു പഠിപ്പിക്കാനും ഒന്നാന്തരം ഗുരു അച്ഛൻ തന്നെ. ഒാർക്കാപ്പുറത്ത് ഇടറിവീണത് വിദ്യയാക്കി പുതിയ അടവൊരുക്കാൻ അച്ഛനുള്ളപ്പോൾ ഏതു വിവാദം വന്നാലും അവസാനവട്ടത്തിൽ ജയ് ഷാ തന്നെ ജയ്ഹോ!!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.