കൊല്ലായ്കിലവൻ ഗുണമുള്ള പുമാ
നല്ലായ്കിൽ മൃഗത്തൊടു തുല്യനവൻ
കൊല്ലുന്നവനില്ല ശരണ്യത
മറ്റെല്ലാ വക നന്മയുമാർന്നിടിലും
- നാരായണ ഗുരു (ജീവകാരുണ്യപഞ്ചകം)
ദല്ലാൽ മതങ്ങൾ നിറഞ്ഞു കഷ്ടം!
കൊല്ലുന്ന ക്രൂരമതവുമെത്തി
വർണവിഭാഗവ്യവസ്ഥ വന്നു
മന്നിടം തന്നെ നരകമാക്കി
- സഹോദരൻ അയ്യപ്പൻ - ‘ഓണപ്പാട്ട്’
കേരളത്തെക്കുറിച്ചുള്ള ആദ്യ ചരിത്രപരാമർശം തന്നെ അശോകെൻറ ശിലാശാസനത്തിലെ കേരപുത്തോ അഥവാ കേരളപുത്ര എന്ന വിളിയാണ്. ധമ്മലിപിയെന്ന ബ്രാഹ്മിയും പാലിഭാഷയും നൈതികസഭ്യതയും കേരളമെന്ന ചേരനാട് അടങ്ങുന്ന തെന്നിന്ത്യയിൽ അവതരിപ്പിച്ചതും ബി.സി. മൂന്നാം നൂറ്റാണ്ടിൽ അശോകനയച്ച ഭിക്ഷുണിമാരും ഭിക്ഷുക്കളും കൂടിയാണ്. കേരളത്തിെൻറ സാർവത്രിക സാക്ഷരതയും ആരോഗ്യരക്ഷയും സമഭാവനയുടെ ജനായത്തവും തുടങ്ങുന്നത് അവിടെനിന്നാണ്. ഭരണാധികാരി എന്ന നിലയിൽ ലോകചരിത്രത്തിൽതന്നെ ആദ്യമായി നീതിയെക്കുറിച്ചും ധമ്മത്തെക്കുറിച്ചും ബഹുജനഹിതത്തിലേക്കായി സംസാരിക്കുകയും തെൻറ ജനക്ഷേമത്തിലേക്കുള്ള ഭരണത്തെ ബുദ്ധധമ്മത്തിെൻറ വഴിയും വെളിച്ചവുമായി തിരിച്ചറിഞ്ഞ് രേഖപ്പെടുത്തുകയും ചെയ്ത മഹാനായ മൗര്യ ചക്രവർത്തിയാണ് അശോകൻ. അദ്ദേഹത്തിെൻറ മാനസാന്തരദിനമായ അശോക വിജയദശമിയെ കൊലയെ ആഘോഷിക്കുന്ന ഹൈന്ദവമായ വിജയദശമിയും മഹാനവമിയുമെല്ലാമാക്കുന്നതിെൻറ പിന്നിൽ പ്രവർത്തിക്കുന്നത് തികച്ചും അധീശമായ ഹൈന്ദവ സമഗ്രാധിപത്യ കമ്മപരിപാടിയാണ്. കലിംഗയുദ്ധത്തിലെ മനുഷ്യദുരിതം കണ്ട് ഹിംസയും ആയുധവും ഉപേക്ഷിച്ച് ധമ്മശോകനായി മാറിയ അഥവാ ധമ്മത്തിലൂടെ ശോകത്തെ അതിജീവിച്ച, മുമ്പ് ഹിന്ദുവായിരുന്ന ചണ്ടശോകനെന്ന മൗര്യമൂപ്പെൻറ കരുണാർദ്രമായ മനഃപരിവർത്തന ദിനമാണത്. ബുദ്ധൻ സാരനാഥിൽ ധമ്മദിനത്തിൽ തെൻറ ആദ്യ ഭാഷണത്തിലൂടെ പ്രവർത്തിപ്പിച്ച ധമ്മചക്രം അശോകനിൽ വീണ്ടും പ്രവർത്തിപ്പിച്ചു, അദ്ദേഹത്തെ ധമ്മശോകനാക്കി. ധമ്മചക്രത്തോടൊപ്പം പിന്നീട് വർത്തിച്ച അശോകൻ അങ്ങനെ (ധർമ) ചക്രവർത്തിയുമായി. അശോകൻ ആയുധം പുത്തരുടെ ബോധകരായ ധമ്മഭിക്കുക്കളുടെ മുന്നിൽ അടിയറെവച്ചു ധമ്മമാർഗത്തിലേക്കും പഞ്ചശീലത്തിലേക്കും കടന്ന പ്രബുദ്ധമായ പരിവർത്തന ദിനമാണത്.
അതുകൊണ്ടാണ് 1956ലെ അശോക വിജയദശമിയായിരുന്ന ഒക്ടോബർ 14നെ അംബേദ്കർ മാനസാന്തരത്തിനായി തിരഞ്ഞെടുത്തതും. അശോകനിലൂടെയാണ് അംബേദ്കർ ബുദ്ധനെയും അദ്ദേഹത്തിെൻറ സംഘത്തെയും ധമ്മത്തെയും ഇന്ത്യയിൽ ആധുനികമായി വീണ്ടെടുത്തത്. ഇന്ത്യയും ലോകവും കണ്ട ഏറ്റവും മഹാനായ ചക്രവർത്തി ആയുധം ഉപേക്ഷിച്ച ദിനത്തെ രാഷ്ട്രീയ സ്വയം സേവകസംഘവും പരിവാരവും പൂതാമ്പുള്ളി ബാലനും മറ്റും സ്ഥാപിച്ച ജാതിഹിന്ദു വിശ്വപരിഷത്തുകളും കൂടി കഴിഞ്ഞ നാലഞ്ചു പതിറ്റാണ്ടിലെ നിരന്തര ആവർത്തന കമ്മപരിപാടികളിലൂടെ, ആയുധപൂജയുടെയും സായുധ സൈനിക ദേശീയതയുടെയും ആക്രാമകമായ സായുധ പഥസഞ്ചലനങ്ങളുടെയും ദിനമാക്കി മാറ്റിത്തീർത്തിരിക്കുന്നു. ഇന്ത്യൻ ഫാഷിസമായ ജാതിഹിന്ദു ബ്രാഹ്മണ ആൺകോയ്മയുടെ മനഃശാസ്ത്രത്തേയും പ്രവർത്തന പദ്ധതിയേയും ഹിംസവ്യവഹാരങ്ങളേയും തുറന്നുകാട്ടുന്ന സന്ദർഭമാണിത്. ഇതുപോലെ തന്നെയാണ് അക്ഷയതൃതീയയും ഗണേശചതുർഥിയും രക്ഷാബന്ധനവും ജന്മാഷ്ടമിയും ഗീതാഭാരതയജ്ഞങ്ങളും രാമായണാചരണവുമെല്ലാം ഏതാനും ദശകങ്ങളിലൂടെ കേരളത്തിലും രാജ്യത്തുമെല്ലാം സ്ഥാപിച്ചെടുക്കുന്നത്.
ഓണത്തെ വാമനജയന്തിയായും കാണാമെന്നും വിഷ്ണുവിെൻറ സ്നേഹംകൊണ്ടാണ് മഹാബലിയെ പാതാളത്തിലേക്ക് അയച്ചതെന്നും മറ്റുമുള്ള ക്ഷുദ്രവ്യവഹാരങ്ങളും മലയാള കുലീനരിൽനിന്നുതന്നെ പുറത്തുവന്നുകഴിഞ്ഞു. കഴിഞ്ഞവർഷം ഉത്തരേന്ത്യൻ ജൈനനായ അമിത്ഷാ ഹിന്ദുത്വത്തിനായി കേരളത്തിൽ വന്നുപറഞ്ഞ് പരിഹാസ്യമായ കഥയാണിതെന്നോർക്കണം. ബൗദ്ധമായ ഓണമിത്തിനെ വൈഷ്ണവമാക്കാനും ബൗദ്ധമായ വർഷാചരണത്തെ രാമായണമാസാചരണമാക്കാനും അഭിനവ പുണ്യപുരാണ പാരായണങ്ങളും മഹാഭാരത പട്ടത്താനങ്ങളും ഇളംകുളത്തിെൻറ ഭാഷയിൽ പറഞ്ഞാൽ കിണഞ്ഞുപണിയുകയാണ്. ഗീതയെയും അത് വാഹനമാക്കുന്ന മഹാഭാരതത്തെയും അധികരിച്ചുള്ള വമ്പിച്ച വാചാടോപവും ഗീർവാണ പാഠവത്കരണങ്ങളും കേരളത്തിൽ തലങ്ങും വിലങ്ങും മുക്രയിട്ടലറുകയാണ്. സാഹിത്യ സാംസ്കാരിക നായകവേലയുടെ മറവിൽ ജാതിഹിന്ദു സ്മൃതിശ്രുതി പുരാണങ്ങൾക്കും ബ്രാഹ്മണ്യൃമൂല്യങ്ങൾക്കും പാഠബലവും അധീശത്വവും പരോക്ഷമായി പകർന്നുകൊടുക്കുന്ന കൂടുവിട്ടുകൂടുമാറലാണിത്. കാരണം ഈ ഉത്തരേന്ത്യൻ സംസ്കൃതേതിഹാസ പാരായണങ്ങൾ മറച്ചുപിടിക്കുന്നതും മായ്ക്കുന്നതും തെന്നിന്ത്യയുടെ സംഘസാഹിത്യവും വർണാശ്രമധമ്മത്തെ എട്ടാം നൂറ്റാണ്ടുവരെ തടഞ്ഞുനിർത്തിയ ചിലപ്പതികാരവും മണിമേഖലയും അടങ്ങുന്ന തമിഴിലെ പഞ്ചമഹാകാവ്യങ്ങളും തികച്ചും ബ്രാഹ്മണവിരുദ്ധമായ തിരുക്കുറലുമടങ്ങുന്ന ദ്രവീഡിയൻ സംസ്കാരധാരകളുമാണ്. മാവേലിയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട ഓമ്മകളെ വാമനചരിതമാക്കുന്നപോലെ അശോകെൻറ ധമ്മവിജയത്തെ അസുരവത്കരിച്ച അപരമായ മഹിഷാസുരെൻറയും രാവണെൻറയും, അതായത് ബ്രാഹ്മണ്യത്തിനു വഴങ്ങാതിരുന്ന നീതിമാന്മാരായ ധമ്മബോധമുള്ള ബൗദ്ധബഹുജന നേതാക്കളുടെ കൂട്ടക്കൊലയാക്കി ആ കൊലപാതകത്തെ ആഘോഷിക്കുകയാണ് ഹിന്ദുത്വം.
എന്നാൽ, ഫാഷിസത്തിെൻറ ഇരകളായ ദലിത് ബഹുജനങ്ങൾ ഇന്ന് സ്വന്തം ചരിത്രം തിരിച്ചറിയുകയും അംബേദ്കറുടെ ഐതിഹാസികമായ ഇടപെടലുകൾക്കും ചരിത്രപരമായ ദേശീയതാവിമർശം ഉൾക്കൊള്ളുന്ന 1956ലെ മാനസാന്തരത്തിനും ശേഷം അശോക വിജയദശമിയെ വിമോചനാത്്മകമായി വീണ്ടെടുക്കുകയും ചെയ്തിരിക്കുന്നു. സി. അയ്യപ്പെൻറ കഥയിൽ സൂര്യനേയും ചുമന്നുകൊണ്ടുവരുന്ന ചെറുപ്പക്കാരെ കുറിച്ചു പറയുന്ന പോലെ അംബേദ്കർ സ്കൂളുകൾ ജർമനിയിലും ഹംഗറിയിലും നവനാസികളെയും സ്കിൻഹെഡ് ഫാഷിസ്റ്റുകളെയും ചെറുത്തുകൊണ്ട് ഉദിച്ചുയരുകയാണ്. ഉന സംഭവത്തിനു ശേഷവും ഹിന്ദുത്വം വിട്ട് പുത്തരുടെ ധമ്മമാർഗത്തിലേക്ക് കടന്നുവരുന്ന ആയിരക്കണക്കായ ദലിതരും പിന്നാക്കക്കാരും അശോക വിജയദശമിയിലാണ് നാഗ്പുരും മറ്റു നഗരികളിലും തങ്ങളുടെ ചരിത്രഗഹനമായ മാനസാന്തരം നടത്തുന്നത്. ബ്രാഹ്മണികമായ അഖണ്ഡ അധീശ ദേശീയത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഉൾക്കിടിലവുമായി പുത്തരും അശോകരും അംബേദ്കറും മാറിയിരിക്കുന്നു.
കൊല്ലാൻ പഠിപ്പിക്കുകയും കൊല്ലുന്നവൻ രാജാവും ദൈവവുമാകുന്ന വർണാശ്രമ മതാന്ധതയിൽനിന്ന് മുക്തരായി മനുഷ്യരാവുകയാണ്, കൊല്ലുന്നവൻ മൃഗതുല്യനെന്നു പഠിപ്പിച്ച നാണു ഗുരുവിെൻറ നാട്ടിലും ബഹുജനങ്ങൾ. രാവണനേയും മഹിഷാസുരനെയും രാമനും ഭഗവതിയും മാറിമാറി കൊന്ന ദിനമായല്ല മറിച്ച് അശോകൻ ബുദ്ധെൻറ ധമ്മപാത തിരഞ്ഞെടുത്ത ദിനമായാണ് ഹിന്ദുമതത്തിൽനിന്ന് വ്യതിരിക്തമായി ദലിത ബഹുജനങ്ങളായ അവർണർ അശോകവിജയദശമി കൊണ്ടാടുന്നത്. കഴിഞ്ഞവർഷം തന്നെ തോൽപ്പാവക്കൂത്തുപോലുള്ള പ്രാചീന ബൗദ്ധകലാരൂപങ്ങളുടെ വീണ്ടെടുപ്പ് പാലക്കാട് കേരള മഹാബോധി മിഷെൻറ നേതൃത്വത്തിൽ അരങ്ങേറി.
എഴുത്തും എഴുത്തിനിരുത്തും നാനമോനം എന്ന നമോസ്തു ജിനതാം അഥവാ ശാക്യജിനമുനിക്കു വന്ദനം എന്ന വണക്കാഭിവാദനങ്ങളെല്ലാം തികച്ചും ബൗദ്ധമായിരുന്നു. രണ്ടു തലമുറ മുൻപുവരെ അതായത് പത്തൊമ്പതാം നൂറ്റാണ്ടിൽപോലും നാനമോനമായിരുന്നു കേരളത്തിലെ എല്ലാ സമുദായങ്ങളും എഴുത്തിനിരുത്തലിൽ ഉപയോഗിച്ചത്. അമരസിംഹനെന്ന സിംഹളബുദ്ധഭിക്ഷു എഴുതിയ അമരകോശത്തിെൻറ ആദിയിൽനിന്ന് പുത്തസൂചകമായ ബോധിവൃക്ഷത്തെ വെട്ടി രാമനെ സ്ഥാപിച്ചപോലെ പത്തൊമ്പതാം നൂറ്റാണ്ടിൽ മാത്രമാണ് നാനമോനം നീക്കി ഹരിശ്രീയെ കുടിയിരുത്തിയത്. എഴുത്ത്, ചിത്രം, ശിൽപം, വാസ്തുശിൽപം, സംഗീതം, ആട്ടം, കൊട്ട്, നാടകം, ചിന്ത, വൈദ്യം, കളരി എന്നീ സംസ്കാരധാരകളിലോരോന്നിലും പുത്തരുടെ കാലടികൾ പതിഞ്ഞിരിക്കുകയാണ്; സ്ഥലനാമങ്ങളിലും വീട്ടുപേരുകളിലും നാമരൂപങ്ങളിലുമെന്നപോലെ. വിശ്വനാഥൻ പുലവരുടെ തോൽപാവക്കൂത്തിലൂടെ ഉയിർക്കുന്നത് ആയിരം വർഷങ്ങൾക്കു ശേഷം ഹിന്ദുത്വത്തെ അതിജീവിക്കുന്ന അടിത്തട്ടിലുള്ള ജനതയുടെ തികഞ്ഞ പ്രബുദ്ധ സംസ്കാരം തന്നെയാണ്. ഹൈന്ദവ ദേശീയവാദത്തിേൻറയും സംസ്കാര ദേശീയതയുടേയും ഹിന്ദുത്വ ഫാഷിസത്തിേൻറയും അപരവത്കരണ രാക്ഷസീകരണ കാലത്ത് ബഹുജനങ്ങളുടെ പ്രതിരോധം സംസ്കാരം, കല, രാഷ്ട്രീയചിന്ത, ആത്്മീയത എന്നിങ്ങനെയുള്ള തലങ്ങളിലേക്കു പടരുകയാണ്. വംശഹത്യാപരമായ ഫാഷിസത്തിെൻറ കിരാതരൂപങ്ങളെ നൈതികമായ സംസ്കാരധീരതയും സർഗാത്്മകതയും ചെറുക്കുകയാണ്. കൊലപാതകത്തോടും ഹിംസയോടും അരുതെന്നു പറയുകയാണ് കലയും സംസ്കാരവും. സംസ്കാരത്തിെൻറ രാഷ്്ട്രീയം പ്രാഥമികമാകുന്ന അതിജീവനത്തിെൻറ പ്രകരണമാണിത്. മതമേലങ്കിയിട്ടും മതവിമർശത്തിെൻറ പുരോഗമന മേലങ്കിയിട്ടും ഒളിഞ്ഞും തെളിഞ്ഞും ചർവിതചർവണം ചെയ്യപ്പെടുന്ന ഹൈന്ദവ പുരാണേതിഹാസ പാരായണങ്ങളെ തികഞ്ഞ നൈതിക വിമർശബോധത്തോടെ ബഹുജനങ്ങൾ തിരിച്ചറിയുന്ന സന്ദർഭം സമാഗതമായി. ഇനിയും ഈ കൊലച്ചതി തിരിച്ചറിഞ്ഞില്ലെങ്കിൽ 1914ൽ നാണുവാശാൻ വിളിച്ചുപറഞ്ഞപോലെ ‘രാമാദികളുടെ കാലത്തെങ്കിൽ ശംബൂകെൻറ ഗതിയാവും നമുക്കുണ്ടാവുക, കാരണം സ്മൃതികൾ നോക്കി ഭരിക്കുന്നവരല്ലേ ഹിന്ദുക്കൾ’ എന്ന ദാരുണ അവസ്ഥയാവും നാം നേരിടേണ്ടി വരിക.
കാലടി സംസ്കൃത സർവകലാശാല ഇംഗ്ലീഷ്
വിഭാഗം അസി. പ്രഫസറാണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.