ജനനവും മാതൃത്വവും ഉദാത്തമായ കാര്യമായാണ് മനുഷ്യസമൂഹം എന്നും കണ്ടിട്ടുള്ളത്. മാതൃത്വത്തോടുള്ള ആദരവും സ്നേഹവാത്സല്യങ്ങളും എക്കാലത്തും സംസ്കാരത്തിെൻറ ലക്ഷണമായും കണക്കാക്കപ്പെടുന്നു. പക്ഷേ, വിേദ്വഷവും വംശവെറിയും മനുഷ്യബന്ധങ്ങളെ നിയന്ത്രിക്കുന്ന സാമൂഹികഘടനകളിൽ ചില ജന്മങ്ങളും മാതൃത്വങ്ങളും അപമാനകരങ്ങളായി കാണുന്ന മനോനില രൂപപ്പെടുന്നു. മധ്യകാലം മുതൽ രണ്ടാം േലാകയുദ്ധം വരെയുള്ള കാലത്ത് യൂറോപ്യർ ജൂതരെ ഇപ്രകാരം കണ്ടിരുന്നെങ്കിൽ തൊണ്ണൂറിൽപരം വർഷമായി സംഘ്പരിവാർ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ചൊല്ലി പേടിപടർത്തിയതും അവരിലെ എണ്ണവർധനയെ ചൂണ്ടിയായിരുന്നു. മോദിഭരണം പകർന്ന അനുകൂല സാഹചര്യത്തിൽ ഇൗ കൃത്രിമ ഭീതിയെ സത്യംകണക്കെ അവതരിപ്പിക്കുന്നവരുടെയും അത് വിശ്വസിക്കുന്നവരുടെയും എണ്ണം കൂടിയിട്ടുണ്ട്. അതിനാൽ കേരളത്തിലെ മുൻ പൊലീസ് മേധാവി ഇപ്പോൾ ആവർത്തിക്കുന്നതും കാലങ്ങളായി സംഘ്പരിവാർ ഉന്നയിച്ചുവരുന്നതുമായ വ്യാജങ്ങളെ സംബന്ധിച്ച പരിശോധന പ്രാധാന്യമർഹിക്കുന്നു.
2011ലെ സെൻസസ് പ്രകാരം 1,82,82,492 വരുന്ന ഹിന്ദു ജനസംഖ്യയെ 88,73,472 വരുന്ന മുസ്ലിംകൾ 42 ശതമാനം വാർഷിക ജനനംവെച്ച് മറികടക്കുമെന്ന കണക്കുകളിലെ പ്രശ്നത്തെ നേരത്തേ പലരും കൈകാര്യം ചെയ്തിട്ടുണ്ട്. അതിനപ്പുറം കേരളീയ മുസ്ലിം ജനസംഖ്യ എങ്ങനെ നാടിനെ സഹായിച്ചു എന്നതാണ് മുഖ്യമായും പരിശോധിക്കേണ്ടത്.
ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യത്തിന് അതിലെ ജനസംഖ്യ നൽകുന്ന മെച്ചങ്ങൾ വളരെ പ്രധാനമാണ്. ഗതാഗത-വാർത്താവിനിമയ സംവിധാനങ്ങളിലെ കുതിച്ചുചാട്ടവും വിവര സമ്പദ്വ്യവസ്ഥയുടെ അനുകൂല സാഹചര്യവും ഉപയോഗപ്പെടുത്തി ഇന്ത്യ അതിെൻറ ജനബാഹുല്യത്തെ തന്ത്രപരമായി ഉപയോഗപ്പെടുത്തുകയാണ് രാജ്യപുരോഗതിക്കുള്ള പ്രധാന മാർഗങ്ങളിലൊന്ന് എന്നത് ഇന്ന് ഏവരും അംഗീകരിക്കുന്ന പാഠമാണ്. മാൾത്തൂസിെൻറ ജനസംഖ്യഭീതി മിത്തുമാത്രമാണിപ്പോൾ.
നയതന്ത്രജ്ഞൻ സുരേന്ദ്രകുമാർ
എഡിറ്റ് ചെയ്ത What will Leapfrog India in the 21st Century എന്ന പുസ്തകത്തിൽ ശശി തരൂർ 35 വയസ്സിനു താഴെയുള്ള ഇന്ത്യയിലെ വൻ ജനസംഖ്യയുടെ പ്രാധാന്യത്തെക്കുറിച്ച് എഴുതുന്നുണ്ട്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 65 ശതമാനം വരുമത്. 2020ഒാടെ ഇന്ത്യൻ ജനതയുടെ ശരാശരി പ്രായം 28 ആകുേമ്പാൾ ജപ്പാേൻറത് 47ഉം ചൈനയുടേത് 49ഉം യൂറോപ്പിേൻറത് 46ഉം അമേരിക്കയുടേത് 40ഉം ആയിരിക്കുമെന്ന് ഇൗ പുസ്തകത്തിൽ ശശി തരൂർ വ്യക്തമാക്കുന്നു. നന്ദൻ നിലേകനിയുടെ ഇമാജിനിങ് ഇന്ത്യ: െഎഡിയാസ് ഫോർ ദ ന്യൂ സെഞ്ച്വറി എന്ന ഗ്രന്ഥത്തിൽ ഡെമോഗ്രഫിക് ഡിവിഡൻറിനെ (ജനസംഖ്യയുടെ മെച്ചം) കുറിച്ച് പറയുന്നുണ്ട്. അറുപതുകളിലും എഴുപതുകളിലും ഭീതിയോടെ കണ്ടിരുന്ന മനുഷ്യവിഭവത്തെ തൊണ്ണൂറുകളോടെ വികസനത്തിെൻറ അവിഭാജ്യ ഉപാധിയായി കാണാൻ തുടങ്ങിയത് അദ്ദേഹം വിവരിക്കുന്നു.
കേരളംപോലെ ജീവിതവികസന സൂചികകളിൽ മുന്നിൽനിൽക്കുന്ന പ്രദേശത്ത് ജനനനിരക്കിലെ വർധന സംസ്ഥാനത്തിെൻറ വികസനം കാംക്ഷിക്കുന്നവരെ സന്തോഷിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇതിനെ സാമുദായിക വൈരത്തിെൻറ കണ്ണിലൂടെ കാണുന്നവർ നാടിെൻറ താൽപര്യത്തിന് പകരം സംഘ്പരിവാറിെൻറ കുടുസ്സാർന്ന വംശവെറിക്കാണ് പ്രാധാന്യം നൽകുന്നത്. 1975നുശേഷം ശക്തമായ ഗൾഫ് കുടിയേറ്റമാണ് നമ്മുടെ നാടിനെ ഇത്രയും വികസിപ്പിച്ചത് എന്നതിനേക്കാൾ വലിയൊരു തെളിവ് മനുഷ്യവിഭവം നാടിന് തരുന്ന സാധ്യതകളെക്കുറിച്ച് ചൂണ്ടിക്കാണിക്കാനില്ല.
മുസ്ലിം ജനനനിരക്കിനെപ്പറ്റി
പോപ്പുലേഷൻ ഡിവിഡൻറിെൻറ സാധ്യതകളെ ഉപയോഗപ്പെടുത്തേണ്ടത് രാജ്യവികസനത്തിന് ആവശ്യമാണെന്ന് തീരുമാനിച്ചാൽ, സാമൂഹിക വിഭാഗങ്ങളിലെ കൂടിയ ജനനനിരക്കിനെ രചനാത്മകമായാണ് നാം കാണേണ്ടത്. എന്നാൽ, ഇതിൽ സമുദായങ്ങൾക്കിടയിലെ ഏറ്റക്കുറച്ചിലുകളെ ചൂണ്ടി ഭീതി വിതച്ച് മുസ്ലിം ഭീതി പരത്താനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്.
മുസ്ലിംകളിൽ ജനനനിരക്ക് കൂടുതലാണ് സവർണ ഹിന്ദുക്കളെയും ക്രൈസ്തവരെയും താരതമ്യംചെയ്യുേമ്പാൾ എന്നത് ശരിയാണ്. അവസാനംപറഞ്ഞ രണ്ടുകൂട്ടരിലും എഴുപതുകളുടെ പകുതി മുതൽ മക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. മുസ്ലിംകളിലും മുമ്പത്തെ അപേക്ഷിച്ച് എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും കുട്ടികളുടെ എണ്ണം കുറക്കുക എന്നത് ഒരു നിലപാടായി സമുദായം ഒരിക്കലും അംഗീകരിച്ചിട്ടില്ല. പ്രധാനമായും രണ്ടാണ് അതിെൻറ കാരണങ്ങൾ. ഒന്ന്, വിശ്വാസപരമാണെങ്കിൽ സാമൂഹിക സുരക്ഷിതത്വവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തേത്.
എല്ലാം ദൈവഹിതപ്രകാരം മാത്രം സംഭവിക്കുന്നു എന്നത് മുസ്ലിംകളുടെ അടിസ്ഥാന വിശ്വാസമാണ്. ജനന-മരണങ്ങളുടെ നിയന്ത്രകനായ ദൈവം, തെൻറ മുഴുവൻ സൃഷ്ടികൾക്കുമുള്ള വിഭവങ്ങൾ നൽകുമെന്നും അതേച്ചൊല്ലി നിങ്ങൾ വേപഥുകൊള്ളേണ്ടതില്ലെന്നുമുള്ള ഖുർആനിക പാഠത്തിൽ പ്രചോദിതമാണ് മുസ്ലിം ജീവിതങ്ങൾ. വിവിധ ആളുകൾക്കിടയിലെ വിഭവങ്ങളിലെ ഏറ്റക്കുറച്ചിലുകൾ ജീവിതപരീക്ഷയിലെ ദൈവികനീതിയുടെ ഭാഗമാണെന്നും െഎശ്വര്യം സമ്പത്തിെൻറ വർധനയേക്കാൾ മനസ്സിെൻറ െഎശ്വര്യമാണെന്നുമൊക്കെ പലകുറി മുസ്ലിംകൾ മതപാഠങ്ങളായി ഒാർമിപ്പിക്കപ്പെടുന്നു. അതിനാൽ, മക്കളുടെ എണ്ണത്തെ ദൈവികാനുഗ്രഹങ്ങളായി അവർ കാണുന്നു.
വലിയ കുടുംബങ്ങൾ
വഴിയെത്തിയ വികസനം
സർക്കാറുകളുടെ ആസൂത്രണങ്ങളല്ല, എഴുപതുകളുടെ അവസാനം മുതൽ ഗൾഫ് തുറന്നുതന്ന അവസരങ്ങളാണ് കേരളത്തിൽ പട്ടിണി മാറ്റിയത് എന്ന് ഏവർക്കുമറിയാം. ഇതിൽ മലബാറിൽനിന്ന് ഗൾഫിലെത്തിയവരിൽ ഭൂരിപക്ഷവും മുസ്ലിംകളായിരുന്നു. മാതാപിതാക്കളുടെയും കുട്ടികളുടെയും ഉത്തരവാദിത്തം ഭാര്യമാരെ ഏൽപിച്ച്, സഹനക്കടലുകൾ ഒരുപാട് നീന്തി, നാടിനെ പട്ടിണിയിൽനിന്ന് കരകയറ്റിയിട്ടും നന്ദിവാക്ക് കേൾക്കാൻ ഭാഗ്യമില്ലാതെ പോയവരാണ് പ്രവാസികൾ.
കുടുംബത്തോടൊപ്പം ജീവിച്ച ദിവസങ്ങളെണ്ണിയാൽ മൂന്നു വർഷംപോലും തികയാത്തവരാണ് മലബാറിലെ പ്രവാസികളിൽ മഹാഭൂരിപക്ഷവും. സ്വന്തം കുടുംബജീവിതംപോലും നഷ്ടപ്പെടുത്തി നാട്ടിലുണ്ടാക്കിയ വികസനക്കുതിപ്പിെൻറ പ്രാഥമിക ഗുണഭോക്താക്കൾ ആശാരിപ്പണി, പടവ്, വാർക്കപ്പണി, ആഭരണത്തൊഴിൽ, തെങ്ങുകയറ്റം തുടങ്ങിയ സ്കിൽഡ് ലേബർ ആവശ്യമുള്ള ഇതരസമുദായക്കാരാണ് എന്നത് മുസ്ലിം പ്രവാസികളെ അലോസരപ്പെടുത്തിയില്ല. ഒറ്റപ്പെട്ട അപവാദങ്ങളുണ്ടാകാമെങ്കിലും ജാതിമതഭേദങ്ങൾക്കതീതമായി നാട്ടിലെ ജീവിതനിലവാരമുയർത്തുന്നതിൽ മുസ്ലിം പ്രവാസികൾ വഹിച്ച പങ്ക് അറിയാൻ, മലബാറിലെ മുസ്ലിം ഇതര സമൂഹങ്ങളിൽ കഴിഞ്ഞ കാൽനൂറ്റാണ്ടിലുണ്ടായ ജീവിതനിലവാരമാറ്റം അറിഞ്ഞാൽ മതി.
കുടുംബത്തിൽ കൂടുതൽ അംഗങ്ങളുള്ളതിനാൽ ഡെമോഗ്രഫിക് ഡിവിഡൻറിെൻറ ഗുണഫലം ഉപയോഗപ്പെടുത്തി ഗൾഫിലെ സാധ്യതകൾ ഉപയോഗിക്കാനും അതേസമയംതന്നെ കുടുംബത്തിെൻറ സംരക്ഷണവലയത്തിൽ മുതിർന്നവരുടെ ആയുസ്സിെൻറ സായംകാലം സുരക്ഷിതത്വബോധമുള്ളതാക്കാനും പ്രവാസികൾക്ക് കഴിഞ്ഞു.
മുസ്ലിംകളിലെ കൂടിയ ജനനനിരക്കിെൻറ ഗുണഭോക്താക്കൾ കേരളത്തിലെ മുഴുവൻ സമൂഹവുമാണ്. തിരുവിതാംകൂർ-കൊച്ചി ഭാഗത്തുനിന്നുള്ള ലക്ഷക്കണക്കിനാളുകൾക്ക് മലബാർ ഭാഗത്ത് സർക്കാർ ശമ്പളം വാങ്ങുന്ന ജോലി തരമായതിന് മുസ്ലിം ജനസംഖ്യയോട് കടപ്പെട്ടിരിക്കുന്നു.
മുൻവിധിയാൽ
മറയ്ക്കപ്പെടുന്ന നന്മകൾ
മറ്റ് ഏതു സമൂഹത്തെയുംപോലെ ഗുണദോഷങ്ങൾ ഉള്ളവരാണ് മുസ്ലിം സമുദായവും. എന്നാൽ, അതോടൊപ്പം സാമൂഹിക ജീവിതത്തെ ആസ്വാദ്യകരവും സന്തോഷകരവുമാക്കുന്ന ഒരുപാട് നന്മകൾ പ്രസരിപ്പിക്കുന്നവരാണവർ. ഇടപഴകുന്നവരോട് കാണിക്കുന്ന സ്നേഹവും സഹകരണ മനോഭാവവും അതിെൻറ മുഖമുദ്രയാണ്. ജനന-മരണ-രോഗ സന്ദർഭങ്ങളിലെ കൂട്ടുചേരലും കൂട്ടുത്തരവാദിത്തങ്ങളും അനാഥ-അഗതി സംരക്ഷണം, വിധവാ വിവാഹങ്ങൾ, ഭാര്യ മരിച്ചവരുടെ പുനർവിവാഹം... ഇങ്ങനെ പല മേഖലകളിലും പുറത്തുനിന്നുള്ളവർക്ക് മനസ്സിലാക്കാൻ പ്രയാസമാകുംവിധം നന്മയുടെ വിളനിലങ്ങളാണ് മുസ്ലിം സമുദായ ഭൂമിക.
ഇതര സമുദായ സ്ത്രീകളെ പ്രണയിച്ചുള്ള ജിഹാദും പ്രലോഭനങ്ങളിലൂടെ ‘മാർക്കംകൂട്ടി’ നേടുന്ന സ്വർഗപ്രവേശവും ശാഖകളിലൂടെ പ്രസരണം ചെയ്യപ്പെടുന്ന ഭാവനാവിലാസങ്ങളിലെ ഇസ്ലാമിൽ മാത്രമുള്ളതാണ്. അനാഥയെ ചേർത്തുപിടിച്ചും അഗതിയെ സംരക്ഷിച്ചും വൃദ്ധ മാതാപിതാക്കൾക്ക് കാരുണ്യത്തിെൻറ തണൽവിരിച്ചും നീതിക്ക് സാക്ഷ്യംവഹിച്ചും മാത്രം സാധ്യമാകുന്ന ഒന്നാണ് ഖുർആനിക പാഠങ്ങളിലെ സ്വർഗപ്രവേശം. ഇത്തരം അടിസ്ഥാന യാഥാർഥ്യങ്ങളിലെ മനസ്സിലാക്കാൻ ശ്രമിക്കാതെ ദുരാരോപണങ്ങൾ ഉന്നയിക്കുന്നത് അപരാധം മാത്രം.
അവസാനമായി ഇത്രകൂടി: നൂറുകണക്കിന് ഉപദേശീയതകളുടെ സംഘാതമാണ് നമ്മുടെ രാജ്യം. ഇവക്കിടയിലെ പരസ്പര ആദരവിലും സ്നേഹത്തിലുമാണ് നാടിെൻറ നിൽപുതന്നെ. അതിനാൽ, വംശീയവിരോധത്തിെൻറ കൊടുംവിഷം കലർത്തി ബന്ധങ്ങൾ തകർക്കാനുള്ള ശ്രമങ്ങളെ രാജ്യവിരുദ്ധപ്രവർത്തനമായേ കാണാനാവൂ. ഉദ്യോഗസ്ഥ പ്രമുഖർതന്നെ വിദ്വേഷപ്രചാരകരാവുന്നത് രാജ്യ വ്യവസ്ഥയുടെ നിഷ്പക്ഷതയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തും. രാജ്യം അതിനു കൊടുക്കേണ്ടിവരുന്ന വില കനത്തതാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.