തലമുറമാറ്റം -രണ്ടാം പിണറായി യുഗത്തിൽ വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായും കെ. സുധാകരനെ പാർട്ടി അധ്യക്ഷനായും ഹൈകമാൻഡ് പ്രഖ്യാപിച്ചപ്പോൾ സർവലോക നിരീക്ഷകരും പണ്ഡിറ്റുകളും ആ തീരുമാനത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. പാർട്ടിയിലെ ഗ്രൂപ്പുകളെ അപ്രസക്തമാക്കിക്കൊണ്ടുള്ള ഹൈകമാൻഡ് നടപടിയെ '70കളുടെ ഒടുക്കത്തിൽ നടന്ന നേതൃമാറ്റവുമായൊക്കെ സമീകരിച്ചവരുണ്ട്. ഇനി സർഗാത്മക പ്രതിപക്ഷത്തിന്റെ നാളുകളെന്ന് വാഴ്ത്തിയവരുണ്ട്; കെ. സുധാകരന്റെ ഉറച്ച ശബ്ദത്തിൽ കണ്ണൂർ സഖാക്കൾവരെ വിറക്കുമെന്ന് പ്രവചിച്ചവരുമുണ്ട്. അതിൽ ചിലതൊക്കെ ശരിയായി ഭവിച്ചുവെന്നത് നേര്: സഭയിലും പുറത്തും ഭരണപക്ഷത്തെ പല സന്ദർഭങ്ങളിലും മുട്ടുകുത്തിച്ചിട്ടുണ്ട് വി.ഡി; സുധാകരന്റെ സെമി കേഡർ പാർട്ടി പരിപാടികളും അത്ര മോശമാണെന്ന് പറഞ്ഞുകൂടാ. പറഞ്ഞിട്ടെന്ത്, പാർട്ടി ജീനിലുള്ള ഗ്രൂപ്പിസമെന്ന സുപ്രധാനഘടകത്തെ അത്രപെട്ടെന്ന് തുടച്ചുനീക്കാനാകുമോ? 'തലമുറമാറ്റം' എന്നത് ഗ്രൂപ്പിസത്തിന്റെ പുതിയ പേരായിരിക്കുന്നു. നേതൃത്വത്തിൽ സംഭവിച്ച തലമുറമാറ്റത്തോടെ ഗ്രൂപ്പിലും അത് പ്രതിഫലിച്ചു. അതാണിപ്പോൾ പുനഃസംഘടനയുടെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന സതീശ-സുധാകര കോലാഹലങ്ങൾ.
ഗ്രൂപ് സമവാക്യങ്ങളാണല്ലോ പാർട്ടിയിൽ കാര്യങ്ങൾ തീരുമാനിക്കാറുള്ളത്. അതിനെ എന്ത് ഫ്രീക്ക് പേരിട്ടുവിളിച്ചാലും അത് ഗ്രൂപ്പിസമേ ആകൂ. ആദർശധീരനായ ആന്റണിപോലും അതിനപവാദമല്ലെങ്കിൽ ഹരിതരാഷ്ട്രീയത്തിന്റെ പ്രണേതാവായ സതീശനും ആ കളിവിട്ട് കളിക്കാനാവില്ല. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടശേഷം, പുതിയ ഉത്തരവാദിത്തം പുഷ്പകിരീടമല്ലെന്ന് വാർത്തസമ്മേളനത്തിൽ തുറന്നുപറഞ്ഞത് ആ യാഥാർഥ്യബോധ്യത്തിന്റെകൂടി വെളിച്ചത്തിലാണ്. മഹാമാരിക്കാലത്ത് ഭരണപക്ഷത്തെ പ്രതിരോധിക്കുന്നതിനെക്കാൾ കടുപ്പമാണ് ഭരണംപോയ പാർട്ടിയെയും പാർട്ടിനേതാക്കളെയും നയിക്കുക എന്നത്. മാത്രവുമല്ല, പലരും കണ്ണുവെച്ച കസേരയിലാണ് താനിപ്പോഴുള്ളതെന്ന ബോധ്യവും അദ്ദേഹത്തിനുണ്ട്. നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കുമ്പോൾ ഗ്രൂപ്പിന്റെ അംഗബലം നോക്കി ആളെ നിശ്ചയിക്കുന്ന കീഴ്വഴക്കമനുസരിച്ച് കസേര ചെന്നിത്തലക്കാണ്. പക്ഷേ, ചെന്നിത്തലയോടൊപ്പമുള്ള സതീശൻ മതിയെന്ന് മറുപക്ഷത്തെ ചിലർകൂടി അഭിപ്രായപ്പെട്ടതോടെ സംഗതി കൈവിട്ടുപോയി; വിഷയം ഹൈകമാൻഡിനടുത്തെത്തി. രണ്ടു ഗ്രൂപ് നേതാക്കളും ചേർന്ന് ഹൈകമാൻഡിനോട് കേണപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. അങ്ങനെ കറങ്ങിത്തിരിഞ്ഞ് കൈയിലെത്തിയ കസേരയിലിരിക്കുമ്പോൾ ഭരണപക്ഷത്തെ തിരുത്തുകയും വിമർശിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവിന്റെ റോൾ മാത്രമല്ല, സ്വന്തക്കാരെ വെട്ടുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ഗ്രൂപ് ലീഡറിന്റെ പണികൂടി ചെയ്യേണ്ടതുണ്ട്.
ടി പണികൾ തുടങ്ങിയിട്ടിപ്പോൾ മാസം പത്ത് കഴിഞ്ഞു. ആദ്യ ജോലി ഏറക്കുറെ ഭംഗിയായിത്തന്നെ മുന്നോട്ടുപോയി എന്നു പറയാം. കോവിഡ് പ്രോട്ടോകോൾ മുതൽ കെ-റെയിൽ വരെയുള്ള വിഷയങ്ങളിൽ സഭയിലും പുറത്തും ശരിക്കും നിറഞ്ഞാടി എന്നുപറഞ്ഞാൽ തെറ്റാകില്ല. പിണറായിയുമായി നേരിട്ട് ഏറ്റുമുട്ടിയ എത്രയോ സന്ദർഭങ്ങൾ. ഒരിക്കൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചപ്പോൾ കലിയടക്കാനായില്ല. ''അണികൾ ദൈവമാക്കിയതുകൊണ്ട് ആരും വിമർശിക്കാൻ പാടില്ലെന്നാണോ മുഖ്യമന്ത്രിയുടെ നിലപാട്? അത് അംഗീകരിക്കാൻ പോകുന്നില്ല. ഏത് ദൈവമാണെങ്കിലും ചക്രവർത്തിയാണെങ്കിലും വിമർശിക്കേണ്ട സമയത്ത് വിമർശിക്കുകതന്നെ ചെയ്യും''. ഈ മുന്നറിയിപ്പ് പിണറായിക്ക് മാത്രമായിരുന്നില്ലെന്ന് ബോധ്യപ്പെടാൻ അധികം സമയമൊന്നും വേണ്ടിവന്നില്ല. പഴയ ഗ്രൂപ് നേതാക്കൾ സഭയിലുണ്ടെങ്കിലും പ്രതിപക്ഷത്തെ നയിക്കുന്നത് താനാണെന്ന് സ്വന്തം പക്ഷത്തെ ഓർമപ്പെടുത്താനും ഇതേ ഡയലോഗ് ചില്ലറ മാറ്റങ്ങളോടെ പ്രയോഗിച്ചിട്ടുണ്ട്. കണ്ണൂർ വി.സി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ആർ. ബിന്ദു ഗവർണർക്ക് കത്തെഴുതിയ സന്ദർഭം. വിഷയം കത്തിക്കാൻ സതീശൻ വാർത്തസമ്മേളനം നടത്തുമ്പോഴേക്കും ചെന്നിത്തല ലോകായുക്തയുടെ വരാന്തയിലെത്തി. കേസ് ചീറ്റിപ്പോയെങ്കിലും അണികൾക്കിടയിൽ മുറുമുറുപ്പുയർന്നു: ആരാണ് ശരിക്കും പ്രതിപക്ഷ നേതാവ്? ലോകായുക്ത ഓർഡിനൻസ് വിഷയത്തിലും ചെന്നിത്തല ഒരൽപം മുന്നിൽനിന്ന് കളിച്ചപ്പോൾ സതീശന് നിയന്ത്രണംവിട്ടു. താനാണ് പ്രതിപക്ഷത്തിന്റെ അമരത്തുള്ളത്, അപ്പണി ആരും ചെയ്യേണ്ടെന്ന് തീർത്തുപറഞ്ഞു. സ്വന്തം ഗ്രൂപ്പിൽ ഒറ്റപ്പെട്ടുപോയ ചെന്നിത്തല മറ്റൊരുവഴി വെട്ടിത്തെളിക്കുമ്പോൾ സതീശന്റെ കടുംവെട്ട്!
ഇതിനിടെയാണ് പുനഃസംഘടന എന്ന മാരണം. നിസ്സാര കളിയല്ല ഈ പരിപാടി. വിവിധ ഗ്രൂപ്പുകളെ കൃത്യമായ അളവിലും തൂക്കത്തിലും ക്രമപ്പെടുത്തിവേണം കാക്കത്തൊള്ളായിരം ഡി.സി.സി അംഗങ്ങളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും നിശ്ചയിക്കാൻ. പിന്നെ, അണികൾ സെമി കേഡർ സംവിധാനത്തിനുള്ളിലാണല്ലോ എന്ന ഒരൊറ്റ ആശ്വാസത്തിലാണ് സുധാകരൻ ഭാരവാഹിപ്പട്ടിക മേലോട്ടയച്ചത്. സെമി കേഡർ സ്വഭാവം അണികൾക്ക് മാത്രമാണെന്ന് സുധാകരനടക്കം തിരിച്ചറിഞ്ഞത് നാല് എം.പിമാർ അതിനെതിരെ ഹൈകമാൻഡിനെ സമീപിച്ചപ്പോഴാണ്. അക്കൂട്ടത്തിൽ സംഘടനാസെക്രട്ടറി കെ.സിയുമുണ്ട്. കെ.സിയുടെ നേതൃത്വത്തിൽ കേരളത്തിൽ പുതിയൊരു 'മുന്നണി' ഈ തലമുറമാറ്റത്തിനിടയിൽ രൂപപ്പെടുന്നുവെന്ന് മാലോകർക്ക് മനസ്സിലാകുന്നത് ആ നിമിഷങ്ങളിലാണ്. അപ്പോൾ പുതിയ ഗ്രൂപ് സമവാക്യമിതാണ്: കേന്ദ്രത്തിൽ കെ.സിയുടെ ആശിർവാദത്തോടെ സതീശന്റെ നേതൃത്വത്തിലൊരു ഗ്രൂപ്; മറുവശത്ത്, സുധാകരനും ചെന്നിത്തലയും മുരളീധരനുമൊക്കെയുള്ള വിശാല ഐ ഗ്രൂപ്. ഇതിൽ 'വിശാല' ഗ്രൂപ്പിന് ഉമ്മൻ ചാണ്ടി വിഭാഗത്തിന്റെ പുറത്തുനിന്നുള്ള പിന്തുണക്കും സാധ്യതയുണ്ട്. പക്ഷേ, ഗ്രൂപ് എന്നൊക്കെ കേൾക്കുമ്പോൾ സതീശന്റെ ആദർശബോധമുണരും. തന്റെ പേരിൽ ഗ്രൂപ്പുണ്ടായാൽ ഈ പണി നിർത്തുമെന്നാണ് ശപഥം ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് ഭാരവാഹി തർക്കത്തിൽ സുധാകരനുമായി സംഭാഷണം നടത്താൻ നക്ഷത്ര ഹോട്ടലിൽ പോയത്. മഞ്ഞുരുക്കമുണ്ടായി എന്നാണ് വാർത്ത. ബാക്കി കാത്തിരുന്ന് കാണണം.
2001 മുതൽ പറവൂരിന്റെ ജനപ്രതിനിധിയാണ്. ഇതിനിടയിൽ പാർട്ടിയും മുന്നണിയും രണ്ട് തവണയായി 10 വർഷം ഭരണപക്ഷത്തായിരുന്നു. അക്കാലത്തുപോലും 'പ്രതിപക്ഷ'മായി നിലകൊള്ളാനാണ് ആഗ്രഹിച്ചത്. രണ്ടാം ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് സമാനമനസ്കരായ ഭരണപക്ഷക്കാരെ ഒപ്പം കൂട്ടി; 'ഹരിത എം.എൽ.എമാർ' എന്നാണ് അവർ സ്വന്തം വിളിച്ചിരുന്നത്. പി.ടി. തോമസും വി.എം. സുധീരനുമായിരുന്നു അന്നേരം കൺകണ്ട ദൈവങ്ങൾ. അങ്ങനെയാണ് ഗാഡ്ഗിൽ റിപ്പോർട്ടിനനുകൂലമായി സംസാരിച്ചത്. മെത്രാൻ കായൽ നിലം നികത്തുന്നതിനെതിരെ നിലപാടെടുത്തതും കടമക്കുടിയിലെ മെഡിസിറ്റി പദ്ധതി 'കടുംവെട്ടാ'ണെന്ന് പ്രതിപക്ഷത്തിനുമുന്നേ പ്രഖ്യാപിച്ചതും ഈ ഹരിതവാദത്തിന്റെ വെളിച്ചത്തിലാണ്. കെ-റെയിലല്ല, കേരളമാണ് വേണ്ടതെന്ന മുദ്രാവാക്യത്തിന്റെ ചേതോവികാരവും ഇതുതന്നെ. കേവലം ഹരിതവാദമല്ലിത്; അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരായ പോരാട്ടം കൂടിയാണ്. ആ പോരാട്ടത്തിൽ പാർട്ടിയുടെ പിന്തുണയുണ്ടോ എന്നതാണ് ചോദ്യം. അതോ, പാർട്ടി പിന്തുണക്കുവേണ്ടിയാണോ ഈ പുതിയ ഗ്രൂപ് സമവാക്യങ്ങൾ.
1964 മേയ് 31ന് എറണാകുളം ജില്ലയിലെ നെട്ടൂരിൽ ജനനം. വടശ്ശേരി ദാമോദര മേനോന്റെയും വിലാസിനിയമ്മയുടെയും മകൻ. സോഷ്യോളജിയിലും നിയമത്തിലും ബിരുദധാരി. പാർലമെന്ററി രാഷ്ട്രീയത്തിനുമുമ്പ് ഹൈകോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. വിദ്യാർഥി കാലംതൊട്ടേ ത്രിവർണ പതാക കൈയിലേന്തിയിട്ടുണ്ട്. തേവര സേക്രഡ് ഹാർട്ട് കോളജിൽ പാർട്ടി ബാനറിൽ ആർട്സ് ക്ലബ് സെക്രട്ടറിയായിട്ടുണ്ട്. എം.ജി സർവകലാശാല വൈസ് ചെയർമാനുമായിട്ടുണ്ട്. ആ സമയത്ത് എൻ.എസ്.യു ദേശീയ നേതാവുമായിരുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് സ്ഥാനം അടക്കം നിരവധി ഉത്തരവാദിത്തങ്ങളിലൂടെ കടന്നുപോയശേഷമാണ് പ്രതിപക്ഷ നേതാവായി ഉയർന്നത്. ലക്ഷ്മിപ്രിയയാണ് ജീവിതസഖി. ഏക മകൾ ഉണ്ണിമായ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.