ഏതു പ്രതിസന്ധികാലത്തും സ്വന്തം നാടിനെ ചേര്‍ത്തുപിടിച്ചവരാണ് ലോകമെമ്പാടുമുള്ള മലയാളി പ്രവാസികള്‍. പ്രളയത്തിലും കോവിഡ് കാലത്തും നമ്മളതു കണ്ടതാണ്. ലോകത്തെ 120 രാജ്യങ്ങളിലെങ്കിലും ഇന്ത്യന്‍ കുടിയേറ്റ സമൂഹങ്ങളുണ്ടെന്നതാണ് കണക്ക്. ഗള്‍ഫ് മേഖലയില്‍ മാത്രം 30 ലക്ഷത്തോളം മലയാളികള്‍ താമസിച്ചുവരുന്നു. പുറംരാജ്യങ്ങളില്‍ കഴിയുന്ന കേരളക്കാരായ പ്രവാസികള്‍ കഴിഞ്ഞ അഞ്ചു ദശാബ്ദത്തിനിടയില്‍ കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക പുരോഗതിയില്‍ വഹിച്ച പങ്ക് മാത്രം പരിശോധിച്ചാല്‍ മതി കേരളം പ്രവാസിസമൂഹത്തോട് എത്രത്തോളം കടപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാന്‍. വ്യാപാരം, വിദ്യാഭ്യാസം, പാര്‍പ്പിടം, ടൂറിസം, ആരോഗ്യം തുടങ്ങി പുരോഗതിയുടെ ഏതു തലം പരിശോധിച്ചാലും പ്രവാസികളുടെ കൈയൊപ്പ് അവിടങ്ങളിലെല്ലാം തെളിഞ്ഞുകാണാം. എന്നാല്‍, പ്രവാസികളെ ബാധിക്കുന്ന വിഷയങ്ങള്‍ സമൂഹത്തിന്റെയും സര്‍ക്കാറുകളുടെയും ശ്രദ്ധയിലേക്ക് വേണ്ടത്ര ഗൗരവത്തോടെ വരാറുണ്ടോയെന്ന് വര്‍ഷങ്ങളായി വിദേശത്ത് വ്യാപാരവും സാമൂഹികപ്രവര്‍ത്തനങ്ങളും നടത്തുന്നയാളെന്ന നിലയില്‍ ആലോചിച്ചുപോകാറുണ്ട്.
വ്യോമയാന മേഖലയില്‍ നടക്കുന്ന ചൂഷണം എല്ലായ്പ്പോഴും സാധാരണക്കാരായ വിദേശ യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. ഓണം, പെരുന്നാൾ തുടങ്ങിയ ആഘോഷസീസണുകളിൽ ഈ ചൂഷണം സകല അതിരുകളും ലംഘിക്കുന്നു. വേനലവധിയും ചെറിയ പെരുന്നാളും വിഷുവുമൊക്കെ ഒരുമിച്ചെത്തിയ ഈ സീസണിലും ഭാര്യയും ഭര്‍ത്താവും രണ്ടു കുട്ടികളുമടങ്ങുന്ന ഒരു കുടുംബത്തിന് ഒന്ന് നാട്ടില്‍ പോയി വരണമെന്ന് കരുതിയാല്‍ സാധിക്കാത്ത സാഹചര്യമാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വർധനയുള്ള ദിവസങ്ങളാണിത്. സംസ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ യാത്രക്കാരുണ്ടാവുക യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍ രാജ്യങ്ങളില്‍നിന്നാണ്. ഈ മേഖലകളിലേക്കും തിരിച്ചുമുള്ള യാത്രാനിരക്കിലാണ് ഇപ്പോള്‍ വന്വർധനയുണ്ടായിട്ടുള്ളത്. ഒന്നും രണ്ടുമല്ല, നാല് ഇരട്ടിയിലേറെയാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാക്കൂലി വിമാനക്കമ്പനികള്‍ കൂട്ടിയത്. നിരക്കുകള്‍ ഏകീകരിക്കാനോ നിയന്ത്രിക്കാനോ ഒരു സംവിധാനവുമില്ലാത്തതാണ് ഈ വർധനക്ക് കാരണമാവുന്നത്.
ഗൾഫിലേക്കു മാത്രമല്ല, യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രികരെയും ഇത്തരം ഫെസ്റ്റിവല്‍ ഫെയറുകള്‍ പ്രതിസന്ധിയിലാക്കുന്നു. ജോലിക്കും പഠനത്തിനുമായി നിശ്ചിത സമയത്ത് അതതു രാജ്യങ്ങളിലെത്തേണ്ടവര്പോലും അമിത നിരക്കുമൂലം യാത്ര മാറ്റിവെക്കുന്ന സാഹചര്യവുമുണ്ട്. കാനഡയില്‍നിന്നും യു.എസില്‍നിന്നും ഇന്ത്യയിലേക്കെത്തിയതിന്റെ നാലോ അഞ്ചോ ഇരട്ടി നിരക്കില്‍ ടിക്കറ്റെടുത്ത് തിരിച്ച് പോവേണ്ടിവരുന്നു. നേരത്തേ ടിക്കറ്റെടുത്തുവെച്ചവര് പലപ്പോഴും വിമാനം റദ്ദാക്കിയെന്ന അറിയിപ്പ് ലഭിക്കുന്നതുമൂലം പുതിയ ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റെടുക്കാന്‍ നിര്‍ബന്ധിതരാവുന്നു.
വിമാനയാത്രാ കമ്പനികളുടെ അമിതമായ നിരക്കിനെതിരെ മലയാളി കൂട്ടായ്മകള്‍ നിരന്തരം ശബ്ദമുയര്‍ത്തുകയും സര്‍ക്കാറുകളുടെ ശ്രദ്ധയില്പെടുത്തുന്നതുമാണ്. എന്നാല്‍, സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന രീതിയില്‍ ഇടപെടലുകൾ ഒന്നുംതന്നെ ഉണ്ടാവുന്നില്ല.
കഴിഞ്ഞ സീസണില്‍ ദുബൈയില്‍നിന്ന് ഒരു വശത്തേക്കു മാത്രമുള്ള യാത്രക്ക് 42,000-65,000 രൂപ വരെ ടിക്കറ്റ് നിരക്ക് വന്നു. നാലംഗ കുടുംബത്തിന് നാട്ടില്‍ പോയി വരാന്‍ മൂന്നര ലക്ഷം ചെലവാകുന്ന സാഹചര്യം. ചെറിയ ശമ്പളത്തില്‍ ജോലിചെയ്യുന്ന, അവധിദിനങ്ങളിലും ആഘോഷവേളകളിലും കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകുന്ന ഈ പ്രവണതയെ നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുന്നോട്ടുവരേണ്ടതുണ്ട്. ഇന്ധനച്ചെലവടക്കം വർധിക്കുന്നതും യാത്രികര്‍ കൂടുന്നതുമാണ് യാത്രക്കൂലി വർധിപ്പിക്കാനുള്ള കാരണമെന്ന വിമാനക്കമ്പനികളുടെ വാദം മുഖവിലക്കെടുക്കാനാവില്ല. കാരണം, ഇന്ധനവില കുറയുന്ന അവസരങ്ങളിലൊന്നും അതിന്റെ ആനുകൂല്യം യാത്രക്കാര്‍ക്ക് നല്കാന് തയാറാകാത്ത വിമാനക്കമ്പനികളാണ് അധികവും.
ഫെസ്റ്റിവല്‍ സീസണുകളിലും ടിക്കറ്റ് വർധനക്കിടയിലും നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് ആശ്വാസമായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കുമെന്ന് കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിനിടയില്‍ പറഞ്ഞിരുന്നു. യു.എ.ഇ-കേരള സെക്ടറില്‍ ചാര്‍ട്ടര്‍ വിമാന സര്‍വിസ് ഏര്‍പ്പെടുത്തിയാല്‍ വലിയൊരു ആശ്വാസമാവും. കഴിഞ്ഞ ബജറ്റില്‍ 15 കോടി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി കണക്കാക്കിയിട്ടുണ്ടെന്നാണ് വാര്‍ത്തകളില്‍ കണ്ടത്. കേരള- കേന്ദ്ര സര്‍ക്കാറുകളും എംബസിയും നോര്‍ക്കയും യോജിച്ച് പ്രവര്‍ത്തിച്ചാല്‍ ഇത്തരം ഇടപെടലുകള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.