പത്ത് മുപ്പത്തഞ്ച് വർഷം മുമ്പ് മലയാളത്തിൽ ഉഗ്രനൊരു പൊളിറ്റിക്കൽ ത്രില്ലർ പടമിറങ്ങി -ഭൂമിയിലെ രാജാക്കന്മാർ. ജനാധിപത്യയുഗത്തിൽ ക്ഷയിച്ചുപോയ തെക്കുംകൂർ രാജകുടുംബത്തിലെ ‘മഹാരാജാവിന്’ ഒരു പൂതി. ‘നെറികെട്ട’ ഈ കാലത്തും ഒന്ന് നാട് ഭരിക്കണമെന്ന്. അതിനായി, അനന്തരവൻ മഹേന്ദ്രവർമയെ ശട്ടംകെട്ടുകയാണ് ‘രാജാവ്’. ആദ്യപടിയായി, സ്ഥലത്തെ മുഖ്യമന്ത്രിയെ സ്വാധീനിച്ച് അനന്തരവന് ഒരു സീറ്റ് ഒപ്പിക്കുന്നു; അവിടെനിന്ന് ജയിച്ച് മന്ത്രിയായി, നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കുന്നിടത്ത് സിനിമയുടെ ആദ്യഭാഗം അവസാനിക്കുകയാണ്. മോദിയുടെ ജനാധിപത്യകാലത്ത് മഹേന്ദ്രവർമ സാങ്കൽപിക കഥാപാത്രമൊന്നുമല്ല. മഹത്തായ ഇന്ത്യൻ രാഷ്ട്രീയ സർക്കസിൽ നിരന്തരമായി ട്രിപ്പീസ് കളിച്ചുകൊണ്ടിരിക്കുന്ന പുതിയവർഗമായി പഴയ ‘പ്രതാപി’കൾ പലപേരിൽ അധികാരമുറപ്പിക്കുന്നുണ്ട്. സംശയമുള്ളവർ ത്രിപുരയിലേക്ക് നോക്കൂ. ഇക്കുറി അവിടത്തെ ‘കിങ്മേക്കർ’ പട്ടം കരസ്ഥമാക്കിയിരിക്കുന്നത് പണ്ട് കിരീടവും ചെങ്കോലും നഷ്ടപ്പെട്ട ഒരു രാജകുടുംബാംഗമാണ്. പേര് പ്രദ്യോത് ദേവ് ബർമ. ബി.ജെ.പിക്ക് കേവലഭൂരിപക്ഷമുണ്ടായിട്ടും പ്രദ്യോതിന്റെ ഗോത്രവർഗ പാർട്ടിയുടെ കൂടി പിന്തുണയോടെ മാത്രമേ മുന്നോട്ടുപോകൂ എന്ന് അമിത് ഷാ പ്രഖ്യാപിക്കണമെങ്കിൽ ആളൊരു ചെറിയ മീനായിരിക്കില്ലെന്ന് നൂറുതരം.
പണ്ട് ത്വിപ്ര മഹാരാജ്യം അടക്കിവാണിരുന്നത് മാണിക്യ രാജകുടുംബമായിരുന്നു. അസമിലെ ബരാക് വാലി മുതൽ ത്രിപുരയും മിസോറമും കടന്ന് ബംഗ്ലാദേശിലെ കൊമിലയും ചിറ്റഗോംഗുമെല്ലാം ഉൾപ്പെടുന്ന വിശാലരാജ്യം. 15ാം നൂറ്റാണ്ടിൽ തുടങ്ങിയ ഭരണം അവസാനിച്ചത് 1949ൽ. ഭരണം മടുത്ത് ജനാധിപത്യത്തിന് വഴങ്ങിയതൊന്നുമല്ല; ഗത്യന്തരമില്ലാതെ ഇന്ത്യൻ യൂനിയനിൽ ലയിക്കുകയായിരുന്നു. അവിടന്നങ്ങോട്ട് ‘മാണിക്യ’ക്കാർ രാജാക്കന്മാരല്ല, പൗരന്മാരാണ്. എന്നുവെച്ച്, പഴയ നാട്ടുരാജാക്കന്മാരോട് നാട്ടുകാർക്കുണ്ടാകാറുള്ള ‘രാജഭക്തി’ക്ക് കുറവൊന്നുമില്ല. കുടുംബത്തിലെ കാരണവരെ അവർ ‘ബുബാഗ്ര’ എന്ന് വിളിച്ചു. മഹാരാജാവ് എന്നർഥം. പത്ത് പതിനെട്ട് വർഷമായി, ഈ വിളികേൾക്കുന്നത് പ്രദ്യോത് ദേവ് ആണ്. അതുകേട്ടുകേട്ട് ആളിന് താനൊരു രാജാവാണെന്ന് തോന്നിപ്പോയോ എന്നാണ്. അതെന്തായാലും, ടിയാൻ അന്നുമുതൽ ആ പട്ടം ജനാധിപത്യവഴിയിൽ സമ്പാദിക്കാനുള്ള പണിയിലായിരുന്നു. കുറെ രാഷ്ട്രീയ പരീക്ഷണങ്ങൾക്കൊടുവിൽ ഒരുവിധം അതിലെത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പാനന്തരം, ത്രിപുരയിൽ കാവിപ്പടയുടെ ശക്തമായ തീക്കളി റിപ്പോർട്ട് ചെയ്യുന്നതിനെക്കാൾ ദേശീയ മാധ്യമങ്ങൾ പ്രാധാന്യം നൽകുന്നത് പ്രദ്യോതിന്റെ പട്ടാഭിഷേകത്തിനാണ്. സംസ്ഥാനത്തെ ഗോത്രവിഭാഗത്തിന്റെ മുഴുവൻ വക്താവായി അദ്ദേഹത്തെ ദേശീയമാധ്യമങ്ങൾ മാറ്റി; അക്കാര്യം മോദിയും അമിത് ഷായും അംഗീകരിക്കുകയും ചെയ്തുവെന്നതാണ് കൗതുകം. അതുകൊണ്ടാണ്, പ്രദ്യോതുമായി ഒരു ചർച്ചക്കുപോലും അമിത് ഷാ തയാറായത്. ‘രാജാവി’ന്റെ ആവശ്യങ്ങൾ അനുഭാവപൂർവം അംഗീകരിക്കുമെന്നാണ് കേന്ദ്രത്തിന്റെ വാഗ്ദാനം.
എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കിയൊരു തെരഞ്ഞെടുപ്പായിരുന്നു ത്രിപുരയിലേത്. അഞ്ച് വർഷത്തെ ഭരണം പൂർത്തിയാക്കി ബി.ജെ.പി സഖ്യസർക്കാർ. ഭരണപക്ഷത്തെ നേരിടാൻ സി.പി.എം-കോൺഗ്രസ് സ്വപ്നസഖ്യം. അധികാരത്തിന്റെ ഹുങ്കിൽ കാവിപ്പടക്ക് അൽപം മേൽക്കൈ ലഭിച്ചുവെന്നത് നേര്. എന്നാലും, ബാലറ്റിൽ അതൊന്നും പ്രതിഫലിക്കില്ലെന്ന് ഉറച്ചുവിശ്വസിച്ചു. അഞ്ച് വർഷത്തിനുശേഷം, കോൺഗ്രസ് പിന്തുണയിൽ ഒരു ഇടതുഭരണം പ്രതീക്ഷിച്ചു പലരും. ഫലം വന്നപ്പോൾ എല്ലാം തകിടംമറിഞ്ഞു. കോൺഗ്രസും സി.പി.എമ്മും ഏറ്റുപിടിച്ചപ്പോൾ ബി.ജെ.പിയുടെ സീറ്റുനില 38ൽനിന്ന് 34ലേക്ക് കുറക്കാനായി എന്നത് നേരുതന്നെ. ആനുപാതികമായ കുറവ് ഇപ്പുറത്തുമുണ്ട്: സി.പി.എം 16ൽനിന്ന് 11ലേക്ക്. സീറ്റുരഹിതരായിരുന്ന കോൺഗ്രസിന് സഖ്യം വഴി മൂന്നെണ്ണം കിട്ടിയത് ആശ്വാസം. ഇതിനിടയിൽ ഗോളടിച്ചത് പ്രദ്യോതിന്റെ ടിപ്ര മോത പാർട്ടിയാണ്. 42 സീറ്റിൽ മത്സരിച്ച് 13ൽ വിജയിച്ച് രണ്ടാമത്തെ ഒറ്റക്കക്ഷിയായി. സംസ്ഥാനത്തെ ആദിവാസി മേഖലകളാണ് പാർട്ടിയുടെ വോട്ടുബാങ്ക്. അത് അവർ പിടിക്കുകയും ചെയ്തു. ഇതിനുപുറമെ, മേഖലക്കുപുറത്ത് 22 സീറ്റിൽ വെറുതെയൊരു മത്സരമെന്തിനായിരുന്നുവെന്ന് മനസ്സിലായത് ഫലംവന്നപ്പോഴാണ്. കാലങ്ങളായി സി.പി.എമ്മിന് ലഭിച്ച വോട്ടുകളൊക്കെയും അവിടെ വിഭജിച്ചു. അത് ബി.ജെ.പിക്ക് ഗുണംചെയ്തു. അതിന്റെ നന്ദിയാണ് അമിത് ഷാക്ക്. ഇതിനെയാണ് ‘പുറത്തുനിന്നുള്ള പിന്തുണ’ എന്നു പറയുന്നത്. അപ്പോൾ ശരിക്കും കിങ് മേക്കർ പ്രദ്യോത് തന്നെ.
കോൺഗ്രസിലൂടെയാണ് രാഷ്ട്രീയപ്രവേശനം. 2005-10 കാലത്ത് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്നു; ത്രിപുര കോൺഗ്രസ് അധ്യക്ഷസ്ഥാനം വരെ വഹിച്ചു. അപ്പോഴൊക്കെയും സംസ്ഥാനത്തെ ഗോത്രവർഗ വിഭാഗക്കാരുടെ അവകാശത്തിനായാണ് സംസാരിച്ചത്. അവർക്കായി പ്രത്യേകം ‘ടിപ്ര ലാൻഡ്’ വേണമെന്നാണ് ആവശ്യം. ഈ ആവശ്യം കോൺഗ്രസ് കാര്യമായി ഗൗനിക്കുന്നില്ലെന്ന് പരിഭവിച്ചാണ് 2019ൽ പാർട്ടിവിട്ടത്. തൊട്ടുടനെ ഒരു സന്നദ്ധസംഘടനയായി ത്രിപുര ഇൻഡിജീനസ് പ്രോഗ്രസീവ് റീജനൽ അലയൻസ് (ടിപ്ര) രൂപവത്കരിച്ചു. കേന്ദ്രം കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചു. പക്ഷേ, എൻ.ആർ.സിക്ക് ടിയാൻ അനുകൂലമായിരുന്നു. കാരണം, നിർദിഷ്ട ‘ടിപ്ര ലാൻഡി’ൽ ഗോത്രേതർ കടന്നുകൂടുന്നുണ്ടെന്ന ആരോപണം പണ്ടേ ഉന്നയിച്ചിട്ടുണ്ട് പ്രദ്യോത്. സത്യത്തിൽ കോൺഗ്രസുമായി ഉരസുന്നതുപോലും ഇക്കാര്യത്തിലാണ്. അസമിലേതുപോലെ ത്രിപുരയിലും എൻ.ആർ.സി വേണമെന്ന് ആവശ്യപ്പെട്ട് പ്രദ്യോത് പൊതുതാൽപര്യ ഹരജിവരെ സമർപ്പിച്ചപ്പോഴാണ് പാർട്ടിക്കുള്ളിലെ അസ്വാരസ്യം പുറംലോകമറിഞ്ഞതെന്നുമാത്രം. ഏതായാലും, രണ്ട് വർഷം കഴിഞ്ഞപ്പോഴേക്കും ‘ടിപ്ര’ എന്ന എൻ.ജി.ഒക്ക് തെരഞ്ഞെടുപ്പ് കമീഷൻ അംഗീകാരം നൽകി. അതോടെ, പേര് ടിപ്ര മോത പാർട്ടി എന്നായി. മേഖലയിലെ സ്വയംഭരണ പ്രദേശങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇൻഡിജീനസ് നാഷനൽ പാർട്ടി അടക്കമുള്ള സംഘടനകളുമായി ചേർന്ന് ടിപ്ര മോത ഉഗ്രനൊരു സഖ്യമുണ്ടാക്കി മത്സരിച്ചു. 28ൽ 18ഉം നേടി ടിപ്ര മോത ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ 15 വർഷമായി തുടരുന്ന സി.പി.എം ഭരണത്തിന് അന്ത്യമായി. അന്നേ പ്രദ്യോതിനെ സി.പി.എം കരുതിയിരിക്കണമായിരുന്നു. ബി.ജെ.പി മാത്രമായിരുന്നില്ല ത്രിപുരയിൽ സി.പി.എമ്മിന്റെ ശത്രു. ബി.ജെ.പിക്കും സി.പി.എമ്മിനും നഷ്ടമായ വോട്ട് ഷെയർ കൃത്യമായി പ്രദ്യോതിന്റെ പെട്ടിയിലെത്തിയിട്ടുണ്ട്.
ഇനി വിലപേശലിന്റെ ദിവസങ്ങളാണ് പ്രദ്യോതിന്. ‘ടിപ്ര ലാൻഡ്’ എന്ന ആശയം പഴയപോലെ ഉയർത്താനാവില്ല. കാരണമിപ്പോൾ, നിയമസഭയിൽ അംഗബലമുള്ള പാർട്ടിയുടെ തലവനാണ്. പ്രായോഗികമായ നിർദേശങ്ങൾ മാത്രമേ മുന്നോട്ടുവെക്കാവൂ. അതാണ് അമിത് ഷായുമായുള്ള ചർച്ചയിൽ ഉയർത്തിയത്. ‘ടിപ്ര ലാൻഡ്’ എന്ന് വിശേഷിപ്പിച്ചില്ലെങ്കിലും ത്രിപുരയിൽ ഒരുകാലത്ത് തന്റെ പൂർവികർ ഭരണം കൈയാളിയിരുന്ന മേഖലകളെയൊന്ന് സവിശേഷമായി പരിഗണിക്കണം. അത് ‘ഭരണഘടനാപരമായി’ മതിയെന്ന് പ്രത്യേകം പറയുന്നുമുണ്ട്. എന്നുവെച്ചാൽ, ത്രിപുരയിലെ ഗോത്രവർഗ മേഖലയുടെ തെരഞ്ഞെടുക്കപ്പെട്ട രാജാവായി തന്നെ വാഴിക്കണമെന്ന് ചുരുക്കം.
1978 ജൂലൈ നാലിന് ഡൽഹിയിൽ ജനനം. ഷില്ലോങ്ങിലായിരുന്നു പഠനം. പിതാവ് വിക്രം കിഷോർ ‘മഹാരാജാവ്’ മൂന്ന് തവണ കോൺഗ്രസ് ടിക്കറ്റിൽ പാർലമെന്റിലെത്തിയിട്ടുണ്ട്. മാതാവ് ബിവു കുമാരി മൂന്ന് തവണ എം.എൽ.എയും ഒരിക്കൽ മന്ത്രിയുമായി. ആ വഴിയിലാണ് പ്രദ്യോതിന്റെ കോൺഗ്രസ് രാഷ്ട്രീയ പരീക്ഷണങ്ങളും ആരംഭിച്ചത്. രാഷ്ട്രീയം കഴിഞ്ഞാൽ പിന്നെ ഒരൊറ്റ ലഹരിയേയുള്ളൂ. അത് ഫുട്ബാളാണ്. ഷില്ലോങ്ങിലെ ലജോങ് ഫുട്ബാൾ ക്ലബിന്റെ വലിയൊരു ഓഹരി സ്വന്തമാക്കിയതൊക്ക ആ ലഹരിയിലാണ്. ‘ദി നോർത്ത് ഈസ്റ്റ് ടുഡെ’ മാഗസിന്റെ എഡിറ്ററായി 15 വർഷം പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.