അടിസ്ഥാന സൗകര്യവികസന മേഖലയില്‍ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞു. ഇനിയും പല മേഖലകളിലും മുന്നേറാനുണ്ടെന്ന ഉത്തമ ബോധ്യത്തോടെ നവകേരള നിര്‍മിതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയാണ് സംസ്ഥാന സർക്കാർ. വികസനത്തിന്റെ പുതിയ കുതിപ്പുകളിലേക്ക് കടക്കുകയാണ് കേരളം.കേരള സംസ്ഥാനം രൂപവത്കരിക്കപ്പെട്ടിട്ട് 68 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇക്കാലയളവില്‍ അനേകം നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ നമുക്ക് കഴിഞ്ഞു....
അടിസ്ഥാന സൗകര്യവികസന മേഖലയില്‍ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞു. ഇനിയും പല മേഖലകളിലും മുന്നേറാനുണ്ടെന്ന ഉത്തമ ബോധ്യത്തോടെ നവകേരള നിര്‍മിതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയാണ് സംസ്ഥാന സർക്കാർ. വികസനത്തിന്റെ പുതിയ കുതിപ്പുകളിലേക്ക് കടക്കുകയാണ് കേരളം.
കേരള സംസ്ഥാനം രൂപവത്കരിക്കപ്പെട്ടിട്ട് 68 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇക്കാലയളവില്‍ അനേകം നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ നമുക്ക് കഴിഞ്ഞു. 1957ല്‍ അധികാരത്തില്‍ വന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ മുതല്‍ പിന്നീടിങ്ങോട്ട് അധികാരത്തില്‍ വന്ന പുരോഗമന സര്‍ക്കാറുകളെല്ലാം കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക പുരോഗതിയില്‍ പങ്കുവഹിച്ചിട്ടുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ മേഖലകളില്‍ ലോകത്തിനുതന്നെ മാതൃകയായിത്തീര്‍ന്ന വലിയ മുന്നേറ്റം നമുക്കുണ്ടായി. സമ്പൂര്‍ണ സാക്ഷരത, അധികാര വികേന്ദ്രീകരണം, സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത തുടങ്ങിയവയിൽ നമ്മള് ലോകരാജ്യങ്ങള്‍ക്ക് മാതൃകയായി. കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തി നാലാം വ്യവസായിക വിപ്ലവത്തിന്റെ ഈ ഘട്ടത്തില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് മുന്നേറാന്‍ തയാറെടുക്കുകയാണ് നാം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനും മെഷീന് ലേണിങ്ങിനുമെല്ലാം മേല്‍ക്കൈവരുന്ന കാലമാണിത്. 2050ഓടെ ലോകത്തുണ്ടാകുന്ന 75 ശതമാനം തൊഴിലുകളും സ്റ്റെം അഥവാ സയന്‍സ് ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് മേഖലകളില്‍ നിന്നായിരിക്കുമെന്നാണ് വിദഗ്ദ്ധ അഭിപ്രായം. അതുമുന്നില് കണ്ടുകൊണ്ടുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. രാജ്യത്തെ ആദ്യത്തെ ജെന്‍-എ.ഐ കോണ്‍ക്ലേവിന് കേരളം വേദിയായി. അന്തര്‍ദേശീയ റോബോട്ടിക്സ് റൗണ്ട് ടേബ്ള്‍ കോണ്‍ഫറന്‍സ് കേരളത്തില്‍ നടക്കുകയുണ്ടായി. 2025ല്‍ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് നാം.
നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായിക രംഗത്ത് മികച്ച രീതിയിലുള്ള ഇടപെടലുകള്‍ നടത്തുകയാണ്. വ്യവസായ സൗഹൃദ സൂചികയില്‍ ടോപ് അച്ചീവര്‍ പദവി നേടി കേരളം ഒന്നാമത് എത്തിയിരിക്കുകയാണ്. നമ്മുടെ സംരംഭക വര്‍ഷം പദ്ധതിയെ വ്യവസായ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസായാണ് വിലയിരുത്തിയത്. അതിലൂടെ ഇതുവരെ മൂന്ന് ലക്ഷത്തിലേറെ സംരംഭങ്ങള്‍ ആരംഭിക്കാനും 20,500 കോടിയില്‍പരം രൂപയുടെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും ഏഴു ലക്ഷത്തോളം തൊഴിലുകള്‍ സൃഷ്ടിക്കാനും കഴിഞ്ഞു. സ്റ്റാര്‍ട്ടപ് മേഖലയിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞു. പുതുതായി ആരംഭിച്ച സ്റ്റാര്‍ട്ടപ്പുകളിലൂടെ 55,000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. നമ്മുടെ ഐ.ടി കയറ്റുമതി 34,000 കോടി രൂപയില്‍ നിന്ന് 90,000 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.
അടിസ്ഥാന സൗകര്യവികസന മേഖലയില്‍ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞു. വിഴിഞ്ഞം തുറമുഖം പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാവുകയാണ്. ദേശീയപാത വികസനം പൂര്‍ത്തീകരണത്തോടടുക്കുന്നു. തീരദേശ ഹൈവേയുടെയും മലയോര ഹൈവേയുടെയും പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ പൂര്‍ത്തിയാക്കി. കാസര്‍കോട്ടെ ബേക്കലിനെയും തിരുവനന്തപുരത്തെ കോവളത്തെയും ബന്ധിപ്പിക്കുന്നതാണ് 616 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വെസ്റ്റ് കോസ്റ്റ് കനാല്‍. ജലപാതയുടെ വശങ്ങളിലായി സാമ്പത്തിക വികസന സാധ്യതകളുള്ള ഭൂമി ഏറ്റെടുക്കലിനായി 300 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ഇടുക്കി, വയനാട്, കാസർകോട് എന്നിവിടങ്ങളില്‍ എയര്‍സ്ട്രിപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള ഡി.പി.ആര് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വ്യവസായ രംഗത്ത് നാം നടത്തുന്ന സുപ്രധാനമായ ഒരു ചുവടുവെപ്പാണ് കൊച്ചി-ബാംഗ്ലൂര്‍ വ്യവസായിക ഇടനാഴി. അതിന് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.
ഇടതുപക്ഷ സർക്കാർ പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തി. പൊതുജനാരോഗ്യ സംവിധാനങ്ങളെ രോഗീസൗഹൃദമാക്കി. മുടങ്ങിക്കിടന്ന വികസന പദ്ധതികളെല്ലാം പൂര്‍ത്തിയാക്കി. നമ്മുടെ ജലാശയങ്ങളെയും കൃഷിയിടങ്ങളെയുമൊക്കെ വീണ്ടെടുത്തു. ഭരണത്തിന്റെ നാനാതലങ്ങളില്‍ മാതൃകപരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന സര്‍ക്കാറാണിത്. പ്രകടനപത്രികയില്‍ നല്കിയ വാഗ്ദാനങ്ങള്‍ ഏതെല്ലാം, അവയില്‍ നടപ്പാക്കിയവ ഏതൊക്കെ, നടപ്പാക്കാനുള്ളവ ഏതൊക്കെ എന്ന് ജനങ്ങളെ അറിയിക്കുന്ന പ്രോഗ്രസ് കാര്‍ഡുകള്‍ പുറത്തിറക്കിക്കൊണ്ട് ഒരു പുതിയ ജനാധിപത്യ മാതൃക തീര്‍ത്തു. വാതില്‍പടി സേവനങ്ങള്‍ ലഭ്യമാക്കി.
ആയിരത്തോളം സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സേവനങ്ങള്‍ നല്‍കുന്നതിന് കെ-സ്മാര്‍ട്ട് പോര്‍ട്ടലിനു രൂപം നല്കി. ഇ-ഓഫിസ് സംവിധാനങ്ങളെ കാര്യക്ഷമമാക്കി. പി.എസ്.സിയിലൂടെ രണ്ടേമുക്കാല്‍ ലക്ഷത്തോളം നിയമനങ്ങള്‍ നടത്തി. 30,000 ത്തോളം തസ്തികകള്‍ സൃഷ്ടിച്ചു. ഇതിനൊക്കെ പുറമെ സര്‍ക്കാറും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നവകേരള സദസ്സുകള്‍ സംഘടിപ്പിച്ചു. ആറു ലക്ഷത്തിലധികം നിവേദനങ്ങളാണ് അവയിലൂടെ സ്വീകരിച്ചത്. അവ പരിശോധിച്ച് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള രൂപരേഖ തയാറാക്കിവരുകയാണ്.
നേട്ടങ്ങള്‍ പലതും കൈവരിച്ചെങ്കിലും ഇനിയും പല മേഖലകളിലും മുന്നേറാനുണ്ടെന്ന ഉത്തമ ബോധ്യത്തോടെ നവകേരള നിര്‍മിതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയാണ് സംസ്ഥാന സർക്കാർ. വ്യവസായ വികസനം ത്വരിതപ്പെടുത്തുക, കാര്‍ഷിക നവീകരണം സാധ്യമാക്കുക, തദ്ദേശീയമായി തൊഴിലുകള്‍ സൃഷ്ടിക്കുക, മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമാക്കുക, ജീവിതശൈലീ രോഗങ്ങള്‍ തടയുക, അതിവേഗ യാത്രാ സംവിധാനങ്ങളൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭദ്രമായ ക്രമസമാധാന നില, സമാധാനപൂര്‍ണമായ സാമൂഹിക ജീവിതം എന്നിവ എട്ടര വര്‍ഷംകൊണ്ട് കേരളത്തിന്റെ പ്രത്യേകതയായി. അത്തരമൊരു അന്തരീക്ഷത്തില്‍ വികസനത്തിന്റെ പുതിയ കുതിപ്പുകളിലേക്ക് കടക്കുകയാണ് കേരളം ഇപ്പോള്‍ ചെയ്യുന്നത്. അതിനായി നമുക്ക് ഒരേ മനസ്സോടെ നീങ്ങാം. ഏവർക്കും കേരളപ്പിറവി ദിനാശംസകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.