ശകീല ഖാതൂന് ആഗ്രഹം ഒന്നേയുള്ളൂ - അനധികൃത പൗരന്മാരെ പുറത്താക്കാനായി 1951 നു ശേഷം ആദ്യമായി പുതുക്കുന്ന ദേശീയ പൗരത്വ രജിസ്റ്ററിൽ (എൻ.ആർ.സി) പേര് ഉൾപ്പെട്ടു കിട്ടണം. സുപ്രീം കോടതി വിധിയെ തുടർന്ന് പുതുക്കിവരുന്ന എൻ.ആർ.സിയുടെ മൂന്നു പട്ടികകൾ ഇതുവരെ പുറത്തു വന്നു. അന്തിമ പട്ടിക ആഗസ്റ്റ് 31 നു പുറത്തിറക്കാനാണ് തീരുമാനം. ഇതുവരെയായി 3. 29 കോടി അപേക്ഷകരിൽ 41 ലക്ഷത്തിലധികം പേർ പൗരത്വ രജിസ്റ്ററിൽനിന്നു പുറത്തായി. 1971 മാർച്ച് 24നു മുമ്പ് ഇവിടെ ജീവിക്കുന്നവരോ, അതിനു മുേമ്പ ഇവിടെ ജീവിച്ചിരുന്നവരുടെ പിൻമുറക്കാരോ ആയ വ്യക്തികളുടെ പേരുവിവരം ഉൾപ്പെടുത്തിയാണ് അന്തിമ പട്ടിക പുറത്തിറങ്ങുക. കരടു പട്ടികയിൽനിന്നു വിട്ടുപോയ ആളുകൾ പുനരപേക്ഷ നൽകി ആഗസ്റ്റ് 31െൻറ തീയതി കാത്തിരിക്കുകയാണ്. ആകാംക്ഷയോടെ അവർ കാത്തിരിക്കുന്നത് ജീവിതത്തിലെ അതിനിർണായക ദിനമാണ്.
രാജ്യത്തിെൻറ ഇൗ മൂലയിൽ താമസിക്കുന്ന ദുർഭഗരായ ആളുകളിലൊന്നു മാത്രമാണ് ശകീല ഖാതൂൻ. ഭർത്താവ് ഹബീബുദ്ദീെൻറ പേര് പട്ടികയിലുണ്ട്. എന്നാൽ, ശകീലയും രണ്ട് ആൺമക്കളും പുറത്ത്.
‘‘ഞാൻ ഇനി എന്തു ചെയ്യാനാണ്?’’_ അവർ വിഷമത്തോടെ ചോദിക്കുന്നു. ‘‘ഞങ്ങൾ പാവങ്ങളാണ്. ഇന്നുവരെ ഗവൺമെൻറിെൻറ ഒരു ആനുകൂല്യവും, ഒരു ഹെൽത്ത് കാർഡ് പോലും, കിട്ടിയിട്ടില്ല. ഉദ്യോഗസ്ഥർ പറയുന്നത് ഞാൻ ‘ഡി’ (ഡൗട്ട് ഫുൾ അഥവാ സംശയാസ്പദ) വോട്ടറാണെന്നും പേര് എൻ.ആർ.സിയിൽ ഇല്ലെന്നുമാണ്. അതിനാൽ എനിക്ക് ‘അടൽ അമൃത് ആരോഗ്യ പദ്ധതി’യുടെ ഇൻഷുറൻസ് കാർഡ് തരാൻ പറ്റില്ലേത്ര. പക്ഷേ, അതിൽ സങ്കടമില്ല. എനിക്ക് അങ്ങനെ ഒന്നിെൻറയും ആവശ്യമില്ല. എെൻറയും കുട്ടികളുടെയും പേരുകൾ ആ പട്ടികയിലൊന്നു കണ്ടാൽ മതിയായിരുന്നു. ആ ഒരാഗ്രഹം മാത്രമേ ഇപ്പോൾ ഉള്ളൂ. അതിനാെണെൻറ മനമുരുകിയുള്ള പ്രാർഥന മുഴുവൻ.’’-ഗുവാഹതിയിൽനിന്നു 70 കിലോമീറ്റർ അകലെയുള്ള കാംരൂപ് (റൂറൽ) ജില്ലയിലെ ഗോറോയ്മാരിയിലെ വീട്ടിലിരുന്ന് മുപ്പതുകളിലെത്തിയ ശകീല പറഞ്ഞുകൊണ്ടേയിരുന്നു.
അന്തിമപട്ടിക വന്ന ശേഷവും പേരില്ലെങ്കിലും പൗരന്മാർ എന്ന നിലക്ക് അവരുടെ അവകാശങ്ങൾ അപഹരിച്ചെടുക്കാൻ ഇപ്പോൾ നിയമമൊന്നുമില്ല. അന്തിമപട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷവും ഇത്തരക്കാർക്ക് പൗരത്വം തെളിയിക്കാനുള്ള സാവകാശമൊരുക്കുമെന്ന് ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ‘‘അവർ ആദ്യം പൗരത്വ പ്രശ്നം കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയായ ഫോറിനേഴ്സ് ൈട്രബ്യൂണലിനെ സമീപിക്കണം. പിന്നെ ഉയർന്ന കോടതികളെ, ഒടുവിൽ സുപ്രീംകോടതിയെ.’’-അദ്ദേഹം വിശദീകരിച്ചു. എന്നാൽ, ഇൗ നടപടിക്രമങ്ങളൊക്കെ പാലിച്ചു കഴിഞ്ഞ ശേഷവും വിദേശികളായി പ്രഖ്യാപിക്കപ്പെട്ട ആളുകളുടെ കാര്യത്തിൽ എന്തു ചെയ്യണമെന്ന് ഇനിയും തീർപ്പാക്കിയിട്ടു വേണം.
അതുകൊണ്ട് ശകീല ആഗസ്റ്റ് 31 വരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം ജൂലൈ 31ന് കരടുപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ തെൻറയും കുട്ടികളുടെയും പേരു കാണാതെ അവർ തളർന്നിരുന്നുപോയി. എവിടെയാണ് തെറ്റിയത് എന്നറിയാൻ ഉടനെ എൻ.ആർ.സി സെൻററുകളിൽ ചെന്നു. അവരുടെ പേര് ‘ഡി’ അഥവാ സംശയ വോട്ടർ പട്ടികയിലാണെന്നാണ് കിട്ടിയ മറുപടി. എന്നാൽ, തെൻറ പേര് 2012 ൽ ഫോറിൻ ട്രൈബ്യൂണൽ കോടതി ക്ലിയർ ചെയ്തിരുന്നു എന്ന് ശകീല പറയുന്നു. അനധികൃത പൗരന്മാരെ കണ്ടെത്താൻ 1997 ലാണ് തെരഞ്ഞെടുപ്പ് കമീഷൻ ‘ഡി’ പട്ടിക ഉണ്ടാക്കിത്തുടങ്ങിയത്. ഇതനുസരിച്ച് വോട്ടവകാശം തടയപ്പെട്ടവർ കോടതിയെ സമീപിച്ചാണ് അതിൽ നിന്നു വിടുതൽ നേടേണ്ടത്.
ഉദ്യോഗസ്ഥരും അഭിഭാഷകരും മറ്റെല്ലാവരും തങ്ങളുടെ ദാരിദ്ര്യവും നിരക്ഷരതയും മുതലെടുക്കുകയായിരുന്നു എന്നു ശകീല. ‘‘ഇതൊരു പീഡനംതന്നെയാണ്. ഒാരോ വട്ടം ചെന്നു കാണുേമ്പാഴും അവർ പണം ചോദിക്കും. ഒരൊറ്റ അഫിഡവിറ്റ് തയാറാക്കാൻ പോലും 5000 രൂപയാണ് ഇൗടാക്കുന്നത്. ഞങ്ങൾ ഇൗ പണം എങ്ങനെ ഒപ്പിക്കും? അതുകൊണ്ട് ഗുവാഹതിയിൽ ഒരു കൺസ്ട്രക്ഷൻ സൈറ്റിൽ മക്കളെ പണിക്കു പറഞ്ഞയക്കുന്നു.’’-അവർ കണ്ണീരോടെ പറഞ്ഞു.
അയൽക്കാരൻ ഹബീബുറഹ്മാനും ഇതേ കഥ തന്നെയാണ് പറയാനുള്ളത്. 80 പേരുടെ ജീവനെടുത്ത അസമിലെ കുത്തിയൊലിച്ച പ്രളയപ്പാച്ചിലിൽ നിന്നു രക്ഷതേടി ഒരു തുരുത്തിൽ അഭയം തേടിയതായിരുന്നു ഹബീബും കുടുംബവും. രണ്ടാഴ്ചയോളം അവിടെ തങ്ങേണ്ടി വന്നു. മഴയിൽ രാത്രി പ്ലാസ്റ്റിക് ഷീറ്റിെൻറ മേൽക്കൂരക്കു താഴെ അന്തിയുറങ്ങേണ്ടി വരുേമ്പാഴും ഹബീബിനെ കുഴക്കുന്നത് എൻ.ആർ.സിയുടെ നടപടിക്രമങ്ങളാണ്. പ്രളയവെള്ളമിറങ്ങിയ ശേഷം ബ്രഹ്മപുത്ര നദിക്കരയിലേക്ക് 20 മിനിറ്റ് ബോട്ടിൽ സഞ്ചരിച്ച് വീട്ടിലെത്തിയ ഉടനെ ഹബീബ് തപ്പിയത് രേഖകൾ സുരക്ഷിതമല്ലേ എന്നായിരുന്നു. ‘‘ഇൗ കടലാസുകൾ ഞങ്ങളുടെ ജീവിതമാണ്. ഇതാണ് ഞങ്ങളുടെ സർവസ്വവും. ഇതൊക്കെ കൈവശമുണ്ടായിട്ടും ഞങ്ങളുടെ പേരുകൾ പുറത്തായി. ഇൗ കടലാസുകളില്ലെങ്കിൽ ഞങ്ങൾക്ക് എന്തു സംഭവിക്കുമെന്ന് നിങ്ങൾക്ക് അറിയുമോ’’? പ്ലാസ്റ്റിക് കവറിൽനിന്നു കടലാസുകൾ ഉൗരിയെടുത്ത് വിളറിയ മുഖത്തോടെ ഹബീബ് ചോദിക്കുകയാണ്. 1948 വരെയുള്ള അയാളുടെ പിതാവിെൻറയും പിതാമഹെൻറയും പേരുള്ള ഭൂരേഖകളായിരുന്നു അത്. ഹബീബും ഭാര്യ അക്ലീമ ഖാതൂനും മക്കളായ നൂർ ആലമും ഫരീദുലും പട്ടികയിൽനിന്നു വിട്ടുപോയതിനാൽ രണ്ടാമതും ഇടം കിട്ടാൻ അപേക്ഷ നൽകി കാത്തിരിക്കുന്ന 41 ലക്ഷത്തിൽ പെടും. രണ്ടാമതും അപേക്ഷയും രേഖകളും സമർപ്പിച്ച ശേഷം വിവിധ ജില്ലകളിലെ വിവിധ സെൻററുകളിൽ അവർ ഹിയറിങ്ങിന് വിളിപ്പിക്കപ്പെട്ടു. ‘‘ഇപ്പോൾ, അതു മാത്രമാണ് പ്രതീക്ഷ. പട്ടികയിൽ പേരൊന്നു വന്നു കിട്ടണേ എന്നാണ് പൂതിയും പ്രാർഥനയും’’_ റഹ്മ പറയുന്നു. അവരുടെ രണ്ടു പെൺമക്കൾ പട്ടികയിലുണ്ട്.
അങ്ങനെ വരാനിരിക്കുന്ന അന്തിമപട്ടിക കാത്തിരിക്കുന്നവരെല്ലാം തടങ്കൽപാളയങ്ങളിലേക്ക് തങ്ങൾ കെട്ടുകെട്ടിക്കപ്പെടുമോ എന്ന ആശങ്കയിലാണ്. സംസ്ഥാനത്ത് ഇപ്പോൾ ആകെ ആറു തടവറകളാണുള്ളത്. അതിൽ അനധികൃത പൗരന്മാരായി കോടതികൾ പ്രഖ്യാപിച്ചവരും നിയമാനുസൃത രേഖകളില്ലാതെ എത്തിയവരോ വിസ കാലാവധി കഴിഞ്ഞും ഇവിടെ തങ്ങിയവരോ ആയ ഏതാനും ബംഗ്ലാദേശി, മ്യാൻമർ പൗരന്മാരുമാണുള്ളത്. 1980 കളിലെ അസം പ്രക്ഷോഭമടക്കം അനധികൃത പൗരന്മാരെ തുരത്താനുള്ള നിരവധി പ്രക്ഷോഭങ്ങൾക്കും രക്തരൂഷിത കലാപങ്ങൾക്കും സംസ്ഥാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിനെ തുടർന്നാണ് അസം കരാർ ഒപ്പുവെച്ചതും പൗരത്വനിർണയത്തിന് അന്തിമതീയതി നിശ്ചയിക്കപ്പെട്ടതും. എൻ.ആർ.സിയുടെ പുതുക്കപ്പട്ടിക തയാറാക്കുകയെന്നതും കരാറിെൻറ ഭാഗമായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ അനന്തരഗാമികൾ പോലും അവരുടെ പേര് ‘ഡി’ മാർക്കിൽ പെട്ടതിനാൽ പട്ടികയിൽനിന്നു പുറത്തായതായി പരാതികളുയർന്നിരുന്നു.
അസമിലെ സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസിെൻറ സംസ്ഥാന കമ്മിറ്റി സ്ഥാപകനുമായ ഛബിലാൽ ഉപാധ്യായയുടെ ചെറുമകൾ മഞ്ജു ദേവി പൈതൃകരേഖകളെല്ലാം സമർപ്പിച്ച ശേഷവും എൻ.ആർ.സി അപ്ഗ്രഡേഷൻ ലിസ്റ്റിൽനിന്നു തള്ളിപ്പോയി. 2005 ൽ ‘ഡി’ വോട്ടറായി രേഖപ്പെടുത്തപ്പെട്ടതിനാൽ അവരും മക്കളും കഴിഞ്ഞ കരടുപട്ടിക വന്നപ്പോൾ എൻ.ആർ.സിയിൽനിന്നു പുറത്താണ്.രാഷ്ട്രീയപാർട്ടികളും വിദ്യാർഥിസംഘടനകളുമൊക്കെ ഇപ്പോൾ തെറ്റില്ലാത്ത എൻ.ആർ.സി തയാറാക്കാനുള്ള നിരന്തര മുറവിളിയിലാണ്.
(ലേഖകൻ ഗുവാഹതിയിലെ
സ്വതന്ത്ര മാധ്യമപ്രവർത്തകനാണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.