ബാലകൃഷ്ണൻ വള്ളിക്കുന്ന് (ബാലകൃഷ്ണൻ മാഷ്) നമ്മെ വിട്ടുപിരിഞ്ഞിട്ട്, മാർച്ച് ഏഴിന് മൂന്നുവർഷം കഴിഞ്ഞു. ജീവിതം മുഴുവൻ അറബിമലയാള സാഹിത്യത്തിനും സർഗാത്മക വിമർശനത്തിനും നീക്കിവെച്ച സർഗസമ്പന്നനും ഉല്പതിഷ്ണുവുമായ മനുഷ്യനായിരുന്നു അദ്ദേഹം.
ഈ സാഹിത്യശാഖയെക്കുറിച്ചും ഭാഷയെക്കുറിച്ചും അവക്കുള്ളിലെ സൂഫി തത്ത്വശാസ്ത്രത്തെക്കുറിച്ചുപോലും വേറിട്ടതും അത്യഗാധവുമായ ഉൾക്കാഴ്ചയോടെ അവയെ പുനഃസൃഷ്ടിച്ചയാൾ. അതിനേക്കാളൊക്കെ, എന്നും ഇടതുപക്ഷ വിശ്വാസിയായി നിലകൊണ്ട്, ലളിതജീവിതത്താൽ സമൂഹത്തിന് മാതൃക തീർത്തയാൾ.
പ്രശസ്ത അറബിമലയാള സാഹിത്യ ചരിത്രകാരനും ചിന്തകനുമായ ബഹുമാന്യനായ കെ.കെ. മുഹമ്മദ് അബ്ദുൽ കരീമാണ്, ബാലകൃഷ്ണനെ അറബിമലയാള സാഹിത്യ ലോകത്തേക്ക് കൊണ്ടുവന്നത് എന്ന കാര്യവും ആനുഷംഗികമായി ഓർമിക്കട്ടെ.
അറബിമലയാള സാഹിത്യവും കേരളീയ ചരിത്രവും പഠനവിധേയമാക്കി അദ്ദേഹം സംസ്കാര കൈരളിക്ക് നൽകിയ സംഭാവന ചെറുതല്ല. മാപ്പിളപ്പാട്ടിന്റെ മതപരവും മതേതരവുമായ ലാവണ്യശാസ്ത്രത്തെ ഇത്രമേൽ ആശയഗാംഭീര്യത്തോടെ പുനർനിർവചിക്കുകയും വിമർശനത്തിൽ അടയാളപ്പെടുത്തുകയും ചെയ്ത വേറൊരാൾ ആ തലമുറയിലില്ല.
ഇങ്ങനെയുള്ള ഒരാളുടെ, മൂന്ന് ചരമവർഷങ്ങൾ പിന്നിടുമ്പോഴും കേരളത്തിലെ സാമൂഹിക സാംസ്കാരിക സ്ഥാപനങ്ങളോ അദ്ദേഹത്തിന്റെ ചിന്താപരിവട്ടത്തോടൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്ന അക്കാദമിക് ലോകമോ ബാലകൃഷ്ണൻ മാഷിന്റെ ജീവിതത്തെക്കുറിച്ചോ സാഹിത്യ സാംസ്കാരിക സംഭവങ്ങളെക്കുറിച്ചോ ഇക്കാലമത്രയും ഒന്നും ഓർമിച്ചുകാണുന്നില്ല, എന്ന കാര്യം നമ്മെ അത്ഭുതപ്പെടുത്തുന്നു.
സൗകര്യപൂർവമായ ഒരു വിസ്മൃതിയാണ് അദ്ദേഹത്തിന്റെ കാര്യത്തിൽ സംഭവിക്കുന്നതെങ്കിൽ, നമ്മുടെ സാഹിത്യ-സാംസ്കാരിക സ്ഥാപനങ്ങളുടെയും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ‘ബഹുമാന്യ’ വ്യക്തികളുടെയും ചിന്തകളിൽ കുടികൊള്ളുന്ന സ്ഥാപിത താല്പര്യങ്ങളാണ് അവക്ക് കാരണമെന്ന് കേരളത്തിലെ സഹൃദയ സമൂഹത്തിന് അനുമാനിക്കേണ്ടിവരും.
താൻ പലപ്പോഴും അംഗമായി പ്രവർത്തിക്കുകയും അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തൊട്ട് ധൈഷണിക മണ്ഡലങ്ങളിലത്രയും സദാ വിളങ്ങുകയും ചെയ്ത മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിള അക്കാദമിയടക്കമുള്ള സ്ഥാപനങ്ങളെ ഇക്കാര്യത്തിൽ പ്രതിസ്ഥാനത്ത് നിർത്തേണ്ടിവരും.
സാഹിത്യ അക്കാദമിയെപ്പോലെയുള്ള സ്ഥാപനങ്ങൾ ജീവിക്കുന്നകാലത്തും അദ്ദേഹത്തിന്റെ സംഭാവനകൾ മുഖവിലക്കെടുത്തതായി കണ്ടിട്ടില്ല. കോവിഡിന്റെ പേരുപറഞ്ഞു താൽക്കാലികമായി തങ്ങളുടെ സാംസ്കാരിക അജണ്ടകൾക്കൊക്കെ അവധികല്പിച്ച കാലം കഴിഞ്ഞിട്ടും രണ്ടുവർഷമായി.
ഏറെക്കാലം ഗ്രന്ഥശാല പ്രസ്ഥാനത്തോടൊപ്പം പ്രവർത്തിച്ച പാരമ്പര്യവും ബാലകൃഷ്ണൻ വള്ളിക്കുന്നിനുണ്ട്. തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റും തിരൂർ താലൂക്കിന്റെ പ്രവർത്തകസമിതി അംഗവുമൊക്കെയായി അദ്ദേഹം ദീർഘകാലം ലൈബ്രറി പ്രസ്ഥാനത്തോടൊപ്പം സഞ്ചരിക്കുകയുണ്ടായി.
പി.എൻ. മേനോനിൽ തുടങ്ങുന്ന ആ വായനബന്ധം താനൂർ പരമേശ്വരനിലൂടെയും മറ്റു പ്രഗത്ഭ വ്യക്തികളിലൂടെയും ഊട്ടപ്പെടുകയും മരിക്കുന്നതുവരെ ഗ്രന്ഥശാല പ്രവർത്തനങ്ങളുടെ ഉയിരും ശരീരവുമായി അദ്ദേഹം പ്രവർത്തിക്കുകയുമുണ്ടായി. എന്നാൽ, കേരളത്തിൽ ഏറെ സജീവമായി നിലകൊള്ളുന്ന കേരള ഗ്രന്ഥശാല സംഘവും ഇദ്ദേഹത്തിന്റെ ഓർമക്കായി, അർഥവത്തായ ഒന്നും ചെയ്തുകണ്ടിട്ടില്ല.
അമിതവും അനുചിതവുമായ രാഷ്ട്രീയചേരുവകളാൽ മുഖരിതമാണ് എന്നും നമ്മുടെ അക്കാദമികളും ഗ്രന്ഥശാല സംഘവും പോലുള്ള സ്ഥാപനങ്ങൾ. ഭൂതക്കണ്ണടയിലൂടെ നോക്കി ആളെ തിരിച്ചറിയാനുള്ള മിടുക്കനുസരിച്ചാണ് ഇവിടെ മനുഷ്യരുടെ സ്വത്വവും പ്രാതിനിധ്യവും തീരുമാനിക്കപ്പെടുക.
ഒറ്റനോട്ടത്തിൽ, വ്യക്തിജീവിതത്തിലും ചേഷ്ഠകളിലും അത്തരം അധികാരസ്ഥാപനങ്ങൾക്കുപോന്ന ആലങ്കാരികമായ ആടയാഭരണങ്ങൾ ഒന്നുമില്ലാത്ത ഒരു കുചേലജന്മമായിരുന്നു ബാലകൃഷൻ വള്ളിക്കുന്നിന്റേത്, എന്നുപറയാനാണ് എനിക്കിഷ്ടം. എന്നാൽ, ബാലകൃഷ്ണനെപ്പോലുള്ള ഒരു വിദ്വാൻ തന്റെ ചിന്തകൊണ്ടും സാഹിത്യ സാംസ്കാരിക പ്രവർത്തനം കൊണ്ടും രൂപപ്പെടുത്തിയ, സാമൂഹികവും സാംസ്കാരികവുമായ ബലതന്ത്രങ്ങൾ കേരളീയ വ്യവഹാര മണ്ഡലത്തിൽനിന്നും അത്ര പെട്ടെന്ന് മായ്ച്ചുകളയാനാവില്ല!
ചന്ദ്രിക പത്രാധിപനായിരുന്ന പ്രഗത്ഭനായ സി.എച്ച്. മുഹമ്മദ് കോയയായിരുന്നു, അറബിമലയാള സാഹിത്യ നിരൂപണ മണ്ഡലത്തിലേക്ക് അദ്ദേഹത്തെ സജ്ജമാക്കിയത്. സി.എച്ചിന്റെ നിർബന്ധംമൂലം മുഹ്യിദ്ദീൻ മാല, റിഫായി മാല, മഞ്ഞക്കുളം മാല തുടങ്ങിയ അറബിമലയാള സാഹിത്യത്തിലെ പ്രശസ്തമായ മാലപ്പാട്ടുകളെ പുരസ്കരിച്ചുകൊണ്ട് ആദ്യമെഴുതിയ ‘സ്തോത്രകാവ്യങ്ങൾ മാപ്പിളപ്പാട്ടുകളിൽ’, 1971-72 കാലയളവിൽ ചന്ദ്രികയുടെ കുറെ ലക്കങ്ങളിലായി എഴുതിയ പഠനമാണ് ലബ്ധപ്രതിഷ്ഠനായ ഒരു നിരൂപകനാക്കി ഈ മേഖലയിൽ അദ്ദേഹത്തെ പിൽക്കാലത്ത് ഉറപ്പിച്ചുനിർത്തിയത്.
അറബിമലയാള സാഹിത്യ വിമർശനങ്ങളായും ടിപ്പണികളായും കേരളീയ നവോത്ഥാന വ്യവഹാരങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന പതിനഞ്ചോളം വിലപ്പെട്ട കൃതികളുടെ രചയിതാവാണ് മാഷ്. ഇവയിൽ മലപ്പുറം പടപ്പാട്ട്, ഉഹ്ദ്, കുഞ്ഞായിൻ മുസ്ലിയാരുടെ കപ്പപ്പാട്ട്, നൂൽമദ്ഹ് തുടങ്ങിയ കൃതികൾക്ക് അദ്ദേഹം തയാറാക്കിയ വ്യാഖ്യാനവും ടിപ്പണിയും ഇതേ കൃതികളുടെ വ്യാഖ്യാനങ്ങളിൽ ഏറെ വ്യത്യസ്തവും ഉൾക്കാഴ്ചകൊണ്ട് അനുഗൃഹീതവുമാണ്.
‘മാപ്പിളപ്പാട്ട്: ഒരാമുഖ പഠന’മെന്ന തന്റെ ആദ്യ കൃതിതന്നെ ഏറെ വിലയിരുത്തപ്പെടുകയുണ്ടായി. തമിഴ് ഭാഷയും സാഹിത്യവും നമ്മുടെ ഭാഷയിലും വ്യാകരണത്തിലും മലയാള സാഹിത്യജനുസ്സുകളിലുമുണ്ടാക്കിയ സ്വാധീനത്തെ തൊട്ടുകൊണ്ടാണ് ഈ പഠനം.
സർവകലാശാലകളിലും സാമൂഹിക- സാംസ്കാരിക സ്ഥാപനങ്ങളിലും അക്കാദമിക് അവതരണങ്ങളുമായി മാഷ് നിറഞ്ഞുനിന്ന ഒരുകാലം ഓർക്കുന്നു. ഗുരുശ്രേഷ്ഠ പുരസ്കാരമടക്കം പല അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി. എത്ര കുടഞ്ഞാലും ഒഴിവാക്കാൻ പറ്റാത്തനിലയിൽ കലയുടെയും സാഹിത്യത്തിന്റെയും നഭസ്സിൽ ബാലകൃഷ്ണൻ മരിക്കുവോളം നിലകൊണ്ടു.
അതുവരെ നിലനിന്ന സാമുദായികവും യാന്ത്രികമാത്രവുമായ അറബിമലയാള സാഹിത്യവിചാരത്തിന് സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ പുതിയ ഉൾവെളിച്ചം നൽകി ഈ ശാഖയിൽ വിമർശനത്തിന് നവദീപ്തി നൽകി.
വരേണ്യവർഗ സാഹിത്യരൂപങ്ങളോട് നിരന്തരം കലഹിച്ചുകൊണ്ട് അടിയാളവർഗത്തിന്റെ സാഹിത്യ-സാംസ്കാരിക രൂപങ്ങൾക്ക് പിടിച്ചുനിൽക്കേണ്ടിവന്ന ആഭ്യന്തര സംഘർഷങ്ങളെ അറബിമലയാള സാഹിത്യ ചരിത്രവും സംസ്കാരവുമായി സംയോജിപ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ വിമർശനപദ്ധതി രൂപംപൂണ്ടു.
സാഹിത്യ - സാംസ്കാരിക മണ്ഡലത്തിലെ ഒഴിവാക്കലിന്റെ രാഷ്ട്രീയത്തെ (Exclusion of Politics) ആ വിമർശന വ്യവഹാരം സദാ തിരിച്ചറിഞ്ഞു. ചരിത്രം, ഭാഷ, സംസ്കാരം, സാഹിത്യ വ്യവഹാരങ്ങൾ എന്നിവയെ മുൻനിർത്തി അറബിമലയാളത്തിലും മാപ്പിളപ്പാട്ടുകളിലും ചിന്താപരമായ വിപ്ലവത്തിനു വഴിമരുന്നിടുന്നതാണ് ബാലകൃഷ്ണന്റെ നിരൂപണ വിചാരത്തിന്റെ കാതൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.