കാട്ടാളരെക്കാൾ ക്രൂരരായ കൊലയാളികളും കൊള്ളക്കാരും രാഷ്ട്രീയവും ഭരണവും കൈയടക്കിയിരിക്കുന്നു. വർഗീയഫാഷിസം മതനിരപേക്ഷതയെ നാടുകടത്തിക്കൊണ്ടിരിക്കുന്നു. വിരക്തിയാൽ വിശുദ്ധി വരിക്കേണ്ടവർ കൊടുവാളെടുത്ത് കൊലവിളി നടത്തുന്നു. മാലിന്യമകറ്റാൻ മരവുരിെയടുത്ത് മലമുകളിൽ ഒതുങ്ങിക്കൂടിയിരുന്ന മഠാധിപതികളുടെ പിന്മുറക്കാർ മുഷ്കും മുഷ്ടിയുമായി മേധാവിത്വം സ്ഥാപിക്കുന്ന മുട്ടാളരായി മാറിയിരിക്കുന്നു.
നാടു കാക്കേണ്ടവർ കോടികൾ കട്ടുമുടിക്കുന്നു. കോടികൾ മോഷ്ടിക്കാത്തവർ കാര്യങ്ങൾ കൊണ്ടുനടത്താൻ കൊള്ളാത്തവരായി കണക്കാക്കപ്പെടുന്നു. ധൂർത്തും ദുർവ്യയവും നടത്തി പ്രൗഢി പ്രകടിപ്പിക്കാത്തവർ അധികാരത്തിെൻറ അടുത്തെത്താൻപോലും അനർഹരായിരിക്കുന്നു. ഭരണാധികാരികൾ ചട്ടമ്പികളുടെ ചട്ടുകങ്ങളായിരിക്കുന്നു. കൊള്ളയിലൂടെ കിട്ടുന്നതിേനക്കാൾ കോടികൾ നേടാൻ നല്ലത് നാട് നോക്കുന്ന പണിയായതിനാൽ ക്രിമിനലുകളെല്ലാം അവിടെ കുടിയിരുന്നിരിക്കുന്നു. ജനാധിപത്യം ഫാഷിസത്തിനും പണാധിപത്യത്തിനും വംശീയതക്കും ജാതീയതക്കും വഴിെയാരുക്കിക്കൊണ്ടിരിക്കുകയാണ്.
നിലക്കാത്ത തേങ്ങലുകൾ
സ്ത്രീപീഡനത്തിെൻറ വാർത്തകളില്ലാതെ പത്രം പുറത്തിറങ്ങാത്ത അവസ്ഥ വന്നിരിക്കുന്നു. വീടകങ്ങളിൽകൂടി സ്ത്രീകൾ സുരക്ഷിതരല്ലാതായിത്തീർന്നിരിക്കുന്നു. സംരക്ഷണം നൽകേണ്ട അടുത്ത ബന്ധുക്കൾപോലും പെണ്ണുടലുകളിൽ പരാക്രമം നടത്തുന്നു. തടവറകളിൽ കഴിയേണ്ട പെരുംകുറ്റവാളികൾ നാടുഭരിക്കുേമ്പാൾ നിരപരാധികൾ കാരാഗൃഹങ്ങളിൽ കൊടിയ പീഡനങ്ങളേറ്റു വാങ്ങുന്നു. അലീഗഢ് യൂനിവേഴ്സിറ്റിയിൽ ഗവേഷണവിദ്യാർഥിയായിരിക്കെ പിടികൂടപ്പെട്ട ഗുൽസാർ അഹ്മദ് വാനി നിരപരാധിത്വം തെളിയിച്ച് പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്; 16 കൊല്ലത്തെ ജയിൽജീവിതത്തിനുശേഷം. അദ്ദേഹത്തിെൻറ വിദ്യാഭ്യാസം മുടങ്ങി. വിവാഹം നടന്നില്ല. യൗവനം കാരാഗൃഹം കവർന്നെടുത്തു. നിരപരാധിയായ മുഹമ്മദ് നിസാറുദ്ദീൻ അഹ്മദിന് നീണ്ട 23 വർഷമാണ് തടവറകളുടെ ഇരുളിൽ കഴിയേണ്ടിവന്നത്. അദ്ദേഹത്തിെൻറ സഹോദരൻ സഹീറുദ്ദീൻ അഹ്മദിന് 16 കൊല്ലവും.
ഇങ്ങനെ ആയിരക്കണക്കിന് നിരപരാധികളാണ് വിചാരണയും വിധിയും കാത്ത് തടവറകളിൽ ദിനരാത്രങ്ങൾ തള്ളിനീക്കുന്നത്. തിരൂരിലെ മൊബൈൽകടയിൽ കുറഞ്ഞ കൂലിക്ക് ജോലി ചെയ്തിരുന്ന ഡിഗ്രി ഒന്നാംവർഷ വിദ്യാർഥിയായിരുന്ന പരപ്പനങ്ങാടിക്കാരൻ സകരിയ്യ എട്ടുവർഷം പിന്നിട്ട് വിചാരണ പൂർത്തിയായിട്ടും വിധിയും കാത്ത് തടവറയിൽ കഴിയുകയാണ്. ഇങ്ങനെ എത്രയെത്ര ചെറുപ്പക്കാർ!
ജെ.എൻ.യു വിദ്യാർഥി നജീബ് എവിടെ എന്ന ചോദ്യം രാജ്യമെങ്ങും അലയടിക്കുേമ്പാൾ മാതാവ് കവിളിലെ കണ്ണീരുണങ്ങാെത കഴിയുന്നു. രോഹിത് വെമുലയെ ജീവത്യാഗത്തിന് നിർബന്ധിതമാക്കിയ സാഹചര്യം മാറ്റമില്ലാെത തുടരുന്നു. സഹാറൺപുരിലെ ദലിത്വേട്ടക്ക് വിരാമമായിട്ടില്ല. ചത്തപശുവിെൻറ തൊലിയുരിച്ചതിനാണ് ഗുജറാത്തിലെ ഉനയിൽ ദലിത് യുവാക്കളെ അതിക്രൂരമായി മർദിച്ചൊതുക്കിയത്. ഝാർഖണ്ഡിലെ ശോഭാപുരിയിൽ ആറുപേരെയാണ് ആൾക്കൂട്ടം അടിച്ചുെകാന്നത്. പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ചാണല്ലോ ദാദ്രിയിലെ മുഹമ്മദ് അഖ്ലാഖിനെ വീട്ടിൽ കയറി അടിച്ചുകൊന്നത്.
പശു ആരാധകരുടെ മനുഷ്യഹത്യക്കിരയായവർ നിരവധിയാണ്. സഹാറൻപുരിലെ മുസ്തഇൗൻ അബ്ബാസ്, രാജസ്ഥാനിലെ ആൽവാറിലെ പെഹ്ലുഖാൻ, ഝാർഖണ്ഡിലെ 12 വയസ്സുകാരൻ ഇംതിയാസ് ഖാൻ, മൽജൂം അൻസാരി, മണിപ്പൂരിലെ മദ്റസാധ്യാപകൻ മുഹമ്മദ് ഹസ്മത്ത് തുടങ്ങിയവർ അവരിൽ ചിലരാണ്. മാതാവിെൻറ ചിതക്ക് തീകൊളുത്തിയതിനാണ് ഛത്തിസ്ഗഢിലെ ജാതിമേധാവികൾ ഗീതാ പ്രഹ്ലാദിനെ വധിച്ചത്. ഡോക്ടർ അംബേദ്കറെ വാഴ്ത്തുന്ന വരികൾ മൊബൈൽ റിങ്ടോൺ ആക്കിയതിനാണ് മഹാരാഷ്ട്രയിലെ ഷിർദിയിൽ സാഗർ ഷെജ്വാൾ എന്ന ദലിത് യുവാവിനെ അടിച്ചുകൊന്നത്.
പേടിപ്പെടുത്തുന്ന മൗനം
ചരിത്രത്തിൽ അർഥപൂർണമായ മൗനങ്ങളുണ്ടായിട്ടുണ്ട്. അവ മഹാവിസ്മയങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ബൈബിളും ഖുർആനും പരിചയപ്പെടുത്തിയ സെഖര്യാവ് പ്രവാചകൻ ജീവിതസായാഹ്നത്തിൽ ഒാമനമകനെ ഏറ്റുവാങ്ങിയത് മൗനവ്രത വിശുദ്ധിയുടെ സാന്നിധ്യത്തിലാണ്. അസ്വാഭാവികമാർഗത്തിലൂടെ യേശുവിനെ ഗർഭം ധരിച്ച കന്യാമറിയം സമൂഹത്തിൽനിന്നുണ്ടായ ആക്ഷേപശകാരങ്ങളെ നേരിട്ടത് വാക്കുകളെക്കാൾ അർഥപൂർണമായ മൗനംകൊണ്ടാണ്. ശ്രീബുദ്ധന് ബോധിവൃക്ഷച്ചുവട്ടിൽവെച്ച് ബോധോദയമുണ്ടായത് ദീർഘമായ മൗനത്തെ തുടർന്നാണ്. ദൈവത്തിെൻറ അന്ത്യദൂതൻ മുഹമ്മദ് നബി ഹിറാഗുഹയിൽ വെച്ച് ആദ്യമായി ദിവ്യസന്ദേശം ഏറ്റുവാങ്ങിയത് ഏകാന്ത ധ്യാനത്തിെൻറ മൗനസാന്നിധ്യത്തിലാണ്.
എന്നാൽ, ഇന്ന് നമ്മുടെ നാട്ടിൽ കാണപ്പെടുന്ന മൗനം പേടിച്ചരണ്ടവെൻറ മൗനമാണ്; ഒപ്പം പേടിപ്പെടുത്തുന്നതും. ഭരണകൂടത്തിെൻറ മർദനോപാധികളും ഫാഷിസത്തിെൻറ ഹുങ്കാരങ്ങളും വർഗീയതയുടെ കൊലവിളികളുമാണ് ഭീതിജന്യമായ ഇൗ മൗനത്തിന് ജന്മമേകിയത്.ഇത് മൗനത്തിെൻറ പാഠഭേദമാണ്. വാല്മീകിമഹർഷിക്ക് നവചൈതന്യത്തിെൻറ ഉൗർജമേകിയ വല്മീകത്തിെൻറ മൗനമല്ലിത്. മറിച്ച്, പ്രതികരണവന്ധ്യതയുടെ മൗനമാണ്. കീഴടങ്ങിയവെൻറ നിറംമങ്ങിയ മുഖത്തെ മൗനമാണ്. മർദകശക്തികളാൽ പരിശീലിപ്പിക്കപ്പെട്ട മൗനം. അനീതിക്കെതിരെ ഉയരേണ്ട ശബ്ദം നിലച്ചപ്പോഴുള്ള അപകടകരമായ മൗനം.
എല്ലാവരും ഉറക്കംനടിക്കുകയാണ്. ചുറ്റും നടക്കുന്നത് കാണാതിരിക്കാൻ കണ്ണടക്കുന്നു. പാപത്തിെൻറ പങ്കുപറ്റാനാണ് പലർക്കും താൽപര്യം. ചിലരെങ്കിലും അധികാരിവർഗത്തിെൻറ അരികുപറ്റി അടങ്ങിയൊതുങ്ങിക്കൂടി ആനുകൂല്യം നേടാനുള്ള തിടുക്കമാണ്. നിനവുകളിൽ നോവും നയനങ്ങളിൽ നനവുമായി നിദ്രാവിഹീനരായി കഴിയുന്ന നിസ്സഹായരുടെ നിശ്വാസങ്ങളും നിലവിളികളും ആരെയും അൽപവും അേലാസരപ്പെടുത്തുന്നില്ല. ഇൗ നിർവികാരതയാണ് നാടിന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്ത്. എന്തുവന്നാലും അസ്വസ്ഥമാകാത്ത അവസ്ഥ. ഇൗ നിസ്സംഗതയും മൂകതയും അത്യന്തം അപകടകരമത്രെ. ജനാധിപത്യത്തെ ഇത് അർഥശൂന്യമാക്കുന്നു. എതിർശബ്ദത്തിെൻറ ശക്തിയാണല്ലോ ജനാധിപത്യത്തിെൻറ കരുത്ത്.
നന്മയുടെ പക്ഷത്തുനിൽക്കുന്നവരുടെ നിശ്ശബ്ദത ആക്രമികൾക്ക് എന്തും ചെയ്യാമെന്ന അവസ്ഥ ഉണ്ടാക്കുന്നു. പ്രതിഷേധത്തിെൻറ നേരിയ ഇലയനക്കംപോലുമില്ലാതെ പരാക്രമം തുടരാൻ അവസരമൊരുക്കുന്നു. മർദകരുടെ കൊലവിളികൾ ഉയരാതിരിക്കണമെങ്കിൽ മനുഷ്യത്വത്തിെൻറ മഹിതസന്ദേശം മുറുകെപിടിക്കുന്നവരുടെ പ്രതിഷേധശബ്ദമുയരുകതന്നെ വേണം. കലിയിളകി ക്രൂരത കാണിക്കുന്നവർക്ക് കുരുക്കിടാൻ നന്മയുടെ ശക്തികൾ നിതാന്ത ജാഗ്രത പുലർത്തിയേ തീരൂ. അക്രമവും അനീതിയും നടക്കുേമ്പാൾ മൗനം പാലിക്കുന്നവനും അതിൽ പങ്കാളിയാണെന്ന മഹദ്വചനം വിസ്മരിക്കാവതല്ല; ആ മൗനം പൈശാചികമാണെന്നതും. ജനാധിപത്യ സംവിധാനം അനുവദിച്ചുതന്ന അവസരമുപയോഗിക്കാതെ മൗനികളാകാൻ നമുക്കെന്തു ന്യായമെന്ന ചോദ്യമിന്ന് ഏറെ പ്രസക്തമത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.