സമാജ്വാദി പാർട്ടി മേധാവിയായിരുന്ന മുലായം സിങ് യാദവിന്റെ വിയോഗത്തിന് പിന്നാലെ വരിഷ്ഠ സോഷ്യലിസ്റ്റ് നേതാവ് ശരദ് യാദവും കാലയവനികയിലേക്ക് മടങ്ങുമ്പോൾ ഒരു രാഷ്ട്രീയയുഗംതന്നെയാണ് മാഞ്ഞുപോകുന്നത്. ഇന്ത്യൻ സോഷ്യലിസത്തിന്റെ മൂർത്തരൂപങ്ങളായിരുന്ന റാം മനോഹർ ലോഹ്യ, ജയപ്രകാശ് നാരായൺ എന്നിവർ പ്രചോദിപ്പിച്ച് വളർത്തിയെടുത്ത നേതാക്കളാണ് ഇവരും ഇപ്പോൾ സിംഗപ്പൂർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ലാലുപ്രസാദും.
ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ പിന്നാക്കജാതികൾക്കും ഇടത്തരം കർഷകസമൂഹത്തിനും സ്വാധീനം വളർത്തുന്നതിന് പിന്നിൽ പ്രവർത്തിച്ച യാദവ ത്രിമൂർത്തികളായി നിലകൊണ്ടു അവർ. മറ്റു രണ്ടുപേരെയും പോലെ ബഹുജനങ്ങളെ ആകർഷിക്കാനുതകുന്ന വ്യക്തിപ്രഭാവം ഇല്ലെന്നിരിക്കിലും അരനൂറ്റാണ്ടു മുമ്പുതന്നെ ദേശീയരാഷ്ട്രീയത്തിൽ മുദ്രപതിപ്പിച്ചിരുന്നു ശരദ് യാദവ്.
മധ്യപ്രദേശിലെ സോഷ്യലിസ്റ്റ് വിദ്യാർഥിരാഷ്ട്രീയത്തിലൂടെ അരങ്ങേറ്റംകുറിച്ച അദ്ദേഹത്തെ 1974ൽ നടന്ന ജബൽപുർ ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി നിശ്ചയിച്ചത് സാക്ഷാൽ ജെ.പി തന്നെയാണ്. അത് തികച്ചും ഉചിതമായ തീരുമാനമായിരുന്നുവെന്ന് തെരഞ്ഞെടുപ്പിൽ നേടിയ വൻ ഭൂരിപക്ഷം തെളിയിച്ചു.
അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കും ഭരണകക്ഷിയായ കോൺഗ്രസിനുമെതിരെ ഉയർന്ന രാഷ്ട്രീയസഖ്യത്തിന് വലിയ ഉത്തേജനമാണ് ഇതുവഴി കൈവന്നത്. തെരഞ്ഞെടുക്കപ്പെട്ട് ഒരുവർഷം കഴിയുമ്പോഴേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയും മറ്റ് പ്രമുഖ പ്രതിപക്ഷ നേതാക്കൾക്കൊപ്പം കുപ്രസിദ്ധമായ ‘മിസ’ നിയമപ്രകാരം തടവിലാക്കപ്പെടുകയും ചെയ്തു ശരദ്, അന്നദ്ദേഹത്തിന് പ്രായം 27 മാത്രം.
അടിയന്തരാവസ്ഥക്ക് ശേഷം 1977ൽ സംയുക്ത പ്രതിപക്ഷം ഇന്ദിര ഗാന്ധിക്ക് തിരിച്ചടിനൽകിയ തെരഞ്ഞെടുപ്പിലും ശരദ് യാദവ് മധ്യപ്രദേശിൽനിന്ന് വിജയംകണ്ടു. സുഹൃത്തുക്കളെ സമ്പാദിക്കുന്നതിലും രാഷ്ട്രീയ മണ്ഡലത്തിലുടനീളം ജനങ്ങളെ സ്വാധീനിക്കുന്നതിലും പ്രാഗത്ഭ്യംപുലർത്തിയ അദ്ദേഹം പുതുതായി രൂപവത്കരിച്ച ജനതാപാർട്ടിയുടെ യുവരാഷ്ട്രീയ താരങ്ങളിൽ ഒരാളായി അതിവേഗം മാറി.
എന്നാൽ, തികച്ചും ആശ്ചര്യകരമെന്ന് പറയട്ടെ, സ്വന്തംനാടായ മധ്യപ്രദേശിൽനിന്ന് രാഷ്ട്രീയതട്ടകം ഉത്തർപ്രദേശിലേക്കും പിന്നീട് ബിഹാറിലേക്കും മാറ്റാനും അദ്ദേഹത്തിന് സാധിച്ചു. യാദവർക്ക് നിർണായകസ്വാധീനമുള്ള രണ്ട് സംസ്ഥാനങ്ങളിലേക്കുള്ള ചുവടുമാറ്റം എത്രമാത്രം കണക്കുകൂട്ടലും കൗശലവും നിറഞ്ഞ തീരുമാനമായിരുന്നിരിക്കണം.
ആഭ്യന്തരമന്ത്രിയും പ്രബല കർഷകനേതാവുമായിരുന്ന ചൗധരി ചരൺ സിങ് 1979ൽ ജനതാപാർട്ടിയിൽനിന്ന് വിഘടിച്ചുപോയി ലോക്ദൾ രൂപവത്കരിക്കുകയും ചുരുങ്ങിയകാലം പ്രധാനമന്ത്രിപദം വഹിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് ലോക്ദളിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി ശരദ്.
ഒരു ദശകത്തിനിപ്പുറം വി.പി. സിങ്ങിന്റെ നേതൃത്വത്തിൽ ജനതാദൾ രൂപവത്കരിക്കുന്നതിലും ഇദ്ദേഹം സുപ്രധാന പങ്കുവഹിച്ചു. വി.പി. സിങ് മന്ത്രിസഭയിൽ ടെക്സ്റ്റൈൽസ്-ഭക്ഷ്യസംസ്കരണ വ്യവസായവകുപ്പ് മന്ത്രിയുമായി. മന്ത്രിസഭയുടെ പതനത്തിനുപോലും വഴിവെച്ച പിന്നാക്ക ജാതികൾക്ക് സംവരണം വ്യവസ്ഥചെയ്യുന്ന മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കാൻ വി.പി. സിങ് സർക്കാർ തീരുമാനിച്ചപ്പോൾ മുലായത്തിനും ലാലുവിനുമൊപ്പം ‘മണ്ഡൽ രാഷ്ട്രീയ’ത്തിന്റെ ദീപശിഖാവാഹകനായി അദ്ദേഹം.
മറ്റു രണ്ടുപേരും പ്രാദേശിക രാഷ്ട്രീയത്തിൽ സ്വാധീനമുറപ്പിക്കാൻ ശ്രമിക്കവെ ദേശീയ രാഷ്ട്രീയത്തിലായിരുന്നു ശരദിന്റെ ശ്രദ്ധ. 1989 മുതൽ 1997 വരെ പാർട്ടി ജനറൽ സെക്രട്ടറിയും പാർലമെന്ററി ബോർഡ് ചെയർമാനുമായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് പാർട്ടി പ്രസിഡന്റുമായി.
രാഷ്ട്രീയചർച്ചകളിൽ അഗ്രഗണ്യനായ അദ്ദേഹം ജനതാദൾ പ്രസിഡന്റായിരിക്കെ 1999ൽ അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ജോർജ് ഫെർണാണ്ടസിന്റെയും നിതീഷ് കുമാറിന്റെയും സഹകരണത്തോടെ ജനതാദൾ യുനൈറ്റഡ് എന്ന പുതിയ പാർട്ടിക്കും അടിത്തറയിട്ടു.
ബി.ജെ.പി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യസഖ്യത്തിന്റെ ഭാഗമായ ഇവർ ബിഹാറിൽ ലാലുപ്രസാദിനെ പുറത്താക്കി നിതീഷ് കുമാറിനെ മുഖ്യമന്ത്രിപദത്തിലുമെത്തിച്ചു. ലാലുപ്രസാദും ശരദ് യാദവും തമ്മിലെ ബന്ധം വർഷങ്ങളോളം വഷളാക്കുന്നതിന് ഇത് കാരണമായിട്ടുണ്ട്.
ശരദിന്റെ സാന്നിധ്യത്തെ ബിഹാർരാഷ്ട്രീയത്തിലെ ബാഹ്യ ഇടപെടലായാണ് ലാലു കണ്ടത്. ശരദ് യാദവ് തന്റെ സ്വന്തം മണ്ഡലമായി സ്വീകരിച്ച ബിഹാറിലെ മധേപുരക്ക് ഇരു യാദവന്മാരും തമ്മിൽ പലവട്ടം പൊരിഞ്ഞപോര് നടത്തി. മധേപുരയിൽ ലാലുപ്രസാദ് അദ്ദേഹത്തെ രണ്ട് തവണ പരാജയപ്പെടുത്തി.
ശരദ് ലാലുവിനെ ഒരിക്കലും. എന്നാൽ, അവസാനവർഷങ്ങളിൽ പഴയ സുഹൃത്തുക്കൾ വീണ്ടുമൊരുമിച്ചു. 2014ൽ നരേന്ദ്ര മോദിയുടെ ഹിന്ദുത്വനയങ്ങളിൽ പ്രതിഷേധിച്ച് എൻ.ഡി.എ സഖ്യം വിട്ട നിതീഷിനൊപ്പം നിന്ന ശരദ് പിൽക്കാലത്ത് നിതീഷ് ബി.ജെ.പിയുമായി വീണ്ടും സഖ്യംചേർന്നപ്പോൾ കൂടെപ്പോകാൻ കൂട്ടാക്കിയില്ല.
പകരം, ലാലുവിനും പിൻഗാമിയായ മകൻ തേജസ്വി യാദവിനുമൊപ്പം കൈകോർത്തു. നിതീഷ് വീണ്ടും ബി.ജെ.പി സഖ്യത്തിൽനിന്ന് വിഘടിച്ച് ആർ.ജെ.ഡിയുമായി സഖ്യം പുനഃസ്ഥാപിക്കുകയും തേജസ്വിയെ ഉപമുഖ്യമന്ത്രിയാക്കുകയും ചെയ്തപ്പോൾ ശരദ് യാദവിന്റെ പഴയ തീരുമാനമായിരുന്നു ശരിയെന്ന് തെളിഞ്ഞു.
ശരദിന്റെ വിയോഗവാർത്ത അറിഞ്ഞ് ‘ഞങ്ങൾ തമ്മിൽ പല അഭിപ്രായഭിന്നതകളും വഴക്കുകളും ഉണ്ടായിരുന്നു. പക്ഷേ, ഒരിക്കലും ഞങ്ങൾക്കിടയിൽ അമർഷം ഉണ്ടായിരുന്നില്ല’ എന്നായിരുന്നു സിംഗപ്പൂരിലെ ആശുപത്രിക്കിടക്കയിൽനിന്ന് ലാലു പ്രതികരിച്ചത്. കുടുംബത്തിലെ കാരണവരായാണ് താൻ കണ്ടിരുന്നത് എന്നാണ് തേജസ്വി ശരദിനെക്കുറിച്ച് പറഞ്ഞത്.
(മുതിർന്ന മാധ്യമപ്രവർത്തകനും മായാവതിയുടെ രാഷ്ട്രീയ ജീവചരിത്രമായ ‘ബെഹൻജി’യുടെ രചയിതാവുമായ ലേഖകൻ ദ ക്വിന്റിൽ എഴുതിയത്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.