ഏഴു പതിറ്റാണ്ടിലേറെ ജീവിതം കാണുകയും ഏതെങ്കിലും പാർട്ടിയുമായി ചങ്ങാത്തപ്പെടുകയും ചെയ്യാത്ത തലമുറയിൽപ്പെടുന്നവർക്ക് ഉറപ്പിച്ചു പറയാവുന്ന ഒരു കാര്യമുണ്ട്- തങ്ങളുടെ നീതിപൂർവകമായ ആവശ്യങ്ങൾക്ക് നമ്മുടെ ജനാധിപത്യ സംവിധാനം ഉത്തരം കണ്ടെത്തുമെന്ന് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾക്ക് ഉത്തമ വിശ്വാസമുണ്ടായിരുന്നു.
1957ലെ പൊതു തെരഞ്ഞെടുപ്പ് കാലത്ത് മധ്യപ്രദേശിലൊരു പൊതുയോഗത്തിൽ പ്രസംഗിക്കവെ താങ്കളുടെ സ്ഥാനാർഥി അഴിമതിക്കാരനാണെന്നു പറഞ്ഞ ജനങ്ങളോട് എന്നാലദ്ദേഹത്തിന് വോട്ടുചെയ്യരുതെന്ന് പറയുന്ന ജവഹർലാൽ നെഹ്റു ചരിത്ര രേഖകളിലുണ്ട്. പാർലമെൻറ് ചട്ടങ്ങളിൽ ചെറുതായൊരു വീഴ്ച വരുത്തിയാൽ നെഹ്റുവിനെപ്പോലും ശാസിക്കാൻ ലോക്സഭ സ്പീക്കർക്ക് കഴിയുമായിരുന്ന കാലമായിരുന്നു അത്. പാർലമെൻറ് നടക്കുന്ന ഒരു ദിവസം പോലും വിട്ടുകളയാതെ ഫയലുകൾ കക്ഷത്ത് അടുക്കിപ്പിടിച്ച് ഇന്ത്യൻ റിപ്പബ്ലിക്കിെൻറ പ്രഥമ പ്രധാനമന്ത്രി ഹാജരുണ്ടായിരുന്നു.
എതിർ നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥരോട് കാര്യങ്ങൾ തെൻറ താൽപര്യത്തിനനുസൃതമായി വഴിവിട്ട് ചെയ്യണമെന്ന് ഒരിക്കൽപോലും അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല. പിന്നെെയാരു കാലത്ത്, തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ വീഴ്ചവരുത്താൻ ഒരാൾക്കും അവസരം നൽകാതെ കോട്ടപോലെ ഉറച്ച കാർക്കശ്യക്കാരനായ ടി.എൻ. ശേഷനെപ്പോലൊരാൾ നമുക്കിടയിലുണ്ടായിരുന്നു. ജനാധിപത്യ സംവിധാനത്തെയോ നിയമവാഴ്ചെയയോ അട്ടിമറിക്കാൻ ശ്രമിച്ചാൽ സർക്കാറിലെയോ വ്യവസായ ലോകത്തെയോ ഒരുത്തരെയും വിഖ്യാതരായ നമ്മുടെ പത്ര എഡിറ്റർമാർ വെറുതെ വിട്ടിരുന്നില്ല.
അടൽ ബിഹാരി വാജ്പേയിയുടെ പാർലമെൻറിലെ കന്നി പ്രസംഗം കേട്ട് താങ്കൾ നാളെയൊരിക്കൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായിത്തീരുമെന്ന് നെഹ്റു പറഞ്ഞ ഒരു കാലമുണ്ടായിരുന്നു. കൽക്കട്ടയിലെ മോഡേൺ റിവ്യൂവിൽ നെഹ്റുവിെൻറ ഏകാധിപത്യ പ്രവണതകളെ നിശിതമായി വിമർശിച്ച് ഒരു ലേഖനം വന്ന സംഭവമുണ്ട്, പിന്നെയാണത് വെളിപ്പെടുന്നത് ആ കുറിപ്പെഴുതിയത് നെഹ്റു തന്നെയായിരുന്നുവെന്ന്.
അതൊക്കെ ഒരു കാലം. റിപ്പബ്ലിക്കിൽ പൊതുജനം കാത്തുപോന്ന വർധിത വിശ്വാസം പിന്നീട് മൂക്കുകുത്തി വീണു. ഭരണനിർവഹണം വൻകിട കോർപറേറ്റുകളുടെയും ഭരണപ്പാർട്ടിയുടെയും നിഷ്ഠുര താൽപര്യങ്ങൾ സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള സംവിധാനമാണെന്നു വന്നു.
ജനങ്ങളുടെ ആധിപത്യം അസ്തമിക്കുന്ന സങ്കട അവസ്ഥയിലും ഭരണഘടനയിലും ജനാധിപത്യവിശ്വാസത്തിലുമൂന്നിയ നീതി ലഭിക്കുന്ന ഒരേയൊരു ഇടമായി രാജ്യത്തെ പരമോന്നത നീതിപീഠം നിലനിന്നുപോന്നു. എന്നാൽ, സമീപകാലങ്ങളിൽ പരമോന്നത കോടതിയും വിലാപങ്ങൾക്കുള്ള കാരണമായി. കാര്യങ്ങളെല്ലാം ശുഭകരമല്ലെന്ന് കോടതിയിലെ ഉന്നത നീതിന്യായ ഉേദ്യാഗസ്ഥർ തന്നെ പരസ്യമായി ചൂണ്ടിക്കാട്ടിയ സംഭവവുമുണ്ടായി.
ഈ വിശ്വാസച്ചോർച്ചക്ക് തടയിടാൻ പുതുതായി ചുമതലയേറ്റ ചീഫ് ജസ്റ്റിസ് എൻ.വി. രമണക്ക് സാധിക്കുമെന്ന് കരുതാൻ ന്യായങ്ങളേറെയുണ്ട്. പ്രശ്നപരിഹാര ശ്രമങ്ങൾ അദ്ദേഹം ആദ്യദിനം തന്നെ തുടങ്ങുകയും ചെയ്തിരിക്കുന്നു. അവകാശങ്ങളിലും അധികാരങ്ങളിലുമുള്ള വിശ്വാസം വീണ്ടെടുക്കാനുതകുന്ന പല വിധിന്യായങ്ങളിലും ജസ്റ്റിസ് രമണ കക്ഷിയായിരുന്നു എന്നത് പ്രതീക്ഷക്ക് കരുത്തു പകരുന്നു.
ചീഫ് ജസ്റ്റിസിെൻറ ഓഫിസ് വിവരാവകാശ നിയമ പരിധിയിൽ കൊണ്ടുവന്നതും, ജമ്മു-കശ്മീരിലെ ഇൻറർനെറ്റ് വിലക്ക് നീക്കിയതും എം.എൽ.എമാർക്കും എം.പിമാർക്കുമെതിരായ ക്രിമിനൽ കേസുകൾ പരിഗണിക്കാൻ അതിവേഗ കോടതികൾക്ക് ഉത്തരവിട്ടതുമെല്ലാം അതിനുദാഹരണം.
ഏറ്റവും പഴക്കമേറിയ ജനാധിപത്യ രാജ്യമായ അമേരിക്കയിൽ സുപ്രീംകോടതിയിലേക്കുള്ള ജഡ്ജിമാരെ നാമനിർദേശം ചെയ്യുന്നത് പൊളിറ്റിക്കൽ എക്സിക്യൂട്ടിവ് ആണ്, പിന്നീട് അതിന് അമേരിക്കൻ കോൺഗ്രസ് നിയമസാധുത നൽകുകയാണ് രീതി. ഈ നാമനിർദേശങ്ങളെല്ലാം തീർത്തും പ്രത്യയശാസ്ത്ര പരിഗണന വെച്ചുമാണ്. മുമ്പുണ്ടായിരുന്ന പ്രസിഡൻറ് ഡോണൾഡ് ട്രംപ് തെൻറ രാഷ്ട്രീയ-പ്രത്യയശാസ്ത്ര താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് സുപ്രീംകോടതിയിലെ മൂന്നു പേരടക്കം മുന്നൂറോളം ജഡ്ജിമാരെയാണ് നിയമിച്ചിരുന്നത്. എന്നിട്ടെന്തുണ്ടായി? പൊള്ളയായ വാദങ്ങളുമായി പ്രസിഡൻറ് തെരഞ്ഞെടുപ്പിനെ വെല്ലുവിളിച്ച് 65ഓളം കോടതികളെ സമീപിച്ചിട്ടും ഒരു ഫലവുമുണ്ടായില്ല. ട്രംപ് നിയമിച്ച ജഡ്ജിമാരാണ് എതിർവിധി പറഞ്ഞവരിലേറെയും.
ജഡ്ജിമാരുടെ െകാളീജിയം നാമനിർദേശം ചെയ്ത് സർക്കാറിലേക്ക് അഭിപ്രായമാരായാൻ അയക്കുന്നതാണ് ഇന്ത്യയിലെ സുപ്രീംകോടതി ജഡ്ജി നിയമന രീതി. അതായത്, നിയമന കാര്യത്തിൽ അമേരിക്കൻ രീതിയിലേറെ സ്വതന്ത്ര അവസ്ഥ നിലനിൽക്കുന്നുണ്ട് ഇന്ത്യയിൽ. യു.എസ് സുപ്രീകോടതിയിലെ ജഡ്ജിമാരുടെ സേവന കാലാവധി ആജീവനാന്തമാണെങ്കിൽ ഇന്ത്യയിലതിന് പ്രായപരിധിയുണ്ട്.
എന്നാൽ, ചുരുക്കം ചില ഉദാഹരണങ്ങളൊഴിച്ചാൽ, തങ്ങളുടെ റിട്ടയർമെൻറിനു ശേഷമുള്ള താൽപര്യങ്ങളേക്കാളുപരി ജനങ്ങളുടെ വിശ്വാസമാണ് ബഹുമാന്യരായ ജഡ്ജിമാർ ഉയർത്തിപ്പിടിച്ചത്. സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനും സമാധാനപൂർണമായ ഒത്തുചേരലിനും പ്രതിഷേധത്തിനും, സ്വകാര്യതക്കും മേൽ അന്യായപൂർണവും ജനാധിപത്യവിരുദ്ധവുമായ കൈയേറ്റം നടമാടുന്ന, ഹേബിയസ് കോർപസ് പോലും ആപത്തിലായ വല്ലാത്തൊരു കാലത്താണ് ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസായി ചുമതലയേറ്റിരിക്കുന്നത്.
ഭരണഘടന വാഗ്ദാനം ചെയ്യുന്ന ജനകീയ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വരുന്ന വീഴ്ചകളെക്കുറിച്ച് തികഞ്ഞ ബോധ്യത്തോടെ ചില കീഴ്കോടതികൾ പക്ഷപാതിത്വമോ മുൻവിധികളോ കൂടാതെ നിയമനിർവഹണത്തിന് മുന്നോട്ടുവന്ന മഹിതമായ അനുഭവങ്ങൾ സമീപകാലങ്ങളിലുണ്ട്. വടക്കു കിഴക്കൻ ഡൽഹി കലാപ വിഷയത്തിൽ പ്രോസിക്യൂഷെൻറ വ്യാജവും പക്ഷംപിടിച്ചുള്ളതുമായ നിലപാടുകൾക്കെതിരെ അവർ നിലകൊണ്ടു. ചില ഹൈകോടതികളും പ്രോസിക്യൂഷെൻറ അന്യായമായ അപേക്ഷകൾ അനുവദിക്കാൻ കൂട്ടാക്കാതെ മൗലികാവകാശങ്ങളുടെ കാവൽപോരാളികളായി മാറി. ദശലക്ഷക്കണക്കിന് സാധുജനങ്ങൾ അവർ കടന്നുപോകുന്ന ദുഃസ്വപ്നത്തിൽ നിന്ന് വിടുതൽ തേടുന്നു. അതുകൊണ്ടു തന്നെ, നീതിപൂർണമായി സുപ്രീംകോടതിയെ മുന്നോട്ടു നയിക്കുന്നതിന് ജസ്റ്റിസ് രമണക്ക് അവർ എല്ലാവിധ അനുഗ്രഹാശംസകളും നേരുന്നു.
ഭരണഘടനയുടെ സംസ്ഥാപനം മുതൽ ഭരണകൂടത്തിെൻറ അമിതാധികാര പ്രയോഗങ്ങളിൽ നിന്ന് പൗരജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചു നിർത്താൻ രൂപം കൊണ്ടതാണ് നീതിന്യായ സംവിധാനമെന്ന് നാം വിശ്വസിച്ചുപോരുന്നുണ്ട്. വർഷങ്ങൾക്കിപ്പുറം ഈ ധാരണ പിന്നാക്കം മറിഞ്ഞിരിക്കുന്നു. ഇന്ന് ഭരണകൂടത്തിനാണ് അഭിപ്രായവ്യക്തതയുള്ള ജനങ്ങളിൽ നിന്ന് സംരക്ഷണം വേണ്ടത്. ഇതിലേറെ അപഹാസ്യതയെന്തുണ്ട്?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.