ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയാണ് ഇന്ത്യയുടേത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായാണ് നമ്മുടെ ഇന്ത്യ അറിയപ്പെടുന്നത്. ജനാധിപത്യം എന്നതു ഭൂരിപക്ഷ തീരുമാനപ്രകാരമുള്ള ഭരണരീതിയാണ് എന്ന് എല്ലാവരും മനസ്സിലാക്കുന്നു. എന്നാൽ, ജനാധിപത്യത്തിന്റെ പരിമിതമായ അർഥം മാത്രമാണ് ഭൂരിപക്ഷ വിധിപ്രകാരമുള്ള ഭരണം എന്നത്. യഥാർഥ ജനാധിപത്യം നീതിയില്‍ അധിഷ്ഠിതമായിരിക്കും. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്ക് പ്രാമുഖ്യം നല്കുന്നതുമായിരിക്കും. ഭരണഘടന ശില്പി ഡോ. ബാബാസാഹേബ് അംബേദ്കറുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. ജനാധിപത്യമെന്നത് ഭൂരിപക്ഷ ഹിതമല്ല സമത്വത്തിന്റെ മറ്റൊരു പേരാണത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇങ്ങനെ മനുഷ്യസമത്വത്തിന്റെയും മാനവികതയുടെയും നിറം കൊടുത്തുകൊണ്ടാണ് ജനാധിപത്യത്തെ നമ്മുടെ ഭരണഘടന ശില്പികള് സ്വീകരിച്ച് ഭരണ ഘടനയില്‍ ഉള്‍ക്കൊള്ളിച്ചത്. അതിൻ പ്രകാരം നമ്മുടെ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകമായി ചില അവകാശങ്ങള്‍ നല്‍കുന്നുണ്ട്. മൗലികാവകാശങ്ങളുടെ പട്ടികയില്‍ എടുത്തുപറയുന്ന ആ അവകാശങ്ങൾ എടുത്തുകളയാനോ മാറ്റം വരുത്താനോ പാടുള്ളതല്ല എന്ന കര്‍ശന നിര്‍ദേശത്തോടെയാണ് ഭരണഘടന നിർമാതാക്കള്‍ അവ ഉള്‍പ്പെടുത്തിയിരുന്നത്.
ജനാധിപത്യത്തിനും പരിമിതികളുണ്ട്. ഒന്നാമതു ഭൂരിപക്ഷ തീരുമാനം എന്നത് എപ്പോഴും നീതിയുടെയും സത്യത്തിന്റേയും നിദര്ശനമായിക്കൊള്ളണമെന്നില്ല. ഒരു രാഷ്ട്ര യൂനിറ്റിലെ, അല്ലെങ്കില്‍ സംസ്ഥാന യൂനിറ്റിലെ, അതിലും ചെറിയ ഒരു യൂനിറ്റിലെ ആര്‍ക്കെല്ലാമാണ് ഈ അവകാശം നല്‍കേണ്ടത്, പ്രായപരിധി ഏതായിരിക്കണം, ഇങ്ങനെ പല ചോദ്യങ്ങള്‍ക്കും നിയതമായ ഒരു ഉത്തരം സാധ്യമല്ല. പലരാജ്യങ്ങളിലും സ്ത്രീകള്‍ക്കും അടിമകള്‍ക്കും സമ്മതിദാനാവകാശം ഉണ്ടായിരുന്നില്ല. ഒരു യൂനിറ്റില്‍ എന്ന പോലെ തന്നെ ഒരു രാജ്യത്തു ന്യൂനപക്ഷമായ ഒരു വിഭാഗം ലോകാടിസ്ഥാനത്തില്‍ ഭൂരിപക്ഷമാകാം. ഇവിടെയൊക്കെ അളവുകോലുകള്‍ക്കു വ്യത്യാസം വരാം. പലപ്പോഴും ഒരു രാജ്യത്തെ ഭരണകക്ഷി മൊത്തം ജനസംഖ്യയുടെ ചെറിയ ഒരു ശതമാനമായിരിക്കാം.
നമ്മുടെ ഭരണഘടനയിലേക്ക് വന്നാല്‍ വേറെ ചില ചരിത്ര പശ്ചാത്തലങ്ങള്കൂടി പരിഗണിക്കേണ്ടതുണ്ട്. ചരിത്രത്തിന്റെ നിർണായകമായ ഒരു ദിശാസന്ധിയിലായിരുന്നു അതിന്റെ രൂപവത്കരണം. രണ്ടു ലോകയുദ്ധങ്ങള്‍, ചരിത്രത്തില്‍ ആദ്യമായുണ്ടായ ആറ്റംബോംബ് വര്‍ഷം, സ്വാതന്ത്ര്യത്തിനും സ്വയം നിര്ണയാവകാശങ്ങള്ക്കുംവേണ്ടിയുള്ള വിവിധ രാജ്യങ്ങളിലെ മനുഷ്യരുടെ പോരാട്ടങ്ങള്‍, ഭൂരിപക്ഷ- ന്യൂനപക്ഷ പരിഗണനകൾക്കപ്പുറമുള്ള ചില അടിസ്ഥാന മനുഷ്യാവകാശങ്ങളെപ്പറ്റിയുള്ള മനുഷ്യന്റെ പുതിയ അവബോധം ഇങ്ങനെ പലതും.
മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് ഭൂമിശാസ്ത്രപരമായും സാമൂഹികമായും തികച്ചും വ്യത്യസ്ത അവസ്ഥയായിരുന്നു നമ്മുടേത്. ഇന്ത്യ ഇന്നത്തെപ്പോലെയുള്ള ഒരു ഏകീകൃത രാജ്യമായിരുന്നില്ല. എത്രയോ നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഭരണ പ്രദേശങ്ങളും അടങ്ങുന്ന ഒന്നായിരുന്നു. അവയെ എല്ലാം കൂട്ടിയിണക്കുന്ന, എല്ലാ വിഭാഗങ്ങളുടെയും താൽപര്യങ്ങളെ സംരക്ഷിക്കുന്ന ഒരു ഭരണഘടനയായിരുന്നു ഏകീകൃത ഇന്ത്യക്ക് അനിവാര്യമായിരുന്നത്. ഇവിടെ ഭൂരിപക്ഷ തീരുമാനാധിഷ്ഠിതം എന്ന ഒരു സ്വഭാവം നിരുപാധികം നല്‍കുക പ്രായോഗികമോ നീതിയുക്തമോ ആയിരുന്നില്ല. അങ്ങനെയെങ്കില്‍ വിവിധ സംസ്കാരിക താൽപര്യങ്ങളടങ്ങിയ കൊച്ചുകൊച്ചു രാജ്യങ്ങളെയും പ്രദേശങ്ങളെയും കൂട്ടിയിണക്കുക അസാധ്യമാകുമായിരുന്നു. ഈ വിവിധ വിഭാഗങ്ങളെ ഒന്നിച്ചു വിളക്കിച്ചേര്‍ത്ത് ഒരിന്ത്യയായി നിലനിര്‍ത്തിയതു നമ്മുടെ ഭരണഘടനയാണ്. ഇവിടെയാണ് നമ്മുടെ ഭരണഘടന ഉദ്ഘോഷിക്കുന്ന യഥാർഥ ജനാധിപത്യത്തിന്റെ പ്രതിഫലനം കാണാൻ കഴിയുക.
നമ്മുടെ ഭരണഘടന ഉദ്ഘോഷിക്കുന്ന നീതിയിലധിഷ്ഠിതമായ ജനാധിപത്യം ഇന്നു നിലനില്‍ക്കുന്നുണ്ടോ എന്നതാണ് നമ്മെ വേദനിപ്പിക്കുന്ന ചോദ്യം. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് നിറവും തിളക്കവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. മൗലികാവകാശങ്ങള്‍ ഭേദഗതിചെയ്യാനോ വേണ്ടിവന്നാല്‍ എടുത്തുകളയാന്‍ തന്നെയോ ഭരണകൂടത്തിനു അധികാരമുണ്ട് എന്നും ഭരണഘടനയുടെ അടിസ്ഥാന ഘടന (Basic Structure) ക്ക് കോട്ടം തട്ടാതിരുന്നാല്‍ മതി എന്ന മട്ടിൽ കോടതി വിധികള്‍ വന്നിട്ടു പതിറ്റാണ്ടുകള്തന്നെയായിരിക്കുന്നു. പ്രസിദ്ധമായ കേശവാനന്ത ഭാരതി മുതല്ക്കുള്ള പല വിധികളും ഉദാഹരണം. എന്നാലും കോടതികളുടെ പരിശോധന അധികാരം, ഭരണഘടനയുടെ മേല്‍ക്കോയ്മ, മതേതരത്വം, ജനാധിപത്യം തുടങ്ങി മാറ്റംവരുത്താന്‍ പാടില്ലാത്തതായി ചില അടിസ്ഥാന സ്വഭാവങ്ങള്‍ (Fundamental Features) കോടതി എടുത്തുകാട്ടിയിട്ടുണ്ട് എന്നത് ആശ്വാസകരം തന്നെ.
ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കെതിരായ വലിയ നീക്കങ്ങൾ നടന്നിട്ടുള്ളതും നടന്നുകൊണ്ടിരിക്കുന്നതും ഭരണകൂടത്തില്‍ നിന്നുതന്നെയാണ് എന്നതാണ് ഭയപ്പെടേണ്ടകാര്യം. ഇന്ന് അതിന്റെ വ്യാപ്തിയും ഗൗരവവും വര്‍ദ്ധിച്ചിരിക്കുന്നു എന്നതും. ജനാധിപത്യം എന്നത് അതിന്റെ അടിസ്ഥാന ചേരുവകളായ നീതി, സമത്വം, മാനവികത തുടങ്ങിയ മൂല്യങ്ങളില്‍നിന്ന് തീര്‍ത്തും മുക്തമായ വെറും ആള്‍ക്കൂട്ടാധിപത്യ (Mobocracy)മാണ് എന്ന ഒരു പൊതുബോധം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഭൂരിപക്ഷമുണ്ടെങ്കില്‍ എന്തുമാകാം എന്ന ഒരു മാനസികാവസ്ഥയിലേക്ക് സമൂഹത്തെയും രാജ്യത്തേയും കൊണ്ടുപോകുന്ന ദുരവസ്ഥ. അവിടെ ഭരണഘടനയോ അതിന്റെ അടിസ്ഥാനമൂല്യങ്ങളോ പ്രസക്തമല്ല എന്ന നിലയില്‍. പല ജനാധിപത്യ ഭരണകൂടങ്ങളെയും ഏകാധിപത്യത്തിലേക്കും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളിലേക്കും നയിച്ചത് ഇത്തരം പൊതുബോധ സൃഷ്ടികള്‍ തന്നെയാണ്. ഇത്തരം ഒരു പൊതുബോധം നമ്മുടെ രാജ്യത്തും സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതു ജനാധിപത്യ മനുഷ്യാവകാശ സ്നേഹികള്‍ വളരെ ഗൗരവത്തോടെ കണക്കിലെടുക്കേണ്ടതും അതിനെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.