ഹജ്ജിന്റെ സുപ്രധാന ചടങ്ങായഅറഫാസംഗമത്തിന് തുടക്കംകുറിച്ച് തീർഥാട കലക്ഷങ്ങളെ അഭിസംബോധന ചെയ്ത് സൗദി പണ്ഡിത സഭാംഗം ശൈഖ് ഡോ. യൂസുഫ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സഈദ് നടത്തിയ പ്രഭാഷണത്തിന്റെ സാരാംശം
സർവ സ്തുതികളും അല്ലാഹുവിനാകുന്നു. ഐക്യത്തെ രക്ഷക്കും വിഭജനത്തെ ശിക്ഷക്കും കാരണമാക്കിയത് അവനാണ്. പരിപൂർണനായ നാഥൻ നമ്മുടെ ഐക്യത്തിനും വാക്കുകളുടെ ഏകോപനത്തിനും കൽപിച്ചിരിക്കുന്നു. അഭിപ്രായവ്യത്യാസങ്ങളിലേക്കും ഭിന്നതകളിലേക്കും നയിക്കുന്നതെല്ലാം നിരോധിക്കുകയും ചെയ്തിരിക്കുന്നു. അനുയായികളോട് ഐക്യവും സഹവർത്തിത്വവും പുലർത്താൻ കൽപ്പിച്ച, ഭിന്നതകളിൽ നിന്നും സംഘർഷങ്ങളിൽ നിന്നും അവരെ വിലക്കിയ പ്രവാചകനാണ് മുഹമ്മദ് എന്നും ഞാൻ സാക്ഷ്യപ്പെടുത്തുന്നു.
അല്ലാഹുവിനെ അനുസരിച്ചും അവന്റെ അതിരുകൾ ശ്രദ്ധിച്ചും ദൈവഭയം നിലനിർത്തുക. അതുവഴി ഇഹത്തിലും പരത്തിലും വിജയം നേടുന്ന സദ്വൃത്തരും നീതിപാലിക്കുന്നവരുമായ ദാസരിൽ ഒരാളായി നിങ്ങൾ മാറും. അല്ലാഹു പ്രസ്താവിച്ചു: അല്ലാഹു നിശ്ചയിച്ച അതിരുകളാണത്. ആരെങ്കിലും അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിച്ചാൽ, താഴ്ഭാഗത്ത് കൂടി നദികൾ ഒഴുകുന്ന തോട്ടങ്ങളിൽ അവൻ അവനെ പ്രവേശിപ്പിക്കും, അതിൽ നിത്യവാസികളായിരിക്കും. അതാണ് മഹത്തായ നേട്ടം. [സൂറ:അന്നിസാഅ്' 13]
ശത്രുക്കൾക്ക് ദേഷ്യം വരും. വിദ്വേഷികളുടെ പ്രയത്നങ്ങൾ തടസ്സപ്പെടും. ഭാഷകളുടെയും നിറങ്ങളുടെയും വംശങ്ങളുടെയും വ്യത്യാസം അഭിപ്രായവ്യത്യാസത്തിനും സംഘർഷത്തിനും ന്യായീകരണമല്ല. മറിച്ച്, അത് പ്രപഞ്ചത്തിലെ ദൈവത്തിന്റെ അടയാളങ്ങളാണ്. ഒരുമയും സ്നേഹവും കൊണ്ട് ഐക്യപ്പെടാനും സംഘർഷം, അനൈക്യം, വിയോജിപ്പ് എന്നിവയിൽനിന്ന് അകലാനുമാണ് ദൈവിക വചനങ്ങൾ ആവശ്യപ്പെടുന്നത്.
ഹജ്ജ് വേളയിൽ നടത്തിയ പ്രഭാഷണത്തിൽ പ്രവാചകൻ മുഹമ്മദ് ഉദ്ബോധിപ്പിച്ചു ‘‘ജനങ്ങളേ, തീർച്ചയായും നിങ്ങളുടെ രക്ഷിതാവ് ഏകനാണ്, നിങ്ങളുടെ പിതാവ് (ആദം) ഏകനാണ്. ഒരു അറബിക്കും അനറബിയെക്കാൾ ശ്രേഷ്ഠതയില്ല. അതുപോലെ, ഒരു വെള്ളക്കാരനും കറുത്തവനെക്കാൾ ശ്രേഷ്ഠനല്ല, കറുത്തവനും വെളുത്തവനെക്കാൾ ശ്രേഷ്ഠനല്ല. ദൈവത്തോടുള്ള സൂക്ഷ്മതയാണ് നിങ്ങളുടെ ശ്രേഷ്ഠത നിർണയിക്കുന്നത്. അതിനാൽ, ഭാഷകളിലെ വ്യത്യസ്തതകൾ, നിറങ്ങളിലും വംശീയതയിലുമുള്ള വിഭിന്നതകൾ വേർതിരിവുകൾക്കും വിഭജനങ്ങൾക്കുമുള്ള ന്യായീകരണമല്ല. മറിച്ച്, അവയെല്ലാം ഈ പ്രപഞ്ചത്തിലെ അല്ലാഹുവിന്റെ അടയാളങ്ങളാണ്. "അവന്റെ അടയാളങ്ങളിൽ പെട്ടതാണ് ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയും നിങ്ങളുടെ ഭാഷകളുടെയും നിറങ്ങളുടെയും വൈവിധ്യവും. തീർച്ചയായും അവ അറിവുള്ളവർക്ക് ദൃഷ്ടാന്തങ്ങളാകുന്നു. [സൂറ:റൂം 22]
നമ്മുടെ വാക്കിന് ഏകീകരണമുണ്ടാകണം. ഒന്നാകണം. അപ്പോൾ മാത്രമേ ആത്മീയവും ലൗകികവുമായ കാര്യങ്ങൾ പ്രാവർത്തികമാകൂ. പരസ്പര താൽപ്പര്യങ്ങൾ സാക്ഷാത്കരിക്കപ്പെടുകയും നിഷിദ്ധങ്ങൾ ഇല്ലാതാകുകയും ചെയ്യൂ. ഈ ഐക്യത്തിലൂടെ, ഭക്തിയിലധിഷ്ഠിതമായ സഹകരണം സ്ഥാപിക്കപ്പെടുന്നു. ഇതിലൂടെ മാത്രമാണ് സത്യം വിജയിക്കുകയും അസത്യം പരാജയപ്പെടുകയും ചെയ്യുക.
മറ്റൊരിക്കൽ പ്രവാചകൻ പറഞ്ഞു. ‘സത്യവിശ്വാസികള്‍ തമ്മിലെ പരസ്പര സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനുകമ്പയുടെയും ഉദാഹരണം ഒരൊറ്റ ശരീരം പോലെയാണ്. അതില്‍ ഒരു അവയവത്തിന് രോഗം ബാധിച്ചാല്‍ ബാക്കി ശരീരവും ഉറക്കമൊഴിച്ചും പനിച്ചും ദുഃഖത്തില്‍ പങ്കുകൊള്ളും’. ഒരുമയും സ്നേഹവും കൊണ്ട് ഐക്യപ്പെടാനും സംഘർഷം, അനൈക്യം, വിയോജിപ്പ് എന്നിവയിൽ നിന്ന് അകന്നു നിൽക്കുവാനുമാണ് ദൈവിക വചനങ്ങൾ ആവശ്യപ്പെടുന്നത്.
വാക്കുകൾ ഭിന്നമാകുമ്പോഴും പകയും വിദ്വേഷവും കടന്നുവരുമ്പോഴും ഇച്ഛകൾ ഏറ്റുമുട്ടുന്നു. നിയമവിരുദ്ധമായ രക്തച്ചൊരിച്ചിലുകൾ ഉണ്ടാകുന്നു. നിഷിദ്ധമായവ അനുവദനീയമാകുന്നു. പവിത്രമായവ ലംഘിക്കുന്നു. ഇങ്ങനെയുള്ള സമൂഹത്തിന് ജീവിതത്തിൽ മുന്നേറാൻ പ്രയാസമാണ്. ആരാധനാകർമങ്ങൾ പാലിക്കുക ബുദ്ധിമുട്ടാണ്. വാക്കുകൾ ഏകീകരിച്ച് സാമൂഹികവും കുടുംബപരവും വിശ്വാസപരവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്താനാണ് ശരീഅത്ത് വന്നത്.
അഭിപ്രായവ്യത്യാസമുണ്ടാകുമ്പോൾ ഖുർആനിലേക്കും നബിചര്യയിലേക്കും മടങ്ങുവാനാണ് ദൈവം കൽപിച്ചിരിക്കുന്നത്. അതാണ് മികച്ച മാർഗമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അണികളെ തെറ്റിക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ മാർഗങ്ങളും രീതികളും ഉപയോഗിച്ച് നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ വിശ്വാസികൾ കരുതിയിരിക്കണം. ബന്ധുബന്ധങ്ങൾ ഉയർത്തിപ്പിടിക്കാൻ അത് കൽപിച്ചു. ഭാര്യാഭർത്താക്കന്മാർ, പിതാവ്, പുത്രന്മാർ, പുത്രിമാർ എന്നിവരുടെ അവകാശങ്ങൾ അത് വ്യക്തമാക്കി. എല്ലാ ബന്ധുക്കളോടും അയൽക്കാരോടും ദരിദ്രരോടും നന്മകൾ ചെയ്യാൻ കൽപിച്ചു. അണികളെ ഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കിംവദന്തികളും ഗോസിപ്പുകളും പിന്തുടരുന്നത് ശരീഅത്ത് വിലക്കിയിട്ടുണ്ട്.
ദൈവത്തെ അനുസരിച്ചും അവന്റെ നിയമങ്ങൾ പാലിച്ചും പരിധികൾ കാത്തുസൂക്ഷിച്ചും അവനെ ഭയപ്പെട്ടും ജീവിക്കുക. ദൈവത്തിനല്ലാതെ ആരാധനകൾ ചെയ്യാതിരിക്കലാണത്. അങ്ങനെയുള്ളവർ ഇഹപര വിജയികളുടെ കൂട്ടത്തിലാവും. ദൈവസ്മരണക്കും പ്രാർഥനകൾക്കും വേണ്ടി സ്വയം സമർപ്പിക്കുക, നിങ്ങൾക്ക് നന്മ ചെയ്യുന്നവർക്കുവേണ്ടിയും പ്രാർഥിക്കുക.
(തയാറാക്കിയത്: അബ്ദുറഹ്മാൻ തുറക്കൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.