മേയ് മൂന്നിന് അവസാനിക്കേണ്ട 40 ദിവസത്തെ ലോക്ഡൗൺ ഇനിയും നീട്ടുമോ? ഇല്ലെന്ന് ഉറപ്പിക്കാൻ പറ്റില്ല. കേരളത്തിലു ം മറ്റും അങ്ങനെയാകണമെന്നില്ല. ഡൽഹിയും മുംബൈയും പോലുള്ള വൻനഗരങ്ങളിൽ ലോക്ഡൗൺ മാറ്റാൻ പറ്റാത്ത സാഹചര്യമാണ്. ഏ ഴാം തീയതി വരെ നീട്ടാൻ തെലങ്കാന തീരുമാനിച്ചുകഴിഞ്ഞു. താരതമ്യേന പ്രതിഷേധവും തിരിച്ചടിയും കുറഞ്ഞ നടപടി അടച്ചുപൂ ട്ടിയിടലാണെന്ന ബോധമാണ് സർക്കാറുകളെ നയിക്കുന്നത്. ലോക്ഡൗണിൽനിന്ന് പുറത്തുവരാൻ ഫലപ്രദവും പ്രായോഗികവുമായ ര ൂപരേഖ ഇനിയും ഉണ്ടായിട്ടുവേണം. ജനജീവിതം മരവിച്ചുനിൽക്കേ, പലവട്ടം ചിന്തിക്കാതെ ലോക്ഡൗൺ നീട്ടുന്ന കാര്യത്തിൽ ത ീരുമാനമെടുക്കാനുമാവില്ല.
സാമൂഹികവും സാമ്പത്തികവുമായി അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം സൃഷ്ടിച്ചാണ് ക ോവിഡ് കടന്നു വരുന്നതെന്ന് വ്യക്തമായിട്ടും മുൻകൂട്ടി ആസൂത്രണം നടത്തുന്നതിനോ, അടിയന്തരസാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനോ തക്ക പക്വത കേന്ദ്രസർക്കാർ കാണിച്ചില്ല. ലോക്ഡൗൺ ഒരുമാസം പിന്നിടുേമ്പാൾ തെളിയുന്ന യാഥാർഥ്യം അ താണ്. ഒരുങ്ങാൻ ലഭിച്ച സമയം ഉപയോഗപ്പെടുത്തിയില്ല. പ്രശ്നങ്ങളെ യാഥാർഥ്യബോധത്തോടെ സമീപിക്കുന്നില്ല. പ്രതിസന്ധി മറികടക്കാൻ സ്വീകരിക്കുന്ന നടപടികൾ പലതും കൂനിന്മേൽ കുരുവായി മാറുന്നു. ഉദാഹരണങ്ങൾ പലതാണ്.
പ്രവാസികളുടെയും അന്തർ സംസ്ഥാന തൊഴിലാളികളുടെയും ദുരവസ്ഥ ദുഃഖകരമായ ഉദാഹരണം. ലോക്ഡൗൺ മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നെങ്കിൽ, ഇതര സംസ്ഥാനങ്ങളിൽ കഴിയുന്ന തൊഴിലാളികളിൽ അത്യാവശ്യക്കാർക്കെങ്കിലും സ്വന്തം നാടുകളിലേക്ക് പോകാൻ സമയം കിട്ടുമായിരുന്നു. അതില്ലാതെ പോയതുകൊണ്ടാണ് പരിഭ്രാന്തമായ പലായനം നടന്നത്. അത് പൊലീസ് കരുത്തുകൊണ്ട് ഒതുക്കിവെച്ചിട്ടുണ്ടെങ്കിലും, അനിശ്ചിതത്വത്തിനും പട്ടിണിക്കുമിടയിലെ നെഞ്ചിടിപ്പുകൾ സാധാരണ നിലയിലല്ല. വിശപ്പു മാറ്റാനുള്ള പങ്കപ്പാടുകളുടെ ദയനീയ ചിത്രങ്ങൾ നാൾക്കുനാൾ വർധിച്ചുവരുകയാണ്. സൗജന്യ റേഷെൻറയും 500 രൂപ ധനസഹായത്തിെൻറയും കണക്ക് സർക്കാറിന് പറയാനുണ്ടാവും. പക്ഷേ, അവിടെയൊന്നുമല്ല യാഥാർഥ്യം. ലോക്ഡൗൺ നീട്ടിയാൽ ഈ തൊഴിലാളികളുടെ സ്ഥിതി അങ്ങേയറ്റം പരിതാപകരമായിരിക്കും.
എവിടെയാണോ അവിടെത്തന്നെ തുടരുക എന്ന പല്ലവി ഇനിയും ഫലപ്രദമായി എന്നുവരില്ല. പണിയോ പണമോ കൊടുക്കാൻ സർക്കാറിന് കഴിയുന്നില്ലെന്നിരിക്കേ, പട്ടിണിദുരിതങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ മരണത്തോളം എത്തിയെന്നു വരാം. ഇത്രയും കടുത്ത പ്രതിസന്ധി തൊഴിലാളികൾ അനുഭവിക്കുന്നതുകൊണ്ടാണ് യു.പി സർക്കാർ മറ്റു സംസ്ഥാനങ്ങളിലെ സ്വന്തം നാട്ടുകാരെ ബസ് അയച്ച് കൂട്ടിക്കൊണ്ടുവരുന്നത്. ഇത് മറ്റു സംസ്ഥാനങ്ങൾക്കും നടപ്പാക്കേണ്ടതായി വരും. അന്തർ സംസ്ഥാന തൊഴിലാളികൾ കൂടുതലുള്ള സംസ്ഥാനങ്ങൾക്ക്, അവരെ സ്വന്തം നാട്ടിലേക്ക് കയറ്റിവിടാനുള്ള പഴുതും അന്വേഷിക്കേണ്ടി വരും. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ അനിശ്ചിതമായി പാർപ്പിക്കാനാവില്ല. പിടിച്ചുകെട്ടിയിട്ടാൽ പണിയും ജീവിതവും ആരു കൊടുക്കും?
പ്രവാസികളുടെ കാര്യത്തിൽ മുട്ടാപ്പോക്കു നയമാണ് സർക്കാറിന്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അത്യാവശ്യക്കാർക്ക്, അതിനുവേണ്ട ക്രമീകരണം പല രാജ്യങ്ങളും ചെയ്യുന്നുണ്ട്. ബ്രിട്ടീഷ് എയർവേസ് വിമാനം തിരുവനന്തപുരത്തും കൊച്ചിയിലുമെത്തി സ്വന്തം പൗരന്മാരെ കയറ്റിപ്പോയത് കഴിഞ്ഞ ദിവസമാണ്. എല്ലാ പ്രവാസികളും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, വിസിറ്റിങ് വിസയിൽ പോയവർ മുതൽ ഗർഭിണികൾ വരെ അത്യാവശ്യമായും നാട്ടിലെത്തേണ്ടവരെ പോലും നാട്ടിലെത്തിക്കുന്ന കാര്യം സർക്കാർ പരിഗണിക്കാത്തത് വിചിത്രമെന്നു മാത്രമല്ല, അവകാശ ലംഘനം കൂടിയാണ്. സർക്കാർ നയത്തിൽ ഇടപെടാൻ കോടതിക്ക് പരിമിതിയുണ്ട്. കേരളം അടക്കം അതത് സംസ്ഥാന സർക്കാറുകൾ ആവശ്യപ്പെടുകയും തിരിച്ചെത്തുന്നവർക്കായി ക്രമീകരണം ഒരുക്കാൻ മുന്നോട്ടുവരുകയും ചെയ്തപ്പോൾതന്നെയാണ് കേന്ദ്രത്തിെൻറ ഈ സമീപനം. അടച്ചിട്ടതിനപ്പുറം, കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ എത്രത്തോളം മുന്നേറിയിട്ടുണ്ട്? ലോക്ഡൗണിെൻറ കെട്ടഴിച്ചുവിടുേമ്പാൾ, നിരത്തിലിറങ്ങുന്ന ജനം തീർച്ചയായും അരക്ഷിതാവസ്ഥ അനുഭവിക്കാതെ തരമില്ല. ഐക്യദാർഢ്യത്തിെൻറ കിണ്ണം കൊട്ടലുകൾ നടന്നതല്ലാതെ, കോവിഡ് ബാധിതരുടെ എണ്ണവും ജീവാപായ സാധ്യതയും ക്രമാതീതമായി ഉയർന്നാൽ കൈകാര്യം ചെയ്യാൻ തക്ക സജ്ജീകരണങ്ങൾ ഇനിയും നമുക്കായിട്ടില്ല. ആരോഗ്യപ്രവർത്തകർക്കു വേണ്ട സുരക്ഷാ ഉപകരണങ്ങൾ, സുരക്ഷിത താമസം എന്നിവ പോലും ഉറപ്പാക്കാൻ സർക്കാറിന് സാധിച്ചിട്ടില്ല. തയാറെടുപ്പുകൾ പലതും ബാക്കി.
കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യവും സൂക്ഷ്മതയും ഇല്ലാതെ പോകുന്നതിെൻറ തെളിവുകൾ വന്നുകൊണ്ടിരിക്കുന്നു. ചൈനയിൽ ചീത്തയായ അഞ്ചു ലക്ഷം കോവിഡ് റാപിഡ് ആൻറിബോഡി കിറ്റുകൾ എങ്ങനെ എത്തിയെന്ന ചോദ്യത്തിന് മറുപടി പറയാൻ വിഷമിക്കുകയാണ് സർക്കാർ. ഏറ്റവും പെട്ടെന്ന് കിറ്റുകൾ എല്ലായിടത്തും ലഭ്യമാക്കേണ്ട സന്ദർഭത്തിൽ പണവും സമയവും പാഴാക്കുകയാണ് ചെയ്തത്. മറ്റു രാജ്യങ്ങളിൽനിന്ന് സമാനമായ പരാതികൾ ഉയർന്നിരുന്നു. അതു കണക്കിലെടുക്കാതെ മുന്നോട്ടുപോയ സർക്കാർ, മറ്റുള്ളവർ ചെയ്ത തെറ്റ് ആവർത്തിക്കുകയായിരുന്നു. തീരുമാനമെടുക്കുന്നതിൽ സംഭവിച്ച പരാജയം പൊതുജനാരോഗ്യം അപകടത്തിലാക്കുന്നു. അമേരിക്കയും ദക്ഷിണ കൊറിയയും ജർമനിയും മറ്റും ചെയ്ത പോലെ കിറ്റുകൾ ഇന്നാട്ടിൽതന്നെ വികസിപ്പിക്കാനുള്ള സാധ്യതകൾ സർക്കാർ ഉപയോഗപ്പെടുത്തുന്നുമില്ല.
സാമ്പത്തികമായ തകർച്ചക്കിടയിൽ, കൈയിലുള്ള വിഭവം സൂക്ഷ്മതയോടെ ഉപയോഗപ്പെടുത്തുന്നതായും അനുഭവപ്പെടുന്നില്ല. ശമ്പളത്തിൽനിന്ന് ഒരു വിഹിതം നൽകാനോ ശമ്പളത്തുകയിൽ വർധന ആവശ്യപ്പെടാതിരിക്കാനോ സർക്കാർ ഉദ്യോഗസ്ഥർ തയാറാണ്. എന്നാൽ, അതിനും മുേമ്പ ചെലവുചുരുക്കലിെൻറ നല്ല മാതൃകകൾ കാണിക്കാൻ സർക്കാർ എത്രത്തോളം തയാറായി? രാഷ്ട്രപതി മുതൽ എല്ലാ ജനപ്രതിനിധികളുടെയും ശമ്പളം ചുരുക്കിയത് നല്ല മാതൃകതന്നെ. എന്നാൽ , വികസനത്തിെൻറ പേരിൽ നടക്കുന്ന വൻചെലവുള്ള പദ്ധതികൾ മാറ്റിവെക്കും മുേമ്പ, ജീവനക്കാരെ പിഴിയുകയാണ് കേന്ദ്രസർക്കാർ. സഹസ്രകോടികൾ ചെലവുവരുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതി ഒരു ഉദാഹരണം.
പാർലമെൻറും മന്ത്രാലയങ്ങളും അതേപടി നിലനിർത്താമെന്നിരിക്കേ, പുതിയ പാർലെമൻറ് മന്ദിരവും മറ്റു ബഹുനില മന്ദിരങ്ങളും പണിത് ഭരണസിരാകേന്ദ്രത്തിെൻറ മുഖച്ഛായ മാറ്റാനുള്ള പദ്ധതിയും തുടരുന്നു. 20,000 കോടി രൂപ ചെലവു കണക്കാക്കുന്ന ഈ പദ്ധതി കോവിഡ് കാലത്താണോ മുന്നോട്ടുനീക്കേണ്ടത്? വറുതിക്കിടയിലും ചരിത്രപുസ്തകത്തിൽ സ്വന്തം ഭരണപരിഷ്കാരങ്ങൾക്ക് ഇടം സമ്പാദിക്കാനുള്ള ഭരണാധികാരിയുടെ തത്രപ്പാടാണ് അതിൽ തെളിയുന്നത്. റഫാൽ വിമാനം അടക്കം പടക്കോപ്പുകൾക്കും വൻതുക മാറ്റിവെക്കേണ്ടിവരുന്നു. റിസർവ് ബാങ്കിലെ കരുതൽ ധനമെടുത്ത് ഉപയോഗിക്കേണ്ടത് ഏതു അടിയന്തര ഘട്ടത്തിലാണെന്നുകൂടി കോവിഡ് ബോധ്യപ്പെടുത്തുന്നുണ്ട്. ഒന്നേകാൽ ലക്ഷം കോടിയിലധികം രൂപയുടെ കരുതൽ ധനമാണ് കോവിഡ് വരുംമുേമ്പ സർക്കാർ വാങ്ങി ചെലവാക്കിയത്. ഇതൊക്കെയും തെറ്റായ ധനകാര്യ മാനേജ്മെൻറിെൻറ ഉദാഹരണമാണ്. ഇന്നിപ്പോൾ എയർ ഇന്ത്യ അടക്കം പൊതുമേഖല സ്ഥാപനങ്ങൾ വിൽപനക്കുവെച്ചാൽ വാങ്ങാനാളില്ല. ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആളില്ല. അതെല്ലാം തിരിച്ചറിയുേമ്പാൾ, കോവിഡ് സ്വാശ്രയത്വ ബോധം പകരുന്നുവെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞുപോകുന്നു.
അഞ്ചു ട്രില്യൺ ഡോളറിെൻറ സമ്പദ്വ്യവസ്ഥ, ഇരട്ടയക്ക സാമ്പത്തിക വളർച്ച തുടങ്ങിയ ലക്ഷ്യങ്ങളും അതിെൻറ പേരിലുള്ള വാഴ്ത്തുപാട്ടുകളും പഴമ്പുരാണമാക്കി തകർച്ചയുടെ പടുകുഴി തീർക്കുകയാണ് കോവിഡ്. ജീവഭയത്തിനൊപ്പം സാമ്പത്തികമായ ഉൾഭയവും ജനതയെ വേട്ടയാടുന്നു. ആരോഗ്യരംഗത്തെ അടിയന്തര ഇടപെടലുകൾക്കൊപ്പം, വേച്ചുപോയ രാജ്യത്തെ പുരോഗതിയിലേക്ക് വഴി നടത്തുകയെന്ന വലിയ ഉത്തരവാദിത്തമാണ് ഭരണാധികാരികൾക്കു മുന്നിൽ. അതിന് കൃത്യമായ മാതൃകകളും ആസൂത്രണവും വേണം. സ്വാശ്രയത്വത്തിെൻറയും കൂട്ടായ്മയുടെയും വഴിയിലൂടെ ജനതയെ മുന്നോട്ടു നയിക്കണം. അതിനെല്ലാമുള്ള ഭരണ വൈദഗ്ധ്യത്തിൽനിന്ന്, ആത്മാർഥതയിൽനിന്ന്, ഇച്ഛാശക്തിയിൽനിന്ന് എത്ര അകലെയാണ് നമ്മൾ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.