സത്യാനന്തരലോകത്ത് പ്രചരിക്കുന്ന നുണകൾ അതിവേഗം സോപ്പുകുമിളകളായി പരിണമിക്കും. ഇന്ത്യയിലെ രാഷ്ട്രീയ വലതുപക്ഷം നടത്തുന്ന നവ ഉദാരീകരണ നടപടികളുടെ ഫലമായി അതിവേഗ കോർപറേറ്റ്വത്കരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രകൃതിസമ്പത്തുപോലും അംബാനിമാർക്കും അദാനിമാർക്കും ചുളുവിലക്ക് നൽകിയ മോദിസർക്കാർ അവയൊക്കെ മറച്ചുവെക്കുന്നതിന് ഹിന്ദുത്വം, ദേശീയത, സ്വദേശി വികാരങ്ങൾ ഉയർത്തി ജനങ്ങളെ മയക്കിക്കിടത്തുകയാണ്. ഇന്നത്തെ ദേശീയരാഷ്ട്രീയത്തിൽ ഈ വലതുപക്ഷ നയങ്ങളെ പ്രതിരോധിക്കുന്നതിന് ഇടതുപക്ഷം മാത്രമേ ബദലുള്ളൂവെന്ന് ഏറ്റവും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ തെളിയിക്കുന്നു.
അപ്പോൾ ഒരു ചോദ്യം ഉയരാം; കോൺഗ്രസിനെ എന്തുകൊണ്ട് ബി.ജെ.പിക്ക് ബദലായി കാണുന്നില്ല? അതിനുത്തരം ഒന്നേയുള്ളൂ-കോൺഗ്രസിെൻറ നയങ്ങൾ. രാഷ്ട്രീയനയങ്ങളിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ അതിർവരമ്പുകളില്ല. അതുകൊണ്ടാണ് കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് ഇടതടവില്ലാതെ നടന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിൽ പുതുച്ചേരി നിയമസഭയിൽ ആറ് കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതിെൻറ ഫലമായാണ് ദക്ഷിണേന്ത്യയിൽ നിലവിലുണ്ടായിരുന്ന ഏക കോൺഗ്രസ് മുഖ്യമന്ത്രി നാരായണസ്വാമിക്ക് രാജി സമർപ്പിക്കേണ്ടിവന്നത്. കോൺഗ്രസ് എം.എൽ.എമാർ കൂറുമാറിയതിെൻറ ഫലമായി കർണാടക, മധ്യപ്രദേശ്, ഗോവ, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ബി.ജെ.പി ഗവൺമെൻറുകൾ സ്ഥാപിക്കപ്പെട്ടു. ഇവിടെയാണ് നുണകളുടെ മഹാപ്രളയവും കേന്ദ്രാന്വേഷണ ഏജൻസികളുടെ കുത്തിത്തിരിപ്പുകളുമെല്ലാം ഉണ്ടായിട്ടും ഉരുക്കുകോട്ടപോലെ ഇടതുപക്ഷ സർക്കാർ ബദൽമാതൃക ഉയർത്തിപ്പിടിച്ച് ഉയർന്നുനിൽക്കുന്നത്.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഈ കേരളീയബദൽ ജനം അംഗീകരിക്കുകയും എൽ.ഡി.എഫിന് ഭരണത്തുടർച്ചക്കായുള്ള വിധി രേഖപ്പെടുത്തുകയും ചെയ്യും. കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ ഇടതുപക്ഷത്തിന് മാത്രമായി രാഷ്ട്രീയവിപത്തുകളെ എതിർത്ത് തോൽപിക്കാനാകില്ല. അതിനാൽ യോജിക്കാൻപറ്റുന്ന മറ്റു പ്രാദേശിക പാർട്ടികൾക്കൊപ്പം കോൺഗ്രസുമായും യോജിക്കും. കോൺഗ്രസുമായിട്ടുള്ള ഈ യോജിപ്പിനെ ചൂണ്ടിക്കാട്ടി ഇടതുപക്ഷത്തിെൻറ രാഷ്ട്രീയവിശ്വാസ്യതയെ ചോദ്യംചെയ്യാൻ ബി.ജെ.പി ഒരുമ്പെടുന്നുണ്ട്. ഇതിന് ഒന്നേ മറുപടിയുള്ളൂ -പൊന്നുള്ളിടത്ത് പൊന്നു കൊണ്ടുള്ള ആഭരണം, അതില്ലാത്തിടത്ത് മുക്കുപൊന്ന് കൊണ്ടുള്ള ആഭരണം!
കേരളത്തിൽ ഇടതുപക്ഷം മുന്നോട്ടു വെക്കുന്ന ബദൽ വികസനകാഴ്ചപ്പാട് തെരഞ്ഞെടുപ്പിൽ മാത്രമല്ല, അതിനുശേഷവും രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെടും. കാരണം, മോദിസർക്കാറിെൻറ കോർപറേറ്റ്വത്കരണ നയങ്ങളുടെ ഇരകളാണ് രാജ്യത്തിലെ തൊഴിലാളികളും കർഷകരും തൊഴിലില്ലാത്തവരും അടങ്ങിയിട്ടുള്ള മഹാഭൂരിപക്ഷം ജനങ്ങൾ. സമീപകാലത്ത് പെേട്രാൾ, ഡീസൽ, പാചകവാതക വിലവർധന ജീവിതച്ചെലവുകൾ വലിയതോതിൽ വർധിപ്പിച്ചിരിക്കുന്നു. അതിൻഫലമായി ജനജീവിതം ദുസ്സഹമാകുന്നു. മാത്രമല്ല, 10 കോടി ആളുകൾക്ക് റേഷൻ സബ്സിഡി ഇനിയും വെട്ടിക്കുറക്കാനാണ് നിതി ആയോഗിെൻറ തീരുമാനം. ഇവിടെയാണ് ഇന്നത്തെ സാഹചര്യത്തിൽ എൽ.ഡി.എഫ് സർക്കാറിെൻറ ബദൽനയങ്ങൾ ജനങ്ങൾക്ക് അനുഭവവേദ്യമാകുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി മാവേലി സ്റ്റോറിലൂടെ 14 ഇനം ഭക്ഷ്യവസ്തുക്കൾ ഒരു നയാ പൈസപോലും വർധിപ്പിക്കാതെ ഉപഭോക്താക്കൾക്ക് നൽകിവരുന്നു. കോവിഡ്കാലത്ത് എല്ലാവർക്കും സൗജന്യറേഷൻ നൽകി. പലവ്യഞ്ജന കിറ്റും എല്ലാവർക്കും ലഭ്യമായി. ഇങ്ങനെ ഇന്ത്യയിലെ മറ്റൊരു സർക്കാറും പ്രവർത്തിച്ചിെല്ലന്നുകൂടി കാണണം. പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതത്തെക്കാൾ കൂടുതൽ ബജറ്റ് വിഹിതവും നൽകി. ജനസംഖ്യയിൽ പകുതിയിലധികംവരുന്ന സ്ത്രീകൾക്ക് െജൻഡർ ബജറ്റിങ്, സാമൂഹികക്ഷേമ പെൻഷൻ 600 രൂപയിൽനിന്ന് 1500 രൂപയായി വർധിപ്പിച്ചതും എടുത്തുപറയേണ്ട നടപടികളാണ്.
ഇങ്ങനെ നിരവധി കാര്യങ്ങളുണ്ട്. ഇതിൽ പ്രധാനമാണ് ഗെയിൽ പൈപ്പ് ലൈൻ പദ്ധതി. ഈ പദ്ധതിവഴി ഇന്നുള്ളതിനേക്കാൾ ഏതാണ്ട് 30 ശതമാനം വില കുറച്ച് പാചകത്തിന് ആവശ്യമായ പ്രകൃതിവാതകം ജനങ്ങൾക്ക് ലഭ്യമാകുന്നത് ഇന്നത്തെ സാഹചര്യത്തിൽ വലിയ പ്രയോജനം ചെയ്യും. അതിലും പ്രധാനമാണ് സർക്കാറിെൻറ കെ ഫോൺ പദ്ധതി. ആധുനിക സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തി പുതിയതലമുറക്ക് കുതിച്ചുചാട്ടം നടത്താനുള്ള അവസരമാണ് കെ ഫോൺ പദ്ധതി. കേരളത്തിലെ എല്ലാ പൗരന്മാർക്കും ഹൈസ്പീഡ് ഇൻറർനെറ്റ് സൗകര്യം അവകാശമായി മാറാൻ പോകുകയാണ്. കെ ഫോൺ പദ്ധതി 2020 ജൂലൈയിൽ പൂർത്തിയാകേണ്ടതായിരുന്നു. ഇത് നീട്ടിവെക്കപ്പെട്ടത് മൂലധനശക്തികളുടെ രാഷ്ട്രീയസ്വാധീനം വഴിയാണ്. കേരളത്തിെൻറ മനുഷ്യവിഭവശേഷി വികസനത്തിനും വ്യവസായ വികസനത്തിനും അതുവഴി ആയിരക്കണക്കിന് അഭ്യസ്തവിദ്യർക്ക് തൊഴിലവസരവും ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. 20 ലക്ഷം ബി.പി.എൽ വീടുകളിൽ സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞനിരക്കിലും ഇൻറർനെറ്റ് സേവനം ലഭ്യമാകും. മൊൈബൽ ടവർ വഴി മാത്രം നെറ്റ് സൗകര്യം ലഭ്യമാകുന്ന ഇന്നത്തെ സ്ഥിതിയിൽനിന്ന് വ്യത്യസ്തമായി ഇലക്ട്രിസിറ്റി പോസ്റ്റുകൾ വഴി കേബിൾ വലിച്ച് കേരളത്തിെൻറ മുക്കിലും മൂലയിലും നെറ്റ് സേവനം ലഭ്യമായാൽ വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്നവർക്കും അത് പ്രയോജനം ചെയ്യും.
എന്നാൽ, ഇൻറർനെറ്റ് ഭീമന്മാർ കേരളത്തിലെത്തി എൽ.ഡി.എഫ് സർക്കാറിനെതിരെ പ്രമുഖമാധ്യമങ്ങളെ ഉപയോഗിച്ച് പ്രചാരണയുദ്ധം നടത്താനാണ് ഒരുെമ്പട്ടത്. ഇതിെൻറ സാമ്പിളാണ് കോവിഡ് കാലത്തും തദ്ദേശഭരണ തെരഞ്ഞെടുപ്പ് അവസരത്തിലും കണ്ടത്. കോവിഡ് കാലത്ത് കെ ഫോൺ പദ്ധതിയെപോലും സംശയനിഴലിൽ നിർത്തുന്ന നുണപ്രചാരണമാണ് നടന്നത്. കെ ഫോൺ പദ്ധതി രേഖകൾ കേന്ദ്രാന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടതും കൃത്യമായ ഗൂഢപദ്ധതിയുടെ ഭാഗവുമായിരുന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മുന്നേയുള്ള മുഖ്യധാര മാധ്യമങ്ങൾ കൊടുത്ത സ്വർണക്കടത്ത് കേസിെൻറ ദൈനംദിന വാർത്തകളുടെ ബാക്ക് ഫയൽ പരിശോധിച്ചാൽ കോർപറേറ്റുകൾ ഉൽപാദിപ്പിച്ച സത്യാനന്തര നുണകളുടെ ചിത്രം വ്യക്തമാകും. കാരണം, ഇൻറർനെറ്റ് മേഖലയിൽ കോർപറേറ്റ് ഭീമന്മാർ മുടക്കിയത് ഒന്നരലക്ഷം കോടി രൂപയാണ്. കേരളത്തിൽ നടപ്പാക്കിയ കെ ഫോൺ പദ്ധതി മറ്റു സംസ്ഥാനങ്ങളും അനുകരിച്ചാൽ കോർപറേറ്റ് ഭീമെൻറ മുടക്കുമുതലിന് വിലയില്ലാതാവും. ലോകത്തിലെ പല രാജ്യങ്ങളിലും കോർപറേറ്റ് ഭീമന്മാരുടെ മുടക്കുമുതലിന് ഹാനി തട്ടുന്ന നടപടികൾ കൈക്കൊള്ളുന്ന സർക്കാറുകളെ അട്ടിമറിക്കുന്നത് ലോകചരിത്രത്തിെൻറ ഭാഗമാണ്. ഇവിടെ ഈ കൊച്ചുകേരളത്തിൽ എൽ.ഡി.എഫ് സർക്കാറിനെ അസ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾക്കുപിന്നിലും അത്തരം ശക്തികളുടെ ഇടപെടലുകളുണ്ട്.
കോർപറേറ്റുകൾ മുതൽമുടക്കി അധികാരത്തിലേറ്റിയ ബി.ജെ.പി സർക്കാറിനെതിരെ ജനകീയബദൽ ഉയർത്തുന്ന ഇടതുപക്ഷ സർക്കാറിന് അധികാരത്തുടർച്ച നൽകുകയാണ്, അതിനാൽതന്നെ കേരളത്തിലെ ജനങ്ങൾ ചെയ്യേണ്ടത്. സി.പി.എം–ആർ.എസ്.എസ് രഹസ്യബാന്ധവം എന്ന നുണ പ്രചരിപ്പിച്ച് എൽ.ഡി.എഫിനെ അപവദിക്കാനുള്ള ശ്രമം നാടിന് ഗുണംചെയ്യുന്ന ഒന്നല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.