രോഗീപരിചരണ വേളയിൽ ആശുപത്രികളും ഡോക്ടർമാരും ഏറ്റവുമധികം ആക്രമിക്കപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്ത് പന്ത്രണ്ടോളം ആശുപത്രി ആക്രമണങ്ങളുണ്ടായി( കേരളത്തിൽ മാത്രം അഞ്ച് സംഭവങ്ങൾ).ഈ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ആധുനിക വൈദ്യശാസ്ത്ര ചികിത്സകർ ഇന്ത്യൻ മെഡിക്കൽ അസോസിയേഷെൻറ നേതൃത്വത്തിൽ ജൂൺ 18 മുതൽ സമരമാരംഭിക്കുകയാണ്.
അൽപകാലം മുമ്പുവരെ എറ്റവും മഹത്വമാർന്ന തൊഴിലായി കണക്കാക്കപ്പെട്ടിരുന്ന ചികിത്സാ രംഗത്തേക്കു വരാൻ പുതുതലമുറ അറച്ചുനിൽക്കുന്നതിന് ഒരു സുപ്രധാന കാരണം ഈ അതിക്രമങ്ങൾ തന്നെയാണ്.സർക്കാർ ആശുപത്രികളിലും ചെറിയ സ്വകാര്യ ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങളുടെ കടുത്ത അഭാവമാണ് അതിക്രമങ്ങളുടെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ധനമോഹവും അധാർമികതയും ചികിത്സിക്കാനാവാത്തവിധം രക്തത്തിലലിഞ്ഞ ,വിരലിലെണ്ണാവുന്ന ചില ഡോക്ടർമാരും സ്വകാര്യ ആശുപത്രികളും ആതുരശുശ്രൂഷ മേഖലയെ ഋണാത്മകമായി മാറ്റിപ്പണിതു. ഇവരുടെ ചെയ്തി ചികിത്സകരോടും ചികിത്സ സ്ഥാപനങ്ങളോടും സമൂഹത്തിനുണ്ടായിരുന്ന സ്നേഹാദര മനോഭാവത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ദിവസം 140 രൂപ മാത്രം വരുമാനമുള്ള ഒരു രാജ്യത്ത് സാധാരണക്കാർക്ക് പലപ്പോഴും താങ്ങാനാവുന്നതല്ല ചികിത്സ ചെലവ്. ഇതൊരു പൊട്ടിത്തെറിയിലേക്ക് അവരെ നയിച്ചേക്കാം. ഡോക്ടറെ കാണാൻ മണിക്കൂറുകളോളം നീളുന്ന കാത്തുനിൽപ്, പരിശോധന ഫലം ലഭിക്കാനുള്ള തത്രപ്പാട്, ആരോഗ്യ പ്രവർത്തകരുടെ പെരുമാറ്റ രീതി, വൃത്തിഹീന ചുറ്റുപാടുകൾ, മരുന്നുകളുടെ അഭാവം എന്നിവയെല്ലാം രോഗികളുടെ ക്ഷമ കടുത്ത രീതിയിൽ പരീക്ഷിക്കുന്നുമുണ്ട്. ഇത്തരം അവസ്ഥകളും ആശുപത്രി ആക്രമണങ്ങൾക്ക് വഴിമരുന്നിടുന്നതായി വ്യാപകമായി കരുതപ്പെടുന്നു.
ഒരു രോഗി ഓർത്തിരിക്കാതെ അത്യാസന്ന നിലയിലേക്ക് വഴുതുന്നതാണ് പലപ്പോഴും രോഗീ - ഡോക്ടർ ബന്ധത്തിൽ വലിയ തോതിൽ വിള്ളൽ വീഴ്ത്തുന്ന അവസ്ഥാവിശേഷം. അത്തരം നിർണായക സന്ദർഭങ്ങളിൽ ഒരു മുതിർന്ന ഡോക്ടർ തന്നെ സാവകാശം സഹാനുഭൂതിയോടെ കാര്യങ്ങളുടെ ഗുരുതരാവസ്ഥ ബന്ധുക്കളെ ബോധ്യപ്പെടുത്താൻ ശ്രമിക്കണം. ഉയർന്ന വിദ്യാഭ്യാസമുള്ള പലരും ആരോഗ്യ രംഗത്തെക്കുറിച്ച് പലപ്പോഴും സാമാന്യ അറിവു പോലുമില്ലാത്തവരായിരിക്കും. സാധാരണ പ്രസവ സമയത്തു പോലും ഒട്ടും പ്രതീക്ഷിക്കാതെ ഉണ്ടാവുന്ന അത്ര അപൂർവമല്ലാത്ത രക്തസ്രാവം ( Post partum bleeding) അവയിലൊന്നാണ്. പ്രസവിച്ച ഉടൻ ഗർഭപാത്രം ചുരുങ്ങാതെ (Contract) പോയാൽ രക്തസ്രാവം മൂലം ഒന്നോ രണ്ടോ മിനിറ്റിനകം രോഗി കടുത്ത ഗുരുതരാവസ്ഥയിലെത്തും. ജീവൻ രക്ഷിക്കാൻ പോലും പലപ്പോഴും കഴിഞ്ഞെന്നു വരില്ല.
അത്തരമൊരു അവസ്ഥ സങ്കൽപിക്കാൻ പോലുമാവാത്ത സാധാരണക്കാരെൻറ പ്രതികരണം വളരെ രൂക്ഷമായേക്കാം. ആ നിർണായക സന്ദർഭത്തിൽ കാര്യങ്ങൾ സഹാനുഭൂതിയോടെ പറഞ്ഞു മനസ്സിലാക്കാൻ ഡോക്ടർക്ക് കഴിയാതെ പോയാലോ, രോഗിയുടെ ബന്ധുക്കൾക്ക് ശാസ്ത്രീയ കാരണങ്ങൾ മനസ്സിലാവാതെ പോയാലോ ആശുപത്രിയിലെ സമാധാനാന്തരീക്ഷം നിശ്ചയമായും തകർന്നേക്കും. അടിസ്ഥാന ആരോഗ്യ സാക്ഷരത പൗരന് ലഭ്യമാക്കേണ്ടതിലേക്കാണ് ഇത്തരം സംഭവങ്ങൾ കൃത്യമായി വിരൽ ചൂണ്ടുന്നത് .ആൾക്കൂട്ട മനശ്ശാസ്ത്രത്തിെൻറ പ്രശ്നങ്ങൾ കൂടി ഇത്തരുണത്തിൽ അഭിസംബോധന ചെയ്യപ്പെടേണ്ടതുണ്ട്. രോഗിയുടെ ബന്ധുക്കൾ അല്ലാത്തവരോ കാണികളോ, ഡോക്ടറോടോ ആശുപതിയോട് മുൻ വൈരാഗ്യമുള്ളവരൊക്കെയാവും പലപ്പോഴും ഇത്തരം ആൾക്കൂട്ടങ്ങളുടെ നേതൃത്വത്തിലേക്ക് വരുന്നത്.
ഡോക്ടർമാരുടെയും സർക്കാറിെൻറയും സമൂഹത്തിെൻറയും കൃത്യമായ ഇടപെടലുകൾ കൊണ്ടു മാത്രമെ വിനാശകരവും പരിഷ്കൃത സമൂഹത്തിന് ഒട്ടും അഭികാമ്യമല്ലാത്തതുമായ ഈ കടുത്ത തിന്മ ഉന്മൂലനം ചെയ്യാനാവൂ. ദേശീയ പ്രതിഷേധത്തിെൻറ ഭാഗമായി ഐ.എം.എ മുന്നോട്ടുവെച്ചിരിക്കുന്ന മികച്ച ഒരു നിർദേശം ഭരണാധികാരികളും, നിയമ വ്യവസ്ഥയും ഗാഢമായി പരിഗണിക്കേണ്ടതുണ്ട്. എയർപോർട്ടും, നിയമകാര്യാലയങ്ങളും, റെയിൽവേ സ്റ്റേഷനുമൊക്കെ എന്നപോലെ ആശുപത്രികളും, ക്ലിനിക്കുകളും സ്പെഷൽ സേഫ് സോൺ (special Safe zone)ആയി പ്രഖ്യാപിക്കുന്നത് വൈദ്യ ശുശ്രൂഷ കേന്ദ്രങ്ങളിലെ അതിക്രമങ്ങൾക്ക് നിശ്ചയമായും അറുതി വരുത്തും.
കഴിഞ്ഞ ഒന്നരവർഷക്കാലം മിക്കവാറും ഊണും ഉറക്കവുമൊഴിച്ച് സമൂഹത്തിെൻറ സുരക്ഷക്കായി നിരന്തരം പ്രവർത്തിച്ചു തളർന്നിട്ടും വീണ്ടും നിരന്തരം പ്രവർത്തന നിരതരാവുന്ന ആരോഗ്യ പ്രവർത്തകർ ദയാശൂന്യമായി ആക്രമിക്കപ്പെടുമ്പോൾ ഒരക്ഷരം ഉരിയാടാതിരിക്കുന്ന സാമൂഹിക-സാംസ്കാരിക നായകരും , രാഷ്ട്രീയ നേതാക്കളും കേരളീയ സമൂഹത്തിന് നൽകുന്ന സന്ദേശത്തെക്കുറിച്ചും ഡോക്ടർ സമൂഹം ആശങ്കാകുലരാണ് എന്ന വസ്തുത കൂടി ഇവിടെ രേഖപ്പെടുത്തട്ടെ.
ഐ.എം.എ സംസ്ഥാന വൈസ് പ്രസിഡൻറാണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.