സർക്കാറുകളും കോർപറേറ്റുകളുമടക്കം, സർവകലാശാലകൾക്കു പുറത്തുള്ള ഒരു വിധ അധികാര കേന്ദ്രങ്ങളും പാഠ്യപദ്ധതിയെയോ ചുമരുകൾക്കുള്ളിലൊതുങ്ങാത്ത പ്രഭാഷണങ്ങളെയോ ഒരു തരത്തിലും നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുകയെന്നതാണ് അക്കാദമിക സ്വാതന്ത്ര്യമെന്നതിെൻറ മർമം എന്നഭിപ്രായപ്പെട്ടത് വിഖ്യാത എഴുത്തുകാരിയും സർവകലാശാല അധ്യാപികയുമായ ജൂഡിത്ത് ബട്ലർ ആണ്.
അക്കാദമിക സ്വാതന്ത്ര്യവും സർവകലാശാലകളുടെ പ്രവർത്തന സ്വാതന്ത്ര്യവും സംബന്ധിച്ച് നിലനിൽക്കുന്ന മുഴുവൻ സങ്കൽപങ്ങളും കീഴ്വഴക്കങ്ങളും കീഴ്മേൽ മറിക്കാനുള്ള നീക്കമാണ്, ഇന്ത്യയിലെ മുഴുവൻ സർവകലാശാലകളിലെയും കോഴ്സുകൾക്ക് ഏകീകൃത പാഠ്യപദ്ധതി അടിച്ചേൽപിക്കാനുള്ള യു.ജി.സി തീരുമാനം. ഇന്ത്യയിലെ നാനാ ദേശങ്ങളിലെ, വ്യത്യസ്ത സമൂഹങ്ങളുടെ വിദ്യാഭ്യാസ സങ്കൽപങ്ങൾക്കിണങ്ങും വിധം സൃഷ്ടിക്കപ്പെട്ട ഇന്ത്യൻ സർവകലാശാലകളുടെ പാഠ്യപദ്ധതിയെ, ഒരൊറ്റ അച്ചിൽ വാർത്തെടുക്കാനുള്ള യു.ജി.സി തീരുമാനം, വ്യക്തമായ ഗൂഢലക്ഷ്യങ്ങളോടെയുള്ള നീക്കമാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
നരേന്ദ്ര മോദി സർക്കാർ അധികാരമേറിയ ശേഷം ഉന്നതവിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കാനും കൈപ്പിടിയിലൊതുക്കാനുമായി നടത്തുന്ന നിരവധിയായ ശ്രമങ്ങളുടെ തുടർച്ചയാണ്, ഏകീകൃത പാഠ്യപദ്ധതി നടപ്പാക്കാനുള്ള നീക്കം. മുരളീമനോഹർ ജോഷിയുടെ നേതൃത്വത്തിൽ ഒന്നാം എൻ.ഡി.എ സർക്കാരിെൻറ കാലത്താണ് ഈ ദിശയിലുള്ള നീക്കങ്ങൾ ആദ്യം ആരംഭിക്കുന്നത്. യു.പി.എ ഭരണകാലത്തും സമാനമായ നീക്കങ്ങൾ നടന്നുവെങ്കിലും അക്കാദമിക സമൂഹത്തിൽ നിന്നുമുയർന്ന ശക്തമായ എതിർപ്പുമൂലം കാര്യമായ പ്രവർത്തനങ്ങൾ നടക്കുകയുണ്ടായില്ല. 2015ൽ ചോയ്സ് ബെയ്സ്ഡ് ക്രെഡിറ്റ് സെമസ്റ്റർ സിസ്റ്റം നടപ്പാക്കുന്നതിെൻറ ഭാഗമായി ഏകീകൃത പാഠ്യപദ്ധതിയെന്ന ആശയം വീണ്ടും യു.ജി.സി മുന്നോട്ടുവെച്ചു. ഏറ്റവും അവസാനമായി സർവകലാശാലാ വൈസ് ചാൻസലർമാർക്കയച്ച കത്തിൽ, ഏപ്രിൽ 18നകം ഏകീകൃത പാഠ്യപദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച വിശദവിവരങ്ങൾ യു.ജി.സിയെ അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അടിസ്ഥാന സങ്കൽപം തകരുന്നു
അക്കാദമികവും ഭരണപരവുമായ സ്വയംഭരണമുള്ള സ്ഥാപനങ്ങൾ എന്ന, സർവകലാശാലകളെ സംബന്ധിക്കുന്ന അടിസ്ഥാന സങ്കൽപത്തെയാണ് യു.ജി.സി ഈ നീക്കത്തിലൂടെ ചോദ്യംചെയ്യുന്നത്. മാത്രമല്ല, സ്വന്തം അധികാരപരിധിക്കപ്പുറമുള്ള പ്രവർത്തനമാണ് യു.ജി.സി ഈ തീരുമാനത്തിലൂടെ നടത്തുന്നത്. വിവിധ കോഴ്സുകളുടെ പാഠ്യപദ്ധതി രൂപവത്കരിക്കുകയെന്നത് യു.ജി.സിയുടെ ചുമതലയിൽപ്പെടുന്നതല്ല. സർവകലാശാലകളുടെ അക്കാദമിക സമിതികളാണ് പാഠ്യപദ്ധതി രൂപവത്കരണം നടത്തേണ്ടത്. യു.ജി.സി നിയമത്തിനു കടകവിരുദ്ധമായ തീരുമാനത്തിലൂടെ, സർവകലാശാലകളുടെ സ്വയംഭരണ അവകാശത്തിൽ കൈകടത്താനും അവയെ കേന്ദ്രസർക്കാറിെൻറ രാഷ്ട്രീയ ഇംഗിതങ്ങൾക്കനുസരിച്ച് ചൊൽപ്പടിക്കു നിർത്താനുമാണ് ശ്രമങ്ങൾ നടക്കുന്നത്. സംഘ്പരിവാറിെൻറ രാഷ്ട്രീയത്തിനു ചേർന്ന തരത്തിലുള്ള വിദ്യാഭ്യാസ ഉള്ളടക്കം സൃഷ്ടിക്കുകയെന്ന അപകടകാരിയായ ഉദ്ദേശ്യവും ഇതിനു പിന്നിലുണ്ട്.
ഇന്ത്യൻ സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പിന്തുടരുന്ന പാഠ്യപദ്ധതികൾ, ഒരു പരിധിവരെയെങ്കിലും ഇന്ത്യൻ ഭരണഘടന മുന്നോട്ട് വെക്കുന്ന മതേതര ജനാധിപത്യമൂല്യങ്ങളെ പിൻപറ്റുന്നതാണ് എന്നതാണ്, സർവകലാശാലകളെ നിരന്തരം ലക്ഷ്യംവെക്കാൻ സംഘ്പരിവാറിനെ പ്രേരിപ്പിക്കുന്നത്. ആധുനിക വിദ്യാഭ്യാസത്തിെൻറ ഈ ഉള്ളടക്കത്തെ സംഘ്പരിവാർ അത്രമേൽ ഭയക്കുന്നു എന്നുവേണം കരുതാൻ. തങ്ങൾക്കെതിരായി ഉയരുന്ന രാഷ്ട്രീയവും സാംസ്കാരികവുമായ വിമർശനത്തിെൻറയും പ്രതിരോധത്തിെൻറയും അടിസ്ഥാനമായി വർത്തിക്കുന്നത്, മതേതരമായ - ആധുനിക വിദ്യാഭ്യാസവും അവ സൃഷ്ടിക്കുന്ന കേന്ദ്രങ്ങളുമാണെന്ന തിരിച്ചറിവും ഇത്തരം നീക്കങ്ങൾ ദ്രുതഗതിയിലാക്കാൻ കേന്ദ്രസർക്കാറിനെ പ്രേരിപ്പിക്കുന്നുണ്ട്.
ചരിത്ര പാഠപുസ്തകങ്ങളിലെ തിരുത്തൽ
ചരിത്ര പാഠപുസ്തകങ്ങളും ഇന്ത്യൻ ചരിത്രം തന്നെയും തിരുത്തിയെഴുതാനുള്ള നീക്കങ്ങളും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. തിരുത്തിയെഴുതപ്പെടുന്ന ചരിത്രം എത്രയും വേഗം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന സൂചന നൽകിയത് കേന്ദ്ര സാംസ്കാരിക വകുപ്പു മന്ത്രിയാണ്. ഏകീകൃത പാഠ്യപദ്ധതി നടപ്പാക്കുന്നതിലൂടെ ഇന്ത്യൻ ചരിത്രത്തെയും സമൂഹ നിർമിതിയെയും പൗരാണിക വിജ്ഞാനത്തെയും സംബന്ധിക്കുന്ന സംഘ്പരിവാർ ആശയങ്ങൾ പാഠ്യ പദ്ധതിയുടെ ഭാഗമാക്കാൻ സാധിക്കും. യു.ജി.സി നിർദേശമനുസരിച്ച്, ഇത്തരത്തിൽ തയാറാക്കപ്പെട്ട പാഠ്യപദ്ധതിയിൽ നിന്നും ഇരുപത്തിയഞ്ച് ശതമാനത്തിലധികം വ്യതിചലനം വരുത്താൻ സർവകലാശാലകൾക്ക് അധികാരമില്ല. ഇത്തരത്തിൽ 109 ബിരുദ കോഴ്സുകളുടെ പൊതു മിനിമം സിലബസ് യു.ജി.സി തയാറാക്കിക്കഴിഞ്ഞു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഇത്തരമൊരു നയംമാറ്റം, ഉന്നതവിദ്യാഭ്യാസ മേഖലയിലെ ബഹുഭൂരിപക്ഷം പങ്കാളികളെയും ഇരുട്ടിൽ നിർത്തിക്കൊണ്ട് ഒരു ചെറു സംഘം തീരുമാനിക്കുകയാണുണ്ടായതെന്നതാണ് ഏറെ അമ്പരപ്പിക്കുന്ന മറ്റൊരു കാര്യം. ദേശീയവും അന്തർദേശീയവുമായ അംഗീകാരവും സ്വീകാര്യതയുമുള്ള അക്കാദമിക വിദഗ്ധരൊന്നുംതന്നെ ഈ നയരൂപവത്കരണ പ്രക്രിയയിൽ ഭാഗഭാക്കായിട്ടില്ല എന്നതാണ്. ഏതെങ്കിലും തരത്തിൽ വ്യാപകമായ ചർച്ചകളോ കൂടിയാലോചനകളോ ദേശീയതലത്തിൽ നടത്തിയിട്ടില്ല. നിലവിൽ തയാറായിക്കഴിഞ്ഞ പാഠ്യപദ്ധതിയുടെ നിലവാരവും ഉള്ളടക്കവും സംബന്ധിച്ച് അതി ഗൗരവമായ വിമർശനങ്ങളാണ് അക്കാദമിക വിദഗ്ധർ ഉന്നയിച്ചിരിക്കുന്നത്. ഈ ഒരൊറ്റ നിർദേശത്തിലൂടെ പഠന ഗവേഷണ പ്രവർത്തനങ്ങളടങ്ങുന്ന അക്കാദമിക മേഖലയിൽ സർവകലാശാലകൾക്കുള്ള മുഴുവൻ സ്വാതന്ത്ര്യവും നിയന്ത്രിക്കപ്പെടുകയും, കേന്ദ്ര സർക്കാറിെൻറ കീഴിലുള്ള ഏജൻസികൾ പറയുന്നത് മാത്രം നടപ്പാക്കുന്ന ഒരു സർക്കാർ വകുപ്പായി ഇവ തരംതാഴുകയും ചെയ്യും.
സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ബിരുദങ്ങൾ ഉൽപാദിപ്പിക്കുന്ന വിദ്യാഭ്യാസ ഫാക്ടറികൾ മാത്രമാണെന്ന കാഴ്ചപ്പാടാണ്, രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന ഏറ്റവും സുപ്രധാന സമിതിയായ യു.ജി.സിയെ ഭരിക്കുന്നത് എന്നു വേണം കരുതാൻ. ഉന്നതവിദ്യാഭ്യാസം, സ്വതന്ത്രമായ വിജ്ഞാനാന്വേഷണത്തിെൻറയും വിജ്ഞാന നിർമിതിയുടെയും സങ്കലനമെന്നതു മാറി, വിവരശേഖരണത്തിെൻറ മാർഗങ്ങൾ അഭ്യസിപ്പിക്കുന്ന കേന്ദ്രങ്ങൾ മാത്രമായി ചുരുങ്ങുമ്പോൾ കൈമോശം വരുന്നത്, അറിവിെൻറ പുതുമേഖലകൾ കണ്ടെത്താൻ സഹായിക്കുന്ന വിമർശനാത്മക സമീപനമാണ്. ഗണപതിയുടെ പ്ലാസ്റ്റിക് സർജറിയും ചാണകത്തിലെ ആണവ കണങ്ങളും കണ്ണുനീർ കുടിച്ച് ഗർഭിണിയാവുന്ന മയൂരവും പരശുരാമെൻറ എൻജിനീയറിങ്ങും മഹാഭാരത കാലത്തെ ഇൻറർനെറ്റുമെല്ലാം വിദ്യാഭ്യാസത്തിെൻറ ഉള്ളടക്കമായി പ്രതീക്ഷിക്കുന്ന ഭരണാധികാരികൾ ഏറ്റവും ഭയപ്പെടുന്നതും ഈ വിമർശന ബോധ്യങ്ങളെയാണ്. ഐസക് ന്യൂട്ടണും ആര്യഭട്ടനും ചാൾസ് ഡാർവിനുമെല്ലാം ക്ലാസ് മുറികൾക്ക് വെളിയിലാവുകയും വേദഗണിതവും മനുസ്മൃതിയും കർമകാണ്ഡവും ജ്യോതിഷവും കൈനോട്ടവും മഷിനോട്ടവുമെല്ലാം പാഠ്യപദ്ധതിയായി മാറുകയും വേണമെന്നാണ് ഇക്കൂട്ടർ പ്രതീക്ഷിക്കുന്നത്. സുവർണകാലത്തെ സംബന്ധിക്കുന്ന ഇത്തരം കാഴ്ചപ്പാടുകൾ ഔദ്യോഗിക ഭാഷ്യമാകുന്നതോടെ, ‘ഈ മഹദ് പാരമ്പര്യത്തിെൻറ’ ഭാഗമല്ലാത്തതെല്ലാം അപരങ്ങളായി മാറുകയും ചെയ്യും.
ബാലിശമായ ന്യായീകരണങ്ങൾ
അങ്ങേയറ്റം ബാലിശമായ കാരണങ്ങളാണ് ഏകീകൃത പാഠ്യപദ്ധതിയെ ന്യായീകരിക്കാനായി യു.ജി.സി ഉന്നയിക്കുന്നത്. ഏകീകൃത പാഠ്യപദ്ധതി നിലവിൽ വരുന്നതോടെ ഇന്ത്യയിലെ വിദ്യാർഥികൾക്ക് രാജ്യത്തെവിടെയുമുള്ള സർവകലാശാലകളിലേക്ക് മാറാനും പഠനം സുഗമമായി തുടരാനും കഴിയും എന്നതാണത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ പഠിക്കുന്ന ദശലക്ഷക്കണക്കിന് വിദ്യാർഥികളിൽ തുലോം പരിമിതമായ എണ്ണം മാത്രമേ ഇത്തരത്തിൽ മറ്റു സർവകലാശാലകളിലേക്ക്, കോഴ്സ് പൂർത്തിയാക്കുന്നതിനിടയിൽ മാറുന്നുള്ളൂവെന്ന് മനസ്സിലാക്കാൻ സാമാന്യ യുക്തി മാത്രം മതി. സാധാരണക്കാരന് ഉന്നത വിദ്യാഭ്യാസം അന്യമാകുന്ന തരത്തിൽ, ഈ മേഖല പൂർണമായും കച്ചവടവത്കരിക്കുകയെന്നതാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലക്കായുള്ള ബജറ്റ് വിഹിതത്തിൽ ഗണ്യമായ കുറവാണ് രണ്ടു ദശാബ്ദങ്ങൾക്കുള്ളിലുണ്ടായത്.
സർഗാത്മകമായ സ്വതന്ത്ര ചിന്തയുടെയും വിജ്ഞാനാന്വേഷണങ്ങളുടെയും കേന്ദ്രങ്ങളാണ് സർവകലാശാലകൾ. ഇന്ത്യയിലങ്ങോളമിങ്ങോളം പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങൾ, അവ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ സവിശേഷതകൾ ഉൾക്കൊണ്ടുകൂടിയാണ് പ്രവർത്തിക്കുന്നത്. രാജ്യമൊട്ടാകെ ബാധകമായ ഒരു പൊതുവിദ്യാഭ്യാസ നയത്തിെൻറ ഭാഗമായി നിൽക്കുമ്പോഴും ഈ ബഹുസ്വരത അവയുടെ മുഴുവൻ പ്രവർത്തനങ്ങളിലും പ്രതിഫലിക്കപ്പെടുന്നു. വ്യത്യസ്തങ്ങളായ പഠനമേഖലകളും അവയുടെ ഉള്ളടക്കവും അതു ലക്ഷ്യംവെക്കുന്ന വിദ്യാർഥികളും ഭാഗഭാക്കാവുന്ന അധ്യാപകരുമെല്ലാം സാമൂഹിക ജീവിതത്തിെൻറ ഭിന്ന പ്രകാരങ്ങളെ ഉൾക്കൊള്ളുന്നവയും അതുകൊണ്ട് ഒന്നിനൊന്ന് വ്യത്യസ്തവുമാണ്. നാനാത്വത്തിേൻറതും വൈജാത്യത്തിേൻറതുമായ ഈ ഭിന്ന ലോകങ്ങളെ പൂർണമായി തിരസ്കരിക്കാനും സംസ്കാരത്തെയും സാമൂഹികനിർമിതിയെയും സംബന്ധിക്കുന്ന ഏകശിലാക്രമത്തിലേക്ക് അവയെ പരുവപ്പെടുത്താനുമുള്ള ശ്രമങ്ങൾ അതുകൊണ്ടുതന്നെ ഭരണഘടനാ വിരുദ്ധം കൂടിയായി മാറുന്നു.
(വടക്കാഞ്ചേരി ശ്രീവ്യാസ എൻ.എസ്.എസ് കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.