ജോലി വാഗ്ദാനം പരിശോധിക്കാം, ചതി തിരിച്ചറിയാം

വ്യാജ ഓഫർ ലെറ്റർ കാണിച്ചും ഹോട്ടൽ ജോലിക്ക് ക്ഷണിച്ച് ഒട്ടകഫാമിൽ പണിക്ക് കയറ്റിയുമെല്ലാം നടക്കുന്ന തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാനുള്ള എളുപ്പവഴി വിവിധ രാജ്യങ്ങളുടെ വിസ സെന്‍ററുകൾ, നോർക്ക സംവിധാനങ്ങൾ എന്നിവയെല്ലാം മുഖേനെ ജോലി വാഗ്ദാനത്തിന്റെ ആധികാരികത പരിശോധിക്കലാണ്. ഇതിനു പുറമെ, കേന്ദ്രസർക്കാറി‍െൻറ ഇ മൈഗ്രേറ്റ് പോർട്ടൽ സംവിധാനവുമുണ്ട്. ദുബൈ എക്സ്പോയുടെ ലോഗോ ഉപയോഗിച്ച് നടത്തുന്ന തൊഴിൽ തട്ടിപ്പുകൾ പുറത്തറിഞ്ഞുതുടങ്ങിയതോടെ ഖത്തർ ലോകകപ്പ് വേദിയിൽ ജോലികൾ എന്ന പേരിലാണ് പുതിയ വാഗ്ദാനങ്ങൾ പുറത്തുവരുന്നത്.

ഖത്തർ ലോകകപ്പി‍െൻറ പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി, ഹമദ് മെഡിക്കൽ കോർപറേഷൻ, പി.എച്ച്.സി.സി തുടങ്ങി വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ തങ്ങളുടെ വെബ്സൈറ്റ് വഴി മാത്രമാണ് റിക്രൂട്ട്മെന്‍റ് നടത്തുന്നത്. അധികൃർ തന്നെ ഇതു സംബന്ധിച്ച് കൃത്യമായ അറിയിപ്പ് നൽകുന്നുമുണ്ട്.

ഏറ്റവും ശക്തമായ തൊഴിൽ നിയമങ്ങളും റിക്രൂട്ട്മെന്‍റ് സംവിധാനങ്ങളുമായി ഖത്തർ തൊഴിലന്വേഷകർക്ക് സുരക്ഷയൊരുക്കുമ്പോൾ, തട്ടിപ്പുകാരുടെ മോഹനവാഗ്ദാനത്തിൽ ഇരകൾ ചെന്നുവീഴുകയാണ് ചെയ്യുന്നത്. തൊഴിൽ വിസക്ക് പണം ഈടാക്കാത്ത രാജ്യം കൂടിയാണ് ഖത്തർ. തൊഴിൽ തട്ടിപ്പുകളുടെ എല്ലാ പഴുതുകളും അടക്കാനുള്ള സംവിധാനമാണ് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ഏജൻസി വഴി വിവിധ രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഖത്തർ വിസ സെന്‍ററുകൾ. രാജ്യത്തേക്ക് തൊഴിൽ വിസയിലെത്തുന്ന എല്ലാവരും വിസ സെന്‍ററുകളിൽ മെഡിക്കൽ, ബയോ മെട്രിക് വിവരശേഖരണം, തൊഴിൽ കരാർ ഉൾപ്പെടെ മുഴുവൻ വിസ നടപടികളും പൂർത്തിയാക്കിയശേഷം മാത്രമാണ് ഖത്തറിലേക്ക് പ്രവേശിക്കാൻ കഴിയുന്നത്. അതുകൊണ്ടുതന്നെ എല്ലാതരം വിസ തട്ടിപ്പു ശ്രമങ്ങളും മുളയിൽ തന്നെ ഇല്ലാതാക്കാൻ വിസ സെന്‍ററുകളുടെ സേവനം സഹായമൊരുക്കുന്നുണ്ട്. ഇന്ത്യയിൽ കൊച്ചി, ന്യൂഡൽഹി, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്നോ, മുംബൈ ഉൾപ്പെടെ ഏഴ് നഗരങ്ങളിൽ വിസ സെന്‍ററുകൾ പ്രവർത്തിക്കുന്നുണ്ട്.

കുവൈത്തിൽ വിസക്കച്ചവട കേസിൽ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഉൾപ്പെടെ അറസ്റ്റിലായി ജയിലിലാണ്. എത്ര ഉന്നതനായാലും വെറുതെ വിടില്ലെന്നും നിയമം എല്ലാവർക്കും ഒരുപോലെയാണെന്നുമാണ് സർക്കാർ പറയുന്നത്.

ഗൾഫിലെ ജോലി തട്ടിപ്പുകൾ തിരിച്ചറിയാൻ യു.എ.ഇയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ പി.ബി.എസ്.കെ ആപ് ഓഫർ ലെറ്ററും സ്ഥാപനവും വ്യാജമാണോ എന്നറിയാൻ സഹായിക്കും. ഇന്ത്യൻ കോൺസുലേറ്റിന് കീഴിലുള്ള പ്രവാസി ഭാരത സഹായ കേന്ദ്രമാണ് ഇത് പരിശോധിക്കുക. പ്രമുഖ കമ്പനികളിൽ ജോലി ലഭിച്ചെന്ന് കാണിച്ച് കമ്പനികളുടെ ലെറ്റർപാഡുകളിൽ ഓഫർ ലെറ്ററുകൾ വരുന്നത് പതിവാണ്. സർവിസ് ചാർജെന്ന പേരിൽ പണം ഈടാക്കിയശേഷമാണ് ഈ ഓഫർ ലെറ്ററുകൾ നൽകുന്നത്. ഈ ലെറ്ററുകൾ പി.ബി.എസ്.കെ ആപ്പിൽ അപ്ലോഡ് ചെയ്താൽ നിജസ്ഥിതി തിരിച്ചറിയാം.

സർക്കാറിനു കീഴിലും ആധികാരികത പരിശോധിക്കാൻ സംവിധാനങ്ങളുണ്ട്...അതിൽ ചിലതു കൂടി പരിചയപ്പെടാം നാളെ...

Tags:    
News Summary - Examine job offers and identify fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.