വ്യാജചരിത്രത്തി​​െൻറ സൂക്ഷ്മതല പരീക്ഷണങ്ങള്‍

ഹിന്ദുത്വ രാഷ്​ട്രീയത്തിന് ചരിത്രവുമായുള്ള ബന്ധം അങ്ങേയറ്റം വഞ്ചനാപരമാണ് എന്ന് നിരവധി ഉദാഹരണങ്ങളിലൂടെ നമു ക്ക് മനസ്സിലായിട്ടുള്ളതാണ്. ചരിത്രത്തെ വളച്ചൊടിക്കുക എന്നതു മാത്രമല്ല, ഉള്ള ചരിത്രത്തെ മായ്ച്ചുകളയുക, ഇല്ലാത ്ത ചരിത്രം സൃഷ്​ടിക്കുക, മിത്തിനെ ചരിത്രമായി വ്യാഖ്യാനിക്കുക, തങ്ങള്‍ സൃഷ്​ടിക്കുന്ന കപടചരിത്രത്തി​​​​െൻറ അ ടിസ്ഥാനത്തില്‍ രാഷ്​ട്രീയ ഇടപെടലുകള്‍ നടത്തി അതി​​െന സര്‍വസ്വീകാര്യമായ ചരിത്രസത്യങ്ങളായി മാറ്റിത്തീര്‍ക് കുക തുടങ്ങി ചരിത്രത്തോട് ഹിന്ദുത്വം കാട്ടുന്ന അനീതികള്‍ക്കു കണക്കില്ല. 2017-2018 കാലത്ത് ‘പദ്മാവത്’ എന്ന സിനിമയുമാ യി ബന്ധപ്പെട്ടു നടന്ന കോലാഹലങ്ങള്‍ ഓർമയിലുണ്ടാവും. സൂഫി കവി മാലിക് മുഹമ്മദ് ജയാസി എഴുതിയ ‘പദ്മാവത്’ എന്ന ഖണ്ഡകാവ്യത്തിലെ ഒരു കഥാപാത്രം മാത്രമായിരുന്നു റാണി പദ്മാവത്. 1540ല്‍ എഴുതിയ ആ കൃതിയിലെ ഒരു കൽപിതകഥാപാത്രത്തെ പിന്നീട് അലാവുദ്ദീന്‍ ഖില്‍ജി ആക്രമിച്ചപ്പോള്‍ സതി അനുഷ്ഠിച്ച ഹൈന്ദവസ്വാഭിമാനത്തി​​​​െൻറ ബിംബമാക്കി ആരാധിക്കുന്ന ചരിത്രവനിതയാക്കിയത് ഹിന്ദുത്വ രാഷ്​ട്രീയത്തി​​​​െൻറ കുടിലതന്ത്രമായിരുന്നു. ഒരു സൂഫികവിയുടെ കൽപിതകഥാപാത്രത്തെ ഒടുവില്‍ ഇന്ത്യചരിത്രത്തിലെ സാംസ്കാരിക സൂചകമായി ഹിന്ദുത്വം പിന്നീട് ഉപയോഗിക്കുകയാണ്. പദ്മാവതിയെ രാഷ്​ട്രമാതാവായി പ്രഖ്യാപിക്കണം എന്നുവരെ ആവശ്യമുയര്‍ന്നു. രാഷ്​ട്രത്തി​​​​െൻറ യഥാർഥ ചരിത്രത്തെ ഉള്ളുകളഞ്ഞു പൊള്ളയാക്കുക, ഉള്ളുപൊള്ളയായ സ്വന്തം നിർമിതചരിത്രം പകരം​െവക്കുക. അതാണ്‌ ഹിന്ദുത്വത്തി​​​​െൻറ ഹീനതന്ത്രം.

കൽപിതകഥാപാത്രങ്ങളിൽനിന്ന് ഒരു ലജ്ജയുമില്ലാതെ മിഥ്യാചരിത്രങ്ങള്‍ ഉൽപാദിപ്പിക്കുകയും ഉളുപ്പില്ലാത്ത ആവര്‍ത്തനങ്ങളിലൂടെ അത് യഥാർഥ ചരിത്രമാണെന്ന പ്രതീതിബോധം പൊതുസമൂഹത്തില്‍ നിക്ഷേപിക്കുകയും ചെയ്യുന്ന പ്രക്രിയ വളരെ സമർഥമായി ഹിന്ദുത്വശക്തികള്‍ ഉപയോഗിച്ചുവരുന്നുണ്ട്. പദ്മാവതി​​​െൻറ കാര്യത്തിൽ എന്നപോലെ മുസ്​ലിം രാജാധികാരത്തിനെതിരെ പൊരുതിനിന്നവരുടേതെന്ന അയഥാർഥമായ ചരിത്രവ്യക്തിത്വ നിർമിതികള്‍ അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഹൈന്ദവ ജനപ്രിയ സംസ്കാരത്തില്‍ അത്തരം കഥകള്‍ സന്നിവേശിപ്പിക്കുക, അതിനു വ്യാപകമായ പ്രചാരം നല്‍കുക, പിന്നീട് അതി​​​​െൻറ അടിസ്ഥാനത്തില്‍ ഒരു ‘ആധികാരിക’ വ്യാജചരിത്രം എഴുതിയുണ്ടാക്കുക, ആ വ്യാജചരിത്രം മുന്‍നിര്‍ത്തി ജനപ്രിയസംസ്കാരത്തെ ചരിത്രസാക്ഷ്യമുള്ള വസ്തുനിഷ്ഠ ഭൂതകാലമായി അവതരിപ്പിക്കുക എന്നിങ്ങനെ വഞ്ചനാപരമായ ഒരു ചാക്രികയുക്തിയാണ് ഹിന്ദുത്വത്തി​​​െൻറ ചരിത്രപദ്ധതിയുടെ കാതല്‍. അതിശ്രദ്ധയോടെ, ചരിത്ര -ലാവണ്യസന്ദര്‍ഭങ്ങളില്‍നിന്ന് വ്യക്തികളെയും സംഭവങ്ങളെയും കൽപിതകഥാപാത്രങ്ങളെയും അടര്‍ത്തിമാറ്റി, ഹിന്ദുത്വ ജനപ്രിയ സംസ്കാരനിർമിതിക്കായി ഉപയോഗിക്കുക, തുടര്‍ന്ന് അത് ഫാഷിസ്​റ്റ് രാഷ്​ട്രീയത്തിനുള്ള മൂലധനമാക്കി പരിവര്‍ത്തനം ചെയ്യുക എന്ന രീതിയില്‍ ബോധപൂര്‍വമായിത്തന്നെ നടപ്പാക്കപ്പെടുന്ന സമഗ്രമായ ഇടപെടല്‍തന്നെയാണ് ഈ സൂക്ഷ്മതല വ്യാജചരിത്ര നിർമാണം. സ്ഥൂലമായ രാഷ്​ട്രചരിത്രത്തില്‍ സൃഷ്​ടിക്കുന്ന തിരുത്തലുകളെക്കാളും ഫാഷിസത്തി​​​​െൻറ അടിവേരുകള്‍ക്ക് ബലം നല്‍കുന്നത് ഈ സൂക്ഷ്മമായ ജനപ്രിയചരിത്രത്തിലെ കപടനിർമിതികളാണ്.

അൽപകാലം മുമ്പാണ് സുഹേല്‍ മഹാരാജാവി​​​​െൻറ പേരിലുള്ള പോസ്​റ്റല്‍ സ്​റ്റാമ്പ് നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ ഗാസിപുരില്‍ പ്രകാശനം ചെയ്തത്. സ്​റ്റാമ്പ് പ്രകാശനം ചെയ്തു പ്രധാനമന്ത്രി പറഞ്ഞത് സുഹേല്‍ ധീരനായ യുദ്ധവീരന്‍ ആയിരുന്നുവെന്നും ജനതയെ പ്രചോദിപ്പിക്കുന്ന ധീരനായകന്‍ ആയിരുന്നുവെന്നുമായിരുന്നു. സുഹേലി​​​​െൻറ ആയോധനശക്തികളെയും ഭരണശേഷിയെയും കുറിച്ചൊക്കെ മോദി വാചാലനായി. ഇന്ത്യയുടെ പ്രതിരോധത്തിനും സുരക്ഷക്കും സാമൂഹികജീവിതത്തിനും വലിയ സംഭാവനകള്‍ നൽകിയ സുഹേല്‍ മഹാരാജാവിനെപ്പോലുള്ളവരുടെ പൈതൃകത്തെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുമെന്നുകൂടി വാഗ്ദാനം ചെയ്​താണ് മോദി തിരിച്ചുപോയത്. ആകെയുള്ള ഒരു പ്രശ്നം ഇങ്ങനെ ഒരു രാജാവ് ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഒരു തീര്‍പ്പുമില്ല എന്നതാണ്. പിന്നെ എന്തുകൊണ്ടാണ് സുഹേല്‍ മഹാരാജാവി​​​​െൻറ പേരില്‍ കേന്ദ്രസര്‍ക്കാര്‍ സ്​റ്റാമ്പ്​ വരെ ഇറക്കുന്നത്‌? 11ാം നൂറ്റാണ്ടില്‍ എപ്പോഴോ മുഹമ്മദ്‌ ഗസ്നിയുടെ അനന്തരവന്മാരിലൊരാളായ ഗസ്നി സാലാര്‍ മസ്​ഊദ് 16ാത്തെ വയസ്സില്‍ ഇന്ത്യ ആക്രമിച്ചപ്പോള്‍ ബഹ്​റായിച്ച് പ്രവിശ്യയിലെ യുദ്ധത്തില്‍ സുഹേലി​​​​െൻറ പട്ടാളം മസ്​ഊദി​​​​െൻറ പട്ടാളത്തെ പരാജയപ്പെടുത്തി എന്നതാണ് പ്രചാരത്തിലുള്ള കഥ. എന്നാല്‍, രസകരമായ കാര്യം ഈ കഥയുടെ അടിസ്ഥാനം എന്താണ് എന്നതാണ്. അവിടെയാണ് ഹിന്ദുത്വ വ്യാജചരിത്രത്തി​​​​െൻറ ജനപ്രിയപാഠങ്ങള്‍ രൂപംകൊണ്ട്​ ആധികാരികചരിത്രമായി രൂപാന്തരപ്പെടുന്നതി​​​​െൻറ സവിശേഷ സൂക്ഷ്മതലപ്രക്രിയകള്‍ പ്രസക്തമാവുന്നത്.

മോദിയുടെ ഈ ഗംഭീര പ്രസ്താവനകളുടെയെല്ലാം അടിസ്ഥാനം ഒരുവിധ ചരിത്രരേഖകളുമല്ല എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. എന്നാല്‍, സാധാരണരീതിയില്‍ ചരിത്രസാംഗത്യമുള്ള വാമൊഴിപാരമ്പര്യത്തില്‍നിന്ന് രൂപംകൊണ്ട നാടോടിവിശ്വാസവുമല്ല ഇതെന്നതും എടുത്തുപറയേണ്ട കാര്യമാണ്. യഥാർഥത്തില്‍ അബ്​ദുറഹ്​മാന്‍ ചിശ്​തി പേര്‍ഷ്യന്‍ ഭാഷയില്‍ 17ാം നൂറ്റാണ്ടില്‍ ഗസ്നി സാലാര്‍ മസ്​ഊദിനെക്കുറിച്ച് എഴുതിയ ‘മിറാ​തേ മസ്​ഊദി’ എന്ന വാഴ്ത്തുപുസ്തകത്തിലെ കൽപിതകഥാപാത്രമാണ് ഈ സുഹേല്‍ രാജാവ്. മാത്രമല്ല, ഇങ്ങനെ ഒരു അനന്തരവന്‍ ഗസ്നിക്ക് ഉണ്ടായിരുന്നു എന്നുള്ളതി​​​​െൻറ ഏക തെളിവും ഈ പുസ്തകമാണ്. ഗസ്നിയുടെ രേഖകളിലൊന്നും ഇങ്ങനെ ഒരാളെക്കുറിച്ച് പരാമര്‍ശമില്ല. അതായത്, സുഹേല്‍ മഹാരാജാവ് എന്ന ഒരു പ്രാദേശികയോദ്ധാവും അയാള്‍ തോൽപിച്ചെന്നു പറയപ്പെടുന്ന മുസ്​ലിം ‘ആക്രമണകാരി’യും കേവലം ഒരു കാൽപനികകഥയിലെ കഥാപാത്രങ്ങള്‍ മാത്രമാണ്.

‘Conquest and Community: The Afterlife of Warrior Saint Ghazi Miyan’ എന്ന പുസ്തകത്തില്‍ ചരിത്രകാരനായ ശാഹിദ് അമീന്‍ വളരെ കൃത്യമായി സാലാര്‍ മസ്​ഊദ് എങ്ങനെയാണ് ഉത്തര്‍പ്രദേശിലെ ഹിന്ദു-മുസ്​ലിം നാടോടി പാരമ്പര്യത്തില്‍ ഇരുകൂട്ടര്‍ക്കും ഒരു വിശുദ്ധനായി മാറിയത് എന്നും അദ്ദേഹം എങ്ങനെയാണ് ആരാധിക്കപ്പെടുന്നതെന്നും വിശദീകരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു ചരിത്രപുരുഷന്‍ ഉണ്ടായിരുന്നില്ല എന്നും ഒരു ഹിന്ദുരാജാവും അങ്ങനെ ഒരാളെ തോൽപിച്ചിട്ടില്ല എന്നും അമീനും പുസ്തകത്തില്‍ എടുത്തുപറയുന്നു. എന്നാല്‍, മസ്​ഊദ് എന്ന കൽപിതകഥാപാത്രത്തിന് കൈവന്ന ഈ സ്വീകാര്യത ഹിന്ദുത്വയെ പിന്നീട് ചൊടിപ്പിക്കുന്നു. അവര്‍ ഗാസി മിയാ​​​​െൻറ ഓർമസ്ഥലത്ത് മുമ്പ്​ ഒരു ആശ്രമം ഉണ്ടായിരുന്നു എന്നു പറഞ്ഞ്​ അയോധ്യമാതൃകയില്‍ ഒരു ഉടമസ്ഥതാവാദം ഉന്നയിക്കുക മാത്രമല്ല ചെയ്തത്. 40കള്‍ മുതല്‍ ഗാസി മിയാന് എതിരായി സുഹേലിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ തുടങ്ങി. 1950കളില്‍ ആര്യസമാജവും രാമരാജ്യപരിഷത്തും ഹിന്ദുമഹാസഭയും അടക്കമുള്ള സംഘടനകള്‍ സംഘടിതമായി സുഹേലിനെ ചരിത്രപുരുഷനായി വാഴ്ത്താന്‍ തുടങ്ങി. സുഹേലി​​​​െൻറ പേരുപറഞ്ഞ്​ ഹിന്ദുത്വശക്തികള്‍ അവിടെ നിരന്തരമായ വർഗീയസംഘര്‍ഷങ്ങള്‍ സൃഷ്​ടിക്കാന്‍ തുടങ്ങി. സുഹേല്‍ സ്മാരകസമിതിയുണ്ടായി, ആ പേരില്‍ ഒരു അമ്പലമുണ്ടായി. ഏറ്റവും വലിയ കളി ഹിന്ദുത്വം കളിച്ചത് പക്ഷേ, സുഹേലി​​​​െൻറ ജാതി നിർണയിക്കുന്നതിലാണ്. സ്വാഭാവികമായും പല ജാതിസമുദായങ്ങളും, രജപുത്രരും തൊമാറുകളും അടക്കമുള്ളവര്‍, സുഹേലി​​​​െൻറ പൈതൃകം അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍, 60കളില്‍ ഹിന്ദുത്വവാദികള്‍ സുഹേല്‍, ‘പാസി’ എന്ന ദലിത്‌ സമുദായത്തിലെ രാജാവ് ആയിരുന്നെന്നും അങ്ങനെ പഴയ ഭാരതത്തില്‍ ദലിതര്‍ പോലും രാജാക്കളായിരുന്നു എന്നും ആവര്‍ത്തിച്ച്​ അവകാശപ്പെടാന്‍ തുടങ്ങി.

ഇത് കേവലം ദലിത്‌ വോട്ട്​ബാങ്ക് രാഷ്​ട്രീയം മാത്രമായിരുന്നില്ല. ചരിത്രത്തിലുള്ള വലിയൊരു ഹിംസതന്നെയായിരുന്നു. ഹിന്ദുത്വരാഷ്​ട്രീയത്തിന് ദലിത്‌ സമൂഹങ്ങള്‍ക്കിടയില്‍ ലെജിറ്റിമസി സൃഷ്​ടിക്കാനുള്ള ബോധപൂര്‍വമായ തിരുത്തായിരുന്നു. ബി.എസ്​.പി ഒരു പരിധിവരെ ഈ കെണിയില്‍ വീഴുകയും സുഹേലിനെ ദലിത്‌ രാജാവായി പ്രചരിപ്പിക്കുകയും ചെയ്തെങ്കിലും ബി.ജെ.പി -ആർ.എസ്​.എസ് കൂട്ടുകെട്ടാണ് ഇതിനെ കൂടുതല്‍ സമർഥമായി ഉപയോഗിച്ചത്. 80കള്‍ മുതല്‍ അവര്‍ സുഹേലിനെ മുസ്​ലിം ആക്രമണകാരിയെ തുരത്തിയ ദലിത്‌ വീരനായി ആഘോഷിക്കാന്‍ തുടങ്ങി. എല്ലാ വര്‍ഷവും സുഹേല്‍ ഉത്സവങ്ങള്‍ നടത്താന്‍ തുടങ്ങി. 2017ല്‍ യോഗി ആദിത്യനാഥ് സുഹേലി​​​​െൻറ പേരില്‍ ഹിന്ദുവിജയദിനം ആഘോഷിക്കാന്‍ തുടങ്ങി. 2018ൽ മോദി മുസ്​ലിംവിരുദ്ധനായ ദലിത്‌ വീരന്‍ സുഹേലി​​​​െൻറ സ്​റ്റാമ്പ് പുറത്തിറക്കി. ഹിന്ദുത്വം ചരിത്രത്തെ തങ്ങളുടെ കപടമായ ബിംബവത്​കരണത്തിന് ഉപയോഗിക്കുന്നത് ഇങ്ങനെയൊക്കെയാണ്. കേവലം സ്ഥൂലമായ ഒരു ചരിത്രനിഷേധം മാത്രമല്ല അവരുടേത്. സൂക്ഷ്മതലത്തില്‍ ജനപ്രിയ ചരിത്രനിർമിതിയിലൂടെ നിർവഹിക്കുന്ന പ്രാദേശികചരിത്രങ്ങളുടെ വ്യാജനിർമിതികൂടി ആ പദ്ധതിയുടെ അവിഭാജ്യഘടകമാണ്. ‘പദ്മാവതും’ സുഹേലുമൊക്കെ ചരിത്രവ്യക്തിത്വങ്ങളാകുന്നത് ഹിന്ദുത്വത്തി​​​​െൻറ ഈ വ്യാജ ചരിത്രഫാക്​ടറിയില്‍തന്നെയാണ്. ●

Tags:    
News Summary - False History Making-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.