കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങൾ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സംവരണാവകാശത്തിന്റെ വേരറുക്കാനുദ്ദേശിച്ച്, എൻജിനീയറിങ്/മെഡിക്കൽ കോഴ്സ് പ്രവേശനത്തിൽ ഫ്ലോട്ടിങ് സംവരണം ഇല്ലാതാക്കാൻ നടത്തിയ ഗൂഢശ്രമങ്ങളെക്കുറിച്ചുള്ള അന്വേഷണം.
2024 മാർച്ച് ആറിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി സംസ്ഥാന പ്രവേശന പരീക്ഷ കമീഷണർക്ക് G3/59/2022 നമ്പറിൽ നൽകിയ ഒരു കത്ത് സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകൾക്ക് ചേർന്ന് പഠിക്കാൻ ശ്രമിക്കുന്ന വിദ്യാർഥികളിലും അവരുടെ സമുദായങ്ങളിലും തീ പടർത്തിയിരിക്കുകയാണ്. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ 2024 ജനുവരി അഞ്ചിന് നൽകിയ ACB1/46155/22/DTE നമ്പർ കത്ത് സൂചനയായി നൽകിയ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്തിന്റെ ഉള്ളടക്കമാണ് മുകളിൽ ചേർത്തത്. ഒരേ പ്രോസ്പെക്ടസ് ആയതിനാൽ ഈ നിർദേശം മെഡിക്കൽ കോഴ്സുകൾക്കും ബാധകമായിരിക്കും.
1998 ഒക്ടോബർ ഏഴിന് G.O (MS) 122/98 നമ്പറിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ അന്നത്തെ പ്രവേശന പരീക്ഷ കൺട്രോളറുടെ ഓഫിസ് (ഇപ്പോഴത്തെ പ്രവേശന പരീക്ഷ കമീഷണറേറ്റ്) പ്രഫഷനൽ കോഴ്സ് പ്രവേശനത്തിൽ നടപ്പാക്കിയ സംവരണ രീതിയാണ് ഫ്ലോട്ടിങ് സംവരണം.
സ്റ്റേറ്റ് മെറിറ്റിലും സംവരണത്തിലും സർക്കാർ കോളജുകളിൽ സീറ്റിന് അർഹതയുള്ള വിദ്യാർഥിക്ക് മെറിറ്റ് സീറ്റ് നഷ്ടപ്പെടുത്താതെ, സംവരണ സീറ്റ് ലഭിക്കുന്ന മെച്ചപ്പെട്ട കോളജിലേക്ക് മാറാനും അതുവഴി സംവരണ സീറ്റ് നഷ്ടം ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ഫ്ലോട്ടിങ് സംവരണം നടപ്പാക്കിയത്. മെച്ചപ്പെട്ട സർക്കാർ കോളജിൽ സംവരണത്തിലും മറ്റൊരു സർക്കാർ കോളജിൽ സ്റ്റേറ്റ് മെറിറ്റിലും സീറ്റ് ഉറപ്പാകുമ്പോൾ വിദ്യാർഥി സ്റ്റേറ്റ് മെറിറ്റ് സീറ്റ് ഉപേക്ഷിച്ച് സംവരണ സീറ്റിലേക്ക് മാറുന്നത് ഒഴിവാക്കാനും അതുവഴി ബന്ധപ്പെട്ട സമുദായത്തിനുള്ള മെറിറ്റ് സീറ്റ് നഷ്ടം ഒഴിവാക്കാനുമായാണ് 25 വർഷം മുമ്പ് ഫ്ലോട്ടിങ് സംവരണ രീതി നടപ്പാക്കിയത്.
ഉദാഹരണം: ഒരു പിന്നാക്ക വിഭാഗം വിദ്യാർഥിക്ക് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ സംവരണ സീറ്റിലും, നിലവാരത്തിലും സൗകര്യത്തിലും പിറകിലുള്ള മറ്റൊരു ഗവ. മെഡിക്കൽ കോളജിൽ സ്റ്റേറ്റ് മെറിറ്റിലും (ജനറൽ മെറിറ്റ്) പ്രവേശനം ലഭിക്കുന്നു. സ്വാഭാവികമായും മെച്ചപ്പെട്ട കോളജായ തിരുവനന്തപുരമാകും വിദ്യാർഥി തിരഞ്ഞെടുക്കുക. ഈ സംവരണ സീറ്റ് തിരഞ്ഞെടുക്കുന്നതിലൂടെ വിദ്യാർഥിയുടെ സമുദായത്തിന് മറ്റേ കോളജിൽ (വിദ്യാർഥിയിലൂടെ) ലഭിച്ച മെറിറ്റ് സീറ്റ് നഷ്ടമാകുന്നു. സ്റ്റേറ്റ് മെറിറ്റിലും സംവരണത്തിലും സീറ്റ് ലഭിച്ച വിദ്യാർഥികളെല്ലാം 1997വരെ ഈ രീതിയിലായിരുന്നു പ്രവേശനം നേടിയിരുന്നത്.
സ്റ്റേറ്റ് മെറിറ്റിൽ സീറ്റിന് അർഹതയുണ്ടായിട്ടും സംവരണ വിഭാഗത്തിലെ നല്ലൊരു ശതമാനം വിദ്യാർഥികളും സംവരണ സീറ്റിലൊതുങ്ങുന്നതായിരുന്നു സാഹചര്യം. ഇതിന്റെ നഷ്ടം വിദ്യാർഥി എന്നതിനേക്കാൾ ബന്ധപ്പെട്ട സമുദായത്തിന്റെ മൊത്തം നഷ്ടമായി മാറുന്നു. ഇത് പരിഹരിക്കാനായാണ് 1998ലെ ഉത്തരവിനുശേഷം സർക്കാർ കോളജുകളെ ഒറ്റ യൂനിറ്റായി പരിഗണിച്ചുള്ള ഫ്ലോട്ടിങ് സംവരണ രീതി നടപ്പാക്കിയത്. ഇത് നടപ്പാക്കിയതോടെ മുകളിൽ പറഞ്ഞ ഉദാഹരണത്തിലുള്ള സ്റ്റേറ്റ് മെറിറ്റിലും സംവരണത്തിലും സീറ്റിന് അർഹതയുള്ള വിദ്യാർഥിയെ, നിലവാരത്തിൽ പിറകിലുള്ള കോളജിലെ മെറിറ്റ് സീറ്റ് സഹിതം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിനൽകും.
തിരുവനന്തപുരം കോളജിൽ ഇതേ വിദ്യാർഥിക്ക് പ്രവേശനത്തിന് അർഹതയുള്ള സംവരണ സീറ്റ് നിലവാരത്തിൽ പിറകിലുള്ള കോളജിലേക്കും മാറ്റിനൽകും. ഇതുവഴി വിദ്യാർഥിക്ക് ഇഷ്ട കോളജായ തിരുവനന്തപുരത്ത് സീറ്റ് ഉറപ്പാകും. സംവരണ സീറ്റ് മറ്റൊരു കോളജിലേക്ക് മാറ്റുന്നതോടെ, ഇതേ സംവരണ വിഭാഗത്തിലുള്ള മറ്റൊരു വിദ്യാർഥിക്ക് അവിടെ പ്രവേശനം ഉറപ്പാവുകയും ചെയ്യും. അലോട്ട്മെന്റിനുള്ള സോഫ്റ്റ്വെയറിൽത്തന്നെ ഫ്ലോട്ടിങ് സംവരണത്തിന് ക്രമീകരണം വരുത്തിയാണ് പ്രവേശനം നടത്തുന്നത്. അതിനാൽ സീറ്റിൽ വരുത്തുന്ന ക്രമീകരണം വിദ്യാർഥി അറിയാറില്ല.
ഫ്ലോട്ടിങ് സംവരണം നിർത്തലാക്കിയാൽ ഫ്ലോട്ടിങ് സംവരണം നിർത്തലാക്കിയാൽ വിദ്യാർഥി മെച്ചപ്പെട്ട കോളജ് എന്ന നിലയിൽ തിരുവനന്തപുരത്തെ സംവരണ സീറ്റിൽ പ്രവേശനം നേടുകയും മറ്റൊരു കോളജിലെ മെറിറ്റ് സീറ്റ് ഉപേക്ഷിക്കുകയും ചെയ്യും. ഇതുവഴി വിദ്യാർഥിയുടെ സംവരണ വിഭാഗത്തിൽ അർഹതയുള്ള അടുത്ത വിദ്യാർഥിക്ക് അവസരം നഷ്ടമാകും.
സംസ്ഥാനത്ത് പ്രഫഷനൽ കോഴ്സ് പ്രവേശനത്തിൽ നിലവിൽ 50 ശതമാനം സീറ്റുകളിലാണ് സംവരണമുള്ളത്. ഇതിൽ 30 ശതമാനം സീറ്റുകൾ എസ്.ഇ.ബി.സി വിഭാഗങ്ങൾക്കും എട്ട് ശതമാനം എസ്.സി വിഭാഗത്തിനും രണ്ട് ശതമാനം എസ്.ടി വിഭാഗത്തിനുമാണ്. 10 ശതമാനം സീറ്റ് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്ക വിഭാഗങ്ങൾക്കും (ഇ.ഡബ്ല്യു.എസ്) അർഹതപ്പെട്ടതാണ്. അവശേഷിക്കുന്ന 50 ശതമാനം സീറ്റുകൾ സംവരണം ഉള്ളവരും ഇല്ലാത്തവരുമായ മുഴുവൻ വിദ്യാർഥികൾക്കുമായുള്ള ഓപൺ സീറ്റുകളാണ്.
ഈ സീറ്റുകളെയാണ് സ്റ്റേറ്റ് മെറിറ്റ് (ജനറൽ മെറിറ്റ്) സീറ്റുകൾ എന്ന് വിളിക്കുന്നത്. ഒരു കാരണവശാലും ഈ സീറ്റുകളിൽ എണ്ണം കുറയുന്ന സാഹചര്യമുണ്ടാകില്ല. സ്റ്റേറ്റ് മെറിറ്റ് സീറ്റ് എന്നത് സംവരണമില്ലാത്തവർക്ക് വേണ്ടിയുള്ളതാണെന്ന അബദ്ധധാരണ പലരും വെച്ചുപുലർത്താറുണ്ട്. എന്നാൽ, മറ്റൊരു പരിഗണനയുമില്ലാതെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രം നൽകുന്നവയാണ് സ്റ്റേറ്റ് മെറിറ്റ് സീറ്റുകൾ. അതിലേക്ക് സംവരണമുള്ളവരും സംവരണമില്ലാത്തവരും ഒരുപോലെ മെറിറ്റടിസ്ഥാനത്തിൽ പരിഗണിക്കപ്പെടുന്നു. അതായത് ഫ്ലോട്ടിങ് സംവരണം വഴി മെറിറ്റ് സീറ്റിൽ കുറവുവരില്ലെന്ന് വ്യക്തം.
2023-24ൽ ഫ്ലോട്ടിങ് സംവരണം വഴി മെഡിക്കലിൽ 174 വിദ്യാർഥികളും എൻജിനീയറിങ്ങിൽ 570 പേരും മികച്ച സർക്കാർ കോളജുകളിലേക്ക് മാറിയിരുന്നു. ഇത് നിർത്തലാക്കി കോളജ്തല സംവരണം നടപ്പാക്കിയാൽ കഴിഞ്ഞ വർഷം ഇത്രയും എണ്ണം എസ്.ഇ.ബി.സി/ ഇ.ഡബ്ല്യു.എസ് വിദ്യാർഥികൾ പുറത്താകുമായിരുന്നു. സ്റ്റേറ്റ് മെറിറ്റിലും സംവരണത്തിലും സീറ്റിന് അർഹരാകുന്ന വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ച് ഈ എണ്ണം ഓരോ വർഷവും വ്യത്യസ്തമായിരിക്കും. 2022-23ൽ മെഡിക്കലിൽ 185 വിദ്യാർഥികൾക്കാണ് ഫ്ലോട്ടിങ് സംവരണത്തിലൂടെ മികച്ച കോളജിലേക്ക് ലഭിച്ചത്. 2021-22ൽ 169 വിദ്യാർഥികൾക്കാണ് ഫ്ലോട്ടിങ് സൗകര്യം മെഡിക്കലിൽ ലഭിച്ചത്.
ഫ്ലോട്ടിങ് സൗകര്യം നിർത്തലാക്കുന്നതോടെ അത്രയും പിന്നാക്ക വിദ്യാർഥികൾ പ്രശേനം ലഭിക്കാതെ പുറത്തുപോകും. മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന (ഇ.ഡബ്ല്യു.എസ്) വിഭാഗത്തിൽനിന്നുള്ള വിദ്യാർഥികൾക്കും പ്രത്യേകം സർക്കാർ ഉത്തരവില്ലാതെതന്നെ 2020 മുതൽ ഫ്ലോട്ടിങ് സൗകര്യം നൽകിവരുന്നുമുണ്ട്. ഫ്ലോട്ടിങ് സംവരണ രീതി നിർത്തുമ്പോൾ അതിന്റെ നഷ്ടം ഇ.ഡബ്ല്യു.എസ് വിഭാഗം വിദ്യാർഥികളെക്കൂടി ബാധിക്കും. 2023-24ൽ മെഡിക്കലിൽ 16ഉം 2022-23ൽ 28ഉം 2021-22ൽ 31ഉം ഇ.ഡബ്ല്യു.എസ് വിദ്യാർഥികൾക്ക് ഫ്ലോട്ടിങ് സൗകര്യം ലഭിച്ചിട്ടുണ്ട്.
സംവരണ വിരുദ്ധ നീക്കങ്ങൾക്ക് ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ തുടർച്ചയുണ്ടെന്ന് ഉറപ്പിക്കുന്നതാണ് ഫ്ലോട്ടിങ് സംവരണത്തിനെതിരായ രണ്ടാം നീക്കം. നേരത്തെ 2019ലായിരുന്നു ഫ്ലോട്ടിങ് സംവരണ അട്ടിമറിശ്രമം പുറത്തുവന്നത്. അന്നത്തെ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്നു ഇതിനായി ഫയൽ സമർപ്പിച്ചത്. ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചതോടെ, അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ ഇടപെട്ടു. ഫ്ലോട്ടിങ് സംവരണം നിർത്തുന്നതുവഴി പിന്നാക്ക സമുദായങ്ങൾക്കുണ്ടാകുന്ന സീറ്റ് നഷ്ടം മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം നേരിൽക്കണ്ട് ധരിപ്പിച്ചു. തുടർന്നാണ് അന്ന് ഉത്തരവിറക്കുംമുമ്പ് ഈ അട്ടിമറി നീക്കം പൊളിഞ്ഞത്.
ഇത്തവണ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ജനുവരി അഞ്ചിന് സമർപ്പിച്ച കത്ത് ആയുധമാക്കിയാണ് സർക്കാർ തീരുമാനമെടുത്ത്, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പ്രവേശന പരീക്ഷ കമീഷണർക്ക് കത്ത് നൽകിയത്. ഫ്ലോട്ടിങ് സംവരണം നിർത്തുമ്പോൾ അതുവഴിയുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതം കത്തിൽ മറച്ചുവെക്കുകയും ചെയ്തു. ഫയൽ പരിശോധിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിനുമുന്നിൽ ഈ കണക്ക് എത്തിയതുമില്ല. 2019ൽ ഇതേ ആക്ഷേപം പട്ടികജാതി, വർഗ വികസന ഡയറക്ടറുടെ പേരിലാണ് കത്തായി ഉന്നത വിദ്യാഭ്യാസ വകുപ്പിലെത്തിയതും ഫ്ലോട്ടിങ് സംവരണം നിർത്തലാക്കാൻ നോക്കിയതും.
2019ൽ മെഡിക്കൽ പ്രവേശനത്തിൽ സാമ്പത്തിക പിന്നാക്ക വിഭാഗത്തിന് വഴിവിട്ട് സീറ്റ് അനുവദിച്ചുനൽകിയതിലും ഉദ്യോഗസ്ഥതല ഗൂഢാലോചനയുണ്ടായിരുന്നു. അധികമായി നൽകിയ 21 ഗവ. എം.ബി.ബി.എസ് സീറ്റുകൾ 2020 മുതൽ അർഹരായ പിന്നാക്ക സമുദായങ്ങളിലെ വിദ്യാർഥികൾക്ക് വിട്ടുനൽകാൻ സർക്കാർ നിർബന്ധിതമായി.
ഫ്ലോട്ടിങ് സംവരണം ഇല്ലാതായാൽ സംവരണ വിഭാഗത്തിലെ വിദ്യാർഥികൾ സംവരണ സീറ്റിൽ ഒതുങ്ങും. സംവരണ സമുദായത്തിലെ നല്ലൊരു ശതമാനം വിദ്യാർഥികൾക്ക് സ്റ്റേറ്റ് മെറിറ്റിൽ കയറിവരാനും അതുവഴി ആ പിന്നാക്ക സമുദായത്തിലെ കൂടുതൽ കുട്ടികൾക്ക് പ്രഫഷനൽ വിദ്യാഭ്യാസ മേഖലയിൽ അർഹമായ പ്രാതിനിധ്യം ലഭിക്കുന്നതിനുമുള്ള സാധ്യത എന്നെന്നേക്കുമായി കൊട്ടിയടക്കപ്പെടും.
കഴിഞ്ഞ വർഷം പട്ടികജാതി, ധീവര, പിന്നാക്ക ക്രിസ്ത്യൻ പോലുള്ള കൂടുതൽ പിന്നാക്കമായ വിഭാഗത്തിലെ വിദ്യാർഥികൾ പോലും സ്റ്റേറ്റ് മെറിറ്റ് സീറ്റിന് അവകാശികളായി മാറി. ഫ്ലോട്ടിങ് സംവരണം നിർത്തിയാൽ ഈ സമുദായത്തിലെ വിദ്യാർഥികൾക്ക് ലഭിക്കേണ്ട സ്റ്റേറ്റ് മെറിറ്റ് സീറ്റുകൾ കൂടിയാണ് നഷ്ടപ്പെടുന്നത്.
പ്രത്യക്ഷത്തിൽ പ്രശ്നമൊന്നും തോന്നിപ്പിക്കാതെ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിൽ നടന്ന കത്തിടപാട് പുറത്തുവന്നത് മാർച്ച് എട്ടിന് ‘മാധ്യമം’ പുറത്തുവിട്ട ‘ഫ്ലോട്ടിങ് സംവരണത്തിൽ സർക്കാർ അട്ടിമറി’ എന്ന വാർത്തയിലൂടെയാണ്. ചരിത്രപരമായ കാരണങ്ങളാൽ ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങൾ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശത്തിന്റെ വേരറുക്കാനുള്ള കരുത്ത് ആ കത്തിനുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് കേരളത്തിൽ എസ്.ഇ.ബി.സി (സാമൂഹികമായും വിദ്യാഭ്യാസ പരമായും പിന്നാക്കം നിൽക്കുന്നവർ) എന്ന് വിളിക്കുന്ന, ജനസംഖ്യയുടെ 60 ശതമാനത്തിൽ അധികം വരുന്ന വിഭാഗത്തെ എങ്ങനെ വീണ്ടും പിന്നാക്ക വിഭാഗമാക്കി നിർത്താമെന്ന സെക്രട്ടേറിയറ്റിലെ രഹസ്യ പരീക്ഷണത്തിൽനിന്ന് രൂപപ്പെട്ടതാണ് ആ കത്ത്.
പുരോഗമനമെന്ന് ആവർത്തിച്ച് അവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാറിന്റെ കാലത്താണ് ഇത്തരമൊരു അടിവേരറുക്കൽ ശ്രമം നടക്കുന്നത് എന്നാണ് അമ്പരപ്പിക്കുന്നത്. സംവരണ വിദ്യാർഥിക്ക് ലഭിക്കേണ്ട സ്റ്റേറ്റ് മെറിറ്റ് തട്ടിയെടുക്കാനുള്ള ഉദ്യോഗസ്ഥ ഗൂഢാലോചനക്ക് ഇടതുസർക്കാർ നിർവികാരതയോടെ കാഴ്ചക്കാരായി നിൽക്കുന്നു. അതുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പ്രവേശന പരീക്ഷാ കമീഷണർക്ക് നൽകിയ, ഫ്ലോട്ടിങ് സംവരണം നിർത്താനുള്ള കത്ത് ഇതുവരെ പിൻവലിക്കാതെ തുടരുന്നതും.
ഫ്ലോട്ടിങ് സംവരണം നടപ്പാക്കുമ്പോൾ സ്റ്റേറ്റ് മെറിറ്റിലും സംവരണത്തിലും അർഹതയുള്ള വിദ്യാർഥികൾ സംവരണ ആനുകൂല്യത്തിൽ മെച്ചപ്പെട്ട കോളജിലേക്ക് മാറുകയും അവർ മാറിച്ചെല്ലുന്ന കോളജിലെ സംവരണ സീറ്റ് സ്റ്റേറ്റ് മെറിറ്റിൽ സീറ്റുണ്ടായിരുന്ന കോളജിലേക്ക് മാറ്റുകയും ചെയ്യുന്നു. ഇതുവഴി നിലവാരത്തിൽ പിറകിൽ നിൽക്കുന്ന കോളജുകളിൽ മെറിറ്റിലുള്ള വിദ്യാർഥികൾ കുറയുമെന്നും സംവരണ വിഭാഗത്തിലുള്ള കുട്ടികൾ വർധിക്കുമെന്നുമാണ് വാദം. ഇത് കോളജിന്റെ അധ്യയന നിലവാരത്തെയും കാമ്പസ് പ്ലേസ്മന്റെ് സാധ്യതകളെയും വരെ ബാധിക്കുന്നുവെന്നും ഉദ്യോഗസ്ഥർ വാദിക്കുന്നു.
എന്നാൽ, ഈ കോളജുകളിൽ ഏതെങ്കിലും ഒരു സമുദായത്തിലെ വിദ്യാർഥികൾ മാത്രമായി പ്രവേശനം നേടുന്നുവെന്ന വാദം അടിസ്ഥാന രഹിതമാണെന്ന്, അലോട്ട്മെന്റിന്റെ ലാസ്റ്റ് റാങ്ക് പട്ടിക പരിശോധിച്ചാൽ വ്യക്തമാകും. ഇടുക്കി, വയനാട് എൻജിനീയറിങ് കോളജുകളെക്കുറിച്ചായിരുന്നു ഇതിൽ പ്രധാന ആക്ഷേപം. കഴിഞ്ഞ വർഷത്തെ എൻജിനീയറിങ് പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ വയനാട് ഗവ. എൻജിനീയറിങ് കോളജിൽ കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിൽ സ്റ്റേറ്റ് മെറിറ്റിൽ 3445ാം റാങ്കുള്ള വിദ്യാർഥിയാണ് ഒടുവിൽ പ്രവേശനം നേടിയത്. അതായത്, എൻജിനീയറിങ് റാങ്ക് പട്ടികയിൽ 3445ാം റാങ്കിനും അതിന് മുകളിലുമുള്ള വിദ്യാർഥികൾക്കും മാത്രമേ ഈ കോളജിൽ സ്റ്റേറ്റ് മെറിറ്റിൽ പ്രവേശനം ലഭിച്ചിട്ടുള്ളൂവെന്ന് വ്യക്തം.
ഈഴവ സംവരണത്തിൽ 16640ാം റാങ്കുകാരനാണ് വയനാട് കോളജിൽ അവസാനം പ്രവേശനം നേടിയത്. മുസ്ലിം ആകട്ടെ 8850ാം റാങ്കാണ്. പിന്നാക്ക ഹിന്ദു 11565 ാം റാങ്കുമാണ്. മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ വയനാട് കോളജിൽ 17321ാം റാങ്കുകാരനും പ്രവേശനം നേടി. ഫ്ലോട്ടിങ് സംവരണത്തിലൂടെ ഏതെങ്കിലും ഒരു വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികൾ മാത്രം പ്രവേശനം നേടുന്നുവെന്ന വാദം ഈ രേഖകളിലൂടെ തന്നെ പൊളിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.